Friday, March 14, 2014

അന്‍ആം -128 അടിത്തറ തകര്‍ത്തുവോ?

അന്‍ആമിലെ 128-ാം ആയത്ത്‌ തൗഹീദ്‌ 2012ന്റെ അടിത്തറ തകര്‍ക്കുന്നതാണ്‌ (അല്‍ ഇസ്വ്‌ലാഹ്‌ (2014 ഫെബ്രുവരി പേ. 29) വിചിന്തനം വാരികയെയും അതിന്റെ പക്ഷത്തെ പ്രഭാഷകരെയും കോഴിച്ചെന പത്തപ്പിരിയം സംവാദങ്ങളില്‍ ജിന്നുവാദികളെ നേരിട്ടവരേയും ഉദ്ദേശിച്ചാണ്‌ തൗഹീദ്‌ 2012 കാര്‍ എന്നെഴുതിയത്‌. ഇപ്പറഞ്ഞവര്‍ക്ക്‌ പുതിയ തൗഹീദാണോ ഉള്ളത്‌? എങ്കില്‍ അതിന്റെ അടിത്തറ അന്‍ആം 128 കൊണ്ട്‌ തകര്‍ന്നുവോ? വിശദമാക്കുക.

ഉ: തൗഹീദ്‌ 2012കാര്‍ എന്ന പേര്‌ അല്‍ ഇസ്വ്‌ലാഹിന്നും കൂട്ടര്‍ക്കുമാണ്‌ യോജിക്കുക. 2011 ഡിസംബര്‍ 26ന്ന്‌ നടന്ന ദൗറയില്‍ ഫൈസല്‍ മുസ്‌ല്യാര്‍ക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കല്ലെന്നോ ശിര്‍ക്കാണെന്നോ പറയാന്‍ കഴിഞ്ഞില്ല. 2012 ജനുവരി 26ന്റെ ദൗറയില്‍ വ്യക്തമാക്കാം എന്നാണ്‌ മൂന്നുപേരും അന്ന്‌ പറഞ്ഞിരുന്നത്‌. അന്ന്‌ ഉറപ്പിച്ചുപറഞ്ഞിരുന്നത്‌ അത്‌ ഹറാമാണെന്നു മാത്രമാണ്‌. അതിന്നുശേഷമാണ്‌ താഴെ പറയുന്ന വാദങ്ങള്‍ വന്നത്‌.

1. ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്ന ഏതു കാര്യവും അതിനോട്‌ ചെയ്‌തുതരാന്‍ പറഞ്ഞാല്‍ ശിര്‍ക്കാവുകയില്ല-ബഷീര്‍ സലഫി.
2. ഇരുളില്‍ തപ്പിനടക്കുന്നവന്‍ ജിന്നിനോട്‌ വെളിച്ചം തരാമോ എന്ന്‌ ചോദിക്കുന്നത്‌ ശിര്‍ക്കാവുകയില്ല എന്ന തന്റെ വാദത്തിന്ന്‌ യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥുമായി ഒരു ബന്ധവുമില്ല-അബ്‌ദുല്‍ ജബ്ബാര്‍ മൗലവി.
3. പുഴയില്‍ മുങ്ങി മരിക്കുമെന്ന ഘട്ടത്തില്‍ ഒരാള്‍ കരയിലിരിക്കുന്ന ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കല്ല-കെ.കെ. സക്കരിയ്യാ സ്വലാഹി.
4. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും, വന്‍കെട്ടിടങ്ങളുമുണ്ടാക്കുകയും ചെയ്യുന്ന ജിന്നിനോട്‌ ഇരുളില്‍ തപ്പിത്തടയുന്നവന്‍ മെഴുകുതിരി ചോദിച്ചാല്‍ ജിന്നിന്ന്‌ അതു കൊണ്ടുവരാന്‍ കഴിയും-ബഷീര്‍ സലഫി.
5. നന്മകളെഴുതിവെക്കുന്ന മലക്കിനോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കല്ല-പി. അബ്‌ദുല്‍ ജബ്ബാര്‍ മൗലവി.
6. ചൂണ്ടയിടുന്നവന്‍ മീന്‍ ശക്തിയായി വലിച്ചതുകൊണ്ട്‌ പുഴയില്‍ വീഴാന്‍ പോകുമ്പോള്‍ ജിന്നു സുഹൃത്തിനോട്‌ പിടിയെടാ കൈ എന്നു പറഞ്ഞാല്‍ ശിര്‍ക്കാവില്ല-കെ.കെ. സക്കരിയ്യാ സ്വലാഹി.

ഈ ആറു നമ്പറുകളില്‍ പറഞ്ഞ ഒരു കാര്യവും മേല്‍പറഞ്ഞവര്‍ 2012ന്ന്‌ മുമ്പ്‌ പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അവരും അല്‍ ഇസ്വ്‌ലാഹിലൂടെ ഞങ്ങളെ തൗഹീദ്‌ 2012കാര്‍ എന്ന്‌ പരിഹസിച്ച നാസിര്‍ ഒലവക്കോടും തെളിയിക്കട്ടെ.
ഇനി അന്‍ആം 128ലേക്കു കടക്കാം. അന്‍ആം 128 വിചിന്തനക്കാരുടെ അടിത്തറ ഭദ്രമാക്കുകയാണ്‌ ചെയ്‌തത്‌; തകര്‍ക്കുകയല്ല. അന്‍ആം 128 കൊണ്ട്‌ കോഴിച്ചെന സംവാദത്തിലും പത്തപ്പിരിയം സംവാദത്തിലും ഫൈസല്‍ മുസ്‌ല്യാര്‍ ടീമിന്റെ വാദങ്ങളുടെ അടിത്തറയാണ്‌ തകര്‍ത്തത്‌. അത്‌ വിശദീകരിക്കാം.

ഏത്‌ വാദപ്രതിവാദത്തിലെ ആയത്ത്‌ വിവാദമായാലും മുജാഹിദുകളുടെ രീതി ഫഹ്‌മു സ്വഹാബഃ (സ്വഹാബത്ത്‌ ആ ആയത്തിനെപ്പറ്റി മനസ്സിലാക്കിയത്‌) എന്ത്‌ എന്ന്‌ പരിശോധിക്കലാണ്‌. കൊട്ടപ്പുറം സംവാദത്തില്‍ മരിച്ചവരോട്‌ സഹായം തേടുന്നതിന്ന്‌ തെളിവായി `വസ്‌അല്‍ മന്‍ അര്‍സല്‍നാ’ എന്ന ആയത്ത്‌ കാന്തപുരം മുസ്‌ല്യാര്‍ തെളിവാക്കിയപ്പോള്‍ ഒരു വര്‍ഷത്തിലധികം കാലം സുന്നീ പണ്‌ഡിതരേയും സുന്നീ പ്രസിദ്ധീകരണങ്ങളേയും ശബാബിലൂടെ ഈയുള്ളവന്‍ വെല്ലുവിളിച്ചത്‌, മുസ്‌ല്യാര്‍ പറഞ്ഞപോലെ സ്വഹാബത്ത്‌ മനസ്സിലാക്കിയതായി തെളിയിക്കാമോ എന്നായിരുന്നു. ഇന്നുവരെ അതിന്ന്‌ അവര്‍ക്കു കഴിഞ്ഞില്ല.

അന്‍ആം 128-ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ (ഉദാ-പുഴക്കരയിലെ ജിന്നിനെ പുഴയില്‍ വീണവന്‍ വിളിക്കല്‍) തെളിവാണെന്ന്‌ ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞാല്‍ പോരാ, അങ്ങനെ ഏതു സ്വഹാബി മനസ്സിലാക്കി, ഏതു താബിഅ്‌ മനസ്സിലാക്കി, ഏത്‌ തബഉത്താബിഅ്‌ മനസ്സിലാക്കി എന്ന്‌ വ്യക്തമാക്കണം എന്നാണ്‌ കോഴിച്ചെനയില്‍ കെ.എന്‍.എം. പക്ഷത്തുനിന്ന്‌ അബ്‌ദുനാസിര്‍ സുല്ലമി ചോദിച്ചത്‌. അതിന്ന്‌ ഇബ്‌നു അബ്ബാസ്‌ എന്ന്‌ മുസ്‌ല്യാര്‍ മറുപടി പറഞ്ഞതാണ്‌ പത്തപ്പിരിയം സംവാദത്തിന്ന്‌ നിമിത്തമായത്‌. പത്തപ്പിരിയം സംവാദത്തില്‍ ഒരു സ്വഹാബിയുടെ വാക്കും ഫൈസല്‍ മുസ്‌ല്യാര്‍ ഉദ്ധരിച്ചില്ല. ഉദ്ധരിച്ചതായി അല്‍ ഇസ്വ്‌ലാഹില്‍ ഇതിനെപ്പറ്റി ഒരാളും എഴുതിയില്ല. 2014 ഫെബ്രുവരി ലക്കത്തില്‍ എഴുതിയ ലേഖകന്നും അതിന്നു സാധിച്ചിട്ടില്ല. അതില്‍ നിന്ന്‌ വ്യക്തമായി തെളിയുന്നത്‌ ഫൈസല്‍ മുസ്‌ല്യാരുടേയും അല്‍ ഇസ്വ്‌ലാഹുകാരുടെയും വാദത്തിന്റെ അടിത്തറയാണ്‌ അന്‍ആം 128 വഴി തകര്‍ന്നത്‌ എന്നാണ്‌.

തൗഹീദ്‌ 2012കാര്‍ എന്ന്‌ വിചിന്തനത്തെ പരിഹസിക്കുന്നത്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്റെ നെഞ്ചിലേക്ക്‌ തിരിച്ചുപോയി തറച്ചുനില്‍ക്കുന്നത്‌ കാണുക. കെ.കെ. സക്കരിയ്യാ സ്വലാഹി പറയുന്നു:
“ചുരുക്കത്തില്‍ ജിന്നും മലക്കും അഭൗതികമാണെന്ന്‌ 2012ന്ന്‌ മുമ്പ്‌ നാം പറയുമ്പോള്‍ നാമുദ്ദേശിച്ചത്‌ അവരെക്കുറിച്ചുള്ള അറിവ്‌ അഭൗതികമാണ്‌ എന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കാണാന്‍ കഴിയാത്ത അദൃശ്യജീവികളാണ്‌ എന്നതായിരുന്നു. അതിന്നപ്പുറമുള്ളതും നമ്മുടെ മുന്‍കാല നേതാക്കള്‍ പഠിപ്പിക്കാത്തതുമായ പുതിയ വ്യാഖ്യാനങ്ങള്‍ നാം തള്ളിക്കളയുക തന്നെ വേണം.” (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം.)

സക്കരിയ്യാ സ്വലാഹി പറഞ്ഞതില്‍നിന്ന്‌ വ്യത്യസ്‌തമായതോ കോഴിച്ചെനയില്‍ ഫൈസല്‍ മുസ്‌ല്യാര്‍ നിബന്ധന എഴുതിയതുമായ അഭൗതികമോ അല്ലാതെ 2012ന്നുശേഷം കെ.എന്‍.എമ്മുകാര്‍ പുതിയ ഒരു അഭൗതികവും കൊണ്ടുവന്നിട്ടില്ല.

കെ.എന്‍.എമ്മിലെ ഫറോവമാരുടെ ഭയം
കെ.കെ. സക്കരിയ്യാ സ്വലാഹിയെ പുറത്താക്കിയതിനെ സംബന്ധിച്ച്‌ അല്‍ ഇസ്വ്‌ലാഹില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌. “വൈജ്ഞാനിക വളര്‍ച്ചയും ആദര്‍ശബോധവുമുള്ള തലമുറ പിന്നില്‍ വളര്‍ന്നുവരുന്നതു കാണുമ്പോള്‍ അഭിനവ ഫറോവമാരിലുണ്ടാകുന്ന ഭയമാണ്‌ ഈ വിരോധത്തിന്റെയെല്ലാം യഥാര്‍ഥ കാരണം.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രു. പേ. 35) ഇതിനെക്കുറിച്ച്‌?

ഉ: ജിന്നുചേരിയിലെ ഒരു വിഭാഗത്തിന്ന്‌ ഇന്ന്‌ കെ.കെ. സക്കരിയ്യാ സ്വലാഹി കണ്ണിലെ കരടാണ്‌. അത്‌ അദ്ദേഹം തുറന്നുപറയുന്ന ശബ്‌ദരേഖയില്‍നിന്ന്‌ പലരും മനസ്സിലാക്കിയതാണ്‌. ഏതെല്ലാം ഫറോവമാരാണ്‌ ഇപ്പോള്‍ കെ.കെ. സക്കരിയ്യാ സ്വലാഹിയെ അകറ്റിയത്‌? ശക്തമായ ആദര്‍ശ സംഘട്ടനമാണ്‌ ഇപ്പോള്‍ ജിന്നുചേരിയില്‍ നടക്കുന്നത്‌. അതില്‍ ഫറോവയാര്‌, മൂസാനബിയാര്‌ എന്ന്‌ അവര്‍ തന്നെ വ്യക്തമാക്കട്ടെ.

ഇമാമുമാരും വസീലത്തുശ്‌ശിര്‍ക്കും
വാസ്‌തവത്തില്‍ യാ ഇബാദല്ലാഹി എന്നു വിളിച്ച ഇമാമുമാര്‍ ശിര്‍ക്ക്‌ ചെയ്‌തു, അല്ലെങ്കില്‍ വസീലത്തുശ്‌ശിര്‍ക്കു ചെയ്‌തു എന്ന കോക്കസുകാരുടെ വാദം ശരിയല്ല. ഹദീസ്‌ സ്വഹീഹാണെന്ന്‌ കരുതി അല്ലാഹുവിന്റെ അടിമകളേ എന്നു വിളിച്ച ഇമാമുമാര്‍ക്ക്‌ സഹായം കിട്ടി എന്ന്‌ വിചാരിക്കുക. ഇമാമുമാര്‍ യാഇബാദല്ലാഹി എന്ന്‌ വിളിച്ചത്‌ മലക്കിനെയോ ജിന്നിനെയോ പ്രത്യേകം ഉദ്ദേശിച്ചല്ല. തങ്ങളെ സഹായിക്കാന്‍ കഴിവുള്ള ആരെങ്കിലും സഹായിക്കട്ടെ എന്നു മാത്രമാണ്‌ അവര്‍ ഉദ്ദേശിച്ചത്‌. മാത്രമല്ല തങ്ങളെ സഹായിച്ചത്‌ ഹഫളത്തിന്റെ മലക്കാണെന്നോ, ജിന്നാണെന്നോ അന്വേഷിച്ച്‌ കണ്ടെത്തി അവരുമായി കൂടുതല്‍ അടുക്കാനോ അവരോട്‌ മറ്റു വല്ലതും ആവശ്യപ്പെടാനോ ഇമാമുമാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വഹീഹാണെന്ന്‌ അവര്‍ കരുതിയ ഹദീഥിലെ പദങ്ങള്‍ അവര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക്‌ സഹായം കിട്ടി എന്നു മാത്രമാണ്‌ അവര്‍ മനസ്സിലാക്കിയത്‌. അതുകൊണ്ടാണ്‌ യാഇബാദല്ലാഹ്‌ എന്നു വിളിച്ച ഇമാമുമാര്‍ വസീലത്തുശ്‌ശിര്‍ക്ക്‌ ചെയ്‌തു എന്ന്‌ സലഫീ പണ്‌ഡിതരും മുജാഹിദ്‌ പണ്‌ഡിതരും അഭിപ്രായപ്പെടാതിരുന്നത്‌-അല്‍ ഇസ്വ്‌ലാഹ്‌ 2014 ഫെബ്രു. ലക്കത്തിലെ ഈ വരികളെക്കുറിച്ച്‌ എന്തു പറയുന്നു.

ഉ: ഇതിനെപ്പറ്റി പറയേണ്ടതെല്ലാം വിചിന്തനത്തില്‍ നേരത്തെ പറഞ്ഞുകഴിഞ്ഞതാണ്‌. വെള്ളംകെട്ടിനില്‍ക്കുന്ന സ്ഥലത്തുള്ള ഒരു കെട്ടിടം, ഒരു സിവില്‍ എഞ്ചിനീയര്‍ വിലക്കെടുക്കുന്നുവെങ്കില്‍ അതിന്റെ തറ ഉറപ്പുള്ളതാണ്‌ എന്ന്‌ അദ്ദേഹം തെറ്റുധരിച്ചുകാണും എന്ന ഉദാഹരണമാണ്‌ ഇമാമുമാരുടെ യാഇബാദല്ലാഹിയെപ്പറ്റി വിചിന്തനം പറഞ്ഞത.്‌ അതിനാല്‍ അല്‍ ഇസ്വ്‌ലാഹ്‌ ഇത്ര നീട്ടി എഴുതേണ്ട ആവശ്യമേയില്ല. വിചിന്തനമെഴുതിയതിന്റെ മര്‍മം മനസ്സിലാക്കുകയും അത്‌ മനസ്സിലാകാത്തവന്റെ മട്ടില്‍ എഴുതുകയുമാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍. വിചിന്തനം എഴുതാന്‍ കാരണം ഇതാണ്‌.

`ഇമാമുമാരെ മുശ്‌രിക്കാക്കാന്‍ സക്കരിയ്യാ സ്വലാഹിയെ കിട്ടുകയില്ല’ എന്ന അദ്ദേഹത്തിന്റെ ആക്രോശത്തോട്‌ പ്രതികരിക്കുക മാത്രമാണ്‌ വിചിന്തനം ചെയ്‌തത്‌. ഇമാമുമാരെ മുശ്‌രിക്കാക്കാനുള്ള പരിപാടിയില്‍ സക്കരിയ്യാ സ്വലാഹിയുടെ സഹായം വേണം എന്ന്‌ കെ.എന്‍.എം. പറഞ്ഞപോലെയുണ്ട്‌ അദ്ദേഹത്തിന്റെ ആക്രോശം. അങ്ങനെയെങ്കില്‍ ജിന്നിനോട്‌ സഹായം തേടല്‍ വസീലത്തുശ്‌ശിര്‍ക്കാണ്‌ എന്ന്‌ സക്കരിയ്യാ സ്വലാഹി പറഞ്ഞപ്പോഴും ഈ പ്രശ്‌നം വരില്ലേ എന്ന തിരിച്ചുചോദ്യമാണ്‌ വിചിന്തനം നടത്തിയത്‌. അതിനു കാരണം പുഴയില്‍ വീണവന്‍ കരയിലെ ജിന്നിനോട്‌ സഹായം തേടുന്നത്‌ വസീലത്തുശ്‌ശിര്‍ക്കാണ്‌ എന്ന അദ്ദേഹത്തിന്റെ സംസാരമാണുതാനും.

വിചിന്തനമോ ഞങ്ങളുടെ പ്രഭാഷകരോ ഇമാമുമാര്‍ ശിര്‍ക്ക്‌ ചെയ്‌തുവെന്നോ വസീലത്തുശ്‌ശിര്‍ക്ക്‌ ചെയ്‌തുവെന്നോ പറഞ്ഞിട്ടില്ല. ജിന്നിനെ വിളിക്കുക എന്ന കര്‍മം ശിര്‍ക്കാണെന്നേ പറഞ്ഞിട്ടുള്ളൂ.
അല്‍ ഇസ്വ്‌ലാഹുകാരന്‍ വിമര്‍ശന ലേഖനമെഴുതി എത്തിച്ചേര്‍ന്നത്‌ വിചിന്തനക്കാര്‍ പറഞ്ഞ `മണ്ട്യരോ’ വിളിയിലാണ്‌ എന്നാണ്‌ മേല്‍ ഉദ്ധരണിയില്‍നിന്ന്‌ വ്യക്തമാവുന്നത്‌. ഉദ്ധരണിയിലെ അടിവര ചേര്‍ത്ത വരികള്‍ ശ്രദ്ധിക്കുക. ഗോളടിച്ച്‌ തോല്‍പിക്കാന്‍ വന്നവന്‍ സെല്‍ഫുഗോളടിച്ച്‌ എതിര്‍ ടീമിനെ ജയിപ്പിച്ചു എന്നര്‍ഥം. ചുരുങ്ങിയ മാസങ്ങള്‍കൊണ്ട്‌ തന്നെ കോക്കസ്‌ പ്രവര്‍ത്തനംമൂലം രണ്ടായി പിരിഞ്ഞവരാണ്‌ ജിന്നുചേരി എന്ന കാര്യം ഓര്‍ക്കാതെ ഞങ്ങളെ കോക്കസുകാര്‍ എന്നുവിളിക്കുന്നത്‌ ഭംഗിയല്ലെന്ന്‌ അല്‍ ഇസ്വ്‌ലാഹിനോട്‌ പറയുന്നു. 

തര്‍ക്കത്തിന്റെ മര്‍മ്മം എന്ത്‌ ?

യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥിനെക്കുറിച്ച്‌ പലരും പല അഭിപ്രായങ്ങളാണ്‌ പറയുന്നത്‌. അവയില്‍ ശ്രദ്ധേയമായ ചിലത്‌ വായനക്കാരുടെ അറിവിലേക്കായി ഇവിടെ എഴുതട്ടെ.

1. മരുഭൂമിയില്‍ ഒറ്റപ്പെട്ട്‌ വഴിയറിയാതെ കുടുങ്ങിയ ഒരാള്‍ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന്‌ വിളിച്ചുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ അവിടെ തന്റെ ശബ്‌ദപരിധിയിലുള്ള ഏതെങ്കിലും സൃഷ്‌ടികള്‍ അവര്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതിക്ക്‌ വിധേയമായി സഹായിച്ചേക്കുമെന്നാണെങ്കില്‍ അതില്‍ അഭൗതികമായ സഹായതേട്ടമില്ലെന്നാണല്ലോ അബ്‌ദുല്‍ജബ്ബാര്‍ മൗലവി വ്യക്തമാക്കിയത്‌. ഇവിടെ വിളിച്ചു പറയുന്നത്‌ മരുഭൂമിയിലൂടെ വിജനതയില്‍ നിന്നാണ്‌. വിളിയുടെ ശബ്‌ദപരിധിയിലുള്ള സൃഷ്‌ടികള്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതത്തിന്‌ വിധേയമായ ഭൗതിക സഹായമാണ്‌ അയാള്‍ പ്രതീക്ഷിക്കുന്നത്‌. വിളിക്കുന്നതാകട്ടെ അല്ലാഹുവിന്റെ അടിമകളേ എന്നു മാത്രമാണ്‌ (മലക്കുകളേ എന്നോ ജിന്നുകളേ എന്നോ അല്ല) അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക്‌ പ്രേരണയാകുന്നതാകട്ടെ അത്തരം ഘട്ടത്തില്‍, അങ്ങനെയൊരു സാഹചര്യത്തില്‍ അപ്രകാരം പറഞ്ഞോളൂ എന്ന്‌ നബി (സ്വ) അനുമതി നല്‍കിയതായി ഉദ്ധരിക്കപ്പെട്ട ഹദീഥുകളുമാണെങ്കില്‍ അഥവാ ആ ഹദീഥുകള്‍ ദുര്‍ബലമാണെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുകയും ചെയ്‌തിട്ടില്ലെങ്കില്‍ അയാളുടെ ആ വിളിച്ചുപറയല്‍ അഭൗതിക സഹായതേട്ടമായോ പ്രാര്‍ഥനയായോ ശിര്‍ക്കായോ മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി പറഞ്ഞതിന്റെ അര്‍ഥം.

2007ല്‍ എഴുതപ്പെട്ടതും 2012-ല്‍ മാത്രം വിവാദമാക്കപ്പെട്ടതുമായ അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ ലേഖനത്തിലെ വീക്ഷണങ്ങള്‍ മുമ്പൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു പുത്തന്‍ വീക്ഷണമൊന്നുമല്ല. `യാഇബാദല്ലാഹി അഈനൂനീ എന്ന വാചകമുള്‍ക്കൊള്ളുന്ന ആശയങ്ങള്‍ വിശകലന വിധേയമാക്കിയ മുന്‍ഗാമികളും ആധുനികരുമായ സലഫീ പണ്‌ഡിതന്‍മാരൊക്കെ മനസ്സിലാക്കിയത്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി മനസ്സിലാക്കിയതുപോലെ തന്നെയാണ്‌ (ബഷീര്‍ സലഫി പൂളപ്പൊയില്‍)യാ ഇബാദല്ലാഹി അഈനൂനീ- വിവാദങ്ങളും വസ്‌തുതകളും പേജ്‌ 29-30)

2. `ആ ഹദീഥിന്റെ അടിസ്ഥാനത്തില്‍ എന്തിനാണ്‌ നിങ്ങള്‍ അങ്ങിനെ പറയുന്നത്‌ എന്ന്‌ ആരോപണമുണ്ട്‌. ചിലര്‍ എന്നോട്‌ ചോദിച്ചിട്ടുമുണ്ട്‌. ആ ദുര്‍ബല ഹദീഥിന്‍മേല്‍ എന്തിനാണ്‌ ഇത്ര കൂടുന്നത്‌ എന്ന്‌ ചിലര്‍ ചോദിച്ചിട്ടുമുണ്ട്‌. ഞാന്‍ അങ്ങനെ ഒരു ഹദീഥിനനുസരിച്ച്‌ പറയുന്നേ ഇല്ല. ഇസ്‌ലാഹില്‍ ഞാന്‍ എഴുതിയ ആ വിഷയം ഉണ്ടല്ലോ. ആ ലേഖനം, ഇവിടെ ചര്‍ച്ചയാക്കിയ വിഷയം ആ ലേഖനത്തിലും ഇങ്ങനെ ഒരു ഹദീഥിനെക്കുറിച്ച്‌ മിണ്ടിയിട്ടില്ല. പിന്നെ ആ ഹദീഥ്‌ ളഈഫ്‌ ആണ്‌, ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ നടക്കുന്നവര്‍ അതുകൊണ്ടു നടക്കുക എന്നല്ലാതെ ഹദീഥുമായി സംസാരിച്ചിട്ടില്ലാത്ത പ്രകാരം തന്നെ `വഴി പിഴച്ചിട്ടുണ്ടെങ്കില്‍ വഴി കാണിച്ചുതരണം’ എന്നു പറയുന്ന ഹദീഥ്‌. അല്ലെങ്കില്‍ `എന്നെ സഹായിക്കണം’ അല്ലെങ്കില്‍ `വിജനപ്രദേശത്ത്‌ മറ്റു വല്ല പ്രയാസങ്ങളും നേരിട്ടിട്ടുണ്ടെങ്കില്‍ `അടിമകളേ സഹായിക്കണം’ എന്ന്‌ പറയുന്ന ഹദീഥ്‌. ഇങ്ങനെ ഒരു ഹദീഥ്‌ അവിടെ ഉദ്ധരിക്കുകയോ തെളിവാക്കുകയോ ചെയ്‌തിട്ടില്ല. എന്നിട്ടു പിന്നെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതോ പറഞ്ഞിട്ടില്ലാത്തതോ ആയ ഹദീഥ്‌ ഉദ്ധരിച്ച്‌ ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌’ എന്ന്‌ പറയുക.
(അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ അഭിമുഖത്തില്‍ നിന്ന്‌ -നാസര്‍ ഒലവക്കോട്‌
അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസംബര്‍ പേജ്‌ 44
ബഷീര്‍ സലഫീ-ഇനിയെങ്കിലും വടികൊടുത്ത്‌ അടി വാങ്ങാതിരിക്കുക.

3. അങ്ങനെ ജനങ്ങള്‍ ഇല്ലാത്തിടത്തും ഉള്ളിടത്തും വെച്ച്‌ ഒരുത്തന്‍ `ജിന്നേ സഹായിക്കണേ’ എന്നു വിളിച്ചാല്‍ അത്‌ ശിര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കുണ്ടിവിടെ സംശയം?” (അമീര്‍ ഒതുക്കുങ്ങല്‍, അല്‍ ഇസ്വ്‌ലാഹ്‌ മെയ്‌ 2013 പേജ്‌ 35)
ആര്‍ക്കുമില്ലല്ലോ. പക്ഷെ അബ്‌ദുല്‍ജബ്ബാര്‍ മൗലവി ഹദീഥിനെപ്പറ്റി മിണ്ടിയിട്ടില്ല. ഇനി വേറൊരാള്‍ക്ക്‌ ഹദീഥിനെപ്പറ്റി അറിയില്ല. അയാള്‍ പേരറിയാത്ത ജിന്നിനോട്‌ ജിന്നോ സഹായിക്കണേ എന്നല്ലാതെ എന്താണ്‌ വിളിച്ചു പറയേണ്ടത്‌? അതെങ്ങനെ ശിര്‍ക്കാകും? അതു ശിര്‍ക്കാണെങ്കില്‍ പടപ്പുകളേ എന്നോ അടിമകളേ എന്നോ വിളിച്ചാല്‍ ശിര്‍ക്കല്ലാതാവുന്നതെങ്ങനെ?

4. മാത്രമല്ല, പുഴയില്‍ വീഴുന്ന വ്യക്തിക്ക്‌ (മരണം മുന്നില്‍ കാണുമ്പോള്‍) സാധാരണ നിലയില്‍ പ്രാര്‍ഥന മാത്രമേ ഉണ്ടാവൂ. പ്രാര്‍ഥനയല്ലാത്ത സഹായതേട്ടം (കരയില്‍ മനുഷ്യരെ ആരെയും കാണാത്ത സ്ഥിതിക്ക്‌) ഉണ്ടാവാന്‍ വഴിയില്ലെന്നും സ്വലാഹി പിന്നീട്‌ വിശദീകരിച്ചിട്ടുണ്ട്‌്‌-നാസര്‍ ഒലവക്കോട്‌.
അല്‍ ഇസ്വ്‌ലാഹ്‌ ഡിസംബര്‍ 2013 പേജ്‌ 46

അല്‍ഹംദുലില്ലാഹ്‌-തര്‍ക്കത്തിന്റെ മര്‍മ്മം ഇതുപോലെ ചിലരൊക്കെ മനസ്സിലാക്കുന്നുവെന്ന ശുഭവാര്‍ത്തയുമായാണ്‌ 2013 വിടപറഞ്ഞത്‌. തൗഹീദ്‌ 2012കാര്‍ എന്നൊക്കെപ്പറഞ്ഞ്‌ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ വിജനഭൂമിയില്‍ നിന്ന്‌ ദുര്‍ബ്ബല ഹദീഥിന്റെ വലയം ഭേദിച്ച്‌ കൂരിരുട്ടത്തും പുഴക്കരയിലും `സഹായം വേണോ? എന്നു ചോദിച്ച്‌ കാത്തുനില്‍ക്കുന്ന ജിന്നിനെ ഏതാണ്ടിപ്പോള്‍ എല്ലാവരും കയ്യൊഴിഞ്ഞ മട്ടാണ്‌. അതൊന്നും പ്രാര്‍ഥനയല്ലാത്ത സഹായതേട്ടമല്ല പ്രത്യുത, പ്രാര്‍ഥന തന്നെയെന്ന്‌ സ്വലാഹി വരെ തിരിച്ചറിഞ്ഞുവല്ലോ. 

Thursday, February 13, 2014

യാഇബാദല്ലാഹി - ഒരു ഫയലും ഒരു പുസ്‌തകവും

അല്‍ ഇസ്വ്‌ലാഹ്‌ 2013 നവം. ലക്കത്തില്‍ ബഷീര്‍ സലഫി പൂളപ്പൊയില്‍ ഇങ്ങനെ വെല്ലുവിളിച്ചുകണ്ടു. “യാഇബാദല്ലാഹീ എന്ന ദുര്‍ബ്ബല ഹദീഥിന്റെ ആശയം സംബന്ധിച്ചും ജിന്നിനോടുള്ള ഇസ്‌തിആനത്ത്‌ സംബന്ധിച്ചുമുള്ള വിവാദങ്ങള്‍ക്കിടയില്‍ കേരളത്തിലെ മുജാഹിദുകള്‍ക്കിടയില്‍ രൂപപ്പെട്ട രണ്ട്‌ വീക്ഷണങ്ങളില്‍ ഒന്ന്‌ ലോകസലഫീ പണ്‌ഡിതന്‍മാര്‍ അംഗീകരിച്ച നിലപാടാണെന്നും രണ്ടാമത്തേത്‌ കേരളത്തിലെ സംഘടനാവാദികളായ ചുരുക്കം ചിലയാളുകളില്‍ മാത്രം പരിമിതമായ വാദമാണെന്നും അന്ന്‌ `ഇസ്‌ലാഹ്‌’ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ അവകാശവാദം വസ്‌തുതാപരമാണോ അല്ലേ എന്നു പറയേണ്ട ബാധ്യത പന്നൂരിനുണ്ടായിരുന്നു. എന്നാല്‍ തൊട്ടാല്‍ പൊള്ളുമെന്നു ഭയമുള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്‌ യാതൊരനക്കവും കാണുന്നില്ല. ജിന്ന്‌ വാദികളെന്ന്‌ പന്നൂരാദികള്‍ ആക്ഷേപിക്കുന്നയാളുകള്‍ക്ക്‌ തര്‍ക്കവിഷയത്തില്‍ ലോകസലഫീ പണ്‌ഡിതന്‍മാര്‍ക്കും പണ്‌ഡിതസംഘടനകള്‍ക്കുമൊന്നുമില്ലാത്ത ഏതെങ്കിലും പുതിയ വീക്ഷണമുണ്ടെന്ന്‌ തെളിയിക്കാന്‍ പന്നൂരാദികള്‍ക്ക്‌ ലോകാവസാനം വരെ സാധ്യമല്ല’ (അല്‍ ഇസ്വ്‌ലാഹ്‌ 2013 നവം.)

വെല്ലുവിളി പന്നൂരാദികളോടായതിനാല്‍ ആ നിലകളില്‍പ്പെട്ട ആര്‍ക്കും പ്രതികരിക്കാമല്ലോ. അതാണീ കുറിപ്പിന്റെ പ്രേരകം. പ്രതികരണത്തിന്‌ ക്വിയാമത്തുനാള്‍ വരെ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. കാരണം എന്റെ കൈയില്‍ യാഇബാദല്ലാഹീ അഈനൂനീ, വിവാദങ്ങളും വസ്‌തുതകളും’ എന്ന ബഷീര്‍ സലഫിയുടെ തന്നെ ഒരു കൊച്ചുപുസ്‌തകമുണ്ട്‌. ഹദീഥിന്റെ ദൗര്‍ബല്യങ്ങള്‍ വ്യക്തമാക്കിയ അദ്ദേഹം അതിലെ ആശയത്തെ ഏഴു പോയന്റുകളില്‍ ഒതുക്കിയിരിക്കുന്നു. മരണപ്പെട്ടവരോടുള്ള ഇസ്‌തിഗാസക്ക്‌ അതിനെ തെളിവാക്കുന്നവരെ ഖണ്‌ഡിക്കുന്ന സലഫി പണ്‌ഡിതന്‍മാരുടെ വിശകലനങ്ങളില്‍ നിന്നു ലഭിക്കുന്ന സംക്ഷിപ്‌ത ആശയമായി അദ്ദേഹം അവതരിപ്പിക്കുന്നത്‌ കാണുക. “മരുഭൂമിയില്‍ ഒറ്റപ്പെട്ട്‌ വഴിതെറ്റി പ്രയാസത്തിലായ ഒരാള്‍ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണമേ എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞാല്‍ ആ വിളിയില്‍ ശിര്‍ക്ക്‌ അഥവാ ബഹുദൈവത്വമില്ല. കാരണം ഹദീഥിന്റെ സ്വിഹ്‌ഹത്തി(സ്വീകാര്യതി)നെക്കുറിച്ച്‌ ബോധ്യമില്ലാത്ത ഒരാള്‍ അങ്ങനെ വിളിച്ചു പറയുമ്പോള്‍ അയാള്‍ കരുതുന്നത്‌ അപ്രകാരം വിളിച്ചു പറയാന്‍ നിര്‍ദേശിച്ചത്‌ റസൂലാണ്‌ എന്നാണ്‌. അതുകൊണ്ടാണ്‌ ചില പണ്‌ഡിതന്‍മാര്‍ യാഇബാദല്ലാഹീ അഈനൂനീ എന്നതിനെ ദിക്‌റിന്റെ ഭാഗമായി ഗണിക്കാന്‍ കാരണം.” (പേ. 15)

ഇത്‌ ലോകസലഫീ പണ്‌ഡിതന്‍മാരുടെ അഭിപ്രായമാണെന്ന്‌ ബഷീര്‍ സലഫി സമ്മതിച്ചിരിക്കെ അദ്ദേഹം സെല്‍ഫ്‌ ഗോള്‍ അടിച്ച്‌ പന്നൂരാദികളെ ജയിപ്പിച്ചിരിക്കയാണ്‌. ഹദീഥിന്റെ ദുര്‍ബ്ബലത ബോധ്യപ്പെട്ട പന്നൂരാദികള്‍ക്ക്‌ അത്‌ ശിര്‍ക്കാണെന്ന്‌ പറയാം എന്നല്ലേ പുസ്‌തകക്കാരന്റെ നിബന്ധന തെളിയിക്കുന്നത്‌. ഇരുപക്ഷത്തുള്ളവര്‍ക്കും അത്‌ ദുര്‍ബല ഹദീഥാണെന്നറിയാം. ഹദീഥിന്റെ സ്വീകാര്യത ബോധ്യപ്പെടാത്ത ആള്‍ക്ക്‌ അത്‌ റസൂലിന്റെ നിര്‍ദേശമാണെന്ന്‌ വിചാരിക്കാന്‍ പാടില്ല എന്ന്‌ ബഷീര്‍ സലഫി സമ്മതിക്കുമ്പോള്‍ അത്‌ ദിക്‌റാണെന്ന്‌ കരുതാതെ ശിര്‍ക്കാണ്‌ .. അംഗീകാരം ലഭിച്ചല്ലോ. ആരോ പറഞ്ഞ കാര്യം മതത്തില്‍ തെളിവല്ലല്ലോ (ഇത്‌ വിശദമാക്കിയതിനല്ലേ പോത്ത്‌ ചത്തിട്ടില്ല, പരിക്ക്‌ പറ്റിയിട്ടേയുള്ളൂ’ എന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ എഴുതിയത്‌?)

ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിലെപ്പോലെയുള്ളവരെ പന്നൂരാദികള്‍ മുശ്‌രിക്കുകളാക്കി എന്ന അല്‍ ഇസ്വ്‌ലാഹിന്റെ നിലവിളിയും ഇതോടെ അപ്രസക്തമായി. അവര്‍ക്കത്‌ സ്വഹീഹാണെന്നു തോന്നിയിരിക്കാം. നമുക്കത്‌ ദുര്‍ബലമാണെന്ന്‌ ബോധ്യപ്പെട്ടതിന്റെ പേരില്‍ അത്‌ ശിര്‍ക്കാണെന്ന്‌ പറയുന്നതുകൊണ്ട്‌ ഇമാം അഹ്‌മദ്‌ബ്‌നു ഹംബലിനെയും മറ്റും മുശ്‌രിക്കുകളാക്കലല്ല അത്‌ എന്ന്‌ വിചിന്തനം വാരിക പറഞ്ഞതിന്ന്‌ ഇതോടെ ബഷീര്‍ സലഫിയുടെ കൂടി അംഗീകാരമായി. ബോധപൂര്‍വമല്ലെങ്കിലും ശിര്‍ക്കാരോപകര്‍ എന്ന്‌ വിചിന്തനക്കാരെ കുറ്റപ്പെടുത്തിയത്‌ തെറ്റായിപ്പോയെന്നാണ്‌ ബഷീര്‍ സലഫിയുടെ വരികളില്‍ നിന്ന്‌ തെളിയുന്നത്‌. തനിക്കും കൂട്ടര്‍ക്കും ഈ വിഷയത്തില്‍ പുതിയ വാദമില്ലെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന ബഷീര്‍ സലഫിയുടെ വെല്ലുവിളി സ്വന്തം വരികളെക്കുറിച്ചും നേതാവിന്റെ ശബ്‌ദരേഖയെക്കുറിച്ചും മറവി പറ്റിയതുകൊണ്ടാണ്‌. പുഴയില്‍ വീണവന്‍ കരയിലെ ജിന്നിനോട്‌ സഹായംതേടല്‍ ശിര്‍ക്കല്ല എന്ന്‌ സക്കരിയ്യാ സ്വലാഹി പറഞ്ഞത്‌ മരുഭൂമിയില്‍ ഒറ്റപ്പെട്ടവന്റെ വിളിയില്‍ നിന്ന്‌ വ്യത്യസ്‌തമായ പുതിയ ഒരു ഈമാനാണ്‌. മനുഷ്യന്റെ പരിസരത്തുള്ള ജിന്നിനോട്‌ അതിന്ന്‌ ചെയ്യാന്‍ കഴിയുന്ന സഹായം ചോദിച്ചതില്‍ ശിര്‍ക്കാവില്ല എന്ന്‌ 2012 ഡിസം. ലക്കം അല്‍ ഇസ്വ്‌ലാഹില്‍ ബഷീര്‍ സലഫി എഴുതിയത്‌ `യാഇബാദല്ലാഹി’ എന്ന മരുഭൂമിയിലെ വിളിയല്ലല്ലോ. അതോടെ രണ്ടാം വെല്ലുവിളിക്കും ക്വിയാമത്തുനാള്‍വരെ ആയുസ്സ്‌ നീണ്ടില്ല.
പകല്‍വെളിച്ചത്തില്‍ വിജനപ്രദേശത്തുവെച്ച്‌ ജിന്നിനെക്കൂടിയുദ്ദേശിച്ച്‌ അല്ലാഹുവിന്റെ അടിമകളേ എന്നു വിളിച്ചാല്‍ അതില്‍ അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായാര്‍ഥനയില്ല എന്ന അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ കുറിപ്പ്‌ `തശ്‌വീശുകള്‍’ ഉണ്ടാക്കിയിരിക്കാം എന്ന്‌ ബഷീര്‍ സലഫി പേജ്‌ 19ല്‍ പറയുന്നു. പകല്‍വെളിച്ചത്തിനു മുമ്പ്‌ രാത്രിയുടെ ഇരുളില്‍ തപ്പിത്തടയുന്നതിനെക്കുറിച്ചും അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയിട്ടുണ്ടല്ലോ. അത്‌ അമ്പലക്കടവു ഫൈസിക്ക്‌ മറുപടി കൊടുത്തപ്പോഴാണെന്നുള്ള ന്യായീകരണത്തിനര്‍ഥമില്ല. അങ്ങനെയൊരു പ്രശ്‌നത്തെപ്പറ്റി ഫൈസി ചോദിച്ചിട്ടില്ല. പിന്നെ ഈ കൂരിരുട്ടത്ത്‌ ജിന്നാണെന്ന്‌ കരതി ഒരാള്‍ കേട്ട ശബ്‌ദത്തിന്റെ ഉടമയോട്‌ വെളിച്ചം ചോദിക്കുന്നത്‌ എന്തിന്റെയടിസ്ഥാനത്തിലാണെന്ന്‌ വായനക്കാര്‍ക്ക്‌ സ്വാഭാവികമായും സംശയമുണ്ടാകാം. അതുകൊണ്ടായിരിക്കാം അത്‌ ഈ പുസ്‌തകത്തില്‍ ചേര്‍ക്കാതിരുന്നത്‌.

എന്നാല്‍ `യാഇബാദല്ലാഹി വസ്‌തുതയെന്ത്‌? എന്ന ഫയലിന്റെ നിര്‍മ്മാതാവ്‌ ഇത്‌ കൊടുക്കുക മാത്രമല്ല പ്രസക്തഭാഗത്തിന്‌ അടിവരകള്‍ നല്‍കിയിട്ടുമുണ്ട്‌. വെളിച്ചം ചോദിച്ചാല്‍ അത്‌ ജിന്നിന്‌ തരാന്‍ കഴിയുന്നതില്‍പ്പെട്ട ചോദ്യമാവുകയേ ഉള്ളു എന്ന്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയതിന്റെയും മനുഷ്യന്റെ പരിസരത്തുള്ള ജിന്നിനോട്‌ അതിന്റെ കഴിവില്‍പ്പെട്ടത്‌ ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്ന്‌ ബഷീര്‍ സലഫി എഴതിയതിന്റെയും നടുവില്‍ നിന്നാണ്‌ പന്നൂര്‍ മെഴുകുതിരിയെടുത്തത്‌. അത്‌ കത്തിക്കേണ്ടതുപോലെ കത്തിച്ചു. ബഷീര്‍ സലഫിക്കു പൊളളലേല്‍ക്കുകയും ചെയ്‌തു.

വേറിട്ടുപോയവരുടെ വെളിപാടുകള്‍

 ജിന്ന്‌ വാദികളില്‍ നിന്ന്‌ പുത്തന്‍ വെളിപാടുകള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ റമളാനിലെ പ്രഭാഷണങ്ങള്‍പോലും ജിന്നു കറിയാല്‍ രുചിയുറ്റതാക്കി. പ്രസ്ഥാനത്തിലേക്ക്‌ ഇന്നലെകളില്‍ കടന്ന്‌ വന്ന പല യുവതുര്‍ക്കികള്‍ക്കും കെ.എന്‍.എം. എന്ന്‌ കേള്‍ക്കുമ്പോഴേ അലര്‍ജി. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരമായ ചരിത്രം ആര്‍ക്ക്‌ കേള്‍ക്കണം? അഫ്‌ളല്‍ ഉല്‍ ഉലമ കഴിഞ്ഞ ഒരു വിദ്യാര്‍ഥി ചുരുങ്ങിയത്‌ 200 സാഹിത്യ സമാജങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ടാവും. വിശ്വാസ-സംസ്‌കാര, ശരീഅ: വിഷയങ്ങള്‍. അറബിക്‌ കോളജുകളില്‍ എത്ര പഠനക്യാമ്പുകള്‍ നടന്നു. അതിനിടക്ക്‌ വ്യത്യസ്‌തമായ അനവധി സമ്മേളനങ്ങള്‍ നടന്നു. ചോദിക്കട്ടെ ഏതെങ്കിലും ഒരു സമാജത്തില്‍ അതുമല്ലെങ്കില്‍ സെമിനാറുകളില്‍, പഠനക്യാമ്പുകളില്‍ അരമണിക്കൂറെങ്കിലും ജിന്ന്‌, മലക്ക്‌ വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ടായോ? ഇല്ല.

നമ്മുടെ പ്രഭാഷകര്‍ എങ്ങോട്ടാണ്‌ നമ്മെ തെളിക്കുന്നത്‌? കൂരിരുട്ടില്‍ തപ്പിത്തടയുമ്പോള്‍ ജിന്നിനോട്‌ കഴിവില്‍പെട്ടത്‌ ചോദിക്കുന്നതില്‍ ശിര്‍ക്കില്ലത്രെ. അതില്‍ പ്രാര്‍ഥനയില്ല. വെറും ചോദ്യം. അതിനാല്‍ ശിര്‍ക്കുമില്ല. ശിര്‍ക്കിലേക്കുള്ള വഴി മാത്രമേ ആവുകയുള്ളൂ.
അല്‍ഭുതകരം തന്നെ. `ഇയ്യാക’ യുടെ അര്‍ഥം കേരള മുസ്‌ലിംകളെ സുവ്യക്തമായി പഠിപ്പിച്ച നാം ജിന്നിനോട്‌ വെറും ചോദ്യത്തിന്‌ വഴിതേടുന്നു. നമ്മളെന്തിന്‌ ഇത്തരം ചര്‍ച്ചകള്‍ നടത്തണം. ദഅ്‌വത്ത്‌ രംഗത്ത്‌ എന്ത്‌ മാറ്റവും പുരോഗതിയുമാണ്‌ ഇതുകൊണ്ട്‌ നടക്കാന്‍ പോകുന്നത്‌. നവോത്ഥാനത്തിന്‌ തിരികൊളുത്തിയ നമ്മുടെ സാത്വികരായ മൗലവിമാര്‍ ആരെങ്കിലും ഇത്തരം ചര്‍ച്ച നടത്തിയോ?

നാം നന്നായി ചിന്തിക്കുക. നമ്മുടെ അറിയപ്പെട്ട മുഹദ്ദിസ്‌ ശൈഖ്‌ മുഹമ്മദ്‌ മൗലവി ഈ ചര്‍ച്ച നടത്തിയോ? ഇല്ല. ഈയുള്ളവന്‍ പുത്തൂര്‍ മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെയും പരിസര പ്രദേശങ്ങളിലും പ്രസ്ഥാനം കെട്ടിപ്പടുത്തത്‌ പാലക്കാം തൊടുക ഇബ്‌റാഹീം കുട്ടി ബാഖവിയാണ്‌. പള്ളിദര്‍സ്‌ അധ്യാപനം വിട്ട്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവരികയും ഒരുപാട്‌ മഹല്ലുകള്‍ രൂപപ്പെടുത്തുകയും ചെയ്‌ത മൗലവി എന്റെ വല്യുപ്പയാണ്‌. ഞാന്‍ പലരോടും ചോദിച്ചു. പ്രായം ചെന്ന ഒരുപാട്‌ ഉപ്പാപ്പമാരോട്‌ ഞാന്‍ കാര്യമന്വേഷിച്ചു. ഇല്ല. ഇബ്‌റാഹിം കുട്ടി മൗലവിയുടെ പല ക്ലാസ്സുകളും ഞങ്ങള്‍ കേട്ടിട്ടുണ്ട്‌. ഇത്തരം ചര്‍ച്ച നടന്നിട്ടില്ല.

പ്രിയപ്പെട്ടവരേ ഈയുള്ളവന്‍ സുല്ലമില്‍ പഠിക്കുമ്പോള്‍ (1982-87) സുഹൃത്ത്‌ കോളിക്കല്‍ അബ്‌ദുസ്സലാമിനെയും കൂട്ടി എന്‍വി.അബ്‌ദുസ്സലാം മൗലവിയുടെ അടുത്ത്‌ പോയി ഇരിക്കുമായിരുന്നു. പ്രസ്ഥാന ചരിത്രത്തിലേക്ക്‌ ഊളിയിട്ട്‌ ഇറങ്ങുകയും അതിലെ മുത്തുമണികള്‍ ഒന്നൊന്നായി പുറത്തെടുത്ത്‌ വിവരിച്ചുതരികയും ചെയ്‌തിരുന്ന മൗലവി സാഹിബ്‌ ഞങ്ങള്‍ക്ക്‌ ഒരത്ഭുതമായിരുന്നു. കാരണം ഓരോ സ്ഥലത്തും നടന്ന പ്രബോധന വിഷയങ്ങളും ക്ലാസ്സുകളും ഡയറി നോക്കിപ്പറയുന്നപോലെ മനസ്സിന്റെ രേഖയില്‍ നിന്നും ആ മഹാനുഭാവന്‍ ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്നു. അതിലൊന്നും കേട്ടില്ല ഞങ്ങള്‍ വിജനപ്രദേശം. അതിലൊന്നും കണ്ടില്ല കൂരിരുട്ട്‌. പാലക്കാട്‌ കേട്ടു കുറ്റിക്കാട്‌ കേട്ടില്ല.

ഒരുപാട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അരീക്കോട്ടു നിന്ന്‌ നാം കൂരിരുട്ടും കുറ്റിക്കാടും കേട്ടു. എന്‍.വി. സാലിമിന്റെ സംസാരത്തില്‍ നിന്ന്‌. പക്ഷെ നമ്മുടെ കുട്ടികള്‍ക്ക്‌ എന്‍.വി.അബ്‌ദുസ്സലാം മൗലവി അപരിചിതന്‍. എന്‍.വി.സാലിം ആദരിക്കപ്പെട്ടവന്‍. വിജ്ഞാനത്തിന്റെ സാഗരമാണ്‌ പോലും സാലിം. അതില്‍ നമുക്ക്‌ സന്തോഷമേയുള്ളൂ. പക്ഷെ എന്തിനാണ്‌ കൂരിരുട്ടില്‍ തപ്പുന്നത്‌. കുറ്റിക്കാട്ടില്‍ ഒളിക്കുന്നത്‌. അതൊന്നും ചോദിക്കരുത്‌. ഫാന്‍സിന്റെ കാലമാണ്‌.
സക്കരിയ്യാ ഫാന്‍സ്‌, അല്‍ബാനി ഫാന്‍സ്‌, സാലിം ഫാന്‍സ്‌, എടത്തനാട്ടുകര, പൂനൂര്‍ ഫാന്‍സ്‌, എടക്കര ചുങ്കത്തറ ഫാന്‍സ്‌.

ഇതിനിടയില്‍ നമ്മുടെ സെയ്‌തുമൗലവി, അലവി മൗലവി, കെ.പി. അവരൊക്കെയാരാ!! }ഞങ്ങള്‍ കേട്ടിട്ടില്ല. കെ.സി, എന്‍.വി., കെ.പി. തുടങ്ങിയ മൗലവിമാരെപ്പറ്റി കേള്‍ക്കാനുള്ള മനസ്സിലുമില്ല.
ഒരു ജിന്നുവാദി പറഞ്ഞത്‌ അവരെല്ലാം വിജ്ഞാന വിസ്‌ഫോടനത്തിന്റെ മുമ്പ്‌ ജീവിച്ചവരാണ്‌. ഇപ്പോള്‍ നെറ്റില്‍ നിന്ന്‌ എത്ര ഹദീഥുകളാണ്‌ നിമിഷ നേരംകൊണ്ട്‌ കിട്ടുന്നത്‌. പഴയ മൗലവിമാരൊന്നും ഹദീഥ്‌ കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ചോദിച്ചു. കിതാബുകളില്‍ ഇല്ലാത്തത്‌ നെറ്റിലുണ്ടാവുമോ? ഇനിയെന്തെല്ലാം വലകള്‍ നാം കാണാനിരിക്കുന്നു. എത്ര പേര്‍ ഈ വലയില്‍ കുടുങ്ങി. എല്ലാം നെറ്റിലാണ്‌ പോലും.

ജിന്നുമായി ബന്ധപ്പെട്ട നിരവധി ആയത്തുകള്‍ക്ക്‌ പരിഭാഷയും വ്യാഖ്യാനവുമെഴുതിയ മര്‍ഹൂം അമാനി മൗലവി തന്റെ പരിഭാഷയില്‍ എവിടെയെങ്കിലും വിജനപ്രദേശം, കൂരിരുട്ട്‌, തപ്പിത്തടയല്‍, കുറ്റിക്കാട്‌, ഒളിച്ചിരിക്കല്‍, പരിസരത്തുള്ള ശബ്‌ദം കേള്‍ക്കുന്ന ജിന്നിനോട്‌ എന്തെങ്കിലും ആവശ്യപ്പെടല്‍ ശിര്‍ക്കല്ലെന്നോ ശിര്‍ക്കിലേക്കുള്ള വഴി മാത്രമാണെന്നോ ജിന്ന്‌ ഭൗതികമാണെന്നോ അതിനോടുള്ള ചോദ്യം പ്രാര്‍ഥനയല്ലെന്നോ പറഞ്ഞുവോ? ഹോ-അതാണോ വലിയ കാര്യം. അമാനിയുടെ പരിഭാഷയില്‍ അത്യാവശ്യമായ ചില മാറ്റത്തിരുത്തലുകള്‍ അനിവാര്യമാണ്‌. ജിന്നുവാദികള്‍ പറയാന്‍ തുടങ്ങി. പ്രഭാഷകന്‍മാര്‍ക്കെന്ത്‌ പറ്റി? ഇവര്‍ ഇസ്വ്‌ലാഹ്‌ ചെയ്യുന്നവരാണോ? എന്താണ്‌ ഇവര്‍ ലക്ഷ്യം വെക്കുന്ന നവോത്ഥാനം. വികലമായ അഭിപ്രായം. പിന്നീട്‌ അത്‌ നിലപാടുകളും ആശയങ്ങളും ആള്‍ക്കൂട്ടങ്ങളുമായി രൂപാന്തരപ്പെടുന്നു. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്‌ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്‌. ഇതിനെ നാം പിന്‍പറ്റണമോ? ഇത്‌ വ്യക്തിപരമായ പ്രശ്‌നങ്ങളാണോ? ജിന്നുവാദികളുടെ പുതിയ വെളിപാടുകള്‍ എന്തെല്ലാം വൈരുദ്ധ്യങ്ങളാണ്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌.

വിചിന്തനത്തിലെ തുറന്ന കത്ത്‌

വിവാദത്തിലെ മര്‍മം ഞാന്‍ വിചിന്തനത്തിലെഴുതിയിരുന്ന `മുബാറക്‌ തിരൂര്‍ക്കാടിന്ന്‌ ഒരു തുറന്ന കത്ത്‌’ എന്നതിന്ന്‌ 2014 ജനു. അല്‍ ഇസ്വ്‌ലാഹില്‍ അദ്ദേഹം പ്രതികരിച്ചുകണ്ടു. മുബാറക്‌ എഴുതിയ നീണ്ട കത്തിലെ ഒരു വിഷയത്തിന്നും പന്നൂര്‍ മറുപടി പറഞ്ഞില്ല എന്ന ബഷീര്‍ സലഫിയുടെ ആരോപണം ആവര്‍ത്തിക്കുക മാത്രമാണ്‌ മുബാറക്‌ ചെയ്‌തത്‌. എന്റെ കത്ത്‌ എന്റെ വീട്ടില്‍ വെച്ച്‌ ഞാനും അദ്ദേഹവുമായുണ്ടായ ഒരാദര്‍ശപ്രശ്‌നത്തെക്കുറിച്ചുള്ളതായിരുന്നുവെന്നും അദ്ദേഹത്തിന്റെ കത്തിന്നുള്ള പ്രതികരണമാണെന്ന വിദൂര സൂചനപോലും അതിലില്ലെന്നും ഞാന്‍ വിചിന്തനത്തില്‍ വ്യക്തമാക്കിയതാണ്‌. ഇപ്പോള്‍ ഒരുപാട്‌ വരികള്‍ എന്നെക്കുറിച്ചെഴുതിയെങ്കിലും എന്റെ കത്തിലെ മര്‍മ്മപ്രധാനമായ കാര്യത്തെക്കുറിച്ച്‌ മുബാറക്‌ ഒന്നും പ്രതികരിച്ചില്ല. അദ്ദേഹം വീട്ടില്‍ വന്ന കാര്യം അബ്‌ദുല്‍അസീസ്‌ തേങ്ങാട്ടിന്റെ ലേഖനത്തെക്കുറിച്ച്‌ താന്‍ ഒരു പ്രതികരണമയച്ചാല്‍ പ്രസിദ്ധീകരിക്കുമോ എന്നന്വേഷിക്കാനായിരുന്നു എന്ന്‌. ഇപ്പോളെഴുതിയതില്‍ എനിക്ക്‌ തര്‍ക്കമില്ല. പക്ഷേ ഞാനും സക്കരിയ്യാ സ്വലാഹിയും ജിന്നിന്റെ ഭൗതികതയും അഭൗതികതയും ചര്‍ച്ച ചെയ്‌തപ്പോള്‍ ജിന്ന്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം എന്ന എന്റെ വാദംകേട്ട്‌ മുബാറക്‌ `ഇന്നാലില്ലാഹഹിചൊല്ലിയതാണ്‌ ഞാന്‍ തുറന്ന കത്തില്‍ പ്രധാനമായി പറഞ്ഞത്‌. ശേഷം നടന്ന കോഴിച്ചെന സംവാദത്തില്‍ അദ്ദേഹത്തിന്റെ ചേരിയില്‍പെട്ട ഫൈസല്‍ മുസ്‌ല്യാരും എന്റെ അതേ വാദം (ജിന്ന്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം) എന്ന്‌ വാദിച്ചപ്പോള്‍ മുബാറക്‌ ‘ഇന്നാലില്ലാഹി’ ചൊല്ലിയോ എന്നായിരുന്നു എന്റെ ചോദ്യം. അതിനെക്കുറിച്ച്‌ ഒരക്ഷരം ഇദ്ദേഹം കുറിച്ചിട്ടില്ല. അതിന്ന്‌ ഞാന്‍ വേറെ ആവശ്യത്തിന്നായിരുന്നു വന്നത്‌ എന്നു പറയുന്നത്‌ മറുപടിയല്ല. പള്ളിയില്‍ അടി നടക്കുമ്പോള്‍ അതില്‍ ഒരു കക്ഷിയുടെ ഭാഗം ചേര്‍ന്ന്‌ അടിച്ചയാള്‍, പോലീസിന്റെ ചോദ്യവേളയില്‍ ഞാന്‍ നമസ്‌കരിക്കാന്‍ വന്നതായിരുന്നു എന്നു പറഞ്ഞാല്‍ രക്ഷപ്പെടുകയില്ലല്ലോ. പഴയ മദനിമാരുടെ മഹത്വം കെ.എന്‍.എം. നേതാക്കളെ ഓര്‍മപ്പെടുത്തുകയും അവരുടെ ധാര്‍മിക ബാധ്യതയെപ്പറ്റി എഴുതുകയും ചെയ്യുന്ന മദനിയും മദീനിയും കൂടിയായ താങ്കള്‍ എന്തേ ജിന്നിനെക്കുറിച്ച്‌ ഞാന്‍ പറഞ്ഞ അഭൗതികത്തില്‍ അപകടം കാണുകയും ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞ അഭൗതികതയില്‍ അപകടം കാണാതിരിക്കുകയും ചെയ്യുന്നു? കോഴിച്ചെന സംവാദത്തില്‍ പറഞ്ഞ അതേ അര്‍ഥത്തിലാണ്‌ ഞാന്‍ സക്കരിയ്യാ സ്വലാഹിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞ അഭൗതികം എന്ന്‌ താങ്കള്‍ കേട്ടതല്ലേ? എന്റെ ഈ വരികള്‍ നിങ്ങളുടെ ചേരിയിലെ മൊത്തം ആളുകളെ ഉത്തരംമുട്ടിക്കുന്ന പ്രശ്‌നമാണ്‌.

താങ്കളുടെ പിതാവായ കെ. ഉമര്‍ മൗലവിയുടേയും അമാനി മൗലവിയുടേയുമെല്ലാം എഴുത്തില്‍നിന്ന്‌ ജിന്ന്‌ ഭൗതികമാണെന്നും അതിനാല്‍ അതിനോട്‌ അതിന്റെ കഴിവില്‍പെട്ടത്‌ ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്നും കാണിച്ചുതരാന്‍ പറ്റുമോ എന്നു ഞാന്‍ ചോദിച്ചതും താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയ എന്റെ അഭൗതികവുമായി ബന്ധമുണ്ട്‌. അതുതന്നെയാണ്‌ മെഴുകുതിരിയിലെ പ്രശ്‌നവും. അതിനാല്‍ കോഴിച്ചെന സംവാദത്തില്‍നിന്ന്‌ വ്യത്യസ്‌തമായി എന്ത്‌ അഭൗതികമാണ്‌ എന്റെ വാദത്തിലുള്ളത്‌ എന്നതാണ്‌ താങ്കള്‍ പറയേണ്ടിയിരുന്നത്‌. അതിന്ന്‌ താങ്കള്‍ക്ക്‌ കഴിയുമോ? എന്റെ കത്തിനുള്ള മറുപടി ബശീര്‍ സലഫിയുടെ ലേഖനത്തിലുണ്ടെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടുന്ന മുബാറക്കിന്‌ എന്റെ ഈ ചോദ്യങ്ങള്‍ക്ക്‌ അതില്‍നിന്നും മറുപടി കാണിച്ചുതരാന്‍ കഴിയുമോ?

1. ജിന്ന്‌ അഭൗതികമാണോ എന്ന സ്വലാഹിയുടെ ചോദ്യത്തിന്ന്‌ അഭൗതികം എന്ന്‌ ഞാനുത്തരം പറഞ്ഞപ്പോള്‍ താങ്കളതുകേട്ട്‌ `ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്ന്‌ ചൊല്ലുകയുണ്ടായി. അത്രയും വലിയ അപകടമാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നാണല്ലോ ആ ഇസ്‌തിര്‍ജാഇന്റെ അര്‍ഥം. കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാര്‍ എഴുതിയ വ്യവസ്ഥ ഞാന്‍ പറഞ്ഞ അതേ രീതിയില്‍ `മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌’ എന്നായിരുന്നു. അതു കേട്ടപ്പോള്‍ താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയോ?

2. `അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന’ എന്നാണ്‌ ഞങ്ങളെല്ലാം വാദിക്കുന്നത്‌ എന്ന്‌ താങ്കള്‍ ധരിച്ചുപോയോ?

3. മലയാളത്തിലെ ഏറ്റവും വലിയ ക്വുര്‍ആന്‍ പരിഭാഷ നമ്മുടേതാണല്ലോ. 3656 പേജുള്ള ആ അമാനീ പരിഭാഷയില്‍ `ജിന്ന്‌ ഭൗതികമാണ്‌ അതിനാല്‍ എല്ലാ ജിന്ന്‌ തേട്ടവും ശിര്‍ക്കല്ല’ എന്നെഴുതിയതായി (അതാണല്ലോ നിങ്ങളുടെ വാദം) താങ്കള്‍ കണ്ടിട്ടുണ്ടോ?

4. കെ. ഉമര്‍ മൗലവിയുടെയും നമ്മുടെയിടയില്‍ വിശ്വാസകാര്യങ്ങള്‍ കൂടുതലെഴുതിയ കെ.പി. മുഹമ്മദ്‌ മൗലവി, കുഞ്ഞീദ്‌ മദനി എന്നിവരുടെയും കൃതികളില്‍ നിങ്ങളെല്ലാം ഇപ്പോള്‍ പറയുന്ന തരത്തില്‍ ശിര്‍ക്കല്ലാത്ത ജിന്നുവിളി ശിര്‍ക്കായ ജിന്നുവിളി എന്ന വിഭജനം ഉണ്ടോ?

5. ഈ വിഭജനത്തിന്‌ തെളിവു ചോദിച്ചപ്പോള്‍ അല്‍ ഇസ്വ്‌ലാഹ്‌ നല്‍കിയ മറുപടി, ജിന്നിന്റെ കാര്യം അവിടെയിരിക്കട്ടെ മനുഷ്യര്‍ പരസ്‌പരം ചോദിക്കുന്ന സഹായത്തെ ശിര്‍ക്കായതും ആവാത്തതും എന്ന്‌ നബി (സ്വ) വിഭജിച്ചിട്ടില്ലെന്നായിരുന്നു. ഇത്‌ ഇന്നാലില്ലാഹി ചൊല്ലേണ്ട അപകടവാദമല്ലേ?

6. ജിന്നിന്ന്‌ അതിന്റെ} പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം നാം അതിനോടാവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ല എന്ന്‌ 2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹിലും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും വന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ജിന്നിന്ന്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന്‌ 2013 ജൂലായ്‌ ലക്കത്തിലും എഴുതിയതോടെ `യാ ഇബാദല്ലാഹി അഗീനൂനി’ എന്ന ദുര്‍ബ്ബല ഹദീഥ്‌ ഔട്ടായി. പകരം, ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ ക്വുര്‍ആന്‍ തെളിവാക്കപ്പെടുന്ന ഒരപകടം വന്നു. അത്‌ താങ്കളുടെ ശ്രദ്ധയില്‍പെട്ടോ? (വിചിന്തനം 2013 നവംബര്‍ 8) പന്നൂരിന്റെ കുത്ത്‌ എന്ന്‌ പരിഹസിക്കുന്ന ബശീര്‍ സലഫി ഈ ചോദ്യങ്ങള്‍ തൊട്ടിട്ടേയില്ല.


''കുന്നാ ത്വറാഇക്വ ക്വിദദാ''

പരിശുദ്ധ ക്വുര്‍ആനില്‍ ജിന്നുകളെ പരിചയപ്പെടുത്തിയപ്പോള്‍ ജിന്നുകള്‍ പറയുന്നതായിതന്നെ അല്ലാഹു പരിചയപ്പെടുത്തുന്നു. “ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്മാരുണ്ട്‌. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്‌. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായി തീര്‍ന്നിരിക്കുന്നു എന്നും (അവര്‍ പറഞ്ഞു)” (സൂറത്ത്‌ ജിന്ന്‌-11) 

കെ.എന്‍.എമ്മിന്റെ ആദര്‍ശങ്ങള്‍ക്കെതിരില്‍ സംഘടനയില്‍നിന്നും പുറത്താക്കപ്പെടുകയും പുറത്തുപോവുകയും ചെയ്‌ത ആളുകള്‍ കെ.എന്‍.എമ്മിനെതിരില്‍ ശക്തമായ ഒരു കൂട്ടായ്‌മ ഉണ്ടാക്കിയിരിക്കുന്നു എന്ന്‌ വെല്ലുവിളിച്ചുകൊണ്ട്‌ കേരളക്കരയിലും അങ്ങ്‌ ദൂരെ അറബിക്കടലിനപ്പുറത്തും കുറച്ചു മാസങ്ങളായി ചുറ്റിയടിച്ചുകൊണ്ടിരിക്കുകയാണ്‌. പല കാരണങ്ങളാല്‍ ഒന്നിച്ചവരാണ്‌ ഇവര്‍. ശത്രുവിന്റെ ശത്രു മിത്രം എന്ന അടിസ്ഥാന തത്വത്തിലാണ്‌ ഇവരില്‍ പലരും യോജിച്ചത്‌.

എന്നാല്‍ കെ.എന്‍.എമ്മിനെ പിളര്‍ത്തി രണ്ടാക്കിയതിന്റെ മുഖ്യ കാരണക്കാരനായ സക്കരിയ്യ സ്വലാഹിക്ക്‌ ഇപ്പോള്‍ മനസ്സ്‌ മടുത്തു. അദ്ദേഹത്തെക്കൊണ്ട്‌ അനുയായികള്‍ക്കും അതിലേറെ മടുത്തു. പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം ആ കാര്യം തുറന്നുപറയുകയും ചെയ്‌തു. ഒറ്റക്കു കെ.എന്‍.എമ്മിന്റെഉള്ളില്‍ നിന്നുകൊണ്ട്‌ 10 വര്‍ഷം പൊരുതിയപ്പോള്‍ ഉള്ളതിനേക്കാള്‍ പീഡനങ്ങളും ദുരനുഭവങ്ങളുമാണ്‌ ഒരു വര്‍ഷം ഇവരുടെ കൂടെ നിന്നപ്പോള്‍ ഉണ്ടായത്‌ എന്നാണ്‌ അദ്ദേഹം വിലപിക്കുന്നത്‌. അപ്പോള്‍ ഒരു അഞ്ചു വര്‍ഷക്കാലം ഇവരുടെ കൂടെ നിന്നാലുള്ള അനുഭവം എന്തായിരിക്കും എന്ന്‌ തുടര്‍വിലാപമായി അദ്ദേഹം ചോദിക്കുന്നുമുണ്ട്‌. അവിഭക്ത മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ചുറുചുറുക്കുള്ള ഒരു യുവ നേതാവുണ്ടായിരുന്നു. ഹുസൈന്‍ മടവൂര്‍. അദ്ദേഹം പ്രസ്ഥാനത്തെ പിളര്‍ത്തി പുറത്തുപോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരുകൂടുതലൊന്നും കേള്‍ക്കാനില്ല. അദ്ദേഹത്തെ അവരുടെ പാര്‍ട്ടിക്കാര്‍ സൈഡാക്കിക്കളഞ്ഞു. അതുപോലെതന്നെ സക്കരിയ്യക്കും അനുഭവം ഉണ്ടാകുമെന്ന്‌ പലരും പറഞ്ഞിരുന്നു. ആ വാക്കിനെ അല്ലാഹു സത്യപ്പെടുത്തി. പുറത്താക്കാതെതന്നെ സക്കരിയ്യ ഇപ്പോള്‍ പുറത്തായി.

ജിന്നുകള്‍ പല തരക്കാരാണെന്നതുപോലെ തന്നെ ജിന്നൂരികളും പല തരക്കാരാണെന്നത്‌ സക്കരിയ്യയുടെ നാവിലൂടെയും പേനയിലൂടെയും പുറത്തുവന്നു. കോക്കസുകാര്‍ക്കെതിരില്‍ തൗഹീദീ സലഫീ ആദര്‍ശ കൂട്ടായ്‌മ എന്ന്‌ വിളിച്ചുകൂവി നടന്നവര്‍ ഇപ്പോള്‍ പറയുന്നത്‌ ഞങ്ങളില്‍ ഒരുപാട്‌ കൂട്ടരുണ്ട്‌ എന്നാണ്‌. സക്കരിയ്യ പറയുന്നത്‌ നോക്കൂ. “ഈ സന്ദര്‍ഭത്തില്‍ ഇനിയുള്ള കാലം നാം ഏത്‌ രൂപത്തില്‍ മുന്നോട്ട്‌ പോവണം എന്നതിനെക്കുറിച്ച്‌ നമുക്കിടയില്‍തന്നെ അഭിപ്രായവ്യത്യാസം ഉണ്ടാവുക എന്നത്‌ സ്വാഭാവികമാണ്‌. പഴയ സംഘടനാ സെറ്റപ്പില്‍ മുമ്പോട്ട്‌ പോവണം. തല്‍ക്കാലം അതില്‍ ഒരു മാറ്റവും വരുത്താന്‍ പറ്റില്ല എന്ന്‌ ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, പഴയ സംഘടനാ സെറ്റപ്പ്‌ വേണ്ടതില്ലെന്നും സംഘടനയുടെ ദൂഷ്യങ്ങള്‍ വരാത്ത പുതിയ പ്രവര്‍ത്തനരീതി ലോകസലഫി പണ്‌ഡിതരുമായി കൂടിയാലോചിച്ച്‌ കണ്ടെത്തണമെന്ന്‌ മറ്റൊരു വിഭാഗവും വാദിക്കുന്നു. സംഘടനാ സെറ്റപ്പ്‌ നിലവിലുള്ളത്‌ തന്നെ തുടരുകയും ദൂഷ്യങ്ങള്‍ വരാതെ ശ്രദ്ധിച്ചാല്‍ മതിയെന്നും ആവശ്യമെങ്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താമെന്ന്‌ പറയുന്ന വേറെ ചിലരും ഉണ്ട്‌. പഴയ സംഘടനാ രീതികള്‍കൊണ്ട്‌ ധാരാളം ദൂഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത്‌ കൈകാര്യം ചെയ്‌തവരുടെ ദൂഷ്യമാണെന്നും സംഘടനയുടെ കുഴപ്പം അല്ലെന്നുമാണ്‌ നിലവിലുള്ള സെറ്റപ്പ്‌ അതേപോലെ തുടരണമെന്ന്‌ വാദിക്കുന്നവരുടെ നിലപാട്‌. ഈ മൂന്ന്‌ അഭിപ്രായക്കാരും ശാഖാതലം മുതല്‍ സംസ്ഥാനതലം വരെയുണ്ട്‌ എന്ന കാര്യം നാം മറച്ചുവെച്ചിട്ട്‌ കാര്യമില്ല. (സക്കരിയ്യ സ്വലാഹിയുടെ കത്ത്‌ 19-11-13)

സംഘടനാ സെറ്റപ്പിനെ സംബന്ധിച്ച്‌ മാത്രമുള്ള വാദപ്രതിവാദമാണ്‌ മുകളില്‍ കണ്ടത്‌. ഇത്‌ കേവലം അഭിപ്രായങ്ങളല്ല. ശക്തമായ വാദമാണെന്നോര്‍ക്കുക. അതോടൊപ്പംതന്നെ വായനക്കാര്‍ ചിന്തിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്‌. സംഘടനാ സെറ്റപ്പിന്റെ കാര്യത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ മാത്രമാണ്‌ ഇപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്‌. ആദര്‍ശപരമായ ഭിന്നതകള്‍ ഇതിനേക്കാള്‍ എത്രയെത്രയോ ഇരട്ടിയാണ്‌. 250ഓളം മസ്‌അലകള്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കാന്‍ ഉണ്ട്‌പോല്‍. അത്‌ കുറേശ്ശെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നിട്ട്‌ പറയുന്നു. കെ.എന്‍.എമ്മിന്ന്‌ എതിരിലുള്ള തൗഹീദി സലഫി കൂട്ടായ്‌മയാണ്‌ നമ്മുടേതെന്ന്‌.

സംഘടനാ പ്രശ്‌നം പറഞ്ഞ്‌ ഞങ്ങളുടെ കൂടെ കൂടിയവര്‍ക്ക്‌ ഞങ്ങളോടൊപ്പം പിടിച്ചുനില്‍ക്കാനാവില്ലെന്ന്‌ സക്കരിയ്യ ഒരു വേദിയില്‍ പറയുകയുണ്ടായി. അത്‌ സംഘടനയില്‍ ഉണ്ടായിരുന്ന സീനിയര്‍ നേതാക്കള്‍ക്കെതിരില്‍ അയച്ച ഒരു അമ്പായിരുന്നു. എന്നേക്കാള്‍ സീനിയറായ ഒരാളെങ്കിലും തങ്ങളോടൊപ്പം വന്നാല്‍ ഞാന്‍ ജൂനിയര്‍ ആയില്ലേ. അതെനിക്കു സഹിക്കാന്‍ പറ്റുമോ? അങ്ങിനെ ആ കൂട്ടായ്‌മ ഒന്നിച്ചു കൂടിയിരുന്നപ്പോള്‍ ഉണ്ടായതെന്താ? ഓറഞ്ചുപോലെ എന്ന്‌ ഉദാഹരണം പറയാം. പുറമെനിന്ന്‌ കാണുമ്പോള്‍ ഒന്നാണെന്ന്‌ തോന്നുന്ന വളരെ സുന്ദരമായ ഒരു സാധനം. പൊളിച്ചുനോക്കിയപ്പോള്‍ ചെറുതും വലുതുമായി 8, 10 ചുളകള്‍. ഇതുപോലെതന്നെയാണ്‌ ജിന്നൂരിസം. സലഫി ആദര്‍ശത്തെ, യഥാര്‍ഥ തൗഹീദിനെ, പൊളിക്കുന്നതിനായി കെ.എന്‍.എമ്മിനെതിരില്‍ തട്ടിക്കൂട്ടിയ ഒരു കൂട്ടായ്‌മയില്ലാത്ത ഒരുകൂട്ടം. ഓരോരുത്തരും വായില്‍ തോന്നിയത്‌ വിളിച്ചുപറയുന്നു.

സംഘടനാ സെറ്റപ്പില്‍ സക്കരിയ്യയുടെ നിലപാട്‌ രസകരംതന്നെ. “പ്രസിഡണ്ട്‌, സെക്രട്ടറി, എന്നിങ്ങനെ ആര്‍ക്കും ആരേക്കാളും പ്രാധാന്യം കല്‍പിക്കാത്ത ഘടനയോട്‌ കൂടിയ ഒരു പണ്‌ഡിത സമിതിയും ആ സമിതിയെ ദീനീകാര്യങ്ങളില്‍ ആശ്രയിക്കുന്ന പ്രാദേശിക കൂട്ടായ്‌മകളും മാത്രം…. പ്രാദേശിക കൂട്ടായ്‌മകളില്‍ ചെയര്‍മാനും കണ്‍വീനറും ട്രഷററും വിദ്യാര്‍ഥി-യുവജന പ്രതിനിധികളും മറ്റു കമ്മിറ്റി സംവിധാനങ്ങളും പ്രാദേശിക വകുപ്പ്‌ കണ്‍വീനര്‍മാരും ഒക്കെ ആവാം.” അദ്ദേഹം തുടരുന്നു. സംഘടന അനുവദനീയമാണെന്ന്‌ പറഞ്ഞ സലഫി ഉലമാക്കളാരും നിരുപാധികം അനുവാദം നല്‍കിയിട്ടില്ല. പ്രത്യുത വ്യക്തമായ ശര്‍ത്വു (നിബന്ധനകള്‍) അവര്‍ വെച്ചിട്ടുണ്ട്‌. പ്രസ്‌തുത നിബന്ധനകളില്‍ ഒന്നാണ്‌ സംഘടനയുടെ നേതൃത്വം കൈകാര്യം ചെയ്യുന്നത്‌ പണ്‌ഡിതന്മാര്‍ ആയിരിക്കണമെന്നത്‌. ദീനീ വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവര്‍ നമുക്കിടയില്‍ തുലോം തുച്ഛമായതിനാല്‍ വിദേശത്തുള്ള അഹ്‌ലുസുന്നത്തിന്റെ പണ്‌ഡിതന്മാരുമായി സ്ഥിരമായി ബന്ധം പുലര്‍ത്തിക്കൊണ്ട്‌ മാത്രമേ നമുക്ക്‌ ഈ നിബന്ധന പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ.” അപ്പോള്‍ സക്കരിയ്യയുടെ അഭിപ്രായത്തില്‍ ഒരു അമീര്‍ സെറ്റപ്പാണ്‌ അഭികാമ്യം. അത്‌ തന്നെ ലോക സലഫി നേതാക്കളുടെ മുമ്പില്‍ അവതരിപ്പിച്ച്‌ അവര്‍ തീരുമാനിക്കട്ടെ എന്നതും. ലോകസലഫി നേതാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന എപ്പോഴും അവരുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സലഫി നേതാവിനെ മാത്രമേ അവര്‍ അമീറായി തിരഞ്ഞെടുക്കുകയുള്ളൂ. അതാരാ, അത്‌ ഞാന്‍ തന്നെ. താഴെ പ്രാദേശിക കമ്മിറ്റിയില്‍ ഏതു സെറ്റപ്പുമാകാം. അത്‌ എന്നെ ബാധിക്കില്ലല്ലോ? എന്നൊരു അതിബുദ്ധി. ദീനീ വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവര്‍ നമുക്കിടയില്‍ തുലോം തുച്ഛമാണ്‌ എന്ന്‌ സമ്മതിച്ചതുതന്നെ നല്ല തിരിച്ചറിവ്‌. സക്കരിയ്യ പറയുന്നു, “നാമിപ്പോള്‍ ഒരു വഴിത്തിരിവിലാണ്‌. പുതിയ സംഘടനയോ സംവിധാനങ്ങളോ രൂപീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക്‌ ഏത്‌ മാറ്റങ്ങള്‍ക്കും പാകമായ സന്ദര്‍ഭമാണിത്‌.” വളരെ ശരിയാണ്‌ സക്കരിയ്യ പറഞ്ഞത്‌. ചെയ്‌തുപോയ തെറ്റുകള്‍ക്ക്‌ പശ്ചാത്താപം നടത്തി മാതൃസംഘടനയിലേക്ക്‌ തിരിച്ചുവരാന്‍ പാകമായ സന്ദര്‍ഭമാണിത്‌. ചിന്തിക്കുന്ന അണികള്‍ക്കെങ്കിലും.

കെ.എന്‍.എമ്മിലെ സീനിയര്‍ നേതാക്കളായിരുന്ന മൗലവി കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍, മൗലവി പി.എന്‍. അബ്‌ദുലത്തീഫ്‌, മൗലവി സുഹൈര്‍ ചുങ്കത്തറ, മൗലവി അബ്‌ദുല്‍ ഹഖ്‌ സുല്ലമി ആമയൂര്‍, മൗലവി ഹുസൈന്‍ സലഫി എന്നിവര്‍ക്കൊക്കെ തൗഹീദും ശിര്‍ക്കും ഫൈസല്‍ പുതുപ്പറമ്പില്‍ നിന്നും പഠിച്ചിട്ടുവേണം എന്നത്‌ ഏറ്റവും പരിതാപകരമായ ഒരവസ്ഥ തന്നെ. എന്ത്‌ ആശയത്തിന്റെ പേരിലാണ്‌ ഇവരെല്ലാം മറുപക്ഷത്ത്‌ ഇരിക്കുന്നത്‌? കെ.എന്‍.എമ്മിനെ തോല്‍പ്പിക്കാനോ? മുന്‍കാല ഇസ്വ്‌ലാഹീ പണ്‌ഡിതന്മാര്‍ നട്ടുവളര്‍ത്തിയ പ്രസ്ഥാനത്തെ ഇവരെല്ലാവരും കൂടിയല്ലേ വളവും വെള്ളവും നല്‍കി വളര്‍ത്തിയത്‌. അത്‌ ഫലം നല്‍കാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍തന്നെ അതിനെ വെട്ടിമുറിക്കുകയോ? കഷ്‌ടം തന്നെ. എനിക്ക്‌, സക്കരിയ്യയുടെ, ഫൈസലിന്റെ വാദമില്ല എന്ന്‌ പറയുന്ന ഓരോരുത്തരും അയാളോടൊപ്പം സ്റ്റേജ്‌ പങ്കിടുന്നു. ഫൈസലിന്റെ സി.ഡി. കേള്‍ക്കൂ എന്നാഹ്വാനം ചെയ്യുന്നു. തൊലിക്കട്ടി അപാരംതന്നെ.

“ജിന്നിനോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കാണെന്ന്‌ 26-12-11ല്‍ നടന്ന ദൗറയില്‍ നിങ്ങള്‍ പറഞ്ഞല്ലോ”? ദൗറയില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ഒരു സീനിയര്‍ നേതാവിനോട്‌ ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. “എനിക്ക്‌ ഇപ്പോഴും അതേ വിശ്വാസമാണുള്ളത്‌. പക്ഷേ സക്കരിയ്യയെ പുറത്താക്കിയ രീതി എനിക്കിഷ്‌ടമായില്ല. ഞാന്‍ ചോദിച്ചു. “അപ്പോള്‍ ചോറ്‌ ഇവിടെയും കൂറ്‌ അവിടെയുമാണല്ലേ?” അതിനു മറുപടിയായി ഒരു ചിരി മാത്രം. ഇപ്പോള്‍ പുറത്തുപോയതോ പുറത്താക്കിയതോ ആയ രീതി അദ്ദേഹത്തിന്‌ ഇഷ്‌ടപ്പെട്ടോ എന്തോ. പുറത്താക്കിയതിലുള്ള സിംപതിയുമായി കൂടെ കൂടിയവരെയെല്ലാം വിട്ടേച്ച്‌ സകരിയ്യ എവിടെയോ മറഞ്ഞു. പാവം കൂടെക്കൂടികള്‍ പെരുവഴിയിലുമായി.

ഫൈസല്‍ കോഴിച്ചെനയില്‍ വെച്ച്‌ ആയത്ത്‌ ദുര്‍വ്യാഖ്യാനം ചെയ്‌തു എന്ന്‌ മാലോകരെല്ലാം വിളിച്ചുപറഞ്ഞിട്ടും ഈ സീനിയര്‍ നേതാക്കള്‍ക്കാര്‍ക്കും ഒരു കുലുക്കവുമില്ല. ശേഷം പത്തപ്പിരിയത്തുവെച്ച്‌ ഞാന്‍ വസീലത്ത്‌ ശിര്‍ക്കിന്‌ തെളിവായി ആയത്ത്‌ ഓതുകയോ അതിനുവേണ്ടി ഇബ്‌നു അബ്ബാസിനെ പരാമര്‍ശിക്കുകയോ ക്വുര്‍ത്വുബി വായിക്കുകയോ ചെയ്‌തിട്ടില്ല എന്ന്‌ പറഞ്ഞപ്പോഴും ഇവര്‍ക്കാര്‍ക്കും കുലുക്കമില്ല. ഇവരുടെ ഈ പിഴച്ച വാദത്തിനെതിരില്‍ നടന്ന ദൗറയുടെ ചുക്കാന്‍ പിടിച്ചവരും അവര്‍ക്കെതിരില്‍ വീറോടെ വാദിച്ചവരുമായിരുന്നല്ലോ ഇവര്‍. കോഴിച്ചെനയില്‍ നാസിര്‍ സുല്ലമിയുടെ ചോദ്യത്തിനാണ്‌ ഫൈസല്‍ ഉത്തരം പറഞ്ഞത്‌ എന്നാണ്‌ എല്ലാവരും കരുതിയത്‌. “മുസ്‌ലിം ജിന്നിനോട്‌ സഹായംതേടിയാല്‍ വസീലത്ത്‌ ശിര്‍ക്കാകുന്നതിന്‌ തെളിവായുള്ള ഒരായത്ത്‌ ഓതാനാണല്ലോ നാസിര്‍ സുല്ലമി ആവശ്യപ്പെട്ടത്‌. അതിനുള്ള മറുപടിയിലാണല്ലോ ഫൈസല്‍ ആയത്തോതിയത്‌. അതിനു ബലം നല്‍കാനാണല്ലോ ഇബ്‌നു അബ്ബാസിനെ ഉദ്ധിച്ചത്‌. അതിനാണല്ലോ ക്വുര്‍ത്വുബിയെ കൂട്ടുപിടിച്ചത്‌. എന്നാല്‍ ഓതിയതോ കാഫിര്‍ ജിന്നിനെ സംബന്ധിച്ചു വന്ന ആയത്ത്‌. വ്യാഖ്യാനിച്ചതോ ശിര്‍ക്കിന്‌ മൂന്നായത്ത്‌, വസീലത്ത്‌ ശിര്‍ക്കിനും ശിര്‍ക്കിനും കൂടി ഒരായത്ത്‌ ഇതൊരു ഒറ്റമൂലി. ഇനിയും ക്വുര്‍ആനില്‍ ഒരുപാട്‌ ആയത്തുണ്ട്‌. കേള്‍വിക്കാര്‍ വിചാരിക്കുക മുസ്‌ലിം ജിന്നിനോട്‌ സഹായംതേടിയാല്‍ വസ്വീലത്തു ശിര്‍ക്കാകുന്നതിന്‌ ധാരാളം ആയത്തുണ്ടെന്നാണ്‌. വിഷയം പ്രശ്‌നമാകുന്നിടത്ത്‌ ഫൈസല്‍ പറയും, വസീലത്തു ശിര്‍ക്കിനു തെളിവായി ക്വുര്‍ആനില്‍ ആയത്തുണ്ടെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ പ്രസംഗം ഒന്നുകൂടി കേട്ടുനോക്കൂ. ഇനിയും ക്വുര്‍ആനില്‍ ഒരുപാട്‌ ആയത്തുണ്ട്‌ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ, ഈ ആയത്ത്‌ അല്ലാത്ത എത്ര ആയത്തുണ്ട്‌ ക്വുര്‍ആനില്‍. അതെല്ലാം വസീലത്തു ശിര്‍ക്കിനു തെളിവാണെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. അതാണ്‌ ഫൈസല്‍. ജിന്ന്‌ വിഷയത്തില്‍ സക്കരിയ്യ പറഞ്ഞ എല്ലാ ഉദാഹരണങ്ങളും പൊട്ടത്തരമാണെന്നും അതൊന്നും ഇതിന്നു യോജിച്ചതല്ലെന്നും എന്റെ വീട്ടില്‍ വെച്ച്‌ പറഞ്ഞവനാണ്‌ ഫൈസല്‍. അതിനു മുബാറക്‌ ബിന്‍ ഉമര്‍ തിരൂര്‍ക്കാട്‌ സാക്ഷിയുമാണ്‌.

മുമ്പൊരു കഥ പറയാറുണ്ട്‌. നാട്ടിലെ പ്രമാണിയുടെ ഭാര്യക്ക്‌ ഗര്‍ഭമുണ്ടായി. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാനായി അദ്ദേഹം പണിക്കരെ വിളിച്ച്‌ പ്രശ്‌നം വെപ്പിച്ചു. പ്രമാണിക്ക്‌ ആണ്‍കുട്ടി വേണമെന്ന മോഹം. പണിക്കര്‍ ആകെ വിഷമിച്ചു. പറഞ്ഞതിന്‌ എതിര്‌ വന്നാല്‍ ആകെ പ്രശ്‌നമാകും. പണിക്കര്‍ ഒരു സൂത്രം പ്രയോഗിച്ചു. കുട്ടി നല്ല ലക്ഷണമൊത്ത ഒരാണ്‍കുട്ടിതന്നെ, അദ്ദേഹം പ്രമാണിയോട്‌ പറഞ്ഞു. തിരികെപോരുമ്പോള്‍ കഴുക്കോലില്‍ കുട്ടി പെണ്ണ്‌ എന്നെഴുതിവെക്കാന്‍ പണിക്കര്‍ മറന്നില്ല. പ്രസവിച്ചപ്പോള്‍ കുട്ടി പെണ്ണ്‌. പണിക്കരെ പ്രമാണി ആളയച്ചുവരുത്തി. നിങ്ങളല്ലേ പറഞ്ഞത്‌ കുട്ടി നല്ല ലക്ഷണമൊത്ത ഒരാണ്‍കുട്ടി തന്നെയെന്ന്‌. ഇപ്പോള്‍ കുട്ടി പെണ്ണാണല്ലോ. വളരെ വിഷമത്തോടെ പണിക്കര്‍ പറഞ്ഞു. നിങ്ങളുടെ മുഖത്തുനോക്കി ആ സത്യം ഞാന്‍ എങ്ങനെ പറയും, എനിക്ക്‌ ആദ്യമേ തന്നെ അറിയാമായിരുന്നു കുട്ടി പെണ്ണാണെന്ന്‌. പ്രസവം വരെയെങ്കിലും നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന്‌ കരുതിയാണ്‌ കുട്ടി ആണാണെന്ന്‌ ഞാന്‍ പറഞ്ഞത്‌. സത്യം, ആ കഴുക്കോലില്‍ ഞാന്‍ ആദ്യമേ എഴുതിവെച്ചിട്ടുണ്ട്‌. പണിക്കര്‍ രക്ഷപ്പെട്ടു. പ്രമാണിക്ക്‌ ആശ്വാസവുമായി. ഇതുതന്നെയല്ലേ ഫൈസല്‍ കോഴിച്ചെനയിലും പ്രയോഗിച്ചത്‌. ഞാന്‍ ഉത്തരം പറഞ്ഞു എന്ന്‌ തന്റെ ആള്‍ക്കാര്‍ക്ക്‌ തോന്നണം. എന്നാല്‍ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുകയും വേണം. പണിക്കരുടെ അടവ്‌ ഫലവത്തായെങ്കിലും മുജാഹിദ്‌ പണ്‌ഡിതരുടെ ജിഹാദിന്റെ ഫലമായി ഫൈസലിന്റെ അടവ്‌ ചീറ്റിപ്പോയി.

അല്ലാഹുവിന്റെ സിഫത്തുകള്‍ മനുഷ്യര്‍ക്ക്‌ വകവെച്ചുകൊടുത്തത്‌ കൊണ്ടാണ്‌ മക്കായിലെ ആളുകള്‍ മുശ്‌രിക്കായതിന്റെ ഒരു കാരണം. മൗലൂദിലെ ഇര്‍തകബ്‌തു ശിര്‍ക്കാണ്‌ എന്ന്‌ മുജാഹിദുകള്‍ ആദ്യകാലംതൊട്ടുതന്നെ പറഞ്ഞുവന്നതാണ്‌. കേരളത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന്‌ മാല മൗലീദുകളില്‍ ശിര്‍ക്കുണ്ടെന്ന്‌ മുജാഹിദ്‌ പക്ഷവും ഇല്ലെന്ന്‌ ഖുറാഫി പക്ഷവും വാദിച്ചപ്പോള്‍ അതില്‍ ഒരു വാദപ്രതിവാദം ആകാം എന്ന്‌ വല്ലപ്പുഴക്കാര്‍ തീരുമാനിച്ചു. അതിന്റെ ശര്‍ത്ത്‌ തയ്യാറാക്കാന്‍ കൂടിയ യോഗത്തില്‍ എല്ലാ മാലമൗലീദുകളും ഞങ്ങള്‍ അംഗീകരിക്കില്ല എന്ന്‌ ഖുറാഫി പക്ഷത്തിനു പറയേണ്ടിവന്നു. കേവലം അഞ്ചു എണ്ണത്തില്‍ വാദപ്രതിവാദം ആകാമെന്നാണ്‌ അവര്‍ വാദിച്ചത്‌. എന്നാല്‍ നാരിയത്തു സ്വലാത്ത്‌ ശിര്‍ക്കാണെന്ന്‌ രണ്ടത്താണി സൈദ്‌ മൗലവി മുതലായവര്‍ വഅള്‌ പറഞ്ഞുവന്നതും ലേഖനങ്ങള്‍ നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ വന്നതുമാണ്‌. എന്നാല്‍ ഖുറാഫിസത്തില്‍നിന്നു മുജാഹിദിലേക്ക്‌ വന്ന ഒരു മുസ്‌ലിയാര്‍ നാരിയത്തു സ്വലാത്തില്‍ എനിക്ക്‌ ശിര്‍ക്ക്‌ കാണാന്‍ പറ്റിയിട്ടില്ല എന്ന്‌ പറഞ്ഞു. അദ്ദേഹത്തെ തിരുത്തി ശരിയായ പാന്ഥാവിലേക്ക്‌ നയിക്കുന്നതിനു പകരം അദ്ദേഹത്തിന്‌ പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട്‌ വിഘടിത മൗലവിമാര്‍ പ്രസംഗിക്കാന്‍ തുടങ്ങി. ശിര്‍ക്കാണെന്ന വിശ്വാസത്തില്‍ ആരെങ്കിലും അത്‌ ചൊല്ലിയാല്‍ ശിര്‍ക്കുതന്നെ. അതില്‍ ശിര്‍ക്കില്ലായെന്ന വിശ്വാസത്തില്‍ ഒരാള്‍ ചൊല്ലിയാല്‍ അതില്‍ ശിര്‍ക്കുമില്ല അത്രയേ ഉള്ളൂവെന്ന്‌ വളരെ ലാഘവത്തോടെയും ധൈര്യസമേതവും സക്കരിയ്യ പറഞ്ഞു. ലബ്ബ പറഞ്ഞതും ശരി സക്കരിയ്യ പറഞ്ഞതും ശരി എന്നാണ്‌ അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഫൈസലിന്റെ പ്രതികരണം.

ശിര്‍ക്കാണെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ആരെങ്കിലും ഒരു കാര്യം ചെയ്യുമോ? മക്കയിലെ മുശ്‌രിക്കുകളോ ഇന്നത്തെ ഖുറാഫികളോ അങ്ങിനെ വിശ്വസിച്ചുകൊണ്ടാണോ ചെയ്‌തിരുന്നതും ചെയ്യുന്നതും. ശുദ്ധ തൗഹീദാണെന്ന്‌ വിശ്വസിച്ചുകൊണ്ടും വാദിച്ചുകൊണ്ടുമാണ്‌ അവര്‍ ചെയ്യുന്നത്‌. അതിനേക്കാള്‍ ലാഘവത്വമാണ്‌ ശിര്‍ക്കിന്റെ കാര്യത്തില്‍ വിഘടിത മൗലവിമാര്‍ക്കുള്ളത്‌.

പൊട്ടാസ്യം സൈനൈഡ്‌ വിഷമാണെന്ന്‌ കരുതി ഒരാള്‍ അത്‌ കഴിച്ചാല്‍ അത്‌ വിഷവും, അത്‌ നല്ല വിറ്റാമിന്‍ ഉള്ളതാണെന്ന്‌ കരുതി ഒരാള്‍ കഴിച്ചാല്‍ അത്‌ വിറ്റാമിനുമായി മാറുമോ? അല്ലാഹുവിന്റെ എല്ലാ സ്വിഫത്തുകളും മുഹമ്മദ്‌ നബി (സ്വ) ക്ക്‌ വകവെച്ചുകൊടുത്തുകൊണ്ടുള്ളതാണ്‌ നാരിയത്തു സ്വലാത്ത്‌. നാളിതുവരെ അതു ശിര്‍ക്കുമായിരുന്നു. കാര്യങ്ങള്‍ ഇത്രയൊക്കെ നാറിയിട്ടും വിഘടിത സീനിയര്‍ നേതാക്കള്‍ക്ക്‌ യാതൊരുവിധ അപകര്‍ഷബോധവും ഇല്ല. അവര്‍ക്ക്‌ യാതൊരു ജാള്യതയോ കുറ്റബോധമോ ഇല്ല. അവര്‍ ഇപ്പോഴും നാരിയത്തു സ്വലാത്തിന്‌ പച്ചക്കൊടി കാട്ടിയവരോടൊപ്പം വേദികള്‍ പങ്കിടുന്നു.

എന്നാല്‍ ഒരാളെങ്കിലും അവരുടെ കൂട്ടത്തില്‍തുറന്നു പറയാന്‍ തയ്യാറായി. അദ്ദേഹം പറയുന്നത്‌ ശ്രദ്ധിക്കൂ. “നമുക്ക്‌ ആരേയും ന്യായീകരിക്കേണ്ട സംഘടനാ പക്ഷപാദിത്വം ഇല്ല. നമ്മുടെ കൂടെയുള്ളതുകൊണ്ട്‌ നമ്മള്‍ ന്യായീകരിക്കുകയും നമ്മുടെ കൂടെയില്ലാത്തതുകൊണ്ട്‌ അന്ധമായി വിമര്‍ശിക്കുകയും ചെയ്യുന്ന അന്ധമായ ഹിസ്‌ബിയ്യത്ത്‌ -സംഘടനാ പക്ഷപാതിത്വം – നമ്മളെ പിടികൂടിയിട്ടില്ല. നാരിയത്തു സ്വലാത്ത്‌ ശിര്‍ക്കാണെന്ന്‌ ഇതുവരെ വിശ്വസിച്ചതിന്ന്‌ വിരുദ്ധമായി നമ്മുടെ കൂടെയുള്ള ഏതെങ്കിലും ഒരു പണ്‌ഡിതന്‍ അത്‌ ശിര്‍ക്കല്ല എന്ന്‌ പറയുമ്പോള്‍ അതിനു ന്യായം ഉണ്ടാക്കാന്‍ ശ്രമിച്ച്‌ നാരിയത്തു സ്വലാത്ത്‌ തൗഹീദാക്കി മാറ്റാന്‍ നമ്മളെ കിട്ടില്ല.” (സാബിര്‍ നവാസ്‌, മുന്‍ എം.എസ്‌.എം. ജനറല്‍ സെക്രട്ടറി) ചിലര്‍ക്കെങ്കിലും തിരിച്ചറിവ്‌ വന്നുതുടങ്ങി എന്നാശ്വസിക്കാം.

ഇപ്പോള്‍ നാം തന്നെ പല കൂട്ടക്കാരായതുകൊണ്ട്‌ നമ്മളിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ലോക സലഫി പണ്‌ഡിതരുമായി ചര്‍ച്ചയാകാം എന്നാണ്‌ സക്കരിയ്യയുടെ ഇപ്പോഴത്തെ അഭിപ്രായം. ഈ തീരുമാനം ഒന്ന്‌ പരസ്യപ്പെടുത്താന്‍ നമുക്ക്‌ ബഹുമാനപ്പെട്ട ഹുസൈന്‍ സലഫിയെത്തന്നെ ഏല്‍പ്പിക്കാം. അവരെല്ലാവരുംകൂടി സഊദിയിലോ കുവൈത്തിലോ പോയി ചര്‍ച്ച ചെയ്‌ത്‌ രമ്യതയിലെത്തുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

അല്ലാഹുവിന്റെ തൗഹീദിനെ തൊട്ടുകളിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അല്ലാഹു സൂറത്ത്‌ ഹജ്ജ്‌ മുപ്പത്തിഒന്നാമത്തെ ആയത്തിലൂടെ വിവരിക്കുന്നു. “വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക്‌ തിരിഞ്ഞവരും, അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍).

അല്ലാഹുവിനോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തുനിന്ന്‌ വീണവനെപ്പോലെയാകുന്നു. അങ്ങിനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ്‌ അവനെ വിദൂരസ്ഥലത്തേക്ക്‌ കൊണ്ടുപോയി തള്ളുന്നു.” നാരിയത്ത്‌ സ്വലാത്തില്‍ ശിര്‍ക്കില്ല എന്ന്‌ പറയുന്നവര്‍ ഈ ആയത്തിന്റെ ആശയം ഓര്‍ത്തുകൊണ്ടിരിക്കട്ടെ. അവരെ അല്ലാഹു വിദൂരസ്ഥലത്ത്‌ കൊണ്ടുപോയി തള്ളാതിരിക്കില്ല. അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കുമാറാകട്ടെ. ആമീന്‍.

തകര്‍ന്നുകൊണ്ടിരിക്കുന്ന ജിന്നുവാദം

“ഇന്‌ക്ക്‌ അയലത്തെ കുട്ടന്റെ കൈയ്യിലെ കുട്ടിയാന തന്നെ വേണം” എന്ന രീതിയില്‍ വാശിപിടിച്ച്‌ കരയുന്ന ചില കുട്ടികളെ കാണാറുണ്ട്‌. വേറെ എന്ത്‌ വാങ്ങിത്തരാമെന്ന്‌ പറഞ്ഞാലും അവര്‍ സമ്മതിക്കില്ല. ആദര്‍ശപാപ്പരത്തം അണികളറിയരുതെന്നാഗ്രഹിക്കുന്ന ജിന്ന്‌ വാദി പണ്‌ഡിതന്മാരുടെ ചില ദുര്‍വാശികള്‍ ഇത്തരം ദുശ്ശീലക്കാരായ കുട്ടികളെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌.

സംവാദം നടക്കുന്നുവെങ്കില്‍ അത്‌ അബ്‌ദുറഹ്‌മാന്‍ സലഫിയോടാകണം. പ്രസ്ഥാനത്തില്‍ എന്ത്‌ നടന്നാലും അത്‌ അബ്‌ദുറഹ്‌മാന്‍ സലഫിയെക്കൊണ്ടാണെന്ന്‌ കരുതണം. മറുപടി എഴുതുന്നുവെങ്കില്‍ അത്‌ പന്നൂരാകണം. അച്ചടിച്ച്‌ വരുന്നുവെങ്കില്‍ അത്‌ വിചിന്തനത്തിലാകണം. ഇതാണിവരുടെ നിലപാട്‌. ഹനീഫ്‌ കായക്കൊടിയും അഹ്‌മദ്‌ അനസും അബ്‌ദുല്‍നാസര്‍ സുല്ലമിയും വെല്ലുവിളി സ്വീകരിച്ചും വെല്ലുവിളിച്ചും അവരെ നിരന്തരം എതിരിട്ടു. അബ്‌ദുല്‍ ഖാദര്‍ കരുവമ്പൊയിലും അബ്‌ദുല്‍ അസീസ്‌ തേങ്ങാട്ടും എഴുത്തിലൂടെ ചോദ്യശരങ്ങളനവധി തൊടുത്തുവിട്ടു. അല്‍ഹിദായ അക്കമിട്ട്‌ തന്നെ മറുപടി പറഞ്ഞുനോക്കി. പക്ഷേ അതൊക്കെ പലരും കണ്ടില്ല, കേട്ടില്ല എന്ന്‌ നടിക്കുന്നു.

പ്രതിസന്ധിയുടെ നൂല്‍പാലത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തെ പരിക്കേല്‍ക്കാതെ കരപറ്റിക്കേണ്ട പ്രയാസകരമായ കര്‍ത്തവ്യം നിറവേറ്റാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന അബ്‌ദുറഹ്‌മാന്‍ സലഫിക്കും ഖുത്വുബയും പ്രസംഗങ്ങളും അതിനിടയില്‍ വാരാവാരം വിചിന്തനമിറക്കാന്‍ ഉള്ള സമയം മതിയാകാതെ പാടുപെടുന്ന ഇ.കെ.എം. പന്നൂരിനും ഒരു പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമെന്ന നിലക്ക്‌ വിചിന്തനം വാരികക്കും ജിന്നുവാദികളുടെ വൈരുദ്ധ്യാധിഷ്‌ഠിത ചിന്താഗതികളെ ചാണിന്‌ ചാണായി പിന്‍തുടര്‍ന്ന്‌ അല്‍ ഇസ്വ്‌ലാഹിന്റെ ശൈലിയില്‍ പ്രതിരോധിക്കാന്‍ പരിമിതികളുണ്ട്‌ എന്ന്‌ ജിന്ന്‌ വാദി പണ്‌ഡിതന്മാര്‍ക്കറിയാമായിരുന്നു. അതുകൊണ്ട്‌ തന്നെ അവരെ ടാര്‍ജറ്റ്‌ ചെയ്‌ത്‌ ആക്രമണം നടത്തിയാല്‍ മേല്‍പറഞ്ഞ കാരണത്താല്‍ സംഭവിക്കാവുന്ന സാങ്കേതികത്തങ്ങളുടെ പേരിലും അപ്രസക്തമായവ വായനക്കാര്‍ക്കുണ്ടാകുന്ന വിരസത ഭയന്ന്‌ അവഗണിക്കുന്നതിന്റെ പേരിലും അതാഘോഷിച്ച്‌ അണികളെ ആവേശഭരിതരാക്കാം എന്നതാണ്‌ വ്യക്തി കേന്ദ്രീകൃത വെല്ലുവിളികള്‍ക്ക്‌ ജിന്നുവാദികളെ പ്രേരിപ്പിക്കുന്ന ചേതോവികാരം.

പക്ഷേ എക്കാലവും പ്രസ്ഥാനത്തെ അപഹസിച്ചു അഭിരമിക്കാന്‍ അവരെ അനുവദിച്ചുകൂടാ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ അബ്‌ദുറഹ്‌മാന്‍ സലഫി പുതുപ്പറമ്പിലെ ഫൈസല്‍ മുസ്‌ല്യാരുമായി സംവാദത്തിന്‌ തയ്യാറായത്‌. ജിന്ന്‌ വാദത്തിന്റെ പേരില്‍ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ മുഖ്യകാര്‍മികത്വം നിര്‍വഹിച്ച സക്കരിയ്യാ സ്വലാഹിയും, പിളര്‍ത്തി കയ്യില്‍ കൊടുത്താല്‍ വളര്‍ത്തി വലുതാക്കി സ്വയം വലുതാകാമെന്ന്‌ മോഹിച്ചവരും, അബ്‌ദുറഹ്‌മാന്‍ സലഫി ഫൈസല്‍ മുസ്‌ല്യാരുമായുള്ള സംവാദത്തെ ഭയക്കുന്നു എന്ന അസത്യത്തിന്റെ കരിമ്പടത്തിനുള്ളില്‍ ആദര്‍ശപരമായ പരാജയഭീതി മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്‌ അധികനാള്‍ അനുവദിച്ചുകൂടാ എന്ന മുജാഹിദ്‌ പണ്‌ഡിതന്മാരുടെ തീരുമാനവും പത്തപ്പിരിയം സംവാദത്തിന്‌ പശ്ചാത്തലമൊരുക്കി എന്നതാണ്‌ മറ്റൊരു വസ്‌തുത.

ഏതായാലും അവസാന നിമിഷംവരെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച മുസ്‌ല്യാരെ പത്തപ്പിരിയത്തേക്ക്‌ വരാന്‍നിര്‍ബന്ധിതനാക്കിയ പത്തപ്പിരിയത്തെ ജിന്നുവാദി പ്രവര്‍ത്തകരോടും ഇക്കാര്യത്തില്‍ നാം നന്ദി പറയേണ്ടതുണ്ട്‌. കൊട്ടപ്പുറം സംവാദത്തിലെന്നപോലെ വിശുദ്ധ ക്വുര്‍ആന്‍ സൂക്തം ദുര്‍വ്യാഖ്യാനം നടത്താന്‍ മറ്റൊരു മുസ്‌ല്യാര്‌ ശ്രമിച്ചു എന്ന പ്രത്യേകത കോഴിച്ചെന സംവാദത്തിനുണ്ടെങ്കില്‍ താനവിടെ നടത്തിയത്‌ തികഞ്ഞ ദുര്‍വ്യാഖ്യാനം തന്നെയായിരുന്നു എന്ന്‌ അതേ മുസ്‌ല്യാര്‍ ലോകത്തിന്‌ ബോധ്യപ്പെടുത്തിക്കൊടുത്തു എന്ന സവിശേഷത അവകാശപ്പെടാവുന്ന ഒന്നാണ്‌ പത്തപ്പിരിയം സംവാദം.

കോഴിച്ചെന സംവാദം മുതല്‍ പത്തപ്പിരിയത്ത്‌ മുസ്‌ല്യാരുടെ പത്തിക്കടിയേല്‍ക്കുന്നതുവരെ വസീലത്ത്‌ ശ്‌ശിര്‍ക്കാകുന്ന ജിന്നുവിളിക്ക്‌ കൂടി തെളിവെന്ന നിലക്കാണ്‌ അന്‍ആം 128-ാം സൂക്തം ഉദ്ധരിച്ചതെന്നും അതിനുള്ള തഫ്‌സീറെന്ന നിലക്കാണ്‌ ക്വുര്‍ത്വുബി പരാമര്‍ശിച്ചതെന്നും വസീലത്തുശ്‌ശിര്‍ക്കായ ജിന്നുവിളിയുണ്ടെന്ന്‌ അംഗീകരിച്ച സ്വഹാബി എന്ന നിലക്കാണ്‌ ഇബ്‌നു അബ്ബാസ്‌ (റ) യെ പറഞ്ഞതെന്നും പ്രതിയോഗികളെ മാത്രമല്ല അനുയായികളെപ്പോലും ഈ മുസ്‌ല്യാര്‌ തെറ്റുധരിപ്പിച്ചു. അതിലാവേശമുള്‍ക്കൊണ്ട മുന്‍ ഐ.എസ്‌.എം. നേതാവ്‌ ടി.കെ. അശ്‌റഫും തന്റെ ഉസ്‌താദ്‌ പൂര്‍ണ്ണനഗ്നനാണെന്ന കാര്യമോര്‍ക്കാതെ യൂറേക്കാ എന്നാര്‍ത്തുവിളിച്ചുകൊണ്ട്‌ സ്റ്റേജുകളില്‍ നിന്നും സ്റ്റേജുകളിലേക്ക്‌ ഓടിക്കൊണ്ടിരുന്നു. വസീലത്തുശ്‌ശിര്‍ക്കാകുന്ന ജിന്നുവിളിക്ക്‌ ആയത്തുണ്ടോ തഫ്‌സീറുണ്ടോ, സ്വഹാബിയുടെ മാതൃകയുണ്ടോ എന്ന ചോദ്യത്തിന്‌ ഫൈസല്‍ മുസ്‌ല്യാര്‌ പ്രമാണമുദ്ധരിച്ചു മണിമണിയായി മറുപടി പറഞ്ഞു എന്ന പച്ചക്കള്ളം സംവാദത്തെ `കോഴിച്ചെനാട്ടം’ എന്ന കഥകളിയാക്കി അവതരിപ്പിച്ച ആ നേതാവിന്റെ ഇടനെഞ്ചിനേറ്റ പ്രഹരമായിരുന്നില്ലേ പത്തപ്പിരിയത്തെത്തിയപ്പോള്‍ മുസ്‌ല്യാര്‌ നടത്തിയ നിഷേധം? മാത്രമല്ല ആയത്ത്‌ ദുര്‍വ്യാഖ്യാനത്തിലൂടെ ആദര്‍ശം നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ച മുസ്‌ല്യാരുടെ പാണ്‌ഡിത്യത്തെ വാനോളം പുകഴ്‌ത്താന്‍ വിമാനത്തില്‍ പറന്നിറങ്ങുന്ന ചില മഹാപണ്‌ഡിതര്‍ പോലും ശ്രമിച്ചപ്പോള്‍ തങ്ങളെ അംഗീകരിക്കുന്ന മനുഷ്യരെ കണ്ടപ്പോള്‍ വാദിയിലെ പിശാചുക്കള്‍ക്കുണ്ടായ റഹക്വ (ഗര്‍വ്വ്‌) നമ്മുടെ പുതുപ്പറമ്പിലെ മുസ്‌ല്യാരെയും പിടികൂടി. അങ്ങനെയാണദ്ദേഹം ഇനിയൊരു സംവാദമെങ്കില്‍ അത്‌ അബ്‌ദുറഹ്‌മാന്‍ സലഫിയുമായിട്ടാകണം അല്ലാത്തവരൊന്നും തന്നോട്‌ സംവദിക്കാന്‍ മാത്രം പാണ്‌ഡിത്യമുള്ളവരല്ല. അനസ്‌, ഹനീഫ്‌ മാത്രമല്ല ഹംസ ബാഖവിയെന്ന വന്ദ്യവയോധികനായ പണ്‌ഡിതന്‍പോലും കേവലം കിതാബ്‌ എടുത്തുകൊടുക്കുന്നവരാണെന്നും ആയിരങ്ങളെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചത്‌. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ പത്തിവിടര്‍ത്തിയാടാനാരംഭിച്ചപ്പോള്‍ പത്തപ്പിരിയത്തുകാര്‍ പത്തിനോക്കിയടിക്കാന്‍ പിടിച്ചുവലിച്ചുകൊണ്ടുവന്നു. `അല്‍ഹംദുലില്ലാഹ്‌’ ഇനിയദ്ദേഹം ഒരു മുജാഹിദു പണ്‌ഡിതനേയും സംവാദത്തിന്‌ വെല്ലുവിളിക്കില്ല. ഹനീഫും അനസും നാസര്‍ സുല്ലമിയും അദ്ദേഹത്തെ വെല്ലുവിളിച്ചിട്ട്‌ കാര്യവുമില്ല. അദ്ദേഹം വരില്ല. അദ്ദേഹം മാത്രമല്ല ആ പാളയത്തിലെ അദ്ദേഹത്തിന്റെ ആദര്‍ശശത്രുക്കളായ സക്കരിയ്യാ സ്വലാഹിയും. അങ്ങനെ ആരും വരില്ല. പുറയാറില്‍ നാമതനുഭവിച്ചു.

പിന്നെ പന്നൂരിനോട്‌ തൂലികാസംവാദം നടത്തി തളര്‍ന്നിരിക്കുന്ന ബശീര്‍ സലഫിയും മറ്റ്‌ ഉപസൈദ്ധാന്തികരും ഫൈസലിന്റെ ഈ ആയത്ത്‌ തിരിമറി മുമ്പേ തിരിച്ചറിഞ്ഞവരാണ്‌. അതുകൊണ്ടാണല്ലോ ജിന്ന്‌ വിളിയില്‍ വസീലത്തുശ്‌ശിര്‍ക്കാവുന്നതുമുണ്ടെന്ന്‌ സമര്‍ത്ഥിക്കാന്‍ ഒരു വര്‍ഷമായി അല്‍ ഇസ്വ്‌ലാഹിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബശീര്‍ തല്‍സംബന്ധമായ ചോദ്യത്തിന്‌ ഒരിക്കല്‍പോലും അന്‍ആമിലെ പ്രസ്‌തുത സൂക്തമുദ്ധരിക്കാതിരുന്നത്‌. മറുപടിയും മറുപടിക്ക്‌ മറപടിയുമായി നാട്‌ ചുറ്റുന്ന മറ്റു മഹാപണ്‌ഡിതന്മാരും ജിന്നുവിളിയില്‍ വസീലത്തുശ്‌ശിര്‍ക്കായതുമുണ്ടെന്ന്‌ സ്ഥാപിക്കാന്‍ ഈ സൂക്തമോ ക്വുര്‍തുബിയോ ഇബ്‌നുഅബ്ബാസിനെയോ പറഞ്ഞുകേട്ടില്ല. വിശുദ്ധ ക്വുര്‍ആനില്‍ അങ്ങനെയൊരു സൂക്തമില്ലാഞ്ഞിട്ടോ അതാരും കാണാഞ്ഞിട്ടോ ഫൈസല്‍ മുസ്‌ല്യാര്‍ കോഴിച്ചെനയില്‍ പറഞ്ഞത്‌ കേള്‍ക്കാഞ്ഞിട്ടോ ക്വുര്‍തുബിയെന്ന തഫ്‌സീര്‍ ഗ്രന്ഥം കേരളത്തിലെവിടെയും കിട്ടാഞ്ഞിട്ടോ ഇബ്‌നു അബ്ബാസും (റ) അതില്‍ യാതൊന്നും പറയാഞ്ഞിട്ടോ ആയിരുന്നില്ല മറ്റാരും അങ്ങനെയൊരു ക്രൂരകൃത്യത്തിന്‌ മുതിരാതിരുന്നത്‌. അവരില്‍ പലരും ഇന്ന്‌ ജിന്നുവാദികളായെങ്കിലും മുസ്‌ല്യാര്‌ കോഴിച്ചെനയില്‍ നടത്തിയത്‌ ഒന്നാംതരം ദുര്‍വ്യാഖ്യാനമാണെന്ന്‌ മനസ്സിലാക്കിയവരും ഇസ്വ്‌ലാഹീ പാരമ്പര്യത്തിലൂടെ പഠിച്ചുവളര്‍ന്നവരുമായിരുന്നു.

ഇനി വസീലത്തുശ്‌ശിര്‍ക്കാകുന്ന ജിന്നുവിളിക്ക്‌ തെളിവെന്ന നിലക്കല്ല താന്‍ ആ സൂക്തമുദ്ധരിച്ച്‌ തഫ്‌സീറും സ്വഹാബിയേയും പറഞ്ഞതെന്ന്‌ സമ്മതിച്ച്‌ ക്വുര്‍ആന്‍ സൂക്തം ദുര്‍വ്യാഖ്യാനിച്ചില്ലെന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും മുസ്‌ല്യാരുട്ടിക്ക്‌ രക്ഷയില്ല. കാരണം അങ്ങനെയെങ്കില്‍ മുസ്‌ലിം ജിന്നിനോട്‌ സഹായം ചോദിക്കുന്നതില്‍ വസീലത്തുശ്‌ശിര്‍ക്കാകുന്നതുമുണ്ടെന്നതിന്‌ പ്രമാണമെവിടെ, തഫ്‌സീറെവിടെ, ഏത്‌ സ്വഹാബി പറഞ്ഞു, ഏത്‌ താബിഅ്‌ പറഞ്ഞു എന്ന അബ്‌ദുല്‍ നാസര്‍ സുല്ലമിയുടെ ആ ചോദ്യം ഒരു ഇടിത്തീയായി എന്നും മുസ്‌ല്യാരുട്ടിയുടേയും ഇതര ജിന്ന്‌ വാദികളുടേയും ഉറക്കംകെടുത്തും. പക്ഷേ എന്നാലും നമ്മുടെ പൂളപ്പൊയില്‍ സലഫി ഇ.കെ.എം. പന്നൂരിനോട്‌ ചോദ്യങ്ങളാവര്‍ത്തിച്ചുകൊണ്ടേയിരിക്കും. `ജിന്നോ മാനിയ’ എന്ന്‌ പൊതുവെ പറയാവുന്ന ഒരുതരം മാനസിക രോഗമാണത്‌. പന്നൂരെത്ര മറുപടി പറഞ്ഞാലും അത്‌ കണ്ടില്ലെന്ന്‌ നടിക്കുക. ചോദിച്ച പലതിനും മറുപടി പറയാതിരിക്കുക, ബാലിശമായ പലതും ചോദിച്ചുകൊണ്ടിരിക്കുക തുടങ്ങിയവ ആ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്‌. മൂര്‍ച്ഛിച്ചാല്‍ പ്രതിപക്ഷ ബഹുമാനം നഷ്‌ടപ്പെടും. പ്രതിയോഗികള്‍ പറയുന്നത്‌ കേള്‍ക്കാനോ നിഷ്‌പക്ഷമായി വിലയിരുത്താനോ കഴിഞ്ഞെന്നു വരില്ല. ഉടനെ അടുത്തുള്ള ജിന്നിറക്കല്‍ കേന്ദ്രങ്ങളിലെത്തിക്കുക. അനുഭവങ്ങള്‍ ചിലപ്പോള്‍ രോഗം മാറ്റിയെന്ന്‌ വരും. ഇനി ഇ.കെ.എം. പന്നൂര്‌ കഴിഞ്ഞ ലക്കങ്ങളില്‍ ഉന്നയിച്ച ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങളുദ്ധരിക്കാം. 

(1)ജിന്നുവിളിയെ ശിര്‍ക്കല്ലാത്തത്‌ ശിര്‍ക്കായത്‌ എന്ന്‌ നബി (സ്വ) വിഭജിച്ചതിന്ന്‌ തെളിവില്ലെന്നതിന്‌, മനുഷ്യര്‍ മനുഷ്യരെ വിളിക്കുന്നതിനെയും വിഭജിച്ചതിന്ന്‌ തെളിവില്ലെന്ന വിഡ്‌ഢിച്ചോദ്യത്തിലൂടെ ബശീര്‍ സലഫി ന്യായീകരിച്ചപ്പോള്‍, ഇത്‌ കോഴിച്ചെനയില്‍ മുസ്‌ല്യാര്‍ തെളിവോതിയ അന്‍ആം 128-ാം ആയത്തിന്ന്‌ എതിരാവുകയില്ലേ എന്നായിരുന്നു പന്നൂരിന്റെ ഒരു ചോദ്യം.
(2) അല്ലാഹുവിന്റെ അടിമകളേ എന്ന്‌ ജിന്നിനെ ഉദ്ദേശിച്ച്‌ വെളിച്ചം തരാന്‍ ആവശ്യപ്പെടുന്നതിന്റെ ഹുക്‌മ്‌ പറയാത്തതെന്ത്‌?
(3) ദൗറക്കിടയില്‍ പുറത്തിറങ്ങുമ്പോഴും തിരിച്ചുവരുമ്പോഴും അബ്‌ദുല്‍ ജബ്ബാര്‍ മൗലവി യാഇബാദല്ലാഹീ അഈനൂനീ എന്ന്‌ പലവട്ടം പറഞ്ഞത്‌ ജിന്നുവിളി ജാഇസാണെന്ന്‌ തെളിയിക്കുന്നില്ലേ (ബാക്കി പിന്നീട്‌.)

ജിന്ന്‌: സംശയനിവാരണം - 6

ലക്ഷണം കൊണ്ട്‌ ജിന്നിന്റെ സാന്നിധ്യമറിഞ്ഞാല്‍….
സാന്നിധ്യത്തിലുണ്ടെന്ന്‌ ഏതെങ്കിലും ലക്ഷണം കൊണ്ട്‌ മനസ്സിലാകുന്ന ഒരു സൃഷ്‌ടിയോട്‌ മേല്‍പറഞ്ഞ അഭൗതിക വിശ്വാസമോ പ്രതീക്ഷയോ ഇല്ലാതെ ആ സൃഷ്‌ടിക്ക്‌ ചെയ്യാന്‍ കഴിയുമെന്ന്‌ തോന്നുന്ന ഒരു കാര്യം അതിനോട്‌ ആവശ്യപ്പെട്ടാല്‍ അതിനെക്കുറിച്ച്‌ പ്രാര്‍ഥനയെന്ന്‌ പറയില്ല. ശിര്‍ക്കെന്ന്‌ വിധി പറയാനും കഴിയില്ല എന്ന്‌ സലഫി പണ്‌ഡിതന്‍മാര്‍ പറഞ്ഞതാണ്‌ അവര്‍ക്കെതിരെ ശിര്‍ക്കാരോപിക്കാനുള്ള ആയുധമാക്കി പന്നൂര്‍ വിഭാഗക്കാര്‍ മാറ്റിയത്‌” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസം. പേ. 36) ഈപറഞ്ഞത്‌ ശരിയാണോ?

ഉ: ശരിയാണ്‌. ഞങ്ങള്‍ ശിര്‍ക്കാരോപണം നടത്താന്‍ കാരണം ഇതുതന്നെ. പക്ഷേ ഒരു സത്യം പറഞ്ഞപ്പോഴേക്കും അല്‍ ഇസ്വ്‌ലാഹുകാരന്‍ മെഴുകുതിരി പ്രശ്‌നത്തില്‍ വിചിന്തനത്തോട്‌ പറഞ്ഞ എല്ലാ സങ്കടങ്ങളും വെറുതെയായി. നമ്മള്‍ ജിന്നിനോട്‌ മെഴുകുതിരി ചോദിച്ചാല്‍ ജിന്നിനത്‌ തരാന്‍ കഴിയുമെന്നും ശിര്‍ക്കാവില്ലെന്നും ഇതിലൂടെ സംശയരഹിതമായി സ്ഥാപിച്ചിരിക്കയാണ്‌ അല്‍ ഇസ്വ്‌ലാഹുകാരന്‍. മെഴുകുതിരി നല്‍കല്‍ ജിന്നിന്റെ കഴിവില്‍പെട്ടതായതുകൊണ്ടാണല്ലോ ആ ചോദ്യം പ്രാര്‍ഥനയല്ല, ശിര്‍ക്കുമല്ല എന്ന്‌ ഇദ്ദേഹം പറഞ്ഞത്‌. ഇതു ഞങ്ങളുടെ ശിര്‍ക്കാരോപണം സത്യമാണെന്നതിന്റെ തെളിവാണ്‌. മെഴുകുതിരി പ്രശ്‌നത്തില്‍ ഇതോടെ അല്‍ ഇസ്വ്‌ലാഹുകാരന്‍ വാരിവലിച്ചെഴുതിയതെല്ലാം ബാത്വില്‍ (നിഷ്‌ഫലം ) ആയി.

ജിന്നിന്റെ സാന്നിധ്യം ലക്ഷണംകൊണ്ട്‌ അറിയാന്‍ കഴിയുമെന്നത്‌ എങ്ങനെയെന്ന്‌ വിചിന്തനക്കാര്‍ക്ക്‌ അറിയില്ല. അതിനാല്‍ വിവരമുള്ള അല്‍ ഇസ്വ്‌ലാഹുകാരോട്‌ വിചിന്തനം സംശയം ചോദിക്കട്ടെ.

1. ഒരു മുസ്‌ലിം ജിന്ന്‌ ഫോറിന്‍ സെന്റു പൂശി ജുമുഅക്കു പോകുന്നതിനിടയില്‍ അല്‍ ഇസ്വ്‌ലാഹ്‌ ഓഫീസില്‍ കയറിയാല്‍ പത്രാധിപര്‍ക്കും ലേഖകന്‍മാര്‍ക്കും മണം കൊണ്ട്‌ ആ ജിന്നിന്റെ സാന്നിധ്യമറിയാന്‍ കഴിയുമോ?

2. ഒരു കാഫിര്‍ ജിന്ന്‌ മദ്യപിച്ചു വന്നാല്‍ മദ്യത്തിന്റെ മണം കൊണ്ട്‌ സാന്നിധ്യമറിയാന്‍ കഴിയുമോ?

പത്തപ്പിരിയം സംവാദത്തില്‍ മടങ്ങിയപത്തിയാരുടേത്‌?
മടവൂരിസത്തില്‍ നിന്നും കെ.എന്‍.എമ്മിലേക്ക്‌ ആദര്‍ശം മാറ്റാതെ തന്നെ ഏതാനും മാസം മുമ്പ്‌ കൂടു മാറിയ നാസര്‍ സുല്ലമിയും ഫൈസല്‍ മൗലവിയും തമ്മില്‍ എട്ടു മാസങ്ങള്‍ക്ക്‌ മുമ്പ്‌ കോട്ടക്കലിനടുത്ത കോഴിച്ചെനയില്‍ വെച്ച്‌ നടന്ന സംവാദം കോക്കസിന്റെ മുനയൊടിക്കുന്നതും സലഫികള്‍ക്ക്‌ ആവേശം നല്‍കുന്നതുമായിരുന്നു. മടവൂരീചാരനും കൂട്ടരും പിന്നീട്‌ അണികള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ആരോപണമായിരുന്നു ഫൈസല്‍ മൗലവി (എന്തേ മുസ്‌ല്യാരെയിപ്പോള്‍ മൗലവിയാക്കുന്നത്‌ -ലേ) ആയത്ത്‌ ദുര്‍വ്യാഖ്യാനം ചെയ്‌തു എന്നത്‌. (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസം. അബ്‌ദുല്‍മാലിക്‌ മൊറയൂര്‍) ഇതിനെക്കുറിച്ച്‌?

ഉ: നാസര്‍ സുല്ലമിയുടെ ഒന്നാമത്തെ ചോദ്യം മുസ്‌ലിം ജിന്നിനോടുള്ള സഹായത്തേട്ടം വസീലത്തുശ്‌ശിര്‍ക്കാണെന്നതിന്‌ ആയത്തോ ഹദീഥോ ഉദ്ധരിക്കുക എന്നായിരുന്നു എന്നാണ്‌ ഇയാള്‍ 2013 ഏപ്രില്‍ ലക്കം അല്‍ ഇസ്വ്‌ലാഹിലെഴുതിയത്‌. എന്നിരിക്കെ പത്തപ്പിരിയം സംവാദത്തിന്‌ നിരൂപണമെഴുതുമ്പോള്‍ ഇയാള്‍ തെളിയിക്കേണ്ടിയിരുന്നത്‌ ഫൈസല്‍ മുസ്‌ല്യാരോതിയ അന്‍ആം 128ലെ ജിന്ന്‌ മുസ്‌ലിം ജിന്നുകളായിരുന്നു എന്നാണ്‌. കോഴിച്ചെനയിലും അത്‌ തെളിയിച്ചില്ല പത്തപ്പിരിയത്തും തെളിയിച്ചില്ല. ജിന്നു സമൂഹമേ തീര്‍ച്ചയായും നിങ്ങള്‍ മനുഷ്യരില്‍ നിന്ന്‌ (ആളുകളെ) അധികരി (ച്ചുപിഴ) പ്പിച്ചിരിക്കുന്നു (അമാനിമൗലവി) പിശാചുക്കളെ ആരാധിക്കുക വഴിയാണ്‌ മനുഷ്യര്‍ വഴിപിഴച്ചത്‌ എന്നാണ്‌ അമാനി മൗലവി ഇതിനെ വ്യാഖ്യാനിച്ചത്‌. ഇത്‌ അമാനി മൗലവിക്കു പറ്റിയ തെറ്റാണെന്ന്‌ ഫൈസല്‍ മുസ്‌ല്യാരോ അദ്ദേഹത്തിന്റെ സഹായിയായ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകനോ രണ്ട്‌ സംവാദത്തിലും പറഞ്ഞിട്ടില്ല. അല്‍ ഇസ്വ്‌ലാഹില്‍ എഴുതിയിട്ടുമില്ല. ഇത്‌ തെളിയിക്കുന്നത്‌ മുസ്‌ലിം ജിന്നിനോടുള്ള തേട്ടവുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ പിശാചുക്കളെ സംബന്ധിച്ചുള്ള ആയത്താണ്‌ ഫൈസല്‍ മുസ്‌ല്യാര്‍ ഓതിയതെന്നാണ്‌. മുസ്‌ലിം ജിന്നിനോടുള്ള സഹായത്തേട്ടത്തിനല്ല ക്വുര്‍തുബിയെയും ഇബ്‌നു അബ്ബാസിനെയും കോഴിച്ചെനയിലുദ്ധരിച്ചത്‌ എന്ന്‌ പറഞ്ഞൊഴിഞ്ഞ ഫൈസല്‍ മുസ്‌ല്യാര്‍ നാലാമതൊരായത്തും രണ്ടാമതൊരു ക്വുര്‍തുബി ഇബാറത്തും ഇബ്‌നു അബ്ബാസിന്റെ രണ്ടാമതൊരഭിപ്രായവും പത്തപ്പിരിയത്ത്‌ ഉദ്ധരിച്ചതുമില്ല. തല്‍ക്കാലം മൂന്ന്‌ ആയത്ത്‌ മതിയെന്നും ഇനിയും ധാരാളമായത്തുകള്‍ ഉദ്ധരിക്കാനുണ്ടെന്നും കോഴിച്ചെനയില്‍ `മണിമണിയായി’ പറഞ്ഞ മുസ്‌ല്യാര്‍ എന്തേ അരമണിയും പത്തപ്പിരിയത്ത്‌ ഉദ്ധരിച്ചില്ല. അടുത്ത അല്‍ ഇസ്വ്‌ലാഹില്‍ ശിര്‍ക്കല്ലാത്ത ഒരു ജിന്നുവിളിക്ക്‌ ആയത്ത്‌ ഉദ്ധരിച്ചുകൊണ്ട്‌, സംവാദസഹായി തന്റെ മടങ്ങാത്ത പത്തിയുടെ ശക്തി തെളിയിക്കട്ടെ. അദ്ദേഹത്തിനാണല്ലോ ഫൈസല്‍ മുസ്‌ല്യാരെക്കാള്‍ വലിയ ബിരുദമുള്ളത്‌. ശിര്‍ക്കാവാതിരിക്കണമെങ്കില്‍ ജിന്ന്‌ മുസ്‌ലിമായിരിക്കണമെന്നു പറഞ്ഞവര്‍ കാഫിര്‍ ജിന്നിനെപ്പറ്റിയുള്ള ആയത്തോതി ആവേശം കൊള്ളുകയോ?

കഴിവില്‍പ്പെട്ട സഹായത്തേട്ടവും വസീലത്തുശ്‌ശിര്‍ക്കും
ജിന്നിനോടുള്ള എല്ലാ സഹായത്തേട്ടങ്ങളും ശിര്‍ക്കാണെന്ന്‌ വാദിക്കുകയും ജിന്നിന്റെ കഴിവില്‍പ്പെട്ട സഹായം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാവില്ലെന്നു പറയുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്ന വിചിന്തനം ആദ്യം തെളിയിക്കേണ്ടത്‌ അല്ലാഹുവിന്റെ ദാത്ത്‌ സ്വിഫാത്ത്‌ അഫ്‌ആല്‍ ഇവയില്‍ ഏതില്‍ പങ്കുചേര്‍ക്കലാണ്‌ ജിന്നുവിളിയില്‍ സംഭവിക്കുന്നത്‌ എന്നാണ്‌ എന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ മാസിക പറയുന്നു. ഇതിനെക്കുറിച്ച്‌

ഉ: അല്‍ ഇസ്വ്‌ലാഹുകാര്‍ അവരുടെ ബാധ്യത നിര്‍വഹിച്ചശേഷമാണ്‌ പുതിയ ചോദ്യം ഉന്നയിക്കേണ്ടത്‌. പുഴയില്‍ വീണവനെ രക്ഷിക്കാനുള്ള കഴിവോടെ കരയിലിരിക്കുന്ന ജിന്നിനോട്‌ രക്ഷിക്കണമേ എന്നു പറഞ്ഞാല്‍ ശിര്‍ക്കാവില്ല വസീലത്തു ഇലശ്‌ശിര്‍ക്ക്‌ ആകും എന്നാണല്ലോ കെ.കെ.സക്കരിയ്യ സ്വലാഹി പറഞ്ഞത്‌. അല്‍ ഇസ്വ്‌ലാഹുകാര്‍ അത്‌ ന്യായീകരിക്കുകയും ചെയ്യന്നു. ശിര്‍ക്ക്‌ ചെയ്‌തു കഴിഞ്ഞ ശേഷമല്ല വസലത്തുശ്‌ശിര്‍ക്ക്‌ ആരംഭിക്കുക എന്നാണ്‌ ഇതില്‍ നിന്നു ഗ്രഹിക്കേണ്ടത്‌.

വസീലത്തു ശ്‌ശിര്‍ക്ക്‌ തടഞ്ഞാല്‍ ശിര്‍ക്കു തടയാന്‍ കഴിയുമെന്ന ആശയവും ഇതിലടങ്ങിയിട്ടുണ്ട്‌. അതിനാല്‍ കരയിലിരിക്കുന്ന ജിന്നിനോട്‌ പുഴയില്‍ വീണവന്‍ ഒന്നു കരക്കുകയറ്റൂ എന്ന്‌ പറയുന്നത്‌ വസീലത്തു ശിര്‍ക്കാണെന്ന്‌ പറയുന്നവര്‍, അത്‌ അല്ലാഹുവിന്റെ ദാത്ത്‌ സ്വിഫാത്ത്‌ അഫ്‌ആല്‍ എന്നിവയില്‍ ഏതിലേക്കാണടുപ്പിക്കുക എന്ന്‌ വ്യക്തമാക്കട്ടെ. ആ മറുപടിക്കനുസരിച്ച്‌ ജിന്ന്‌ വിളിയിലെ ശിര്‍ക്കിന്റെ നിര്‍വചനം അല്‍ ഇസ്വ്‌ലാഹുകാര്‍ക്ക്‌ തന്നെ പറയാം. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ വിചിന്തനം ഇടപെട്ടുകൊള്ളും. വസീലത്തു ശ്‌ശിര്‍ക്കാവും എന്ന്‌ ഒഴുക്കന്‍മട്ടില്‍ പറഞ്ഞാല്‍ പോരാ, അതിന്റെ തെളിവും നിര്‍വചനവും പറയണം.

ശിര്‍ക്കാവാന്‍ അദൃശ്യനാകല്‍ മാത്രം മതിയോ
വിചിന്തനത്തെയും അതിനെ അനുകൂലിക്കുന്ന പ്രഭാഷകരെയും ഉദ്ദേശിച്ചുകൊണ്ട്‌ അല്‍ ഇസ്വ്‌ലാഹ്‌ ഇങ്ങനെ എഴുതുന്നു: ”പ്രാര്‍ത്ഥനയും ആരാധനയും സംഭവിക്കുന്നതിന്ന്‌ അവരുടെ വീക്ഷണപ്രകാരമുള്ള മാനദണ്‌ഡം പ്രാര്‍ഥിക്കപ്പെടുന്ന ആരാധിക്കപ്പെടുന്ന വ്യക്തിയോ വസ്‌തുവോ മനുഷ്യര്‍ക്ക്‌ അദൃശ്യരാവുക എന്നതു മാത്രമാണ്‌. ഇങ്ങനെയൊരു മാനദണ്‌ഡം മുന്‍ഗാമികളില്‍നിന്ന്‌ സ്ഥിരപ്പെട്ടതല്ല” (2013 ഡിസം. പേ. 36) ഇങ്ങനെ വിചിന്തനം വാദിച്ചിട്ടുണ്ടോ?

ഉ: ഇല്ല. ദൃശ്യരായവരോടുള്ള സഹായ ചോദ്യത്തിലും ശിര്‍ക്കുവരുന്നവയുണ്ട്‌ എന്നാണ്‌ ഞങ്ങളുടെ വാദം. പൂളപ്പൊയിലില്‍ ചെന്ന്‌ ബഷീര്‍ സലഫിയുടെ ചെവിയോട്‌ ചുണ്ട്‌ ചേര്‍ത്ത്‌ താങ്കള്‍ ആകാശത്തുനിന്ന്‌ ഒരു ഭക്ഷണത്തളിക ഇറക്കിത്തരണമെന്ന്‌ പറഞ്ഞാല്‍ ശിര്‍ക്കുതന്നെ. അദ്ദേഹം ദൃശ്യനാകുന്നത്‌ കൊണ്ട്‌ അത്‌ ശിര്‍ക്കാകാതിരിക്കുന്നില്ല. ഇല്ലാത്ത വാദം വിചിന്തനത്തിന്റെ മേല്‍ ആരോപിച്ച്‌ ഖണ്‌ഡിച്ച്‌ സുഖിക്കുകയാണ്‌ അല്‍ ഇസ്വ്‌ലാഹുകാരന്‍.

യാഇബാദല്ലാഹിയുടെ മര്‍മം
മുജാഹിദ്‌ സംഘടനയിലുണ്ടായ ചേരിതിരിവിന്റെ മര്‍മം യാഇബദല്ലാഹി എന്ന ദുര്‍ബല ഹദീഥാണെന്നും അത്‌ അവഗണിച്ചുകൊണ്ടുള്ള കുതറിയോട്ടമാണ്‌ വിചിന്തനം നടത്തുന്നതെന്നുമാണ്‌ അല്‍ ഇസ്‌ലാഹ്‌ പറയുന്നത്‌. അതല്ലേ ശരി.

ഉ: അതല്ല ശരി. 26-12-11ന്റെ ദൗറ നടക്കുന്നതുവരെ കെ.എന്‍.എം. ആരെയും പുറത്താക്കിയിട്ടില്ല. ജിന്നിനെ ഉദ്ദേശിച്ചുകൊണ്ട്‌ വെളിച്ചം തരുമോ എന്ന്‌ ഇരുളില്‍ തപ്പിത്തടയുന്നവന്‍ ചോദിച്ചാല്‍ അത്‌ ശിര്‍ക്കാവില്ലെന്നുള്ള അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയുടെ കുറിപ്പായിരുന്നു ആ ദൗറയിലെ പ്രധാന ചര്‍ച്ചാവിഷയം. അതിന്ന്‌ യാ ഇബാദല്ലാഹി എന്ന ദുര്‍ബ്ബല ഹദീഥുമായി ഒരു ബന്ധവുമില്ലെന്നും ജിന്നുകളോടോ മലക്കുകളോടോ അവരുടെ കഴിവില്‍പെട്ടത്‌ ചോദിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്നും അതിന്നു കാരണം ജിന്നും മലക്കും ഭൗതികമാണെന്നുമുള്ള ഒരു സ്വതന്ത്ര സിദ്ധാന്തമാണ്‌ അബ്‌ദുല്‍ ജബ്ബാര്‍ മൗലവി അവതരിപ്പിച്ചത്‌. മേല്‍പറഞ്ഞ ഹദീഥില്ലെങ്കിലും ഇരുട്ടുകൊണ്ട്‌ മുന്നോട്ട്‌ നീങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ജിന്നിനോട്‌ വെളിച്ചമാവശ്യപ്പെടുന്നത്‌ ശിര്‍ക്കാവില്ല എന്നാണ്‌ വാദത്തിന്റെ ചുരുക്കം. അതില്‍നിന്ന്‌ വികസിപ്പിച്ചെടുത്താണ്‌ കരയിലെ മുസ്‌ലിം ജിന്നിനോട്‌ പുഴയില്‍ വീണവന്‍ സഹായം ചോദിച്ചാല്‍ വസീലത്തുശ്‌ശിര്‍ക്ക്‌ മാത്രമേ ആവുകയുള്ളൂ എന്ന സക്കരിയ്യാ സ്വലാഹിയുടെ വാദം. ഫൈസല്‍ മുസ്‌ല്യാരും ബശീര്‍ സലഫിയും പറഞ്ഞതില്‍നിന്ന്‌ വ്യത്യസ്‌തമായ ഒന്നും സക്കരിയ്യാ സ്വലാഹി പറഞ്ഞിട്ടില്ല. കോഴിച്ചെനയില്‍ സക്കരിയ്യാ സ്വലാഹിയുടെ മേല്‍ ഉദാഹരണത്തെ അധികരിച്ചുകൊണ്ടാണ്‌ മുസ്‌ലിം ജിന്നിനോടുള്ള സഹായത്തേട്ടത്തില്‍ വസീലത്തുശ്‌ശിര്‍ക്കായതുണ്ടോ എന്ന അബ്‌ദുന്നാസിര്‍ സുല്ലമി ചോദിച്ചത്‌. അതിനാണല്ലോ ഫൈസല്‍ മുസ്‌ല്യാര്‍ അന്‍ആം 128-ാം ആയത്തുദ്ധരിച്ചത്‌. അപ്പോള്‍ മരുഭൂമിയില്‍ വാഹനമൃഗം നഷ്‌ടപ്പെട്ടവന്റെ യാഇബാദല്ലാഹിയല്ല മര്‍മം എന്നു വ്യക്തമായി. പുഴക്കരയിലും ചൂണ്ടലിടുന്നേടത്തുമെല്ലാമുള്ള ജിന്നുവിളിക്ക്‌ തെളിവുദ്ധരിക്കാന്‍ പറഞ്ഞപ്പോഴാണ്‌ മുസ്‌ല്യാര്‍ പ്രസ്‌തുത ആയത്ത്‌ ഉദ്ധരിച്ചത്‌. ആകയാല്‍ ഇബാദുല്ലാഹി എന്ന പുറന്തോടിന്നുള്ളിലെ സ്വതന്ത്ര ജിന്ന്‌ എന്ന അകക്കാമ്പാണ്‌ മര്‍മം. അതാണ്‌ `വസ്‌തുത’ എന്ന്‌ പറഞ്ഞ അല്‍ ഇസ്വ്‌ലാഹിലെ ഉദ്ധരണികൊണ്ട്‌ വിചിന്തനം തെളിയിച്ചത്‌. വിചിന്തനം കുതറിയോടിയിട്ടില്ല. കുതറിയോടാന്‍ ശ്രമിച്ച അല്‍ ഇസ്വ്‌ലാരുകാരനെ അനങ്ങാന്‍ പറ്റാത്തവിധം തളച്ചിടുകയാണ്‌ ചെയ്‌തത്‌.

മാതാ മധുരാനന്ദമയിയും ദീര്‍ഘായുസ്സ്‌ തേടുന്നവനും

ഒരു സ്‌പര്‍ശനം കൊണ്ട്‌ വെള്ളപ്പാണ്‌ഡു മാറ്റാനും ദീര്‍ഘായുസ്സ്‌ നല്‍കാനുമായി മാതാ മധുരാനന്ദമയി എന്നയാളോട്‌ മമ്മദ്‌കുട്ടി ഇങ്ങനെ പറയുന്നു എന്ന്‌ സങ്കല്‍പിക്കുക.
`അമ്മേ എനിക്കു ദീര്‍ഘായുസ്സ്‌ നല്‍കണം.’ ഫൈസല്‍കുട്ടി പറയുന്നു: `അമ്മേ എനിക്ക്‌ പതിനായിരം രൂപ ആറു മാസത്തെ അവധിക്ക്‌ കടം തരണം.’
ഫൈസല്‍കുട്ടിക്ക്‌ അമ്മ പണം കൊടുത്തു. രണ്ടാളുടെയും സംസാരം മാതാ മധുരാനന്ദമയി കേട്ടു. കേട്ടു എന്ന കാരണത്താല്‍ അമ്മയോട്‌ ദീര്‍ഘായുസ്സ്‌ ചോദിച്ച മമ്മദുകുട്ടി ചെയ്‌തത്‌ പ്രാര്‍ഥനയല്ലാതാകുമോ? ആകില്ലെങ്കില്‍ പിന്നെ എന്താണ്‌ ആ ചോദ്യത്തിന്റെ പേര്‌?
ഫൈസല്‍കുട്ടി പണം കടം ചോദിച്ചത്‌ പ്രാര്‍ഥനയല്ലെന്ന്‌ പറയുന്നതുപോലെ ദീര്‍ഘായുസ്സ്‌ ചോദിച്ച മമ്മദുകുട്ടിയുടേതും പ്രാര്‍ഥനയാകില്ല എന്ന്‌ പറയാമോ? ഉത്തരം പറയേണ്ടത്‌ ജിന്ന്‌ സൈദ്ധാന്തികന്‍മാരും അവരുടെ അല്‍ ഇസ്‌ലാഹ്‌ മാസികയുമാണ്‌.

ദീര്‍ഘായുസ്സ്‌ ചോദിച്ചവനോട്‌ നല്‍കുക എന്നത്‌ എന്റെ കഴിവില്‍പ്പെട്ട കാര്യമല്ല എന്ന്‌ മധുരാന്ദമയി പറയുന്നു. ഇവിടെ ഈ ഭക്തന്‍ പറഞ്ഞത്‌ അമ്മ കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്‌തല്ലോ? ജിന്നുവാദികളും മുജാഹിദുകളും അടിസ്ഥാനപരമായി ഭിന്നിക്കുന്നത്‌ ഇവിടെയാണ്‌. ജിന്നുവാദികളുടെ വാദപ്രകാരം ഭക്തനില്‍ നിന്ന്‌ അമ്മ കേട്ട ഈ അപേക്ഷ അമ്മയോടുള്ള പ്രാര്‍ഥനയല്ല. മുജാഹിദുകളുടെ വിശ്വാസ പ്രകാരം അമ്മ കേട്ട ഈ അപേക്ഷ അമ്മയോടുള്ള പ്രാര്‍ഥനയും ശിര്‍ക്കുമാണ്‌. കാരണം പിന്നീട്‌ വിവരിക്കാം. ഇന്‍ശാ അല്ലാ.

അബ്‌ദുല്‍ജബ്ബാര്‍ മൗലവി തന്റെ പുസ്‌തകത്തില്‍ എഴുതിയത്‌ പോലെ വിജനമായ സ്ഥലത്ത്‌ അപകടത്തില്‍ കുടുങ്ങി മനുഷ്യ കഴിവും സഹായവും പ്രതീക്ഷകളും അവസാനിച്ചപ്പോള്‍ തന്നോടൊപ്പമുള്ള തന്റെ സംസാരങ്ങള്‍ കേള്‍ക്കുകയും അത്‌ രേഖപ്പെടുത്തുകയും ചെയ്യുന്ന മലക്കുകളോട്‌ ഈ അപകടത്തില്‍ നിന്ന്‌ എന്നെ രക്ഷിക്കണേ മലക്കുകളെ എന്നോ മറ്റോ ഒരാള്‍ വിളിച്ചു തേടിയാല്‍ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അത്‌ ആ മലക്കുകളോടുള്ള പ്രാര്‍ഥനയും ശിര്‍ക്കുമാണ്‌. ജിന്നുവാദികളുടെ വിശ്വാസ പ്രകാരം പ്രസ്‌തുത മലക്കുകള്‍ കേട്ടതിനാല്‍ ഈ തേട്ടം അവരോട്‌ ചെയ്‌ത പ്രാര്‍ഥനയല്ല.

മേല്‍പറഞ്ഞ രണ്ട്‌ തേട്ടങ്ങളും പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന്‌ മുജാഹിദുകള്‍ പറയാന്‍ കാരണം അവരുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായ തേട്ടമാണിത്‌. അഥവാ അവര്‍ കേട്ടതും അവരോട്‌ ചോദിച്ചതുമായ ഈ കാര്യങ്ങള്‍ക്ക്‌ ഉത്തരം ചെയ്‌തു സഹായിക്കാന്‍ അല്ലാഹുവിന്നല്ലാതെ സാധ്യമല്ല. ഇവിടെ ഈ ചോദ്യങ്ങള്‍ അവര്‍ കേട്ടു എന്നതുകൊണ്ട്‌ അത്‌ അവരോടുള്ള പ്രാര്‍ഥനയും ശിര്‍ക്കുമല്ലാതായി മാറുന്നില്ല.

കേള്‍വി ശക്തിയില്ലാത്ത മയ്യിത്തുകളോടും മറ്റു അചേതന വസ്‌തുക്കളോടും ചോദിക്കുമ്പോള്‍ ആ തേട്ടം ശിര്‍ക്കും അവരോടുള്ള പ്രാര്‍ഥനയുമായിത്തീരാനുള്ള മാനദണ്‌ഡം നമ്മുടെ സംസാരം അവര്‍ കേള്‍ക്കുകയില്ല എന്നതു തന്നെയാണ്‌. കേള്‍ക്കാത്തതുകൊണ്ട്‌ തന്നെ ഉത്തരം ചെയ്‌തു സഹായിക്കല്‍ അവയുടെ കഴിവുകള്‍ക്കതീതമായി. എന്നാല്‍ ജീവനും കേള്‍വിശക്തിയുമുള്ള ഒരു സൃഷ്‌ടിയുടെ അടുത്ത്‌ ചെന്ന്‌ അവനോട്‌ ചോദിക്കുന്നത്‌ പ്രാര്‍ഥനയും ശിര്‍ക്കുമായിത്തീരാനുള്ള മാനദണ്‌ഡം നാം ചോദിക്കുന്ന കാര്യം അവന്‍ കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല എന്നുള്ളതല്ല. അങ്ങിനെയാണെന്ന്‌ വിശുദ്ധ ക്വുര്‍ആനോ തിരുസുന്നത്തോ നമുക്ക്‌ പഠിപ്പിക്കുന്നില്ല. ക്വുര്‍ആനും സുന്നത്തും ജീവനുള്ളവരുടെ പ്രകൃതിദത്തമായ കേള്‍വിയേയും കാഴ്‌ചയേയും അറിവിനേയും നിഷേധിക്കുന്നുമില്ല. ചോദിക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ക്ക്‌ ഉത്തരം ചെയ്‌തു സഹായിക്കല്‍ പ്രകൃതിപരമായി ജീവനുള്ള സൃഷ്‌ടിയുടെ കഴിവില്‍പെട്ട കാര്യമാണോ അല്ലേ? ഇവിടെയാണ്‌ അവരോടുള്ള ചോദ്യം ശിര്‍ക്കും പ്രാര്‍ഥനയുമായിത്തീരുന്നതിന്റെ മാനദണ്‌ഡം.

മരിച്ചവരോടും വിഗ്രഹങ്ങളോടും മറ്റു അചേതന വസ്‌തുക്കളോടും ചോദിക്കുന്നത്‌ ഒന്നാമത്‌ നാം പറഞ്ഞ പ്രാര്‍ഥനയുടെയും ശിര്‍ക്കിന്റെയും ഇനത്തില്‍പെടുന്നു. അതായത്‌ ചോദിക്കുന്നത്‌ കേള്‍ക്കാന്‍പോലും സാധ്യമല്ലാത്ത സൃഷ്‌ടികളോടുള്ള സഹായാര്‍ഥനകളില്‍. ജിന്നുവാദികള്‍ പറയുന്നത്‌ പോലെ നമ്മോടൊപ്പമുള്ള ജിന്നുകളോടും മലക്കുകളോടും വിളിച്ചുതേടുന്നത്‌ രണ്ടാമത്‌ പറഞ്ഞ വകുപ്പില്‍പ്പെടുന്നു. അതായത്‌ പറയുന്നതും ചോദിക്കുന്നതും കേട്ടാലും ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിയാത്തവരോടും സാധ്യമല്ലാത്ത കാര്യങ്ങളിലുമുള്ള തേട്ടത്തില്‍. രണ്ടായാലും വിധി ഒന്നുതന്നെ. ആ തേട്ടം അവരോടുള്ള പ്രാര്‍ഥനയും ശിര്‍ക്കുമാണ്‌. ഈ വസ്‌തുത മുജാഹിദുകള്‍ പറഞ്ഞപ്പോള്‍ ജിന്നുവാദികള്‍ അതിനെ ചോദ്യം ചെയ്‌തെഴുതുന്നത്‌ വായിച്ചാല്‍ ഈ വിഷയത്തില്‍ ജിന്നുവാദികള്‍ക്ക്‌ വന്നുപെട്ട വ്യതിയാനം ഏതൊരു സാധാരണക്കാരനും ബോധ്യമാവും. അതിനാല്‍ ആ ഭാഗം ഇവിടെ ഉദ്ധരിക്കുന്നു. അല്‍ ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതുന്നു: “ഇപ്പോഴിതാ ജിന്നും മലക്കുമെല്ലാം പ്രാര്‍ഥന (ദുആ) കേള്‍ക്കും എന്ന വാദത്തിലേക്കും ഇവരെത്തിയിരിക്കുന്നു. പരിശുദ്ധ ക്വുര്‍ആനിലെ ആയത്തുകളെ ചവിട്ടി മെതിച്ച്‌ കൊണ്ടല്ലാതെ ഇത്തരമൊരു ആദര്‍ശ ചുവടുമാറ്റത്തിലേക്ക്‌ പോകാന്‍ കഴിയില്ല.” (2013 ഒക്‌ടോബര്‍) കേള്‍ക്കും എന്ന്‌ മുജാഹിദുകള്‍ പറഞ്ഞത്‌ ഏത്‌ അര്‍ഥത്തിലാണെന്ന്‌ മാന്യവായനക്കാര്‍ മുകളില്‍ കണ്ടുവല്ലോ? ഇതെങ്ങിനെയാണ്‌ ആദര്‍ശത്തില്‍ നിന്നുള്ള ചുവടുമാറ്റമാവുക?

ജിന്നുവാദികളുടെ മേല്‍ ആരോപണത്തില്‍ കഴമ്പുണ്ടാവണമെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ സലക്ഷ്യം ജനങ്ങളുടെ മുമ്പില്‍ തെളിയിക്കാന്‍ അവര്‍ സന്നദ്ധരാകണം. തെളിയിക്കുമെന്ന വിശ്വാസത്തോടെ അതിവിടെ ഉന്നയിക്കുന്നു. 

1) ജീവനുള്ള ആളുകള്‍ മറ്റു സംസാരങ്ങള്‍ കേള്‍ക്കുന്നതുപോലെ അവരോടും മറ്റുള്ളവരോടും ചെയ്യുന്ന പ്രാര്‍ഥനകളും മറ്റു ദിക്‌റുകളും സ്വലാത്തുകളുമൊന്നും കേള്‍ക്കുകയില്ലെന്നും ഇത്തരത്തിലുള്ള ഒരു കേള്‍വി അവര്‍ക്കില്ലെന്നും ക്വുര്‍ആനിലും സുന്നത്തിലും എവിടെയാണ്‌ പറഞ്ഞത്‌?

2. പ്രാര്‍ഥന അവര്‍ കേള്‍ക്കുകയില്ലെന്ന്‌ വിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞത്‌ ജീവനുള്ള ഏതെങ്കിലും സൃഷ്‌ടിയുടെ മുമ്പില്‍ പോയി ഒരാള്‍ ദുആ ചെയ്‌താല്‍ അവയുടെ കാതു കൊണ്ട്‌ അവര്‍ക്ക്‌ കേള്‍ക്കാന്‍ കഴിയുകയില്ല എന്ന അര്‍ഥത്തിലാണോ? അതോ ഉത്തരം ചെയ്‌തു സഹായിക്കാന്‍ സാധ്യമല്ലെന്ന അര്‍ഥത്തിലോ?

3. ജീവനുള്ള ഏതെങ്കിലും സൃഷ്‌ടിയുടെ അടുക്കല്‍ പോയി ഒരാള്‍ അതിനോട്‌ പ്രാര്‍ഥന നടത്തിയാല്‍ അയാള്‍ അത്‌ കേട്ടു എന്നത്‌ കൊണ്ട്‌ അവന്റെ അപേക്ഷ പ്രാര്‍ഥനയല്ലാതാകുമോ? കേട്ട ആ ശബ്‌ദത്തിന്റെ പേര്‌ പ്രാര്‍ഥനയല്ലാതായി മാറുമോ?

4. കേള്‍വി ശക്തിയുള്ള സൃഷ്‌ടികളോട്‌ ഒരാള്‍ പ്രാര്‍ഥിച്ചാല്‍ അതിന്‌ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിയുമെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഏതെങ്കിലും പ്രഭാഷകനോ എഴുത്തുകാരനോ എവിടെയെങ്കിലും പ്രസംഗിക്കുകയോ എഴുതുകയോ ചെയ്‌തിട്ടില്ല. ഉണ്ടെന്ന്‌ ജിന്നുവാദികള്‍ക്ക്‌ തെളിയിക്കാന്‍ കഴിയുമോ? എങ്കില്‍ ഉദ്ധരിക്കൂ ആ വരികള്‍?

5. മരിച്ചുപോയവരും മറ്റു അചേതന വസ്‌തുക്കളും നമ്മുടെ പ്രാര്‍ഥനയോ മറ്റു സംസാരങ്ങളോ കേള്‍ക്കുമെന്ന്‌ മുജാഹിദ്‌ പ്രഭാഷകരോ എഴുത്തുകാരോ മറ്റോ എവിടെയെങ്കിലും എഴുതുകയോ പറയുകയോ ചെയ്‌തത്‌ ജിന്നുവാദികള്‍ക്ക്‌ തെളിയിക്കാന്‍ കഴിയുമോ? എങ്കില്‍ വ്യക്തമായ രേഖ സഹിതം ഉദ്ധരിക്കൂ. സാധ്യമല്ലെങ്കില്‍ ഇതിന്റെ പേരില്‍ മുജാഹിദുകളുടെ മേല്‍ നിങ്ങള്‍ ശിര്‍ക്കാരോപിച്ചത്‌ എന്തിനാണ്‌?

6. അല്ലാഹുവിനോട്‌ നാം പ്രാര്‍ഥിക്കുന്നത്‌ നമ്മുടെ അടുത്ത്‌ ജീവിച്ചിരിക്കുന്ന മനുഷ്യരും ജിന്നും മലക്കും മറ്റു ജീവികളും കേള്‍ക്കുമെന്ന്‌ പറഞ്ഞാല്‍ അത്‌ ശിര്‍ക്കാണോ? അവര്‍ കേട്ടു എന്നതുകൊണ്ട്‌ അല്ലാഹുവിനോടുള്ള ഈ പ്രാര്‍ഥനയുടെ പേര്‌ പ്രാര്‍ഥന എന്നല്ലാതായി മാറുമോ?

കേള്‍ക്കുന്നു എന്നതുകൊണ്ട്‌ അതിന്‌ പ്രാര്‍ഥന എന്ന്‌ പറയുകയില്ല എന്നാണല്ലോ ജിന്നുവാദികളുടെ വാദം. പ്രാര്‍ഥന എന്ന്‌ പറയുന്നതിനെ ഇവര്‍ ശിര്‍ക്കായി ചിത്രീകരിക്കുകയും ചെയ്‌തു. ഇതു സംബന്ധിച്ച്‌ ജിന്നുവാദി മാസികയില്‍ എഴുതിയ തലക്കെട്ടു തന്നെ `ശിര്‍ക്കാരോപകര്‍ ശിര്‍ക്കിന്റെ പടുകുഴിയില്‍’ എന്നാണ്‌. (2013 ഒക്‌ടോബര്‍) ഇങ്ങിനെയാണെങ്കില്‍ ആരെയൊക്കെ ഇവര്‍ക്ക്‌ ശിര്‍ക്കിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. ചില ഉദാഹരണങ്ങള്‍ താഴെ ഉദ്ധരിക്കാം.

1. “ആഇശ (റ)യില്‍ നിന്നുള്ള മറ്റൊരു ഹദീഥില്‍ അവര്‍ പറയുന്നു. അതിന്നു ശേഷം നബി (സ്വ) ക്വബ്‌ര്‍ ശിക്ഷയില്‍ നിന്ന്‌ അഭയം തേടുന്നത്‌ ഞാന്‍ കേള്‍ക്കാതെ യാതൊരു നമസ്‌കാരവും നിര്‍വഹിച്ചിട്ടില്ല.” (മുസ്‌ലിം) നബി (സ്വ) ക്വബ്‌റില്‍ നിന്നുള്ള ശിക്ഷയില്‍ നിന്ന്‌ അഭയം തേടിയത്‌ അല്ലാഹുവിനോടുള്ള പ്രാര്‍ഥനയാണല്ലോ? ഇങ്ങിനെ നബി (സ്വ) അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചത്‌ ഞാന്‍ കേട്ടു എന്നാണ്‌ ആഇശ (റ) പറഞ്ഞത്‌? എന്തേ പ്രാര്‍ഥന അവര്‍ കേള്‍ക്കുകയില്ലെന്ന്‌ പറഞ്ഞ ആയത്ത്‌ മഹതി ആഇശ (റ)ക്ക്‌ മനസ്സിലായില്ലേ? ആഇശ ബീവി (റ) ശിര്‍ക്കിന്റെ പടുകുഴിയിലാണോ? മഹതി ആഇശ (റ) പറഞ്ഞ ഈ കേള്‍വി തന്നെയാണ്‌ മുജാഹിദുകള്‍ പറയുന്നതും.

2. മുജാഹിദുകള്‍ ഒന്നായ കാലത്ത്‌ അല്‍ ഇസ്വ്‌ലാഹ്‌ മാസികയിലൂടെ തര്‍ക്കമില്ലാതെ നമ്മള്‍ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ച ആശയം കാണുക: “ഖുത്വുബകളില്‍ ഇമാമിന്‌ ഉറക്കെ പ്രാര്‍ഥിക്കാം. അത്‌ കേള്‍ക്കുന്നവര്‍ക്ക്‌ ആമീന്‍ പറയുകയുമാകാം.’ (1999 സപ്‌തംബര്‍) ഇവിടെ അത്‌ കേള്‍ക്കുന്നവര്‍ക്ക്‌ എന്നെഴുതിയത്‌ പ്രാര്‍ഥനയെ സംബന്ധിച്ചല്ലേ? ഇതെഴുതിയ കാലഘട്ടത്തില്‍ മുജാഹിദുകള്‍ ശിര്‍ക്കിന്റെ പടുകുഴിയിലായിരുന്നോ?

3. സലഫി പണ്‌ഡിതനായിരുന്ന മര്‍ഹും കെ.എം. മൗലവി എഴുതുന്നത്‌ കാണുക: `ഇമാമിന്റെ ദുആ കേട്ടു കൊണ്ടിരിക്കുന്ന മഅ്‌മൂമ്‌ ആമീന്‍ ചൊല്ലലും സുന്നത്തുണ്ട്‌.’ (കെ.എം. മൗലവിയുടെ ഫത്‌വകള്‍ പേജ്‌ 87) ഇവിടെ ഇമാം ദുആ ചെയ്യുന്നത്‌ അല്ലാഹുവിനോടാണല്ലോ? ആ ദുആ കേട്ടുകൊണ്ടിരിക്കുന്ന മഅ്‌മൂമീങ്ങള്‍ എന്നാണ്‌ മൗലവി എഴുതിയത്‌. ഇമാമിന്റെ ദുആ കേട്ടുകൊണ്ടിരിക്കുന്ന ഈ മഅ്‌മൂമീങ്ങളെല്ലാം അല്ലാഹുമാരാണോ? ജിന്നുവാദികളേ, തൗഹീദില്‍ നിന്ന്‌ പിടുത്തം വിട്ട നിങ്ങള്‍ക്കെന്ത്‌ പറ്റിപ്പോയി? പ്രാര്‍ഥനയിലെ കേള്‍വിയെപ്പറ്റി സൃഷ്‌ടികള്‍ കേള്‍ക്കും എന്ന്‌ മുജാഹിദുകള്‍ പറയുന്നത്‌ മേല്‍പറഞ്ഞ അര്‍ഥത്തില്‍ മാത്രമാണ്‌. ഇതെങ്ങിനെയാണ്‌ ശിര്‍ക്കിന്റെ പടുകുഴിയിലാവുക? കേള്‍ക്കുന്ന ഈ പ്രാര്‍ഥനക്കും തേട്ടങ്ങള്‍ക്കും ഉത്തരം ചെയ്‌തു സഹായിക്കാന്‍ അല്ലാഹുവിന്നല്ലാതെ മറ്റൊരു സൃഷ്‌ടിക്കും സാധ്യമല്ല. ഇവിടെയാണ്‌ പ്രശ്‌നം. ഈ നിലക്ക്‌ മേല്‍പറഞ്ഞവര്‍ക്കോ മറ്റേതെങ്കിലും സൃഷ്‌ടികള്‍ക്കോ പ്രാര്‍ഥന കേള്‍ക്കാന്‍ കഴിയുമെന്ന്‌ പറഞ്ഞാല്‍ തീര്‍ച്ചയായും അത്‌ കടുത്ത ശിര്‍ക്കാണ്‌. മുജാഹിദുകള്‍ എവിടെയും ഇങ്ങിനെ ഒരു കേള്‍വിയെപ്പറ്റി എഴുതുകയോ പ്രസംഗിക്കുകയോ ചെയ്‌തിട്ടില്ല. ഉണ്ടെന്ന്‌ തെളിയിക്കാന്‍ ജിന്നുവാദികള്‍ക്ക്‌ സാധ്യവുമല്ല.

ജിന്നുവാദികള്‍ ശിര്‍ക്കായ ഈ കേള്‍വി ജിന്നുകള്‍ക്കും മലക്കുള്‍ക്കും വക വെച്ചു കൊടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ്‌ വിജന സ്ഥലങ്ങളില്‍ മനുഷ്യരെ ആരേയും സഹായിയായി കാണാത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനോടല്ലാതെ ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളോട്‌ സഹായിക്കണേ എന്നും മറ്റും വിളിച്ചു തേടിയാല്‍ അത്‌ ശിര്‍ക്കാവുകയില്ലെന്നും അവരോട്‌ ചെയ്യുന്ന പ്രാര്‍ഥനയാവുകയില്ലെന്നും അബ്‌ദുല്‍ജബ്ബാര്‍ മൗലവിയും സക്കരിയ്യയും ഫൈസലുമടങ്ങുന്നവര്‍ എഴുതുകയും പറയുകയും ചെയ്യുന്നത്‌. പല ആളുകളും വസ്‌തുത അറിയാതെ ശിര്‍ക്കന്‍ കോക്കസില്‍ അകപ്പെടുകയും ചെയ്‌തു.