പത്തപ്പിരിയം സംവാദത്തോടെ ഒരു സത്യം കേരള മുസ്‌ലിംകള്‍ക്ക് ബോധ്യമായി. ശിര്‍ക്കല്ലാത്തതും വസീലത്തശ്‌ശിര്‍ക്കാവുന്നതുമായ ജിന്നുതേട്ടത്തിന് ക്വുര്‍ആനില്‍ തെളവില്ലെന്ന്. അന്‍ആം 128-ാം ആയത്ത് വസീലത്തുശ്‌ശിര്‍ക്കിന്ന് തെളിവാണെന്ന് ക്വുര്‍തുബിയോ ഇബ്‌നു അബ്ബാസോ പറഞ്ഞുവെന്ന് കോഴിച്ചെന സംവാദത്തില്‍ താന്‍ പറഞ്ഞിട്ടില്ല എന്ന് ജിന്നു സൈദ്ധാന്തികന്‍ ഫൈസല്‍ മുസ്‌ല്യാര്‍ നിഷേധിച്ചതോടെ ആ സത്യമാണ് ജിന്നു വാദികളെ പേടിപ്പിക്കുന്ന ഒരു ഭീകര സ്വത്വമായി എഴുന്നേറ്റ് ഇരിപ്പുറപ്പിച്ചത്. ഹദീഥില്‍ ശിര്‍ക്കില്ലാത്ത ജിന്നു വിളിക്ക് തെളിവില്ലെന്ന് ജിന്ന് ഉപസൈദ്ധാന്തികന്‍ ബഷീര്‍ സലഫി വിചിന്തനവുമായുള്ള ഏറ്റുമുട്ടലില്‍ അല്‍ ഇസ്വ്‌ലാഹിലൂടെ സമ്മതിച്ചിട്ടുണ്ട്. മനുഷ്യരുടെ വിളികളെ ശിര്‍ക്കായത് ശിര്‍ക്കല്ലാത്തത് എന്ന് നബി (സ്വ) വിഭജിച്ചിട്ടുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ് ഉപസൈദ്ധാന്തികന്റെ ഈ സമ്മതിക്കല്‍.
സഹായത്തേട്ടത്തിനല്ല താന്‍ അന്‍ആം 128 തെളിവാക്കിയതെന്നും ക്വുര്‍തുബിയെയും ഇബ്‌നു അബ്ബാസിനെയും പരാമര്‍ശിച്ചതെന്നും പത്തപ്പിരിയം സംവാദത്തില്‍ പറഞ്ഞ ഫൈസല്‍ മുസ്‌ല്യാര്‍ക്ക് ഇനിയും അവസരമുണ്ട്. കോഴിച്ചെനയിലെ ചോദ്യം അല്‍ ഇസ്വ്‌ലാഹില്‍ നിന്ന് ഉദ്ധരിക്കുന്നു, അതിന് മറുപടി എഴുതുക.
'വിഷയാവതരണശേഷം കോക്കസുകാര്‍ക്കായിരുന്നു ആദ്യ ചോദ്യത്തിനുള്ള അവസരം. മുസ്‌ലിം ജിന്നിനോടുള്ള സഹായത്തേട്ടത്തില്‍ വസീലത്തുശ്‌ശിര്‍ക്ക് ആവുന്നതിന് ആയത്തോതാനയിരുന്നു ഒന്നാമത്തെ ചോദ്യം’ (അല്‍ ഇസ്‌ലാഹ് 2013 ഏപ്രില്‍ പേ. 38)
സഹായത്തേട്ടത്തിന് ക്വുര്‍തുബിയെയോ ഇബ്‌നു അബ്ബാസിനെയോ താന്‍ ഉദ്ധരിച്ചിട്ടില്ല എന്ന് അബ്‌ദുറഹ്‌മാന്‍ സലഫിയുടെ മുമ്പില്‍ പത്തപ്പിരിയത്തു പറഞ്ഞതോടെ കോഴിച്ചെനയില്‍ പറഞ്ഞ മറുപടി ചോദ്യത്തിനല്ല എന്ന് വ്യക്തമായി.
കേള്‍വിയുടെ പരിധിയിലുള്ള മനുഷ്യരെ വിളിച്ചു കൊണ്ടും കേള്‍വിയുടെ പരിധിക്കപ്പുറത്തുള്ളവരെ വിളിക്കാതിരുന്നുകൊണ്ടും ആ സാഹചര്യത്തില്‍ `ഞങ്ങള്‍ക്കുണ്ടായ ഈ പ്രശ്‌നം നീ ഞങ്ങളുടെ നബിയെ അറിയിക്കേണമേ അല്ലാഹുവേ’ എന്ന് പ്രാര്‍ഥിച്ചുകൊണ്ടും മനുഷ്യവിളിക്ക് വിഭജനമുണ്ടെന്ന് വിചിന്തനം തെളിയിച്ചിട്ട് ബഷീര്‍ സലഫി ഇന്നേവരെ മിണ്ടിയില്ല. (എന്നിട്ട് പുള്ളി അയാളുടെ 37-ാം ചോദ്യവുമായി മനപ്പായസം കുടിക്കുകയാണ്) 'ജിന്നുകളോടുള്ള സഹായാര്‍ഥന അവിടെയിരിക്കട്ടെ. മനുഷ്യര്‍ മനുഷ്യരോട് നടത്തുന്ന സഹായാര്‍ഥന ശിര്‍ക്കാകുന്ന സഹായാര്‍ഥന, ശിര്‍ക്കല്ലാത്ത സഹായാര്‍ഥന എന്നിങ്ങനെ രണ്ടായി വിഭജിച്ചുകൊണ്ട് നബി (സ്വ)യോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? (അല്‍ ഇസ്വ്‌ലാഹ് 2013 ഏപ്രില്‍)
അപ്പോള്‍ വസീലത്തുശ്‌ശിര്‍ക്കിന് ഹദീഥില്ലെന്ന് ഉപസൈദ്ധാന്തികനും, ക്വുര്‍ആനില്‍ ഇല്ലെന്ന് ഫൈസല്‍ മുസ്‌ല്യാരും സമ്മതിച്ചു. ഇവിടെ അടിസ്ഥാനപരമായ തര്‍ക്കം ജിന്ന് വിളിയില്‍ ശിര്‍ക്കാകുന്നതും അല്ലാത്തതുമുണ്ടോ എന്നതാണ്. വസീലത്ത്‌ശ്‌ശിര്‍ക്ക് മാത്രമാകുന്ന ജിന്ന് വിളിക്ക് പ്രമാണമുണ്ടോ എന്നായിരുന്നു കോഴിച്ചെനയില്‍ നാസര്‍ സുല്ലമി ചോദിച്ചത് എന്ന് മുകളില്‍ കണ്ടല്ലോ. ഉണ്ടെന്ന വീരവാദത്തോടെയാണ് മുസ്‌ല്യാര്‍ അന്‍ആം 128-ാം സൂക്തമുദ്ധരിച്ചത്. മീഡിയകളിലൂടെ അതു കേട്ടുകൊണ്ടിരുന്നവര്‍ മാത്രമല്ല ആ സദസ്സിലുണ്ടായിരുന്നവരും മുസ്‌ല്യാരോതിയത് വസീലത്ത് ശ്‌ശിര്‍ക്കായ ജിന്ന് വിളിക്ക് തെളിവായിട്ടാണത് എന്നാണ് മനസ്സിലാക്കിയത്. ഇസ്‌തിംതാ ഇന്ന് തെളിവുണ്ടോ എന്നായിരുന്നില്ല ചോദ്യം. അത് സംവാദ വിഷയമോ തര്‍ക്കവിഷയമോ ആയിരുന്നില്ല താനും. അതുകൊണ്ടാണ് പ്രസ്‌തുത സൂക്തത്തിന് മുസ്‌ല്യാരര്‍ഥം പറഞ്ഞാല്‍ പോരാ-ഏത് സ്വഹാബി പറഞ്ഞു ഏത് താബിഉ് പറഞ്ഞു. എന്നെല്ലാം വിശദീകരിക്കണമെന്ന് സുല്ലമി ആവശ്യപ്പെട്ടതും അതിനുള്ള പ്രതികരണമെന്ന നിലക്കാണ് ഇബ്‌നു അബ്ബാസ് ക്വുര്‍തുബി തുടങ്ങിയവരെ മുസ്‌ല്യാരുദ്ധരിച്ചതും സംവാദം അവസാനിക്കുന്നത് വരെ മുസ്‌ല്യാര് താനോതിയത് ഇസ്‌തിംതാ ഇന്നുള്ള തെളിവാണ്. അല്ലാതെ ജിന്നിനോട് വസീലത്ത് ശ്‌ശിര്‍ക്കാകുന്ന ഇസ്‌തിആനത്തിനുള്ള തെളിവല്ല എന്ന് പറഞ്ഞില്ല- പ്രതിയോഗികളെ മാത്രമല്ല സ്വന്തം അനുയായികളെപ്പോലും ക്രൂരമായി കബളിപ്പിക്കുകയായിരുന്നു മുസ്‌ല്യാര്‍ ചെയ്‌തത്. അവസാനം ഏറെ വെല്ലുവിളികള്‍ക്ക് ശേഷം പത്തപ്പിരിയത്ത് സലഫിയുമായി സംവാദത്തിന് നിര്‍ബന്ധിതനായപ്പോള്‍ മുസ്‌ല്യാര്‍ താന്‍ ക്വുര്‍തുബി ഉദ്ധരിച്ചത് വസീലത്ത്‌ശ്‌ശിര്‍ക്കാണ് പ്രസ്‌തുത ജിന്ന് വിളി എന്നതിന് തെളിവായല്ല എന്നദ്ദേഹം സമ്മതിക്കേണ്ടി വന്നു. എന്നിട്ടും ജിന്നുവാദിക്കുട്ടികള്‍ പറയുന്നു. മുസ്‌ല്യാരന്ന് ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തില്ലെന്ന്. മാത്രമല്ല കോഴിച്ചെന സംവാദം സംഘടിപ്പിച്ച വ്യക്തി തന്നെ അവിടെ വെച്ച് സത്യം മനസ്സിലാക്കിയപ്പോള്‍ ജിന്ന് വാദിയായത്രെ! ആ വ്യക്തി അത് സംഘടിപ്പിക്കുന്നത് വരെ ആരായിരുന്നു എന്നത് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം. പന്നിപ്പാറ സംവാദത്തിന് കാര്‍മികത്വം നല്‍കിയ വീട്ടുകാരും സംവാദശേഷം ജിന്ന് വാദികളായതാണോ എന്നത് അന്നാട്ടുകാര്‍ക്ക് അറിയാം. ഇപ്പോള്‍ നൂറുക്കണക്കിന് ജിന്ന് വാദി പ്രവര്‍ത്തകര്‍ മാറി ചിന്തിക്കുകയും മാതൃപ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. പ്രസ്ഥാനത്തെ രണ്ടാക്കി ഇനി കൂടെയുള്ളത് തുണ്ടം തുണ്ടമായാലും താനൊന്നുമറിഞ്ഞില്ല `രാമനാരായണ’ എന്ന മട്ടില്‍ ഒന്നാം ഇമാമ് കടലിന്നക്കരെ സ്ഥിരതാമസമാക്കാനൊരുങ്ങുന്നു എന്ന് കേള്‍ക്കുന്നു. (സംവാദവെല്ലുവിളി ഭയന്നിട്ടാണെന്നും അഭിപ്രായമുണ്ട്) നാസറുദ്ദീന്‍ റഹ്‌മാനി തുടങ്ങി നിരവധി പണ്‌ഡിതന്‍മാര്‍ ജിന്ന് വണ്ടിയില്‍ നിന്നും ചാടിയിറങ്ങിക്കഴിഞ്ഞു. ഡ്രൈവറും കണ്ടക്‌ടറും ക്ലീനറും തമ്മില്‍ പോര് രൂക്ഷമാകുന്നതിന് മുമ്പ് തടി സലാമത്താക്കണമെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. എല്ലാം ഈ മുസ്‌ല്യാരുകുട്ടി നടത്തിയ മുഖാമുഖ സംവാദങ്ങളുടെ പരിണിതഫലമെന്ന് പറയുന്നില്ല. അതില്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളും ആദര്‍ശരാഹിത്യവും ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതും പ്രധാന കാരണം തന്നെയാണ്.
പത്തപ്പിരിയം സംവാദം ജിന്നുവാദികളുടെ മൂര്‍ദ്ധാവില്‍ തറച്ച അവസാനത്തെ ആണിയാണ്. ഇസ്‌തിംതാഇല്‍ പിശാചുമായുള്ള എല്ലാ ബന്ധങ്ങളും പെടും. അതില്‍ ശിര്‍ക്കാവുന്നതും അല്ലാത്തതുമുണ്ടാകും. ശിര്‍ക്കാകുന്ന ഇസ്‌തിംതാഅ് നടത്തിയവരെ ശാശ്വതമായി നരകത്തിലും അല്ലാത്തവരെ അല്ലാഹു ഉദ്ദേശിക്കുന്ന കാലയളവിലും നരകത്തിലിട്ടേക്കാം. പ്രസ്‌തുത ഇസ്‌തിംതാഇല്‍ ശിര്‍ക്കിലേക്ക് മാര്‍ഗമാകുന്ന പ്രവൃത്തികളും ഉണ്ടായേക്കാം. പക്ഷേ അതുകൊണ്ടൊന്നും ശിര്‍ക്കാകാത്ത ജിന്ന് വിളിയുണ്ടെന്ന് തെളിവ് കിട്ടില്ല. ഇവിടെ അത്തരത്തിലുള്ള ഒരു ഇസ്‌തിആനത്തിന് തെളിവെവിടെ? ഇല്ലേയില്ല. ഉണ്ടെന്നാദ്യം തെളിയിക്കുക. അതിന് മുസ്‌ല്യാര്‍ക്ക് കോഴിച്ചെനയിലും കഴിഞ്ഞില്ല. പത്തപ്പിരിയത്തും കഴിഞ്ഞില്ല. അതിന് വേണ്ടിയാണ് താനായത്തോതിയതെന്നയാള്‍ പത്തപ്പിരിയം സംവാദം നടക്കുന്നത് വരെ മാലോകരെ തെറ്റുധരിപ്പിച്ചു. മുജാഹിദ് പണ്‌ഡിതന്‍മാര്‍ അതുകൊണ്ട് തന്നെ അത് ദുര്‍വ്യാഖ്യാനമാണന്ന് അന്ന് മുതല്‍ പറയാനും തുടങ്ങി. പക്ഷേ അദ്ദേഹം എവിടെയും തിരുത്തിയില്ല. മാത്രമല്ല താന്‍ അതിന് വേണ്ടിയല്ല പ്രസ്‌തുത സൂക്തമുദ്ധരിച്ചതെന്നോ തഫ്‌സീറുദ്ധരിച്ചതെന്നോ മുസ്‌ല്യാര്‍ ഒരിടത്തും പറഞ്ഞതുമില്ല. അത് പറയാന്‍ പത്തപ്പിരിയത്ത് അബ്‌ദുറഹിമാന്‍ സലഫിയുടെ മുമ്പിലെത്തേണ്ടി വന്നു. അഥവാ ഈ സംവാദം നടന്നിരുന്നില്ലെങ്കില്‍ ഒരു കാലത്തും ഈ മുസ്‌ല്യാര്‍ ആ സത്യം തുറന്ന് പറയില്ലായിരുന്നു. അനുയായികള്‍ വസീലത്ത്‌ശ്‌ശിര്‍ക്കാകുന്ന ജിന്ന് വിളിക്ക് വിശുദ്ധ ക്വുര്‍ആനില്‍ തന്നെ തെളിവുണ്ടെന്ന് തെറ്റുധരിപ്പിച്ച് ഈ മുസ്‌ല്യാരുടെ മദ്‌ഹ് പാടി കാലം കഴിക്കുമായിരുന്നു.
പൊന്‍തൂവല്‍ ഒടിഞ്ഞോ?
കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാരുടെ സഹായിയായിരുന്ന മൊറയൂര്‍ സലഫി ഇപ്പോള്‍ പറയുന്നത് പത്തപ്പിരിയം സംവാദം അവരെ സംബന്ധിച്ചിടത്തോളം വിജയത്തിന്റെ ഒരു പൊന്‍തൂവലായിരുന്നുവെന്നാണ്. ഇയാളും സഹലേഖകരുമെന്തേ ഒറ്റ ലക്കം കൊണ്ട് കോഴിച്ചെന ഖത്തം തീര്‍ത്തുകളഞ്ഞത്? ഏഴുമാസത്തിനിടക്ക് അതിനെക്കുറിച്ച് ഒരക്ഷരമെഴുതാത്തത് ആ പൊന്‍തൂവല്‍ ഒടിഞ്ഞുപോയതുകൊണ്ടാണോ? മുജാഹിദുകള്‍ക്കറിയേണ്ടിയിരുന്നത് ഫൈസല്‍ മുസ്‌ല്യാര്‍ ദുര്‍വ്യാഖ്യാനം നടത്തിയോ എന്ന് മാത്രമായിരുന്നില്ല. വസീലത്ത് മാത്രമാകുന്ന ജിന്നുവിളിക്ക് പ്രമാണമുണ്ടോ എന്നുകൂടിയായിരുന്നു. അതില്ലെന്ന് പത്തപ്പിരിയം സംവാദത്തോടെ ജിന്നു വിഭാഗത്തിന്നും ബോധ്യപ്പെട്ടു.
വിചിന്തനത്തിലെ ഓരോ വാക്കിന്റെയും പിന്നാലെ നീണ്ട ലേഖനങ്ങളെഴുതുന്ന അല്‍ ഇസ്വ്‌ലാഹ് ലേഖകന്‍മാരാരും അന്‍ആം എന്നതുപോയിട്ട് `ആം’ എന്നുപോലും ഏഴു മാസത്തിനിടക്ക് മിണ്ടിയില്ല. ആലു ശൈഖിന്റെ ഫത്‌വ ചോദ്യമാക്കിയ ഫൈസല്‍ മുസ്‌ല്യാര്‍ക്ക് ചോദ്യം തിരിച്ചടിയായി, പരിക്കുപറ്റുന്ന തിരിച്ചടി. മുസ്‌ലിം ജിന്നിനോടുള്ള വിളിക്ക് തെളിവുണ്ടോ എന്ന നാസിര്‍ സുല്ലമിയുടെ ചോദ്യത്തിന്ന് കാഫിര്‍ ജിന്നുകളെപ്പറ്റിയുള്ള ആയത്താണോതിയത് എന്നും മുസ്‌ല്യാര്‍ ചോദ്യമാക്കിയ ഫത്‌വയില്‍ കാഫിര്‍ ജിന്നിനെ വിളിക്കുന്ന ഇസ്‌തിംതാഅ് അല്ല പറഞ്ഞതെന്നും അബ്‌ദുറഹ്‌മാന്‍ സലഫി മറുപടി കൊടുത്തപ്പോള്‍ സാമാന്യ ബുദ്ധിയുള്ളവരും മുന്‍വിധിയില്ലാത്തവരുമായ ശ്രോതാക്കള്‍ക്ക് മുസ്‌ല്യാരുടെ ദുര്‍വ്യാഖ്യാനം മനസ്സിലായി. ചൂണ്ടലിടുമ്പോഴുള്ള ജിന്നുവിളിയും പുഴയില്‍ മുങ്ങുമ്പോഴുള്ള ജിന്നുവിളിയും, ജിന്നിന്റെ പ്രകൃതത്തിന്നനുസരിച്ച് അതിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യത്തിന്ന് ആവശ്യപ്പെടലും ശിര്‍ക്കല്ലെന്ന് എഴുതിയതും പറഞ്ഞതും വസീലത്തുശ്‌ശിര്‍ക്കില്‍ പരിമിതമായ ഒരു വിളിയുണ്ട് എന്നാണല്ലോ മുജാഹിദുകളെ ധരിപ്പിച്ചത്. ആ വിളിക്കാണ് തെളിവു ചോദിച്ചത്. അതിന്നാണ് അന്‍ആം 128 കോഴിച്ചെനയില്‍ മുസ്‌ല്യാരുദ്ധരിച്ചത്. ഈ മര്‍മം മറക്കലിന്ന് തന്റെ വാചാലത ഉപയോഗിച്ചു എന്ന് മുസ്‌ല്യാര്‍ക്കാശ്വസിക്കാം; കാന്തപുരം മുസ്‌ല്യാര്‍ ആശ്വസിച്ചപോലെ.
അല്‍ ഇസ്‌ലാഹില്‍ നീട്ടിയെഴുതാന്‍ പറ്റിയ പലരുമുണ്ടല്ലോ. ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക് ക്വുര്‍ആനില്‍ തെളിവുണ്ടെങ്കില്‍ രംഗം ചൂടുപിടിച്ച ഈയവസരത്തില്‍ അതു മൂടിവെക്കരുത്. അവയുദ്ധരിച്ച് വിചിന്തനത്തെ ഒന്നടിച്ചുനോക്കൂ.
(തുടരും)