Saturday, December 28, 2013

പത്തപ്പിരിയം സംവാദം: വസീലത്തുശ്‌ശിര്‍ക്കായ ജിന്ന്‌ വിളിക്ക്‌ ക്വുര്‍ആനില്‍ തെളിവില്ലെന്ന്‌ സമ്മതിച്ചു

പത്തപ്പിരിയം സംവാദത്തോടെ ഒരു സത്യം കേരള മുസ്‌ലിംകള്‍ക്ക്‌ ബോധ്യമായി. ശിര്‍ക്കല്ലാത്തതും വസീലത്തശ്‌ശിര്‍ക്കാവുന്നതുമായ ജിന്നുതേട്ടത്തിന്‌ ക്വുര്‍ആനില്‍ തെളവില്ലെന്ന്‌. അന്‍ആം 128-ാം ആയത്ത്‌ വസീലത്തുശ്‌ശിര്‍ക്കിന്ന്‌ തെളിവാണെന്ന്‌ ക്വുര്‍തുബിയോ ഇബ്‌നു അബ്ബാസോ പറഞ്ഞുവെന്ന്‌ കോഴിച്ചെന സംവാദത്തില്‍ താന്‍ പറഞ്ഞിട്ടില്ല എന്ന്‌ ജിന്നു സൈദ്ധാന്തികന്‍ ഫൈസല്‍ മുസ്‌ല്യാര്‍ നിഷേധിച്ചതോടെ ആ സത്യമാണ്‌ ജിന്നു വാദികളെ പേടിപ്പിക്കുന്ന ഒരു ഭീകര സ്വത്വമായി എഴുന്നേറ്റ്‌ ഇരിപ്പുറപ്പിച്ചത്‌. ഹദീഥില്‍ ശിര്‍ക്കില്ലാത്ത ജിന്നു വിളിക്ക്‌ തെളിവില്ലെന്ന്‌ ജിന്ന്‌ ഉപസൈദ്ധാന്തികന്‍ ബഷീര്‍ സലഫി വിചിന്തനവുമായുള്ള ഏറ്റുമുട്ടലില്‍ അല്‍ ഇസ്വ്‌ലാഹിലൂടെ സമ്മതിച്ചിട്ടുണ്ട്‌. മനുഷ്യരുടെ വിളികളെ ശിര്‍ക്കായത്‌ ശിര്‍ക്കല്ലാത്തത്‌ എന്ന്‌ നബി (സ്വ) വിഭജിച്ചിട്ടുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ്‌ ഉപസൈദ്ധാന്തികന്റെ ഈ സമ്മതിക്കല്‍.

സഹായത്തേട്ടത്തിനല്ല താന്‍ അന്‍ആം 128 തെളിവാക്കിയതെന്നും ക്വുര്‍തുബിയെയും ഇബ്‌നു അബ്ബാസിനെയും പരാമര്‍ശിച്ചതെന്നും പത്തപ്പിരിയം സംവാദത്തില്‍ പറഞ്ഞ ഫൈസല്‍ മുസ്‌ല്യാര്‍ക്ക്‌ ഇനിയും അവസരമുണ്ട്‌. കോഴിച്ചെനയിലെ ചോദ്യം അല്‍ ഇസ്വ്‌ലാഹില്‍ നിന്ന്‌ ഉദ്ധരിക്കുന്നു, അതിന്‌ മറുപടി എഴുതുക.
'വിഷയാവതരണശേഷം കോക്കസുകാര്‍ക്കായിരുന്നു ആദ്യ ചോദ്യത്തിനുള്ള അവസരം. മുസ്‌ലിം ജിന്നിനോടുള്ള സഹായത്തേട്ടത്തില്‍ വസീലത്തുശ്‌ശിര്‍ക്ക്‌ ആവുന്നതിന്‌ ആയത്തോതാനയിരുന്നു ഒന്നാമത്തെ ചോദ്യം’ (അല്‍ ഇസ്‌ലാഹ്‌ 2013 ഏപ്രില്‍ പേ. 38)
സഹായത്തേട്ടത്തിന്‌ ക്വുര്‍തുബിയെയോ ഇബ്‌നു അബ്ബാസിനെയോ താന്‍ ഉദ്ധരിച്ചിട്ടില്ല എന്ന്‌ അബ്‌ദുറഹ്‌മാന്‍ സലഫിയുടെ മുമ്പില്‍ പത്തപ്പിരിയത്തു പറഞ്ഞതോടെ കോഴിച്ചെനയില്‍ പറഞ്ഞ മറുപടി ചോദ്യത്തിനല്ല എന്ന്‌ വ്യക്തമായി.

കേള്‍വിയുടെ പരിധിയിലുള്ള മനുഷ്യരെ വിളിച്ചു കൊണ്ടും കേള്‍വിയുടെ പരിധിക്കപ്പുറത്തുള്ളവരെ വിളിക്കാതിരുന്നുകൊണ്ടും ആ സാഹചര്യത്തില്‍ `ഞങ്ങള്‍ക്കുണ്ടായ ഈ പ്രശ്‌നം നീ ഞങ്ങളുടെ നബിയെ അറിയിക്കേണമേ അല്ലാഹുവേ’ എന്ന്‌ പ്രാര്‍ഥിച്ചുകൊണ്ടും മനുഷ്യവിളിക്ക്‌ വിഭജനമുണ്ടെന്ന്‌ വിചിന്തനം തെളിയിച്ചിട്ട്‌ ബഷീര്‍ സലഫി ഇന്നേവരെ മിണ്ടിയില്ല. (എന്നിട്ട്‌ പുള്ളി അയാളുടെ 37-ാം ചോദ്യവുമായി മനപ്പായസം കുടിക്കുകയാണ്‌) 'ജിന്നുകളോടുള്ള സഹായാര്‍ഥന അവിടെയിരിക്കട്ടെ. മനുഷ്യര്‍ മനുഷ്യരോട്‌ നടത്തുന്ന സഹായാര്‍ഥന ശിര്‍ക്കാകുന്ന സഹായാര്‍ഥന, ശിര്‍ക്കല്ലാത്ത സഹായാര്‍ഥന എന്നിങ്ങനെ രണ്ടായി വിഭജിച്ചുകൊണ്ട്‌ നബി (സ്വ)യോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഏപ്രില്‍)

അപ്പോള്‍ വസീലത്തുശ്‌ശിര്‍ക്കിന്‌ ഹദീഥില്ലെന്ന്‌ ഉപസൈദ്ധാന്തികനും, ക്വുര്‍ആനില്‍ ഇല്ലെന്ന്‌ ഫൈസല്‍ മുസ്‌ല്യാരും സമ്മതിച്ചു. ഇവിടെ അടിസ്ഥാനപരമായ തര്‍ക്കം ജിന്ന്‌ വിളിയില്‍ ശിര്‍ക്കാകുന്നതും അല്ലാത്തതുമുണ്ടോ എന്നതാണ്‌. വസീലത്ത്‌ശ്‌ശിര്‍ക്ക്‌ മാത്രമാകുന്ന ജിന്ന്‌ വിളിക്ക്‌ പ്രമാണമുണ്ടോ എന്നായിരുന്നു കോഴിച്ചെനയില്‍ നാസര്‍ സുല്ലമി ചോദിച്ചത്‌ എന്ന്‌ മുകളില്‍ കണ്ടല്ലോ. ഉണ്ടെന്ന വീരവാദത്തോടെയാണ്‌ മുസ്‌ല്യാര്‍ അന്‍ആം 128-ാം സൂക്തമുദ്ധരിച്ചത്‌. മീഡിയകളിലൂടെ അതു കേട്ടുകൊണ്ടിരുന്നവര്‍ മാത്രമല്ല ആ സദസ്സിലുണ്ടായിരുന്നവരും മുസ്‌ല്യാരോതിയത്‌ വസീലത്ത്‌ ശ്‌ശിര്‍ക്കായ ജിന്ന്‌ വിളിക്ക്‌ തെളിവായിട്ടാണത്‌ എന്നാണ്‌ മനസ്സിലാക്കിയത്‌. ഇസ്‌തിംതാ ഇന്ന്‌ തെളിവുണ്ടോ എന്നായിരുന്നില്ല ചോദ്യം. അത്‌ സംവാദ വിഷയമോ തര്‍ക്കവിഷയമോ ആയിരുന്നില്ല താനും. അതുകൊണ്ടാണ്‌ പ്രസ്‌തുത സൂക്തത്തിന്‌ മുസ്‌ല്യാരര്‍ഥം പറഞ്ഞാല്‍ പോരാ-ഏത്‌ സ്വഹാബി പറഞ്ഞു ഏത്‌ താബിഉ്‌ പറഞ്ഞു. എന്നെല്ലാം വിശദീകരിക്കണമെന്ന്‌ സുല്ലമി ആവശ്യപ്പെട്ടതും അതിനുള്ള പ്രതികരണമെന്ന നിലക്കാണ്‌ ഇബ്‌നു അബ്ബാസ്‌ ക്വുര്‍തുബി തുടങ്ങിയവരെ മുസ്‌ല്യാരുദ്ധരിച്ചതും സംവാദം അവസാനിക്കുന്നത്‌ വരെ മുസ്‌ല്യാര്‌ താനോതിയത്‌ ഇസ്‌തിംതാ ഇന്നുള്ള തെളിവാണ്‌. അല്ലാതെ ജിന്നിനോട്‌ വസീലത്ത്‌ ശ്‌ശിര്‍ക്കാകുന്ന ഇസ്‌തിആനത്തിനുള്ള തെളിവല്ല എന്ന്‌ പറഞ്ഞില്ല- പ്രതിയോഗികളെ മാത്രമല്ല സ്വന്തം അനുയായികളെപ്പോലും ക്രൂരമായി കബളിപ്പിക്കുകയായിരുന്നു മുസ്‌ല്യാര്‍ ചെയ്‌തത്‌. അവസാനം ഏറെ വെല്ലുവിളികള്‍ക്ക്‌ ശേഷം പത്തപ്പിരിയത്ത്‌ സലഫിയുമായി സംവാദത്തിന്‌ നിര്‍ബന്ധിതനായപ്പോള്‍ മുസ്‌ല്യാര്‍ താന്‍ ക്വുര്‍തുബി ഉദ്ധരിച്ചത്‌ വസീലത്ത്‌ശ്‌ശിര്‍ക്കാണ്‌ പ്രസ്‌തുത ജിന്ന്‌ വിളി എന്നതിന്‌ തെളിവായല്ല എന്നദ്ദേഹം സമ്മതിക്കേണ്ടി വന്നു. എന്നിട്ടും ജിന്നുവാദിക്കുട്ടികള്‍ പറയുന്നു. മുസ്‌ല്യാരന്ന്‌ ആയത്ത്‌ ദുര്‍വ്യാഖ്യാനം ചെയ്‌തില്ലെന്ന്‌. മാത്രമല്ല കോഴിച്ചെന സംവാദം സംഘടിപ്പിച്ച വ്യക്തി തന്നെ അവിടെ വെച്ച്‌ സത്യം മനസ്സിലാക്കിയപ്പോള്‍ ജിന്ന്‌ വാദിയായത്രെ! ആ വ്യക്തി അത്‌ സംഘടിപ്പിക്കുന്നത്‌ വരെ ആരായിരുന്നു എന്നത്‌ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം. പന്നിപ്പാറ സംവാദത്തിന്‌ കാര്‍മികത്വം നല്‍കിയ വീട്ടുകാരും സംവാദശേഷം ജിന്ന്‌ വാദികളായതാണോ എന്നത്‌ അന്നാട്ടുകാര്‍ക്ക്‌ അറിയാം. ഇപ്പോള്‍ നൂറുക്കണക്കിന്‌ ജിന്ന്‌ വാദി പ്രവര്‍ത്തകര്‍ മാറി ചിന്തിക്കുകയും മാതൃപ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്യുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുന്നു. പ്രസ്ഥാനത്തെ രണ്ടാക്കി ഇനി കൂടെയുള്ളത്‌ തുണ്ടം തുണ്ടമായാലും താനൊന്നുമറിഞ്ഞില്ല `രാമനാരായണ’ എന്ന മട്ടില്‍ ഒന്നാം ഇമാമ്‌ കടലിന്നക്കരെ സ്ഥിരതാമസമാക്കാനൊരുങ്ങുന്നു എന്ന്‌ കേള്‍ക്കുന്നു. (സംവാദവെല്ലുവിളി ഭയന്നിട്ടാണെന്നും അഭിപ്രായമുണ്ട്‌) നാസറുദ്ദീന്‍ റഹ്‌മാനി തുടങ്ങി നിരവധി പണ്‌ഡിതന്‍മാര്‍ ജിന്ന്‌ വണ്ടിയില്‍ നിന്നും ചാടിയിറങ്ങിക്കഴിഞ്ഞു. ഡ്രൈവറും കണ്ടക്‌ടറും ക്ലീനറും തമ്മില്‍ പോര്‌ രൂക്ഷമാകുന്നതിന്‌ മുമ്പ്‌ തടി സലാമത്താക്കണമെന്ന്‌ ചിന്തിക്കുന്നവരും ഏറെയാണ്‌. എല്ലാം ഈ മുസ്‌ല്യാരുകുട്ടി നടത്തിയ മുഖാമുഖ സംവാദങ്ങളുടെ പരിണിതഫലമെന്ന്‌ പറയുന്നില്ല. അതില്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളും ആദര്‍ശരാഹിത്യവും ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതും പ്രധാന കാരണം തന്നെയാണ്‌.

പത്തപ്പിരിയം സംവാദം ജിന്നുവാദികളുടെ മൂര്‍ദ്ധാവില്‍ തറച്ച അവസാനത്തെ ആണിയാണ്‌. ഇസ്‌തിംതാഇല്‍ പിശാചുമായുള്ള എല്ലാ ബന്ധങ്ങളും പെടും. അതില്‍ ശിര്‍ക്കാവുന്നതും അല്ലാത്തതുമുണ്ടാകും. ശിര്‍ക്കാകുന്ന ഇസ്‌തിംതാഅ്‌ നടത്തിയവരെ ശാശ്വതമായി നരകത്തിലും അല്ലാത്തവരെ അല്ലാഹു ഉദ്ദേശിക്കുന്ന കാലയളവിലും നരകത്തിലിട്ടേക്കാം. പ്രസ്‌തുത ഇസ്‌തിംതാഇല്‍ ശിര്‍ക്കിലേക്ക്‌ മാര്‍ഗമാകുന്ന പ്രവൃത്തികളും ഉണ്ടായേക്കാം. പക്ഷേ അതുകൊണ്ടൊന്നും ശിര്‍ക്കാകാത്ത ജിന്ന്‌ വിളിയുണ്ടെന്ന്‌ തെളിവ്‌ കിട്ടില്ല. ഇവിടെ അത്തരത്തിലുള്ള ഒരു ഇസ്‌തിആനത്തിന്‌ തെളിവെവിടെ? ഇല്ലേയില്ല. ഉണ്ടെന്നാദ്യം തെളിയിക്കുക. അതിന്‌ മുസ്‌ല്യാര്‍ക്ക്‌ കോഴിച്ചെനയിലും കഴിഞ്ഞില്ല. പത്തപ്പിരിയത്തും കഴിഞ്ഞില്ല. അതിന്‌ വേണ്ടിയാണ്‌ താനായത്തോതിയതെന്നയാള്‍ പത്തപ്പിരിയം സംവാദം നടക്കുന്നത്‌ വരെ മാലോകരെ തെറ്റുധരിപ്പിച്ചു. മുജാഹിദ്‌ പണ്‌ഡിതന്‍മാര്‍ അതുകൊണ്ട്‌ തന്നെ അത്‌ ദുര്‍വ്യാഖ്യാനമാണന്ന്‌ അന്ന്‌ മുതല്‍ പറയാനും തുടങ്ങി. പക്ഷേ അദ്ദേഹം എവിടെയും തിരുത്തിയില്ല. മാത്രമല്ല താന്‍ അതിന്‌ വേണ്ടിയല്ല പ്രസ്‌തുത സൂക്തമുദ്ധരിച്ചതെന്നോ തഫ്‌സീറുദ്ധരിച്ചതെന്നോ മുസ്‌ല്യാര്‍ ഒരിടത്തും പറഞ്ഞതുമില്ല. അത്‌ പറയാന്‍ പത്തപ്പിരിയത്ത്‌ അബ്‌ദുറഹിമാന്‍ സലഫിയുടെ മുമ്പിലെത്തേണ്ടി വന്നു. അഥവാ ഈ സംവാദം നടന്നിരുന്നില്ലെങ്കില്‍ ഒരു കാലത്തും ഈ മുസ്‌ല്യാര്‍ ആ സത്യം തുറന്ന്‌ പറയില്ലായിരുന്നു. അനുയായികള്‍ വസീലത്ത്‌ശ്‌ശിര്‍ക്കാകുന്ന ജിന്ന്‌ വിളിക്ക്‌ വിശുദ്ധ ക്വുര്‍ആനില്‍ തന്നെ തെളിവുണ്ടെന്ന്‌ തെറ്റുധരിപ്പിച്ച്‌ ഈ മുസ്‌ല്യാരുടെ മദ്‌ഹ്‌ പാടി കാലം കഴിക്കുമായിരുന്നു.

പൊന്‍തൂവല്‍ ഒടിഞ്ഞോ?
കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാരുടെ സഹായിയായിരുന്ന മൊറയൂര്‍ സലഫി ഇപ്പോള്‍ പറയുന്നത്‌ പത്തപ്പിരിയം സംവാദം അവരെ സംബന്ധിച്ചിടത്തോളം വിജയത്തിന്റെ ഒരു പൊന്‍തൂവലായിരുന്നുവെന്നാണ്‌. ഇയാളും സഹലേഖകരുമെന്തേ ഒറ്റ ലക്കം കൊണ്ട്‌ കോഴിച്ചെന ഖത്തം തീര്‍ത്തുകളഞ്ഞത്‌? ഏഴുമാസത്തിനിടക്ക്‌ അതിനെക്കുറിച്ച്‌ ഒരക്ഷരമെഴുതാത്തത്‌ ആ പൊന്‍തൂവല്‍ ഒടിഞ്ഞുപോയതുകൊണ്ടാണോ? മുജാഹിദുകള്‍ക്കറിയേണ്ടിയിരുന്നത്‌ ഫൈസല്‍ മുസ്‌ല്യാര്‍ ദുര്‍വ്യാഖ്യാനം നടത്തിയോ എന്ന്‌ മാത്രമായിരുന്നില്ല. വസീലത്ത്‌ മാത്രമാകുന്ന ജിന്നുവിളിക്ക്‌ പ്രമാണമുണ്ടോ എന്നുകൂടിയായിരുന്നു. അതില്ലെന്ന്‌ പത്തപ്പിരിയം സംവാദത്തോടെ ജിന്നു വിഭാഗത്തിന്നും ബോധ്യപ്പെട്ടു.

വിചിന്തനത്തിലെ ഓരോ വാക്കിന്റെയും പിന്നാലെ നീണ്ട ലേഖനങ്ങളെഴുതുന്ന അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍മാരാരും അന്‍ആം എന്നതുപോയിട്ട്‌ `ആം’ എന്നുപോലും ഏഴു മാസത്തിനിടക്ക്‌ മിണ്ടിയില്ല. ആലു ശൈഖിന്റെ ഫത്‌വ ചോദ്യമാക്കിയ ഫൈസല്‍ മുസ്‌ല്യാര്‍ക്ക്‌ ചോദ്യം തിരിച്ചടിയായി, പരിക്കുപറ്റുന്ന തിരിച്ചടി. മുസ്‌ലിം ജിന്നിനോടുള്ള വിളിക്ക്‌ തെളിവുണ്ടോ എന്ന നാസിര്‍ സുല്ലമിയുടെ ചോദ്യത്തിന്ന്‌ കാഫിര്‍ ജിന്നുകളെപ്പറ്റിയുള്ള ആയത്താണോതിയത്‌ എന്നും മുസ്‌ല്യാര്‍ ചോദ്യമാക്കിയ ഫത്‌വയില്‍ കാഫിര്‍ ജിന്നിനെ വിളിക്കുന്ന ഇസ്‌തിംതാഅ്‌ അല്ല പറഞ്ഞതെന്നും അബ്‌ദുറഹ്‌മാന്‍ സലഫി മറുപടി കൊടുത്തപ്പോള്‍ സാമാന്യ ബുദ്ധിയുള്ളവരും മുന്‍വിധിയില്ലാത്തവരുമായ ശ്രോതാക്കള്‍ക്ക്‌ മുസ്‌ല്യാരുടെ ദുര്‍വ്യാഖ്യാനം മനസ്സിലായി. ചൂണ്ടലിടുമ്പോഴുള്ള ജിന്നുവിളിയും പുഴയില്‍ മുങ്ങുമ്പോഴുള്ള ജിന്നുവിളിയും, ജിന്നിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ അതിന്ന്‌ ചെയ്യാന്‍ കഴിയുന്ന കാര്യത്തിന്ന്‌ ആവശ്യപ്പെടലും ശിര്‍ക്കല്ലെന്ന്‌ എഴുതിയതും പറഞ്ഞതും വസീലത്തുശ്‌ശിര്‍ക്കില്‍ പരിമിതമായ ഒരു വിളിയുണ്ട്‌ എന്നാണല്ലോ മുജാഹിദുകളെ ധരിപ്പിച്ചത്‌. ആ വിളിക്കാണ്‌ തെളിവു ചോദിച്ചത്‌. അതിന്നാണ്‌ അന്‍ആം 128 കോഴിച്ചെനയില്‍ മുസ്‌ല്യാരുദ്ധരിച്ചത്‌. ഈ മര്‍മം മറക്കലിന്ന്‌ തന്റെ വാചാലത ഉപയോഗിച്ചു എന്ന്‌ മുസ്‌ല്യാര്‍ക്കാശ്വസിക്കാം; കാന്തപുരം മുസ്‌ല്യാര്‍ ആശ്വസിച്ചപോലെ.
അല്‍ ഇസ്‌ലാഹില്‍ നീട്ടിയെഴുതാന്‍ പറ്റിയ പലരുമുണ്ടല്ലോ. ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ ക്വുര്‍ആനില്‍ തെളിവുണ്ടെങ്കില്‍ രംഗം ചൂടുപിടിച്ച ഈയവസരത്തില്‍ അതു മൂടിവെക്കരുത്‌. അവയുദ്ധരിച്ച്‌ വിചിന്തനത്തെ ഒന്നടിച്ചുനോക്കൂ.

(തുടരും)

ജിന്ന്‌: സംശയനിവാരണം-5

സുലൈമാന്‍ നബിയുടെ സ്വഹാബിമാര്‍ ചോദിക്കാത്തത്‌
ലാ ഇലാഹ ഇല്ലല്ലാഹു പ്രബോധനം ചെയ്‌ത സുലൈമാന്‍ (അ) ജിന്നുകളോട്‌ പല കാര്യങ്ങളും ആവശ്യപ്പെടുന്നത്‌ കണ്ട പ്രബോധിതരിലാരെങ്കിലും താങ്കള്‍ ഞങ്ങളോട്‌ പ്രബോധനം ചെയ്യുന്നതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണോ എന്ന്‌ ചോദിച്ച്‌ സംശയത്തിലായോ? അഥവാ `ലാ ഇലാഹ ഇല്ലല്ലാഹ്‌’ ക്ക്‌ വിരുദ്ധമായാണ്‌ സുലൈമാന്‍ (അ) പ്രവര്‍ത്തിച്ചത്‌ എന്ന്‌ തെറ്റുധരിച്ചോ? (അല്‍ ഇസ്‌ലാഹ്‌ 2013 ഡിസം. പേ. 37) ഇതിനെക്കുറിച്ച്‌?

ഉ: അവര്‍ ചോദിച്ചതുമില്ല. തെറ്റുധരിച്ചതുമില്ല. എന്തുകൊണ്ടെന്നാല്‍ സുലൈമാന്‍ നബി ജിന്നുകളോട്‌ പണിയെടുപ്പിച്ചത്‌ അദ്ദേഹത്തിന്റെ മുഅ്‌ജിസത്താണ്‌ എന്ന്‌ അവര്‍ക്കറിയാമായിരുന്നു.

തുടക്കവും വളര്‍ച്ചയും യാഇബാദല്ലാഹി ഇല്ലാതെ
വിചിന്തനം 2013 നവം.1ലെ `തുടക്കം യാഇബാദല്ലാഹി ഇല്ലാതെ’ എന്ന ലേഖനം വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന്‌ ഒളിച്ചോടാനുള്ള തന്ത്രമാണെന്ന അല്‍ ഇസ്വ്‌ലാഹിന്റെ ആരോപണത്തെക്കുറിച്ച്‌?

ഉ: ഉത്തരം മുട്ടിയവന്റെ അങ്കലാപ്പാണ്‌ ആ ആരോപണം. അല്‍ ഇസ്‌ലാഹ്‌ ലേഖകനും വിചന്തനം ലേഖകനും പങ്കെടുത്ത 26.12.11ന്റെ ദൗറയില്‍ അബ്‌ദുല്‍ ജബ്ബാര്‍ മൗലവി പറഞ്ഞത്‌, ജിന്നിനെ ഉദ്ദേശിച്ച്‌ വെളിച്ചം തരണമേ എന്ന്‌ അപേക്ഷിച്ചാല്‍ ശിര്‍ക്കാവുകയില്ല എന്ന ഇസ്‌ലാഹ്‌ മാസികയിലെ തന്റെ കുറിപ്പിന്‌ യാഇബദല്ലാഹി അഈനൂനീ എന്ന ഹദീഥുമായി ഒരു ബന്ധവുമില്ലെന്നാണ.്‌ ദൗറയില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ അദ്ദേഹം `യാഇബാദല്ലാഹ്‌ അഈനൂനീ’ എന്നു പറഞ്ഞത്‌ പുളിക്കല്‍ ജാമിഅ സലഫിയ്യ: വിജന മരുഭൂമിയായതുകൊണ്ടല്ല. അത്‌ സ്വതന്ത്രമായ ജിന്നുവിളിയായിരുന്നു. യാഇബാദല്ലാഹി… എന്ന ദുര്‍ബ്ബല ഹദീഥിനെ ആശ്രയിക്കാതെയാണ്‌ വിവാദത്തിന്റെ തുടക്കവും വളര്‍ച്ചയും എന്ന്‌ വിചിന്തനത്തിന്റെ പ്രസ്‌തുത ലക്കത്തില്‍ സ്ഥാപിച്ചതിനെ തൊടാന്‍പോലും അല്‍ ഇസ്‌ലാഹിന്ന്‌ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അന്‍ആം 128ഉം സുലൈമാന്‍ നബി ജിന്നിനെക്കൊണ്ട്‌ ആഴിയില്‍ നിന്ന്‌ മുത്തുവാരിച്ചത്‌ മെഴുകുതിരി കൊണ്ടുവരലുമായി ബന്ധിച്ചാണല്ലോ ചര്‍ച്ച. ഇവിടെയുമില്ല യാഇബാദല്ലാഹി എന്ന ദുര്‍ബല ഹദീഥ്‌.

വിചിന്തനത്തിലെ തുറന്ന കത്ത്‌
പതിനെട്ടു പേജ്‌ നീളമുള്ള മുബാറക്‌ മദീനിയുടെ തുറന്ന കത്തിന്‌ മറുപടിയെന്ന പേരില്‍ തിരിച്ചൊരു തുറന്ന കത്തയക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത്‌ മുബാറക്കിന്റെ കത്ത്‌ മുഴുവനായി ഒന്നു വായിക്കുകയെങ്കിലും വേണ്ടിയിരുന്നില്ലേ? എന്ന അല്‍ ഇസ്വലാഹ്‌ ഡിസംബര്‍ 2013 ലെ വരികളെക്കുറിച്ച്‌ എന്ത്‌ പറയുന്നു?

ഉ: വിചിന്തനത്തിലെ തുറന്ന കത്ത്‌, അല്‍ ഇസ്വ്‌ലാഹിലെ കത്തിന്റെ മറുപടിയാണെന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ പറഞ്ഞത്‌ കളവാണ്‌. എന്റെ വീട്ടില്‍വെച്ച്‌ നടന്ന ആദര്‍ശ സംവാദത്തിന്റെയടിസ്ഥാനത്തിലുള്ള അതിപ്രധാനമായ ആശയ പ്രശ്‌നമാണ്‌ അതിലുള്ളത്‌. അങ്ങനെയൊന്ന്‌ നടന്നിട്ടില്ലെന്നോ നടന്നതില്‍ അങ്ങനയൊരു വിഷയം ഉണ്ടായിട്ടില്ലെന്നോ കത്ത്‌ അയക്കപ്പെട്ടയാള്‍ നിഷേധിച്ചിട്ടില്ലല്ലോ. കോഴിച്ചെന സംവാദത്തില്‍ മുസ്‌ല്യാര്‍ക്ക്‌ പറയേണ്ടി വന്ന അഭൗതികം തന്നെയായിരുന്നു അതിന്റെ രണ്ടു മാസം മുമ്പ്‌ ഈയുള്ളവന്‍ വീട്ടില്‍വെച്ച്‌ വ്യക്തമാക്കിയ അഭൗതികം എന്നതാണ്‌ കത്തിലെ മര്‍മം.

സുലൈമാന്‍ നബി തൗഹീദി വിരുദ്ധ പ്രവര്‍ത്തനം ചെയ്‌തുവോ?
ജിന്നിനോടുള്ള സഹായാര്‍ഥനയുടെ വിധിയെപ്പറ്റി നിരുപാധികം ശിര്‍ക്ക്‌ എന്നു പറയുമ്പോള്‍ സുലൈമാന്‍ നബി (അ)യെയും ആ പട്ടികയില്‍ ചേര്‍ക്കേണ്ടി വരും. സുലൈമാന്‍(അ) ജിന്നുകളോട്‌ പല കാര്യങ്ങളും ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തതാണല്ലോ? (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസം. പേ. 37) ഇതിനെക്കുറിച്ച്‌?

ഉ: യഥാര്‍ഥ മുജാഹിദുകള്‍ക്ക്‌ സുലൈമാന്‍ നബി(അ)യെ ശിര്‍ക്കുകാരുടെ പട്ടികയില്‍ ചേര്‍ക്കേണ്ടി വരില്ല. അത്‌ അദ്ദേഹത്തിന്റേത്‌ മുഅ്‌ജിസത്താണെന്നും എനിക്കുശേഷം മറ്റാര്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച എനിക്കു തരണമേ എന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചുകൊണ്ടാണ്‌ കടലില്‍ മുങ്ങി മുത്തുകള്‍ വാരിക്കൊടുക്കുകയും പടുകൂറ്റന്‍ കെട്ടിടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യാന്‍ ശൈത്വാന്‍മാരെ അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്തത്‌. അതില്‍ നിന്ന്‌, പുഴയില്‍ വീണവന്‍ കരയിലെ ജിന്നിനോട്‌ സഹായം തേടിയാല്‍ ശിര്‍ക്കാവില്ല, വസീലത്തുശ്‌ശിര്‍ക്കേ ആവുകയുള്ളൂ എന്ന്‌ വിധി കണ്ടെത്തിയത്‌ അപകടമാണ്‌. അതാണ്‌ സക്കരിയ്യാ സ്വലാഹി പക്ഷക്കാര്‍ക്കു സംഭവിച്ചത്‌.

വിശദീകരണം ലഭിച്ചില്ലെന്ന്‌
സബഇലെ രാജ്ഞിയുടെ സിംഹാസനം നിമിഷനേരംകൊണ്ട്‌ സുലൈമാന്‍ നബിയുടെ അരികിലെത്തിക്കാന്‍ ജിന്നിന്റെ കൂട്ടത്തിലെ മല്ലന്‌ കഴിയുമെന്ന്‌ വിശ്വസിക്കുന്നത്‌ ശിര്‍ക്കല്ലെങ്കില്‍ അതിനെക്കാള്‍ എത്രയോ നിസ്സാരമായ മെഴുകുതിരി കൊണ്ടുവരാന്‍ ഏതെങ്കിലും ജിന്നിന്‌ കഴിയുമെന്ന്‌ കരുതുന്നതെങ്ങനെ ശിര്‍ക്കാകും? സിംഹാസനം കൊണ്ടുവരാനുള്ള ജിന്നിന്റെ കഴിവില്‍ വിശ്വസിക്കുന്നത്‌ ശിര്‍ക്കാണ്‌ എന്ന്‌ പറയുമെന്നു തോന്നുന്നില്ല. എങ്കില്‍ മെഴുകുതിരി കൊണ്ടുവരാന്‍ കഴിയുമെന്ന്‌ കരുതുന്നതെങ്ങനെ ശിര്‍ക്കാകും എന്നതാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ പന്നൂരിനോട്‌ ചോദിച്ചത്‌. ഇതുവരെയും ആ ചോദ്യത്തിന്‌ പന്നൂര്‍ ഒരു വിശദീകരണം നല്‍കിയിട്ടില്ല (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസം)

ഉ: വിചിന്തനത്തിന്റെ ചോദ്യത്തിനു മുമ്പില്‍ ഉത്തരം മുട്ടുമ്പോള്‍, ഉത്തരം പറയാന്‍ പാകത്തില്‍ ചോദ്യത്തെ മാറ്റുക എന്ന കുതന്ത്രമാണ്‌ മേല്‍വരികളിലുള്ളത്‌. ജിന്നുകള്‍ക്ക്‌ കഴിവുകളുണ്ടെന്നും സുലൈമാന്‍ നബി അതുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ജിന്നുകള്‍ക്ക്‌ ഏതു കാലത്തും മനുഷ്യര്‍ക്ക്‌ ചെയ്യാന്‍ കഴിയാത്ത വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും നാം തര്‍ക്കമില്ലാതെ വിശ്വസിച്ചുപോരുന്ന കാര്യമാണ്‌. ആ കാര്യത്തില്‍ നിഷേധമില്ലാത്തിടത്തോളം കാലം മെഴുകുതിരി ഉപയോഗിച്ച്‌ സമര്‍ഥിക്കേണ്ടതില്ല. വിചിന്തനത്തിന്റെ ചോദ്യം ആ വിഷയത്തിലല്ല. അതിന്റെ തലക്കെട്ടു തന്നെ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍ ചോദ്യം മാറ്റിയവതരിപ്പിക്കുന്നു എന്ന്‌ തെളിയിക്കുന്നു. `ജിന്ന്‌ വെളിച്ചം തരുന്നതെങ്ങനെ?’ എന്നാണതിന്റെ തലക്കെട്ട്‌. ഉദ്ദേശ്യം സുലൈമാന്‍ നബിക്ക്‌ ജിന്ന്‌ സേവനം ചെയ്‌തതെങ്ങനെയെന്നല്ല. തന്റെ പ്രകൃതത്തിനനുസരിച്ച്‌ ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്നതാണ്‌. നമുക്ക്‌ വസ്‌തുക്കള്‍ നല്‍കല്‍ എന്ന അല്‍ ഇസ്വ്‌ലാഹുകാരുടെ സമര്‍ഥനം മുഖവിലക്കെടുത്ത്‌, വെളിച്ചം നല്‍കുന്നത്‌ ഏതു വസ്‌തുകൊണ്ടാണ്‌ എന്നാണ്‌ വിചിന്തനം ചോദിച്ചത്‌. ഇന്നേവരെ വിചിന്തനം അക്കാര്യം വിശദീകരിച്ചിട്ടില്ല എന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍ പറയുന്നത്‌ ഉത്തരം മുട്ടിയതിന്റെ ബേജാറുകൊണ്ടുണ്ടായ മറവികൊണ്ടാണ്‌. നോക്കൂ ആ മറന്ന കാര്യം.
`സുലൈമാന്‍ നബിക്ക്‌ ജിന്നുകള്‍ നിര്‍മിച്ചു കൊടുത്ത കെട്ടിടത്തിന്റെ വരാന്തയില്‍ അവര്‍ക്ക്‌ ഒരു മെഴുകുതിരി കത്തിച്ചുവെക്കാന്‍ കഴിയുമോ ഇല്ലേ എന്നതല്ല ബഷീര്‍ നമുക്കിടയിലുള്ള തര്‍ക്കം. നമുക്ക്‌ മെഴുകുതിരി തരാന്‍ ജിന്നിന്ന്‌ കഴിയുമോ എന്നതാണ്‌.’ (വിചിന്തനം 2013 ഒക്‌ടോ 25. പേ. 12. കോ. 5) മെഴുകുതിരിയുടെ പൊള്ളല്‍ ഉണക്കാന്‍ ഒരു വഴിയും കാണാതിരിക്കുമ്പോള്‍ തര്‍ക്കത്തിന്റെ മര്‍മം മാറ്റുകയാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍.
സുലൈമാന്‍ നബിയുടെ ജിന്ന്‌ പ്രശ്‌നമല്ല തര്‍ക്കം. നമ്മുടെ ജിന്നു വിളിയാണ്‌. ജിന്നിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ അതിന്ന്‌ ചെയ്യാന്‍ കഴിയുന്നത്‌ ചോദിക്കുന്നത്‌ ശിര്‍ക്കല്ല എന്ന്‌ 2012 ഡിസംബറിലെഴുതിയത്‌ അത്‌ വസീലത്തുശ്‌ശിര്‍ക്കാവും എന്ന അര്‍ത്ഥത്തിലല്ലേ? കോഴിച്ചെന സംവാദത്തില്‍ എല്ലാം ഹറാം എന്ന്‌ ഫൈസല്‍ മുസ്‌ല്യാര്‍ വ്യവസ്ഥയെഴുതിയത്‌ സുലൈമാന്‍ നബിക്കു ബാധകമാണോ? (കഴിഞ്ഞലക്കം വിചിന്തനം നോക്കുക) അതു സുലൈമാന്‍ നബിയെപ്പറ്റിയല്ലല്ലോ. നമ്മെപ്പറ്റിയാണ്‌. ഇവിടെയാണ്‌ ജിന്നിന്റെ മെഴുകുതിരികൊണ്ട്‌ അല്‍ ഇസ്‌ലാഹുകാരുടെ കൈപൊള്ളല്‍ പ്രകടമാക്കുന്നത്‌.

വിചിന്തനത്തില്‍ പറഞ്ഞ ബേക്ക്‌
വിചിന്തനത്തില്‍ പറഞ്ഞ ബേക്കും വസ്‌തുതയും അല്‍ ഇസ്വ്‌ലാഹിന്ന്‌ മനസ്സിലാക്കിയില്ലെന്ന്‌. വിശദീകരിക്കാമോ?
ഉ: ഒരാള്‍ വസ്‌തുത എന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ അവതരിപ്പിച്ച കാര്യം മുഖവിലക്കെടുത്ത്‌ വിചിന്തനം അതുദ്ധരിച്ചാല്‍ അതിനെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി എന്ന്‌ കുറ്റം പറയരുത്‌. പറഞ്ഞാല്‍ ബേക്ക്‌ എന്ന വാക്കിന്‌ മുന്നില്‍ എന്ന അര്‍ഥം പറയുന്നതുപോലെയാണ്‌. മുജാഹിദുകള്‍ക്കിടയുള്ള പ്രശ്‌നം `വസ്‌തുത’ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഇവര്‍ അവതരിപ്പിച്ചതു നോക്കൂ.

(ജിന്നുവിളി) ശിര്‍ക്കായതിനാല്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്ന്‌ ഒരു കൂട്ടരും ഒറ്റയടിക്ക്‌ എല്ലാം ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റുകയില്ലെങ്കിലും ഹറാമായതിനാല്‍ ചെയ്യാന്‍ പാടില്ലെന്ന്‌ മറ്റൊരു കൂട്ടരും പറയുന്നു എന്നതാണ്‌ വസ്‌തുത. (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രു. പേ. 37) ഇതിനെപ്പറ്റി സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി എന്നു പറയുന്നത്‌ `വാസ്‌തവത്തിന്‌ വാസ്‌തവവിരുദ്ധം എന്നു പറയുന്നതിന്നു തുല്യമാണ്‌. ഇതാണ്‌ വിചിന്തനം പറഞ്ഞത്‌.

കോഴിച്ചെന സംവാദത്തില്‍ ദുര്‍വ്യാഖ്യാനമുണ്ടോ?
കോഴിച്ചെന സംവാദത്തില്‍ അന്‍ആം 128ാം ആയത്ത്‌ ഫൈസല്‍ മുസ്‌ല്യാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുവോ? ഉണ്ടെങ്കില്‍ അതെങ്ങനെ?

ഉ: ചോദ്യം മുസ്‌ലിം ജിന്നിനോടുള്ള സഹായാര്‍ഥനക്ക്‌ തെളിവുണ്ടോ എന്നാണെന്ന്‌ ഫൈസല്‍ മുസ്‌ല്യാരുടെ സഹായിയായ അബ്‌ദുല്‍മാലിക്‌ സലഫി അല്‍ ഇസ്വ്‌ലാഹ്‌ മാസികയില്‍ തന്നെ പറയുന്നുണ്ട്‌. അതിന്‌ ഫൈസല്‍ മുസ്‌ല്യാര്‍ ഓതിയ ആയത്തില്‍ മനുഷ്യരില്‍ ഒരുപാട്‌ പേരെ വഴിപിഴപ്പിച്ച ജിന്നിനെക്കുറിച്ചുള്ള ആയത്താണ്‌. മുസ്‌ലിം ജിന്നിനോടുള്ള സഹായത്തേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ കാഫിര്‍ ജിന്നുകളെപ്പറ്റിയുള്ള ആയത്ത്‌ തെളിവാക്കുന്നത്‌ ആര്‍.കെ.ജി. നെയ്യ്‌ ചോദിക്കുന്നവന്‌ വിക്‌സ്‌ പൊതിഞ്ഞു കൊടുക്കുന്ന കച്ചവടക്കാരന്റെ വഞ്ചനപോലെയാണെന്ന്‌ വിചിന്തനം വാരിക (2013 മെയ്‌ 10ന്‌) എഴുതിയ ഖണ്‌ഡനത്തിന്‌ ഒരാളും ഇന്നേവരെ മറുപടി പറഞ്ഞിട്ടില്ല. സംവാദം കഴിഞ്ഞ ശേഷമിറങ്ങിയ ഏപ്രില്‍ ലക്കത്തോടെ അല്‍ ഇസ്വ്‌ലാഹ്‌ മാസിക കോഴിച്ചെന സംവാദത്തെക്കുറിച്ച്‌ ഒരക്ഷരം എഴുതിയിട്ടില്ല. ദുര്‍വ്യാഖ്യാനം പിടികൂടപ്പെട്ടു എന്നതുകൊണ്ടാണിത്‌.
പിശാചും മനുഷ്യനുമായുള്ള ഇസ്‌തിംതാഇല്‍ (പരസ്‌പരം ഉപയോഗപ്പെടുത്തലില്‍) ശിര്‍ക്കായ ഹറാം, വസീലത്തുശ്‌ശിര്‍ക്കായ ഹറാം ഇതു രണ്ടുമല്ലാത്ത വ്യഭിചാരം മദ്യപാനം പോലുള്ള ഹറാം എന്നിവ ഉള്‍പ്പെടുമെന്നതില്‍ തര്‍ക്കമില്ല. നരകത്തില്‍ പോകുന്നവരില്‍ വ്യഭിചാരവും മദ്യപാനവും നടത്തിയവരും ഉള്‍പ്പെടും. എന്നാല്‍ വ്യഭിചാരവും മദ്യപാനവും ഒരിക്കലും വസീലത്തുശ്‌ശിര്‍ക്ക്‌ ആവുകയില്ല.

ജിന്നിനെ അനുസരിക്കുന്നതില്‍ ശിര്‍ക്കുവരും എന്നതും ജിന്നിനോട്‌ സഹായം തേടുന്നതില്‍ വസീലത്തുശ്‌ശിര്‍ക്കുവരും എന്നതും രണ്ട്‌ വ്യത്യസ്‌ത ആശയമാണ്‌. ഞാന്‍ ക്വുര്‍തുബിയെയും ഇബ്‌നു അബ്ബാസിനെയും പരാമര്‍ശിച്ചത്‌ ജിന്നു വിളിക്കല്ല എന്നു മുസ്‌ല്യാര്‍ പത്തപ്പിരിയത്ത്‌ പറഞ്ഞതോടെ രണ്ടു സത്യം വെളിപ്പെട്ടു.
1. ശിര്‍ക്കല്ലാത്ത ജിന്നു വിളിക്ക്‌ ക്വുര്‍ആനില്‍ തെളിവില്ല.
2. മുസ്‌ലിം ജിന്നിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ കാഫിര്‍ ജിന്നിനെപ്പറ്റിയുള്ള ആയത്താണ്‌ ഫൈസല്‍ മുസ്‌ല്യാര്‍ ഓതിയത്‌ എന്നതിനാല്‍ നാസര്‍ സുല്ലമിയുടെ ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു.

ജിന്ന്‌: സംശയനിവാരണം -4

ജിന്നും കാര്യകാരണബന്ധവും

ജിന്ന്‌ കാര്യകാരണത്തിന്നപ്പുറമോ കാര്യകാരണത്തില്‍പെട്ടതോ?

ഉ: അല്ലാഹു പടച്ച ജീവികള്‍ മാത്രമല്ല എല്ലാ വസ്‌തുക്കളും കാര്യകാരണബന്ധത്തില്‍പെട്ടതാണ്‌. മാവില്‍നിന്ന്‌ മാങ്ങയേ ഉണ്ടാവുകയുള്ളൂ, ചക്ക ഉണ്ടാവുകയില്ല. പ്ലാവില്‍നിന്ന്‌ ചക്കയേ ഉണ്ടാവുകയുള്ളൂ, മാങ്ങ ഉണ്ടാവുകയില്ല. ഇത്‌ അല്ലാഹു നിശ്ചയിച്ച കാര്യകാരണമാണ്‌. ഈ ബന്ധം മനസ്സിലാക്കിക്കൊണ്ടുവേണം കൃഷി ചെയ്യാന്‍. റബ്ബര്‍ ഉല്‍പാദനം ആഗ്രഹിക്കുന്നവന്‍ അതിന്നായി തെങ്ങിന്‍തൈ വെക്കരുത്‌.
ജിന്നും മനുഷ്യരും വ്യത്യസ്‌ത പ്രകൃതികളോടെ അല്ലാഹു സൃഷ്‌ടിച്ച ജീവികളാണ്‌. ഇരുകൂട്ടരിലും അല്ലാഹുവിനെ അനുസരിക്കുന്നവരും ധിക്കരിക്കുന്നവരുമുണ്ട്‌. രണ്ടുകൂട്ടരും അവരവരുടെ പ്രകൃതത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അത്‌ കാര്യകാരണ ബന്ധത്തില്‍പെട്ടതു തന്നെ. അപ്പോള്‍ ഉദിക്കുന്ന പ്രശ്‌നം ജിന്ന്‌ കാര്യകാരണബന്ധത്തില്‍പെട്ടതാണെങ്കില്‍ നമ്മുടെ അടുത്തുള്ള ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ വിചിന്തനം പറയുന്നത്‌ എന്തുകൊണ്ടാണ്‌ എന്നതാണ്‌.

ജിന്ന്‌ കാര്യകാരണബന്ധത്തില്‍പെട്ടതാണെങ്കിലും മനുഷ്യന്റെ സഹായാഭ്യര്‍ഥന കേട്ട്‌ സഹായിക്കാന്‍ കഴിയുക എന്ന കാര്യകാരണം അതിന്നില്ല. ക്വുര്‍ആന്‍ പഠിച്ചവരും ഏകദൈവ വിശ്വാസികളും ജിന്നുകളിലുണ്ട്‌. എന്നാല്‍ നമുക്കൊരു തൗഹീദ്‌ ക്ലാസ്സ്‌ എടുത്തുതരണം എന്ന്‌ നാം ആവശ്യപ്പെട്ടാല്‍ അത്‌ നിര്‍വഹിച്ചുതരാനുള്ള കാര്യകാരണബന്ധം അവര്‍ക്കില്ല. അത്‌ ആവശ്യപ്പെട്ടാല്‍ ശിര്‍ക്കാണ്‌. അവരുടെ സാന്നിധ്യവും അസാന്നിധ്യവും നമുക്ക്‌ തുല്യമാണ്‌.

ജിന്ന്‌ മെഴുകുതിരി തരുമെന്നത്‌ കുസൃതി മറുപടിയെന്ന്‌
ജിന്നിന്ന്‌ മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ മാസിക മറുപടി രൂപത്തില്‍ നല്‍കിയ ചോദ്യം വിചിന്തനത്തിലെ കുസൃതിച്ചോദ്യത്തിന്നുള്ള കുസൃതി മറുപടിയാണെന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ പറയുന്നു, ഇതിനെക്കുറിച്ച്‌?

ഉ: വിചിന്തനം ചോദിച്ചതും കുസൃതിച്ചോദ്യമല്ല, അല്‍ ഇസ്‌്‌ലാഹ്‌ പറഞ്ഞത്‌ കുസൃതി മറുപടിയുമല്ല. ജിന്നിനോട്‌ വെളിച്ചം തരണമേ എന്ന്‌ പറയുന്നത്‌ അതിന്റെ കഴിവില്‍പെട്ടത്‌ ചോദിക്കലായതിനാല്‍ അത്‌ ശിര്‍ക്കാവുകയില്ലെന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ പറഞ്ഞതിനെ ഗൗരവത്തോടെ ഖണ്‌ഡിക്കുകയായിരുന്നു വിചിന്തനം. അതിങ്ങനെ..

“രാത്രിയിലെ കനത്ത ഇരുട്ടില്‍ ജിന്ന്‌, ചന്ദ്രനെ ഉദിപ്പിച്ചുകൊണ്ട്‌ വെളിച്ചം തരുമെന്ന്‌ അബ്‌ദുല്‍ ജബ്ബാര്‍ മൗലവി ഉദ്ദേശിച്ചിരിക്കില്ല. ജിന്ന്‌ ഒരു നക്ഷത്രത്തെ കൊഴിച്ചുവീഴ്‌ത്തി കൈയില്‍ വെച്ചുകൊടുക്കുമെന്നും മൗലവി ഉദ്ദേശിച്ചിരിക്കില്ല. ഉദ്ദേശിച്ചിരിക്കുക ഇനി പറയുന്നതാണ്‌. ജിന്ന്‌ ഒരു ടോര്‍ച്ചോ മെഴുകുതിരിയോ ചൂട്ടോ ചോദ്യകര്‍ത്താവിന്നു നല്‍കും. എങ്കിലല്ലേ സൃഷ്‌ടികളുടെ കഴിവില്‍പെടാത്തത്‌ എന്നും ആ തേട്ടം ശിര്‍ക്കുമല്ല എന്നും എഴുതിയതിന്ന്‌ അര്‍ഥമുള്ളൂ.” (വിചിന്തനം 2013 മെയ്‌ 24)

ഈ രീതിയിലല്ലാതെ സൂര്യനക്ഷത്രങ്ങള്‍ കൊണ്ടാവാനിടയില്ല എന്നിരിക്കെ വിചിന്തനത്തിലേത്‌ കുസൃതിച്ചോദ്യമാക്കുന്നതെങ്ങനെ? അതിന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ നല്‍കിയ മറുപടി കുസൃതിച്ചോദ്യമായിട്ടല്ല, പ്രമാണമുദ്ധരിച്ചുകൊണ്ടാണ.്‌ നോക്കൂ.

“ജിന്നുകളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന്‌ മനസ്സിലാകുന്നതിന്ന്‌ സുലൈമാന്‍ നബിയുടെ ചരിത്രത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മതി. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുകള്‍ വാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നിന്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ പന്നൂര്‍ (അല്‍ ഇസ്വ്‌ലാഹ്‌ 2013 ജൂലൈ)

കുസൃതി മറുപടിയാണ്‌ താനെഴുതിയത്‌ എന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍ എഴുതിയത്‌ ഉത്തരംമുട്ടിയതുകൊണ്ടാണ്‌. സുലൈമാന്‍ നബിയും ജിന്നുകളുമായും ബന്ധപ്പെട്ട ആയത്തുകളില്‍നിന്ന്‌ ജിന്നിന്ന്‌ മെഴുകുതിരി തരാന്‍ കഴിയും എന്ന്‌ മനസ്സിലാക്കണം എന്നാണ്‌ ലേഖകന്‍ പറഞ്ഞതിലെ ആശയം.

കാള വാല്‍ അനക്കുമ്പോള്‍
കോഴിച്ചെന സംവാദം വിലയിരുത്തിക്കൊണ്ട്‌ മുസ്‌ല്യാരുടെ സഹായിയായി വേദിയിലുണ്ടായിരുന്ന യുവപണ്‌ഡിതന്‍ എഴുതുന്നു.

“വിഷയാവതരണത്തിന്നുശേഷം കോക്കസുകാര്‍ക്കായിരുന്നു ആദ്യ ചോദ്യത്തിന്നുള്ള അവസരം. മുസ്‌ലിം ജിന്നിനോടുള്ള സഹായത്തേട്ടത്തില്‍ വസീലത്തുശ്‌ശിര്‍ക്ക്‌ ആകുമെന്നതിന്ന്‌ ആയത്ത്‌ ഓതണമെന്നായിരുന്നു ഒന്നാമത്തെ ചോദ്യം. കാള വാല്‍ പൊക്കുമ്പോള്‍തന്നെ അറിയാം എന്തിനാണെന്ന്‌ എന്ന്‌ പറഞ്ഞപോലെ കോക്കസുകാരുടെ ചോദ്യം ഇതായിരിക്കുമെന്ന്‌ ആദ്യമേ സൂചനകളിലൂടെ നാം മനസ്സിലാക്കിയതിനാല്‍ സുല്ലമി ചോദ്യം തുടങ്ങുന്നതിന്നു മുമ്പേ ഉത്തരത്തിന്ന്‌ ഫൈസല്‍ മൗലവി തയ്യാറായിരുന്നു.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഏപ്രില്‍) ഇതിനെക്കുറിച്ചെന്തു പറയുന്നു?

ഉ: നാസിര്‍ സുല്ലമിയുടെ ചോദ്യം, ശിര്‍ക്കാകുന്ന ജിന്ന്‌ വിളിക്ക്‌ തെളിവുദ്ധരിക്കാനല്ല എന്നും മുസ്‌ലിം ജിന്നിനെ വിളിച്ചാല്‍ വസീലത്തുശ്‌ശിര്‍ക്ക്‌ മാത്രമേ ആവുകയുള്ളൂ എന്നതിന്നുള്ള ആയത്ത്‌ ഓതാനാണെന്നും വ്യക്തമാക്കുന്ന മേല്‍ വരികള്‍ തെളിയിക്കുന്നത്‌ ഫൈസല്‍ മുസ്‌ല്യാരുടെ മറുപടി ചോദ്യത്തിന്നനുസരിച്ചല്ല എന്നാണ്‌. സത്യാന്വേഷികള്‍ക്ക്‌ കാര്യം ഗ്രഹിക്കാന്‍ പറ്റിയ ഈ വരികള്‍ അല്‍ ഇസ്വ്‌ലാഹില്‍ വന്നത്‌ വലിയ അനുഗ്രഹമായി. മുസ്‌ല്യാര്‍ക്ക്‌ ആദ്യചോദ്യം ഇതായിരിക്കുമെന്ന്‌ നേരത്തെ മനസ്സിലായത്‌ വിചിന്തനം വെണ്ടക്ക അക്ഷരത്തില്‍ ഈ ചോദ്യം സംവാദത്തിന്റെ ഒരു മാസം മുമ്പേ ചോദിച്ചിരുന്നു എന്നതുകൊണ്ടാണ്‌. അതിനാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറ്റിയ ഒരു മറുപടി മുസ്‌ല്യാര്‍ കണ്ടുപിടിച്ചു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌.

വിചിന്തനം വിട്ടത്‌ 
മുസ്‌ലിം ജിന്നിനോട്‌ സഹായം ചോദിക്കല്‍ വസീലത്തുശ്‌ശിര്‍ക്ക്‌ മാത്രമാണെന്ന്‌ വിചിന്തനം എഴുതി നിര്‍ത്തി, ശിര്‍ക്കാണെന്നത്‌ വിട്ടുകളഞ്ഞു എന്ന ആരോപണത്തെക്കുറിച്ച്‌?

ഉ: റിപ്പോര്‍ട്ട്‌ സ്വഭാവത്തിലുള്ള ആ പ്രഥമ കുറിപ്പില്‍ ശിര്‍ക്കാണെന്ന ഭാഗം ഇല്ലാതെ പോയത്‌ ജിന്നിന്റെ കഴിവില്‍പെട്ടത്‌ ചോദിച്ചാല്‍ ശിര്‍ക്കാവില്ല, വസീലത്തുശ്‌ശിര്‍ക്ക്‌ മാത്രമേ ആവുകയുള്ളൂ എന്നത്‌ അല്‍ ഇസ്വ്‌ലാഹുകാര്‍ക്കും ആ പക്ഷത്തുള്ള ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമായതുകൊണ്ടാണ്‌. പിന്നീട്‌ പല ലക്കങ്ങളിലും വിചിന്തനം അത്‌ പൂര്‍ണമായി കൊടുത്തിട്ടുണ്ട്‌. അത്‌ ഫൈസല്‍ മുസ്‌ല്യാര്‍ കണക്കിലെടുത്തിട്ടേയില്ല. നോക്കൂ. “മുസ്‌ലിം ജിന്നിനോടുള്ള ശിര്‍ക്കല്ലാത്ത വിളിക്കുള്ള തെളിവു ചോദിച്ചപ്പോള്‍, കാഫിര്‍ ജിന്നിനോടുള്ള ശിര്‍ക്കായ വിളിക്കുള്ള ആയത്താണോതിയത്‌” (വിചിന്തനം 2013 മെയ്‌ 24).

കോഴിച്ചെനയില്‍ ഫൈസല്‍ മുസ്‌ല്യാര്‍ ഒരു ഒറ്റമൂലി വാദം ഇറക്കിയിരിക്കയാണല്ലോ…. ജിന്നിനോടുള്ള സഹായ ചോദ്യത്തില്‍ ശിര്‍ക്കായതിന്ന്‌ രണ്ട്‌ ആയത്തും വസീലയാവുന്നതും ശിര്‍ക്കാവുന്നതുമുണ്ട്‌ എന്നതിന്ന്‌ ഒരായത്തും (അന്‍ആം 128) മൊത്തത്തില്‍ ശിര്‍ക്കാവുന്നതിന്ന്‌ മൂന്നും വസീലയാവുന്നതിന്‌ ഒരാ യത്തും ഫൈസല്‍ മുസ്‌ല്യാര്‍ ഓതി. (വിചിന്തനം-മെയ്‌ 10)
വിചിന്തനത്തെ അടിക്കാനുള്ള ഒരു വലിയ വടിയാണ്‌ മാര്‍ച്ച്‌ 22ലെ വിചിന്തനത്തില്‍ നിന്നു ജിന്നു പക്ഷത്തിന്ന്‌ ലഭിച്ചിരുന്നതെങ്കില്‍ എന്തേ ഒറ്റ ലക്കം (ഏപ്രില്‍) കൊണ്ട്‌ അല്‍ ഇസ്വ്‌ലാഹ്‌ കോഴിച്ചെന സംവാദം നിര്‍ത്തിക്കളഞ്ഞു? (അടുത്ത ലക്കത്തില്‍ വിചിന്തനം ആദ്യമെഴുതിയതും പിന്നീടെഴുതിയതില്‍ ചിലതും പുനഃപ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു. അതോടെ സംവാദ നായകന്റേയും സംവാദ നിരൂപകന്‍ കൂടിയായ സഹായിയുടേയും കുതന്ത്രം വ്യക്തമാവും.)

തേടാം എന്നു പറഞ്ഞുവോ?
'പ്രാര്‍ഥന തൗഹീദ്‌- വിവാദങ്ങളും വസ്‌തുതകളും’ എന്ന ഫൈസല്‍ മുസ്‌ല്യാരുടെ കൃതിയില്‍ അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയുടെ പേരില്‍ തെറ്റായ ആരോപണം ഉന്നയിച്ചതിന്‌ വിചിന്തനത്തിലെ ഒരുദ്ധരണി കൊടുത്തിട്ടുണ്ട്‌. അതിപ്രകാരമാണ്‌.
“ജിന്നുകളോ മലക്കുകളോ ആരായാലും സഹായിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ വിജന പ്രദേശത്തുവെച്ച്‌ യാഇബാദല്ലാഹ്‌ എന്നു വിളിക്കാം എന്ന്‌ ഞാന്‍ ഇസ്‌ലാഹിലെഴുതിയത്‌ നമ്മുടെ പ്രബോധന സംരംഭങ്ങള്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്‌ എന്ന്‌ ഞാന്‍ സമ്മതിക്കുന്നു’ (ഇ.കെ.എം. പന്നൂര്‍ 2012 നവം.16) ഇങ്ങനെ അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയെക്കുറിച്ച്‌ താങ്കള്‍ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലമെന്ത്‌?

ഉ: എഴുതിയിട്ടുണ്ട്‌. അതിന്റെ പശ്ചാത്തലം അതേ പേജില്‍തന്നെ വിശദമാക്കുകയും ജിന്നിനോട്‌ തേടാം’ എന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന മൗലവിയുടെ വാക്കുകള്‍ ഉദ്ധരിച്ചിട്ടുമുണ്ട്‌. ജിന്നിനോട്‌ വെളിച്ചം ചോദിക്കുന്നത്‌ അതിന്റെ കഴിവില്‍പെട്ടത്‌ ആവശ്യപ്പെടല്‍ ആയതിനാല്‍ അത്‌ പ്രാര്‍ഥനയാകില്ലെന്നും അതിനാല്‍ ശിര്‍ക്കാകില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കുശേഷം അദ്ദേഹം പലതവണ `യാഇബാദല്ലാഹി അഈനൂനി’ എന്ന്‌ സഹായം തേടിയതിന്റെ പശ്ചാത്തലത്തിലാണ്‌ അതെഴുതിയത്‌. ആ ഭാഗവും തേടാമെന്ന്‌ താന്‍ പറഞ്ഞിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രതികരണവും അടങ്ങിയ ഉദ്ധരണി കാണുക.

മലക്കുകള്‍ പാപികളുടെ മുഖത്തും മുതുകിലും അടിക്കും എന്ന്‌ ക്വുര്‍ആന്‍ പറയുന്നു. മലക്കുകള്‍ക്ക്‌ അടിക്കാനുള്ള കഴിവ്‌ അല്ലാഹു കൊടുത്തതാണ്‌. അതിനാല്‍ അടിക്കല്ലേ മലക്കേ എന്ന്‌ സഹായം തേടിക്കൂടേ എന്ന്‌ ഒരു സുന്നി ചോദിച്ചാല്‍ നാമെന്തു മറുപടി പറയും. അതിനാല്‍ വ്യക്തമായ ഒരു തിരുത്തിന്‌ താങ്കള്‍ തയ്യാറാകണം. അബ്‌ദുല്‍ജബ്ബാര്‍ മൗലവി ഇതിന്നു പറഞ്ഞത്‌ ജിന്നിനോട്‌ സഹായം തേടാമെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ല. ജിന്നുകളടക്കമുള്ളവര്‍ സഹായിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ `അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്ന്‌ പറഞ്ഞാല്‍ അതില്‍ ശിര്‍ക്കില്ല. അതു പ്രാര്‍ത്ഥനയല്ല എന്നേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നാണ്‌. (വിചിന്തനം 2012 നവംബര്‍ 16) അബ്‌ദുല്‍ജബ്ബാര്‍ മൗലവിയോട്‌ എന്ന തലക്കെട്ടില്‍ വിചിന്തനത്തില്‍ വന്ന മറ്റൊരു കുറിപ്പ്‌ കാണുക. “ജിന്നിനോട്‌ വെളിച്ചം ചോദിക്കുന്നത്‌ `എന്തല്ല’ (ശിര്‍ക്കല്ല) എന്ന്‌ താങ്കളെഴുതി. `എന്താണ്‌’ എന്നെഴുതിയില്ല. 2007 ഏപ്രിലിനും 2013 മെയ്‌ മാസത്തിനുമിടക്ക്‌ അത്‌ എന്താണ്‌ എന്ന്‌ എഴുതിയതായി ഈയുള്ളവന്‍ കണ്ടിട്ടില്ല. ആ വെളിച്ചതേട്ടം സൃഷ്‌ടികള്‍ക്ക്‌ നല്‍കപ്പെട്ട കഴിവ്‌ ചോദിക്കലാണെന്നും അതില്‍ അഭൗതികതയില്ലെന്നും പ്രാര്‍ഥനയില്ലെന്നും അതിനാല്‍ ശിര്‍ക്കാവില്ലെന്നും 26.12.11ന്റെ ദൗറയില്‍ താങ്കള്‍ സമര്‍ഥിച്ചപ്പോള്‍ അതിന്റെ ഹുക്‌മ്‌ വ്യക്തമാക്കണമെന്ന്‌ വിനയപൂര്‍വം ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. ജാഇസാണെന്നാണ്‌ താങ്കളുടെ വ്യാഖ്യാനത്തില്‍ നിന്ന്‌ ആര്‍ക്കും മനസ്സിലാവുക എന്ന്‌ ഞങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത്‌ ഹറാമാണെന്ന്‌ പറയാന്‍ താങ്കള്‍ തയ്യാറായില്ല. മാത്രമല്ല അന്ന്‌ പല തവണ യാഇബാദല്ലാഹ്‌ അഈനൂനി എന്ന്‌ പറയുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലും താങ്കളുടെ എഴുത്തിന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലും `തേടാം’ എന്നാണ്‌ വാദമെന്ന്‌ ഞാന്‍ വിചിന്തനത്തിലെഴുതിയിരുന്നുവെങ്കിലും അപ്പോള്‍ തന്നെ ശിര്‍ക്കല്ല എന്നേ താങ്കളെഴുതിയിട്ടുള്ളു എന്ന പ്രതികരണം അതേപടി വിചിന്തനത്തില്‍ കൊടുത്തിട്ടുണ്ട്‌. ശിര്‍ക്കല്ലെന്ന്‌ താങ്കള്‍ പറഞ്ഞത്‌ മറ്റു ലക്കങ്ങളില്‍ ആവര്‍ത്തിച്ചു. എന്താണ്‌ താങ്കളുടെ ഉദ്ദേശ്യമെന്ന്‌ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടും `തേടാമെന്നോ തേടണമെന്നോ’ പറഞ്ഞിട്ടില്ല. എന്ന മറുപടി മാത്രമേ താങ്കളില്‍ നിന്നും അല്‍ ഇസ്‌ലാഹ്‌ ലേഖകരില്‍ നിന്നും ലഭിച്ചിട്ടുള്ളൂ. ഇനിയെങ്കിലും ഒന്നു വ്യക്തമാക്കൂ. ഇരുളില്‍ തപ്പിത്തടഞ്ഞു നീങ്ങുന്നവന്‍ ജിന്നിനോട്‌ വെളിച്ചം ചോദിക്കല്‍ ഹറാമാണോ? (വിചിന്തനം 2013 മെയ്‌ 24)

ഇതെല്ലാം അവഗണിച്ചുകൊണ്ട്‌ ഫൈസല്‍ മുസ്‌ല്യാര്‍ തന്റെ പുസ്‌തകത്തില്‍ തനിക്ക്‌ വേണ്ടത്‌ മാത്രം എടുത്തുചേര്‍ത്തത്‌ ക്രൂരമായിപ്പോയി. അല്‍ഇസ്‌ലാഹ്‌ ലേഖകനോ അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയോ ഇന്നേവരെ ഈ വിശദീകരണത്തിന്‌ മറുപടി നല്‍കിയിട്ടില്ല.

Saturday, December 14, 2013

കാന്തപുരം മുസ്‌ല്യാരെയും പുതുപ്പറമ്പ്‌ മുസ്‌ല്യാരെയും മുജാഹിദുകള്‍ക്ക്‌ തോല്‍പിക്കാനാവില്ല

ഈ തലക്കെട്ടില്‍ വിയോജിപ്പുള്ളവര്‍ ക്ഷമിക്കുക. ഞാനിതു പറയുന്നത്‌ വെറുതെയല്ല. രണ്ട്‌ ദുര്‍ഗുണങ്ങളുള്ള ഒരേ തൂവല്‍പക്ഷികളാണിവര്‍. രണ്ടുപേരും ആയത്തുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യും. ആടിനെ പട്ടിയാക്കും. പട്ടിയെ പേപ്പട്ടിയാക്കും. അതിനും അതിസമര്‍ത്ഥര്‍. രണ്ടുപേരുടേയും ധൈര്യവും ശക്തിയും ഒരേ സ്രോതസ്സില്‍നിന്നാണ്‌. അന്ധമായംഗീകരിക്കുന്ന ഒട്ടും വിവരമില്ലാത്ത അനുയായികളാണ്‌ കാന്തപുരം മുസ്‌ല്യാരുടെ ധൈര്യത്തിന്‌ പിന്നിലെങ്കില്‍ ഒരുപാട്‌ വിവരമുണ്ടെന്നഹങ്കരിക്കുന്ന വിവരദോഷികള്‍ നല്‍കുന്ന അന്ധമായ അംഗീകാരമാണ്‌ പുതുപ്പറമ്പിലെ ഫൈസല്‍ മുസ്‌ല്യാരുടെ ഊര്‍ജ്ജം. അതുകൊണ്ട്‌ ആദര്‍ശപരമായി എത്ര തോല്‍പിക്കപ്പെട്ടാലും അനുയായികള്‍ക്ക്‌ മുമ്പില്‍ അവരെന്നും പിടിച്ചുനില്‍ക്കും.

മുസ്‌ല്യാക്കള്‍ക്ക്‌ മറുപടിയും മറുപടിക്ക്‌ മറുപടിയും പറഞ്ഞ്‌ സമുദായത്തെ പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ നാം ശ്രമം നടത്തുമ്പോള്‍ നമ്മില്‍ ചിലരെങ്കിലും പലരാല്‍ വിഗ്രഹവല്‍ക്കരിക്കപ്പെടുന്നു എന്ന സത്യം നാം തിരിച്ചറിഞ്ഞില്ല. ശിര്‍ക്ക്‌, ബിദ്‌അത്തുകളെ അതിനിശിതമായി വിമര്‍ശിക്കുമ്പോള്‍ നാമറിയാതെ അകത്തേക്ക്‌ കടന്നുവന്ന തക്വ്‌ലീദിയന്‍ ചിന്തകളെ പ്രതിരോധിക്കാന്‍ നാം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതിന്റെ അനന്തര ഫലങ്ങളാണ്‌ ഇന്ന്‌ മുജാഹിദുകളില്‍ കണ്ടുവരുന്നത്‌ എന്നത്‌ നിസ്‌തര്‍ക്കമാണ്‌. പുതുപ്പറമ്പിലെ ഫൈസല്‍ മുസ്‌ല്യാര്‍ക്ക്‌ അനുയായികളെ വിഡ്‌ഢികളാക്കാന്‍ കഴിഞ്ഞതും ചിലര്‍ക്കെങ്കിലുംകുറേയാളുകളെ തങ്ങളോടൊപ്പം കൊണ്ടുപോകാനായതും അതുകൊണ്ടാണ്‌. അല്ലാതെ പ്രമാണബദ്ധമായ ഒരാദര്‍ശമോ ആശയമോ കയ്യിലുണ്ടായിരുന്നതുകൊണ്ടല്ല.

ചോദ്യകര്‍ത്താവ്‌ സമര്‍ത്ഥനെങ്കില്‍ മൈക്കനുവദിക്കാതെയും അനുവദിച്ചാല്‍ തന്നെ ചോദ്യം മുഴുമിപ്പിക്കാനനുവദിക്കാതെയും വിഡ്‌ഢിച്ചോദ്യങ്ങളെങ്കില്‍ ചോദ്യകര്‍ത്താവിനെ പ്രോത്സാഹിപ്പിച്ചും പുതുപ്പറമ്പിലെ മുസ്‌ല്യാരും പരിവാരങ്ങളും നടത്തുന്ന മുഖാമുഖ നാടകങ്ങളും കോഴിച്ചെന, പത്തപ്പിരിയം സംവാദങ്ങളും എന്നുവേണ്ട ഈ മുസ്‌ല്യാര്‌ നടത്തിയ മംഗലാപുരം സുന്നി, ജിന്ന്‌ സംവാദവും എല്ലാറ്റിന്റെയും ആകെ ത്തുക ചോദ്യത്തില്‍ തൊടാതെ ചോദ്യത്തിനുത്തരമെന്ന്‌ തോന്നിപ്പിക്കുന്ന ഫൈസല്‍ മുസ്‌ല്യാരുടെ വാചാടോപങ്ങളാണ്‌. എല്ലാം കഴിഞ്ഞ്‌ മടങ്ങുന്നവനോട്‌ എന്താണ്‌ മുസ്‌ല്യാര്‌ പറഞ്ഞതെന്ന്‌ ചോദിച്ചാല്‍ കൈമലര്‍ത്താനേ അനുയായികള്‍ക്കുപോലും കഴിയൂ. അയാള്‍ പറഞ്ഞതും ശരി, ഇയാള്‍ പറഞ്ഞതും ശരി, ഞാന്‍ പറയുന്നതോ ശരാശരിയും ഇതാണ്‌ ടിയാന്റെ നിലപാട്‌. പരസ്‌പരവൈരുദ്ധ്യങ്ങളും അവ്യക്തതകളും ഈ മുസ്‌ല്യാരുടെ മുഖാമുഖങ്ങളുടെ മുഖമുദ്രയാണ്‌.(ഇന്‍ശാ അല്ലാഹ്‌ അവസരം വരുമ്പോള്‍ നമുക്കതെല്ലാം ശേഷം വെളിപ്പെടുത്താം.)

ഏതായാലും കോഴിച്ചെന സംവാദത്തിന്റെ പശ്ചാത്തലത്തില്‍ നിന്നാണല്ലോ പത്തപ്പിരിയം സംവാദത്തിന്ന്‌ അരങ്ങൊരുങ്ങിയത്‌. ചാരന്‍വിളിയും സംഘടനാ പ്രശ്‌നങ്ങളും കുത്തുവാക്കുകളും യഥേഷ്‌ടം പ്രയോഗിക്കപ്പെട്ടു എന്നല്ലാതെ കോഴിച്ചെന സംവാദത്തില്‍ നാസര്‍ സുല്ലമിയുടെ ഒരു ചോദ്യത്തിന്‌ പോലും ഈ മുസ്‌ല്യാര്‍ക്കന്ന്‌ വ്യക്തമായ മറുപടി പറയാനായില്ല. പത്തപ്പിരിയത്തു സംഭവിച്ചതോ ജിന്ന്‌ വാദി ആദര്‍ശത്തിന്റെ മേല്‍ അടിച്ച അവസാനത്തെ ആണിയായി മാറുകയും ചെയ്‌തു. പക്ഷേ എല്ലായിടത്തും താന്‍ മറുപടി പറഞ്ഞു എന്ന്‌ സ്വന്തം അണികളെ തെറ്റുധരിപ്പിക്കാനദ്ദേഹം കിണഞ്ഞുശ്രമിക്കുകയും ചെയ്‌തു.

മുസ്‌ലിം ജിന്നുകളോടുള്ള സഹായാര്‍ത്ഥന വസീലത്ത്‌ ശ്ശിര്‍ക്കാകുന്നതുണ്ടെന്നതിന്റെ പ്രമാണമെവിടെ, വിശുദ്ധ ക്വുര്‍ആന്‍, തിരുസുന്നത്ത്‌ എന്നിവയില്‍നിന്ന്‌ മന്‍ഹജുസ്സ്വലഫനുസരിച്ച്‌ വിശദീകരിക്കണമെന്നതായിരുന്നു മുസ്‌ല്യാരെ തളര്‍ത്തിയ ചോദ്യത്തിന്റെ മര്‍മം. അതിന്‌ മുസ്‌ല്യാര്‌ പറഞ്ഞ മറുപടി ഇങ്ങനെ: “അപ്പോള്‍ ആയത്തുണ്ടോ എന്നാണ്‌ ചോദിച്ചത്‌. ഉണ്ട്‌. ധാരാളം വചനങ്ങള്‍ ശിര്‍ക്കായതും വസീലയായതും വേര്‍തിരിച്ചുകൊണ്ടുള്ളത്‌ വിശുദ്ധ ക്വുര്‍ആനില്‍ കാണാം. ശിര്‍ക്കാണെന്നതിന്‌ ‘ഇന്‍തദ്‌ഊഉം..’ ലായസ്‌മഊ ദുആഅക്കും.
എല്ലാ ഇസ്‌തിംതാഉം ശിര്‍ക്കാകുന്നതെന്നാണോ-ഇസ്‌തിംതാഉ്‌ ശിര്‍ക്കാകുന്നതും ശിര്‍ക്കാവാത്തതുമുണ്ട്‌. ആയത്തില്‍ നിന്നുതന്നെ വ്യക്തമാകുന്നു. എല്ലാ ഉപകാരവും ശിര്‍ക്കാകുന്നതല്ലല്ലോ, മൊത്തത്തില്‍ ശിര്‍ക്കായതിന്‌ മൂന്നായത്ത്‌ വസീലയായതിന്‌ ഒരായത്ത്‌ തല്‍ക്കാലം അതുമതി.’ ചോദ്യവും മറുപടിയും കേള്‍ക്കുന്ന സാധാരണക്കാര്‍ ഇതില്‍നിന്ന്‌ എന്താണ്‌ മനസ്സിലാക്കുക. ജിന്നുകളോടുള്ള സഹായാര്‍ത്ഥന വസീലത്തുശിര്‍ക്കാകുന്നതുമുണ്ടെന്നതിന്‌ മുസ്‌ല്യാരും ആയത്തോതിയെന്നല്ലേ? കേള്‍ക്കുന്നവര്‍ അങ്ങനെ ധരിക്കണം. അതുതന്നെയായിരുന്നു ഈ മുസ്‌ല്യാരും ഉദ്ദേശിച്ചത്‌. അതോടൊപ്പം സംഗതി വിവാദമായാല്‍ താനോതിയത്‌ ഇസ്‌തിആനത്തിനെ സംബന്ധിച്ചല്ല. ഇസ്‌തിംതാഇനെപ്പറ്റിയാണ്‌ എന്ന്‌ വാദിച്ച്‌ രക്ഷപ്പെടാന്‍ പഴുതും ഉണ്ടാകണം. തികച്ചും മുസ്‌ല്യാരിയന്‍ കുതന്ത്രം. ഇസ്‌തിംതാഅ്‌ (പരസ്‌പരം ആനന്ദമെടുക്കല്‍) ശിര്‍ക്കാകുന്നതും അല്ലാത്തതുമുണ്ടോ എന്നതില്‍ മുസ്‌ലിം ലോകത്താര്‍ക്കും തര്‍ക്കമില്ല. അതിനുവേണ്ടി മുസ്‌ല്യാര്‌ ആയത്തോതിത്തരേണ്ട ആവശ്യവുമില്ല. ഇസ്‌തിംതാഇല്‍ തന്നെ ഉള്‍പ്പെട്ട ഇസ്‌തിആനത്ത്‌ (സഹായതേട്ടം) അത്‌ ജിന്നിനോടെങ്കില്‍ ശിര്‍ക്ക്‌ മാത്രമാണ്‌. അതല്ല, അതില്‍ വസീലത്ത്‌ശ്‌ശിര്‍ക്ക്‌ മാത്രമാകുന്ന സഹായാര്‍ത്ഥന എന്ന ഒരിനമുണ്ടോ ഉണ്ടെങ്കില്‍ ആയത്തെവിടെ ഇതാണ്‌ ചോദ്യം.

ഇസ്‌തിംതാഇല്‍ പിശാചിനോടുള്ള സഹായാര്‍ത്ഥന പെടും. അത്‌ ശിര്‍ക്കാണ്‌. അതുപോലെ ക്വബ്‌ര്‍ കെട്ടിപ്പൊക്കല്‍ പെടും ക്വബ്‌റാളിയോടു ഭക്ത്യാദരവ്‌ ഇല്ലാത്തവനാണത്‌ ചെയ്യുന്നതെങ്കില്‍ അത്‌ വസീലത്ത്‌ ശ്‌ശിര്‍ക്കാണ്‌. അതുപോലെയുള്ള വസീലത്തുശ്‌ശിര്‍ക്കുകളുംപെടും. മദ്യപാനം, വ്യഭിചാരം തുടങ്ങി ഇസ്‌ലാം നിരോധിച്ച ഹറാമായതെല്ലാംപെടും. എന്നാല്‍ ജിന്നിനോടുള്ള നിങ്ങള്‍ പറയുന്ന വസീലത്തുശ്‌ശിര്‍ക്കാകുന്ന സഹായതേട്ടം പെടില്ല. പെടണമെങ്കില്‍ അങ്ങിനെ വസീലത്തുശ്‌ശിര്‍ക്കാകുന്ന ഒരു സഹായതേട്ടം ജിന്നിനോടായി ഉണ്ടെന്ന്‌ തെളിയണം. ആ തെളിവാണ്‌ ചോദിച്ചത്‌. വസീലത്തുശ്‌ശിര്‍ക്കാകുന്ന ഒരു ജിന്ന്‌ വിളി ഉണ്ടെന്ന്‌ സ്ഥാപിച്ചശേഷമല്ലേ മുസ്‌ല്യാരെ അതിതില്‍പെടുമോ ഇല്ലേ എന്ന ചര്‍ച്ചക്കുതന്നെ പ്രസക്തിയുള്ളൂ. അതുപോലും തിരിയാത്ത ഇയാളെ മൗലവിയെന്ന്‌ ഏതായാലും വിളിച്ചുകൂടാ. മുസ്‌ല്യാരെന്ന്‌ വിളിച്ചാല്‍ മുസ്‌ല്യാക്കള്‍ക്കുതന്നെ അത്‌ അപമാനമാകുകയും ചെയ്യും.

അറബിക്കടലിന്റെ പടിഞ്ഞാറെ അറ്റത്ത്‌ പുതുപ്പറമ്പെന്ന പേരില്‍ ഒരു ദ്വീപുണ്ട്‌. എന്ന്‌ വാദിക്കുന്ന വ്യക്തിയോടും അതിനെന്ത്‌ തെളിവെന്ന്‌ ചോദിച്ചാല്‍ ഏത്‌ ദ്വീപും കരയും കടലും എല്ലാം ഭൂഗോളത്തിന്റെ ഭാഗമാണ്‌ എന്നു പറഞ്ഞാല്‍ മറുപടിയാകുമോ മുസ്‌ല്യാരേ. ആദ്യം അങ്ങനെയൊരു ദ്വീപുണ്ടെന്ന്‌ തെളിയിക്ക്‌. എന്നിട്ടല്ലേ അത്‌ ഭൂഗോളത്തിന്റെ ഭാഗമാണോ എന്ന്‌ തര്‍ക്കിക്കേണ്ടത്‌. വസീലത്തുശ്‌ശിര്‍ക്ക്‌ ഇസ്‌തിംതാഇല്‍ പെട്ടാല്‍ പോരാ ജിന്ന്‌ വിളി വസീലത്ത്‌ശ്‌ശിര്‍ക്കാണെന്ന്‌ തെളിയിക്കണം. ശേഷം അത്‌ ഇസ്‌തിംതാഇല്‍പെടും എന്ന്‌ സ്ഥാപിക്കണം. ഇവിടെയാണ്‌ മുസ്‌ല്യാര്‍ സ്വതസിദ്ധമായ തന്റെ തെറ്റുധരിപ്പിക്കല്‍ തന്ത്രം പുറത്തെടുത്തത്‌. ഇന്നും അനുയായികള്‍ അത്‌ വിശ്വസിക്കുന്നതും ജിന്ന്‌ വിളി വസീലത്തുശ്‌ശിര്‍ക്കാണ്‌ എന്നതിന്‌ ഇബ്‌നു അബ്ബാസിനെ ഉദ്ധരിച്ചു പത്തപ്പിരിയത്ത്‌ പറഞ്ഞത്‌ ഞാനതിനല്ല ഇബ്‌നു അബ്ബാസിനേയും ക്വുര്‍ത്തുബിയും ഉദ്ധരിച്ചത്‌ എന്നാണ്‌. അഹ്‌ലു തൗഹീദിന്റെ, ഈമാനിന്റെ ആളുകള്‍ നരകത്തില്‍ ശാശ്വതരല്ല എന്നാണ്‌ `ഇല്ലാ മഗാ അല്ലാ’ എന്നതുകൊണ്ടു ഇബ്‌നു അബ്ബാസ്‌ ഉദ്ദേശിച്ചതെന്ന്‌ മുഫസ്സിറുകള്‍ പറയുന്നു. ശിര്‍ക്ക്‌ ചെയ്‌തവര്‍ നരകത്തില്‍ ശാശ്വതരാണല്ലോ. പിന്നെയെങ്ങിനെ മേല്‍പറഞ്ഞവര്‍ ഒഴിവായി. അതുകൊണ്ട്‌ അവര്‍ വസീലത്തുശ്‌ശിര്‍ക്ക്‌ ചെയ്‌തവരാകും എന്നാണ്‌ മുസ്‌ല്യാരുടെ കണ്ടുപിടുത്തം. മുസ്‌ല്യാരേ ശിര്‍ക്കല്ലാത്ത ദുഷ്‌പ്രവര്‍ത്തികള്‍ ചെയ്‌തവരും വസീലത്തുശ്‌ശിര്‍ക്കുതന്നെ ചെയ്‌തവരും ആ ഇസ്‌തിംതാഇല്‍പെടും. പക്ഷെ അത്‌ ജിന്നിനെ വിളിച്ച്‌ വസീലത്ത്‌ശ്‌ശിര്‍ക്ക്‌ ചെയ്‌തവരാണെന്ന്‌ ആര്‌ പറഞ്ഞു. ആരെങ്കിലും പറയണമെങ്കില്‍ വസീലത്തുശ്‌ശിര്‍ക്കാവുന്ന ഒരു ജിന്ന്‌ വിളിയുണ്ടെന്ന്‌ പടച്ചതമ്പുരാന്‍ തന്റെ പ്രവാചകനിലൂടെ പഠിപ്പിക്കേണ്ടതില്ലേ മുസ്‌ല്യാരേ, മദ്യപാനം ഹറാമാണെന്ന്‌ ഇസ്‌ലാമിക വിധി നിലവിലുള്ളതുകൊണ്ടാണ്‌ ജിന്ന്‌ വിളിയെന്ന വസീലത്തുശ്‌ശിര്‍ക്ക്‌ ആ ഇസ്‌തിംതാഇല്‍ പെടണമെങ്കില്‍ വസീലത്തുശ്‌ശിര്‍ക്കാവുന്ന ഒരു ജിന്ന്‌ വിളി ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടില്‍ ഉണ്ടാവണം. ഉണ്ടെന്ന്‌ തീരുമാനിക്കണമെങ്കില്‍ അത്‌ പ്രമാണങ്ങള്‍ പഠിപ്പിക്കണം. അതെവിടെ? അതാണ്‌ ചോദ്യം. ചക്കര ചായയിലിട്ടാല്‍ മധുരമുണ്ടാവും. അതിന്‌ ചക്കരയെന്ന സാധനമുണ്ടെന്നറിയേണ്ടേ? ഈ മുസ്‌ല്യാരും മുസ്‌ല്യാരെ താങ്ങികളായ മൗലവിമാരും അവര്‍ക്ക്‌ പരവതാനി വിരിക്കുന്ന കൂടെക്കൂടികളും വിഡ്‌ഢികളുടെ അല്ല, പമ്പര വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണ്‌. ഇമാം ക്വുര്‍ത്തുബി പ്രസ്‌തുത ആയത്തിന്റെ വിശദീകരണത്തില്‍ ജിന്നിനോടുള്ള സഹായതേട്ടം വസീലത്തുശ്‌ശിര്‍ക്കാണെന്നത്‌ ഉദ്ധരിച്ച്‌ അര്‍ത്ഥം പറയാമോ എന്ന അബ്‌ദുറഹിമാന്‍ സലഫിയുടെ ചോദ്യത്തിന്‌ വസീലത്തുശ്‌ശിര്‍ക്കാണ്‌ ഇസ്‌തിആനത്തും ബില്‍ജിന്ന്‌ എന്ന്‌ ക്വുര്‍തുബിയില്‍ ഉണ്ടെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ല എന്ന ഉത്തരത്തോടെ പത്തപ്പിരിയത്ത്‌ മുസ്‌ല്യാരുടെ പതനം പൂര്‍ത്തിയായി. ഫൈസല്‍ മുസ്‌ല്യാര്‌ കോഴിച്ചെനയില്‍ ഓതിയ ആയത്തിന്‌ അയാള്‍ പറഞ്ഞ അര്‍ത്ഥം തെറ്റാണെന്നോ ക്വുര്‍തുബിയില്‍ വായിച്ചത്‌ അതിലില്ലെന്നോ, ഇബ്‌നു അബ്ബാസ്‌ ഒന്നും പറഞ്ഞിട്ടില്ലെന്നോ ഒന്നുമല്ല മുജാഹിദുകളുടെ വാദം. പ്രസ്‌തുത പ്രമാണങ്ങള്‍ ജിന്നിനോടുള്ള വസീലത്തുശ്‌ശിര്‍ക്കാകുന്ന ജിന്ന്‌ വിളിക്ക്‌ തെളിവാകുമോ എന്നതാണ്‌ അടിസ്ഥാനപ്രശ്‌നം. ആകുമെന്ന്‌ ധരിപ്പിക്കാനാണ്‌ മുസ്‌ല്യാര്‍ ഈ പ്രമാണങ്ങളുദ്ധരിച്ചത്‌. അനുയായികള്‍ ധരിച്ചതും അങ്ങനെ തന്നെയാണ്‌. ഇനി താനതിനല്ല പ്രമാണങ്ങളുദ്ധരിച്ചതെന്ന്‌ മുസ്‌ല്യാര്‌ സമ്മതിച്ചാല്‍ അതും നമുക്കംഗീകരിക്കാം. പക്ഷേ വസീലത്തുശ്‌ശിര്‍ക്കാകുന്ന ജിന്ന്‌ വിളിക്ക്‌ പ്രമാണമുണ്ടോ എന്ന നാസര്‍ സുല്ലമിയുടെ ചോദ്യത്തിന്‌ ഇല്ലാ എന്നതാണ്‌ സത്യമെന്ന വസ്‌തുത മുസ്‌ല്യാരും പരിവാരങ്ങളും തുറന്നു സമ്മതിക്കണമെന്ന്‌ മാത്രം. ആര്‌ വിജയമാഘോഷിച്ചാലും നമുക്ക്‌ മരണംവരെ നെഞ്ചേറ്റാന്‍ അതുമതി എന്ന സംവാദത്തോടെ പത്തപ്പിരിയത്തിന്റെ മണ്ണില്‍ അബ്‌ദുറഹ്‌മാന്‍ സലഫി ആ സത്യം അനാവരണം ചെയ്‌തിരിക്കുന്നു. അല്‍ഹം ദുലില്ലാഹ്‌.

ജിന്ന്‌: സംശയനിവാരണം -3

താന്‍ ഇപ്പോഴും കുഞ്ഞീദ്‌ മൗലവി പഠിപ്പിച്ച തൗഹീദില്‍ തന്നെയാണെന്ന്‌ പത്തപ്പിരിയം സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാര്‍ പറയുന്നു. ഇതിനെക്കുറിച്ച്‌ എന്തു പറയുന്നു. 

ഉ: മുസ്‌ല്യാര്‍ പറഞ്ഞത്‌ സത്യമാണെങ്കില്‍ ജിന്ന്‌ ഭൗതികമാണെന്നും അതിന്റെ കഴിവില്‍പെട്ടത്‌ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാകില്ലെന്നും വസീലത്തുശ്‌ശിര്‍ക്കേ ആവുകയുള്ളൂ എന്നും കുഞ്ഞീതുമദനിയുടെ ഗ്രന്ഥങ്ങളില്‍ നിന്ന്‌ കാണിച്ചുതരട്ടെ. പത്തപ്പിരിയത്തെ കോഴിച്ചെനപ്പേടി 25-11-13ന്ന്‌ പത്തപ്പിരിയത്തു നടന്ന സംവാദത്തില്‍ കോഴിച്ചന സംവാദത്തെക്കുറിച്ച്‌ വിചിന്തനമെഴുതിയ സംവാദ വിലയിരുത്തല്‍ റിപ്പോര്‍ട്ടിനെ ഫൈസല്‍ മുസ്‌ല്യാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. അന്‍ആം 128-ാം ആയത്തിന്ന്‌ മുസ്‌ല്യാര്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ വിചിന്തനം ദുര്‍വ്യാഖ്യാനിക്കുകയും കളവു പറയുകയും ചെയ്‌തു എന്നാണാരോപണം. ഇതിനെക്കുറിച്ച്‌. ഉ: വിചിന്തനം ദുര്‍വ്യാഖ്യാനം ചെയ്യുകയല്ല ചോദ്യവുമായി ബന്ധമില്ലാത്ത ഉത്തരം പറഞ്ഞ്‌ രക്ഷപ്പെടാന്‍ ഫൈസല്‍ മുസ്‌ല്യാര്‍ നടത്തിയ തട്ടിപ്പ്‌ പിടികൂടുകയാണ്‌ ചെയ്‌തത്‌. സംവാദത്തിലെ പ്രഥമ ചോദ്യം അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍മാരും ജിന്നു പ്രഭാഷകരും കേരളത്തിലാകെ പരത്തിയ താഴെ പറഞ്ഞ വസ്‌തുതയുടെ അടിസ്ഥാനത്തിലാണ്‌. “മനുഷ്യന്റെ പരിസരത്തുള്ള ഉണ്ടെന്ന്‌ കരുതപ്പെടുന്ന അദൃശ്യ സൃഷ്‌ടികളോട്‌ അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്നു പറയാന്‍ പറ്റില്ല” (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം.) ഈ വാദമാണ്‌ കോഴിച്ചെന സംവാദത്തിലേക്ക്‌ നയിച്ചതും അതിനെക്കുറിച്ചാണ്‌ നാസിര്‍ സുല്ലമിയുടെ ആദ്യ ചോദ്യങ്ങളും. ഫൈസല്‍ മുസ്‌ല്യാര്‍ ഓതിയ മൂന്ന്‌ ആയത്തുകളിലും ജിന്നിനോടുള്ള സഹായാര്‍ഥന ശിര്‍ക്കാണെന്നതിന്ന്‌ തെളിവുണ്ടെങ്കില്‍ ജയിക്കുന്നത്‌ ചോദ്യകര്‍ത്താവായ നാസിര്‍ സുല്ലമിയും തോല്‍ക്കുന്നത്‌ ഫൈസല്‍ മുസ്‌ല്യാരുമാണ്‌. മുസ്‌ല്യാര്‍ ഓതിയ ഒരായത്തെങ്കിലും ശിര്‍ക്കില്ലാത്ത ആ ജിന്നു വിളിക്ക്‌ തെളിവായിരുന്നെങ്കില്‍ മാത്രമേ ഫൈസല്‍ മുസ്‌ല്യാരുടേത്‌ ശരിയായ മറുപടിയാവുകയുള്ളൂ. ജിന്നിനോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കാണെന്നതിന്ന്‌ ക്വുര്‍ആനില്‍ തെളിവുണ്ടോ എന്നല്ലല്ലോ ഫൈസല്‍ മുസ്‌ല്യാരോടുള്ള ചോദ്യം. മാത്രമല്ല അന്‍ആം 128-ാം ആയത്ത്‌ വസീലത്തുശ്‌ശിര്‍ക്കിന്ന്‌ ഫൈസല്‍ മുസ്‌ല്യാര്‍ തെളിവാക്കിയപ്പോള്‍ അമാനി മൗലവിയുടെ തഫ്‌സീര്‍ കൊണ്ട്‌ അത്‌ ശിര്‍ക്കാണെന്ന്‌ സ്ഥാപിച്ച നാസിര്‍ സുല്ലമിയെ, `മൂപ്പര്‍ അമാനി തഫ്‌സീര്‍ മാത്രമേ കണ്ടിട്ടുള്ളൂ’ എന്ന്‌ പരിഹസിച്ചതെന്തിന്ന്‌? മുസ്‌ല്യാരുടെ കുതന്ത്രം അയാളറിയാതെ പ്രകടമാവുകയാണ്‌ ആ പരിഹാസത്തിലൂടെ സംഭവിച്ചത്‌. ഈ സാഹചര്യത്തില്‍ വിചിന്തനം ആ കുറിപ്പ്‌ അവസാനിപ്പിച്ചത്‌ ഫൈസല്‍ മുസ്‌ല്യാരോടുള്ള ഒരു ചോദ്യത്തോടെയാണ്‌. “അമാനി മൗലവി ശിര്‍ക്കാണെന്ന്‌ പറഞ്ഞത്‌ തെറ്റാണോ, ആ വാള്യത്തിന്റെ വിതരണം നിര്‍ത്തിവെക്കണമോ ഫൈസല്‍ മുസ്‌ല്യാരേ” (വിചിന്തനം 2013 മാര്‍ച്ച്‌ 22). തന്റെ കോഴിച്ചെനപ്പേടി മറച്ചുവെക്കാന്‍ പത്തപ്പിരിയത്തു വെച്ച്‌ വിചിന്തനത്തെ കുറ്റപ്പെടുത്തിയ മുസ്‌ല്യാരോ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകരോ ഇതിന്നു മറുപടി പറയട്ടെ. പ്രസ്‌തുത ലക്കത്തിനുശേഷം വിചിന്തനം എഴുതിയ ലേഖനങ്ങള്‍ മുസ്‌ല്യാര്‍ ശ്രദ്ധിക്കാത്തതാണ്‌ പ്രശ്‌നം. അന്ന്‌ ഭൗതികമായത്‌ ഇന്ന്‌ അഭൗതികമായതെങ്ങനെ? ജിന്നുകളും മലക്കുകളുമൊക്കെ ഇക്കാലംവരെ മുജാഹിദുകള്‍ക്ക്‌ ഭൗതിക വിഷയമായിരുന്നു. എന്നാലിപ്പോള്‍ ഒരു സുപ്രഭാതത്തില്‍ അത്‌ അഭൗതികമായി മാറിയ മറിമായമാണ്‌ ഇവിടെ സംഭവിച്ചിരിക്കുന്നത്‌.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 മാര്‍ച്ച്‌) ഇതിനെക്കുറിച്ച്‌? ഉ: ഇക്കാലമത്രയും നമുക്ക്‌ ജിന്ന്‌ ഭൗതികമായിരുന്നു എന്ന്‌ പറയുന്ന ആള്‍ മുഹമ്മദ്‌ അമാനി മൗലവിയുടെ തഫ്‌സീറില്‍ നിന്നോ കെ.പി. മുഹമ്മദ്‌ മൗലവി, കുഞ്ഞീതു മദനി പോലുള്ള തൗഹീദ്‌ ലേഖകന്‍മാരുടെ കൃതികളില്‍നിന്നോ ജിന്ന്‌ ഭൗതികമാണെന്നതിന്ന്‌ ഉദ്ധരണികള്‍ നിരത്തട്ടെ. ജിന്നുകള്‍ക്ക്‌ അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം അവരോട്‌ ചോദിക്കുന്നത്‌ ശിര്‍ക്കാവില്ല എന്ന്‌ അവര്‍ പറഞ്ഞതായി തെളിയിക്കട്ടെ. അമാനി മൗലവി മലക്കിനെക്കുറിച്ച്‌ അഭൗതികമെന്നേ പറഞ്ഞിട്ടുള്ളൂ. “അഭൗതികസൃഷ്‌ടികളായ ആത്മീയ ജീവികളത്രേ മലക്കുകള്‍. അതുകൊണ്ട്‌ ആത്മാവ്‌ എന്നര്‍ത്ഥമുള്ള റൂഹ്‌ എന്ന പ്രയോഗം ഇവിടെ സ്‌പഷ്‌ടമാണ്‌. (വിശുദ്ധ ക്വുര്‍ആന്‍ വിവരണം. 3/2336. മുഹമ്മദ്‌ അമാനി മൗലവി. കെ.എന്‍.എം. പബ്ലിഷിങ്‌ വിങ്‌.) കെ.കെ. സക്കരിയ്യാ സ്വലാഹി പറയുന്നത്‌ നോക്കൂ. “ചുരുക്കത്തില്‍ ജിന്നും മലക്കും അഭൗതികമാണെന്ന്‌ 2012ന്നു മുമ്പ്‌ നാം പറയുമ്പോള്‍ നാമുദ്ദേശിച്ചത്‌ അവരെക്കുറിച്ചുള്ള അറിവ്‌ അഭൗതികമാണ്‌ എന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കാണാന്‍ കഴിയാത്ത അദൃശ്യജീവികളാണ്‌ എന്നതായിരുന്നു. അതിനപ്പുറമുള്ളതും നമ്മുടെ മുന്‍കാലനേതാക്കള്‍ പഠിപ്പിക്കാത്തതുമായ പുതിയ വ്യാഖ്യാനങ്ങള്‍ നാം തള്ളിക്കളയുക തന്നെ വേണം.” (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം. പേ. 20) വളരെ വിലപ്പെട്ട വരികളാണ്‌ സക്കരിയ്യാ സ്വലാഹിയില്‍നിന്ന്‌ ലഭിച്ചിരിക്കുന്നത്‌. പണ്ടു മുതലേ അദൃശ്യജീവികള്‍ എന്ന നിലക്ക്‌ മലക്കും ജിന്നും അഭൗതികമാണെന്ന്‌ മുജാഹിദുകള്‍ വിശ്വസിച്ചുപോന്നുവെന്ന്‌ സമ്മതിച്ചല്ലോ. മുന്‍ഗാമികളുടെ ആ വിശ്വാസമേ വിചിന്തനക്കാര്‍ക്കുമുള്ളൂ. ജിന്നു ചേരിയിലെ മറ്റൊരാള്‍ പറയുന്നു. “അഭൗതികം എന്ന വാക്ക്‌ ഗൈബ്‌ എന്നതിന്റെ മലയാളമായി നാം ചിലപ്പോള്‍ ഉപയോഗിച്ചിട്ടുണ്ട്‌. ആ നിലക്കാണ്‌ “അല്ലദീന യുഅ്‌മിനൂനബില്‍ ഗൈബി’ എന്ന ആയത്തിന്ന്‌ അഭൗതിക കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്ന്‌ അര്‍ഥം പറയാറുള്ളത്‌. അപ്പോള്‍ ജിന്നും മലക്കും സ്വര്‍ഗവും നരകവുമൊക്കെ ഈ അര്‍ഥത്തില്‍ അഭൗതികമാണെന്ന്‌ വേണമെങ്കില്‍ പറയാം.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 മെയ്‌. ബശീര്‍ സലഫി) കോഴിച്ചെന സംവാദ വ്യവസ്ഥ കാണുക. “വാദം ഒന്ന്‌. ഫൈസല്‍ മുസ്‌ല്യാര്‍: “മനുഷ്യനെ സംബന്ധിച്ച്‌ അദൃശ്യവും അഭൗതികവുമായ ജിന്നിനോട്‌ മനുഷ്യര്‍ നടത്തുന്ന സഹായാര്‍ഥനകളില്‍ ശിര്‍ക്കായതും വസീലത്തുശ്‌ശിര്‍ക്കായതുമുണ്ട്‌. അതിനാല്‍ എല്ലാം ഹറാമാകുന്നു.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഏപ്രില്‍) വിചിന്തനം പറഞ്ഞതും ജിന്നു മലക്കുകള്‍ ഈ രീതിയില്‍ അഭൗതികമാണെന്നാണ്‌. അല്ലാഹുവെ സംബന്ധിച്ച്‌ ജിന്നുകള്‍ അഭൗതികമെന്ന്‌ വിചിന്തനം പറഞ്ഞതായി ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ല. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ പലതും ചെയ്യാന്‍ കഴിയുമെന്ന്‌ അംഗീകരിക്കുകയും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ അവരെ കണ്ടെത്താന്‍ കഴിയില്ല എന്ന നിലക്ക്‌ അവര്‍ അഭൗതികരും അവരോടുള്ള സഹായാര്‍ഥന ശിര്‍ക്കാണെന്നുമാണ്‌ ഞങ്ങള്‍ പറഞ്ഞത്‌. എന്നിരിക്കെ പുത്തന്‍വാദം ഞങ്ങളുടേതല്ല. 

ബുദ്ധിയുള്ളവര്‍ അഭൗതികമെന്ന്‌ പറയില്ല എന്നെഴുതിയില്ലേ? 

ഇപ്പോള്‍ വിചിന്തനത്തിലൂടെ ജിന്നു മലക്കുകള്‍ അഭൗതികമെന്ന്‌ എഴുതിക്കൊണ്ടിരിക്കുന്ന എം.പി.എ. ഖാദിര്‍ ജിന്ന്‌ അഭൗതികമെന്ന്‌ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയില്ലെന്ന്‌ 2004ലെ ഇസ്വ്‌ലാഹിലും 2007 ഫെബ്രുവരിയിലെ വിചിന്തനത്തിലും എഴുതിയെന്ന്‌ ജിന്നു വിഭാഗം പറയുന്നു. അതു ശരിയാണോ? 

ഉ: അതെ. പക്ഷെ അത്‌ അല്ലാഹുവെപ്പറ്റി അഭൗതികമെന്നു പറയുന്ന അര്‍ഥത്തിലല്ല. ശൈത്വാന്ന്‌ നമുക്ക്‌ ഉപദ്രവമേല്‍പിക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കുന്നത്‌ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാവും എന്ന മടവൂര്‍ വിഭാഗത്തിന്റെ വാദത്തിന്ന്‌ അടിവരയിട്ടുകൊണ്ട്‌ `സത്യധാരാ’ മാസിക നടത്തിയ വിമര്‍ശനത്തിന്നു മറുപടിയായാണ്‌ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വരികള്‍ വിചിന്തനം ലേഖകന്‍ എഴുതിയത്‌. അത്‌ സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിക്കൊണ്ടാണ്‌ അല്‍ ഇസ്വ്‌ലാഹുകാര്‍ ഇപ്പോള്‍ തട്ടിപ്പ്‌ നടത്തുന്നത്‌. സത്യധാരയുടെ വരികള്‍ വിചിന്തനം അതില്‍ ഉദ്ധരിച്ചത്‌ നോക്കൂ. “അദൃശ്യമായ നിലയില്‍ ജിന്നിന്നും പിശാചിന്നും മനുഷ്യനെ ഉപദ്രവിക്കാന്‍ കഴിയുമെങ്കില്‍ തൗഹീദിന്ന്‌ഇത്രയും കാലം നാം നല്‍കിയ വ്യാഖ്യാനം എന്തു ചെയ്യുമെന്ന്‌ മടവൂര്‍ വിഭാഗം ചോദിക്കുന്നു. അദൃശ്യമായ നിലയില്‍ ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമെന്നാണ്‌ തൗഹീദിന്റെ വചനത്തിന്റെ അര്‍ഥമെന്നാണ്‌ മുജാഹിദുകള്‍ പറഞ്ഞിരുന്നത്‌. (സത്യധാര 2007. ജനു. 1-5) ഇതുദ്ധരിച്ചശേഷം സത്യധാരക്കാരനെ വിചിന്തനം ലേഖകന്‍ ഇങ്ങനെ ഖണ്‌ഡിക്കുന്നു. “എട്ട്‌ പതിറ്റാണ്ട്‌ കാലം മുജാഹിദുകള്‍ പറഞ്ഞ തൗഹീദ്‌ എന്താണെന്ന്‌ വിമര്‍ശകന്‍ മനസ്സിലാക്കിയിട്ടില്ല. മനുഷ്യര്‍ക്ക്‌ അദൃശ്യമായത്‌ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും ദൃശ്യമാകുന്നതും മനുഷ്യകഴിവില്‍പെടാത്തത്‌ മലക്കുകളുടെയും ജിന്നുകളുടെയും കഴിവില്‍പെടുന്നതും മുജാഹിദുകള്‍ ഒരു കാലത്തും ഇബാദത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ മുസ്‌ല്യാരുടെ ആരോപണം ശരിയാണെന്നംഗീകരിക്കാമായിരുന്നു. മലക്കുകളുടെയും ജിന്നുകളുടെയും മറ്റെല്ലാ സൃഷ്‌ടികളുടെയും കഴിവിന്നപ്പുറമുള്ള കഴിവുകളും അറിവുകളുമാണ്‌ മുജാഹിദുകള്‍ ഇബാദത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്‌.” (വിചിന്തനം 2007 ഫെബ്രു.) ഈ വരികളുടെ സമര്‍ഥനമായിട്ടാണ്‌ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട താഴെ വരികള്‍ കുറിച്ചത്‌. “ഈ ലോകത്ത്‌ എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ആ വ്യവസ്ഥക്കതീതമായ കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്‌. മലക്കുകളുടേയും ജിന്നുകളുടേയും കഴിവുകളുടേയും പ്രവര്‍ത്തനങ്ങളുടെയും കാര്യകാരണങ്ങള്‍ നമുക്കു പിടികിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക്‌ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്‌. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച്‌ അഭൗതികമെന്നോ കാര്യങ്ങള്‍ക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല.” നമുക്ക്‌ അദൃശ്യരായ പിശാചുക്കള്‍ നമ്മില്‍ സ്വാധീനം ചെലുത്തുമെന്ന്‌ വിശ്വസിച്ചാല്‍ അഭൗതികരീതിയിലുള്ള ദോഷം വരുത്തുന്നവന്‍ അല്ലാഹു മാത്രമാണെന്ന വിശ്വാസത്തില്‍ പങ്കുചേര്‍ക്കലാവില്ലെന്നും ജിന്നു പിശാചുക്കള്‍ അവരുടെ മേഖലയില്‍ ഭൗതികരാണെന്നും മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്നുമാണ്‌ അര്‍ത്ഥം. ചുരുക്കത്തില്‍ ജിന്നിന്റെ ഉപദ്രവവും മലക്കുകളില്‍നിന്ന്‌ പാപികള്‍ക്ക്‌ കിട്ടുന്ന അടിയും ക്വുര്‍ആന്‍ കൊണ്ടും നബിവചനങ്ങള്‍കൊണ്ടും തെളിഞ്ഞ കാര്യമായതിനാല്‍ അതിന്ന്‌ കാര്യകാരണബന്ധം വന്നു, അതോടെ അത്‌ശിര്‍ക്കല്ലാതായി, പിശാചിനുള്ള ആരാധനയല്ലാതെയുമായി. ഇതിലപ്പുറം വിചിന്തനത്തില്‍ എഴുതിയിട്ടില്ല.

Friday, December 6, 2013

ജിന്ന്‌: സംശയനിവാരണം -2 ജിന്നുകളുടെ കഴിവില്‍ വിശ്വസിക്കുന്നത്‌ ശിര്‍ക്കാവില്ലെങ്കില്‍...?

ജിന്ന്‌ മലക്ക്‌ തുടങ്ങിയ അദൃശ്യ സൃഷ്‌ടികള്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന്‌ വിശ്വസിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്നും എന്നാല്‍ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുമെന്ന്‌ കരുതുന്ന ഒരു കാര്യം അവരോട്‌ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന്‌ മനസ്സിലാകുന്നില്ല. (അല്‍ ഇസ്വ്‌ലാഹ്‌ 2013മാര്‍ച്ച്‌. പേ. 21) ഇതിനെക്കുറിച്ച്‌ എന്തു പറയുന്നു.

ഉ: ജിന്നിനും മലക്കുകള്‍ക്കും അല്ലാഹു പ്രവര്‍ത്തനശേഷി നല്‍കിയിട്ടുണ്ടെന്നും അതിന്റെ സ്വാധീനം മനുഷ്യരിലുണ്ടാവുമെന്നും ക്വുര്‍ആനും നബിവചനങ്ങളും വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്‌. അത്‌ വിശ്വസിച്ചാല്‍ ശിര്‍ക്കാകില്ലെന്നു മാത്രമല്ല, വിശ്വസിച്ചില്ലെങ്കില്‍ സത്യനിഷേധമാവുകയും ചെയ്യും. നോക്കൂ.
“അവരില്‍ (മനുഷ്യരില്‍) നിന്ന്‌ നിനക്ക്‌ സാധ്യമായവരെ നിന്റെ ശബ്‌ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്‌തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്ക്‌ നീ വാഗ്‌ദാനങ്ങള്‍ നല്‍കുകയും ചെയ്‌തുകൊള്ളുക. പിശാച്‌ അവരോട്‌ ചെയ്യുന്ന വാഗ്‌ദാനം വഞ്ചന മാത്രമാകുന്നു.” (വി.ക്വു. 17.64)

പിശാചിന്റെ കഴിവും മനുഷ്യരില്‍ അവന്‍ ചെലുത്തുന്ന സ്വാധീനവുമാണിത്‌. ഇതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ പിശാചേ എന്റെ സ്വത്തിലും സന്താനങ്ങളിലും നീ പങ്കുചേരല്ലേ എന്നു പിശാചിനോടു പറഞ്ഞാല്‍ അതു പ്രാര്‍ഥനയാവുകയും ചെയ്യും.
`ലഉസയ്യിനന്നഹും ഫില്‍അര്‍ളി’ ഞാന്‍ അവര്‍ക്ക്‌ ഭൂമിയിലെ (ചീത്തകാര്യങ്ങള്‍) അലംകൃതമാക്കി തോന്നിക്കും. (15:39) എന്നത്‌ പിശാചിന്‌ അവന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യമാണ്‌. അതിന്റെ സ്വാധീനം മനുഷ്യരിലുണ്ടാവാറുണ്ട്‌. അത്‌ വിശ്വസിക്കല്‍ ശിര്‍ക്കല്ല. എന്നാല്‍ പിശാചേ എനിക്ക്‌ ദുഷ്‌പ്രവൃത്തികള്‍ നീ അലംകൃതമാക്കിത്തോന്നിക്കല്ലേ, എന്നു പറഞ്ഞാല്‍ അത്‌ പിശാചിനോടുള്ള പ്രാര്‍ഥനയാകും.

“അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പുറത്തും അടിച്ചുകൊണ്ട്‌ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി?” (47:27)

മലക്കുകള്‍ അടിക്കുന്നത്‌ അല്ലാഹു കൊടുത്ത പ്രകൃതം കൊണ്ടും കഴിവുകൊണ്ടുമാണ്‌. ഇതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ അടിക്കല്ലേ മലക്കേ എന്ന്‌ മരണാസന്നനോ ബന്ധുക്കളോ പറഞ്ഞാല്‍ ശിര്‍ക്കുമാണ്‌. ഈ ലളിതമായ കാര്യം അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്ന്‌ മനസ്സിലാവാത്തതില്‍ അത്ഭുതം തോന്നുന്നു. പിശാച്‌ മനുഷ്യന്റെ ചെവിയില്‍ മൂത്രമൊഴിച്ചു എന്നാണ്‌ സുബ്‌ഹ്‌ നമസ്‌കാരത്തിന്‌ ഉണരാത്തവനെക്കുറിച്ച്‌ നബി (സ്വ) പറഞ്ഞത്‌. പിശാചേ എന്റെ ചെവിയില്‍ മൂത്രമൊഴിക്കല്ലേ എന്നു പറഞ്ഞാല്‍ ശിര്‍ക്കാവും.

ജിന്നിനോടുള്ള സഹായാഭ്യാര്‍ഥനകളും ശിര്‍ക്കല്ല എന്നു പറയുന്നത്‌ സുലൈമാന്‍ നബി (അ) ജിന്നിനോടു സഹായം തേടുക വഴി മുശ്‌രിക്കായി എന്നു പറയേണ്ടി വരില്ലേ എന്ന സങ്കീര്‍ണത ഒഴിവാക്കാനാണെന്ന്‌ അല്‍ഇസ്വ്‌ലാഹ്‌ 2012 ഡിസം. ലക്കത്തില്‍ പറയുന്നു. എന്താണിതിലെ സങ്കീര്‍ണത?

ഉ: ഒരു സങ്കീര്‍ണതയുമില്ല. സുലൈമാന്‍ നബിയുടേത്‌ അദ്ദേഹത്തിനു മാത്രം ബാധകമായ മുഅ്‌ജിസത്താണ്‌, അതിനാല്‍ അതില്‍ ശിര്‍ക്കോ, വസീലത്തുശ്‌ശിര്‍ക്കോ കറാഹത്തോ ഇല്ല എന്നു പറയുന്നതോടെ സങ്കീര്‍ണത തീര്‍ന്നു. ജിന്നു വിഭാഗം ഇല്ലാത്ത സങ്കീര്‍ണത തീര്‍ക്കാന്‍ ശ്രമിച്ച്‌ സ്വയം സങ്കീര്‍ണതയില്‍ അകപ്പെടുകയാണ്‌ ചെയ്‌തത്‌. സുലൈമാന്‍ നബി അനുവദനീയമായ കാര്യമാണ്‌ ചെയ്‌തത്‌. എന്നിരിക്കെ മറ്റുള്ളവരുടെ ജിന്നുവിളിക്ക്‌ സുലൈമാന്‍ നബിയുടെ ജിന്നു പ്രശ്‌നത്തില്‍ നിന്ന്‌ വിധി കണ്ടെത്തിയാല്‍ ജിന്ന്‌ വിളി അനുവദനീയമാണെന്നാണ്‌ വരിക. അതാണ്‌ സങ്കീര്‍ണത.

നമ്മുടെ ജിന്ന്‌ വിളിക ളെല്ലാം ശിര്‍ക്കല്ലെ എന്നതില്‍ സുലൈമാന്‍ നബിയുടേതു ബാധകമാക്കി എന്നതിന്ന്‌ തെളിവുണ്ടോ?

ഉ: ഉണ്ട്‌. സുലൈമാന്‍ നബി (അ) ജിന്നിനോട്‌ രാജാവെന്ന നിലയില്‍ കല്‌പിച്ചുകൊണ്ട്‌ ജോലിയെടുപ്പിക്കുകയായിരുന്നു. അത്‌ ശിര്‍ക്കോ വസീലത്തുലശ്‌ശിര്‍ ക്കോ കറാഹത്തോ ആയിരുന്നുവെന്ന്‌ ഇരുപക്ഷത്തിനും വാദമില്ലല്ലോ.
മനുഷ്യര്‍ക്ക്‌ എക്കാലത്തേക്കും ബാധകമായ ഒരു വിധി എന്ന നിലയില്‍ വര്‍ത്തമാനകാലക്രിയ പ്രയോഗിച്ചുകൊണ്ട്‌, ജിന്നിന്ന്‌ കഴിവുള്ള കാര്യത്തില്‍ സഹായം തേടുന്നത്‌ ശിര്‍ക്കാവില്ല എന്നു സമര്‍ഥിച്ചതിന്നു ശേഷമാണ്‌ സുലൈമാന്‍ നബിയുടെ സംഭവം കൊണ്ട്‌ അല്‍ ഇസ്വ്‌ ലാഹ്‌ അതിന്‌ പിന്‍ബലം നല്‍കിയത്‌ എന്ന്‌ താഴെ കൊടുക്കുന്ന ഉദ്ധരണിയില്‍ നിന്ന്‌ മനസ്സിലാകും.
മനുഷ്യന്റെ പരിസരത്തുള്ള ഉണ്ടെന്ന്‌ കരുതപ്പെടുന്ന അദൃശ്യ സൃഷ്‌ടികളോട്‌ അവരുടെ പ്രകൃതത്തിന്നനസരിച്ച്‌, അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല. ശിര്‍ക്കാണെന്നു പറഞ്ഞാല്‍ സുലൈമാന്‍ നബിയും ഹാജറബീവിയും മുശ്‌രിക്കാണെന്നു (നഊദുബില്ലാഹി) പറയേണ്ടിവരും.” (അല്‍ ഇസ്വ്‌ലാഹ്‌, 2012ഡിസം ).

നമുക്കിടയില്‍ തര്‍ക്കമുള്ള കാര്യത്തിന്‌ തര്‍ക്കമില്ലാത്ത സുലൈമാന്‍ നബിയുടെ സംഭവം തെളിവാക്കിയതല്ലേ ഇവിടെ കണ്ടത്‌? അതാണ്‌ സങ്കീര്‍ണതയുണ്ടാക്കിയത.്‌ ചെയ്യാന്‍ കഴിയുന്നത്‌, ആവശ്യപ്പെടുന്നത്‌, എന്നീ വര്‍ത്തമാനകാല പ്രയോഗം സുലൈമാന്‍ നബിയെപ്പറ്റിയല്ലെന്നുറപ്പാണ്‌. ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റുകയില്ല’ എന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ പറഞ്ഞത്‌ എക്കാലത്തേക്കും ബാധകമാക്കിക്കൊണ്ടാണ്‌. ചുരുക്കത്തില്‍ മേല്‍പറഞ്ഞ വിധമുള്ള കാര്യം (ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്നത്‌) ചെയ്യാന്‍ ഒരാള്‍ ആവശ്യപ്പെടല്‍ ശിര്‍ക്കാകുമെങ്കില്‍ സുലൈമാന്‍ നബി ശിര്‍ക്കു ചെയ്‌തു എന്നു പറയേണ്ടി വരില്ലേ എന്നാണ്‌ അല്‍ഇസ്വ്‌ലാഹിലെ ചോദ്യം., സമര്‍ഥനം

മെഴുകുതിരിയിലെ തട്ടിപ്പ്‌
എന്നാല്‍ പന്നൂര്‍ ഉദ്ധരിച്ച അല്‍ ഇസ്വ്‌ലാഹ്‌ ഉദ്ധരണിയില്‍ നിന്ന്‌ വാസ്‌തവത്തില്‍ ജിന്ന്‌ മെഴുകുതിരി തരുമെന്നോ ജിന്നിനോട്‌ മെഴുകുതിരി ചോദിക്കാമെന്നോ അത്‌ ശിര്‍ക്കല്ലെന്നോ കിട്ടുകയില്ല. അല്‍ ഇസ്വ്‌ലാഹില്‍ എഴുതിയിട്ടില്ലാത്തൊരു കാര്യം എഴുതിയിട്ടുണ്ടെന്നു വരുത്തിത്തീര്‍ക്കലായിരുന്നു പന്നൂരിന്റെ ഉദ്ദേശ്യം.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 നവം. പേ 23) ഈ വരികളെക്കുറിച്ച്‌ എന്തു പറയുന്നു?

ഉ: വിചിന്തനം എഴുതിയത്‌ സത്യം മാത്രമാണ്‌. അല്‍ ഇസ്വ്‌ലാഹില്‍ നിന്ന്‌ വിചിന്തനം ഉദ്ധരിച്ച വരികളില്‍ നിന്ന്‌ ജിന്നിനോട്‌ മെഴുകുതിരി ചോദിക്കാമെന്ന ആശയം കിട്ടുമെന്ന്‌ വിചിന്തനം എഴുതിയിട്ടില്ല. ജിന്നിനോട്‌ മെഴുകുതിരി ചോദിക്കുന്നത്‌ ശിര്‍ക്കല്ലെന്നും ചോദിച്ചാല്‍ അത്‌ തരും എന്നും അല്‍ ഇസ്വ്‌ലാഹില്‍ ഉള്ളതായി വിചിന്തനം എഴുതിയിട്ടുണ്ട്‌. അത്‌ തെളിയിച്ചുതരാം. വിചിന്തനം എഴുതാത്തത്‌ എഴുതി എന്ന്‌ അല്‍ ഇസ്വ്‌ലാഹാണ്‌ പറയുന്നത്‌. അത്‌ ഉത്തരം മുട്ടിയ ജാള്യം മറച്ചുവെക്കാനാണ്‌.

മെഴുകുതിരി തരുന്നതിനെക്കാള്‍ വലിയ സാധനം കൊണ്ടുവരാനും വലിയ ജോലികള്‍ ചെയ്‌തുതരാനും കഴിയുന്ന ജിന്നിന്‌ മെഴുകുതിരി കൊണ്ടുവരുന്നത്‌ പ്രയാസമില്ലാത്ത കാര്യമാണ്‌ എന്നും അത്‌ ചോദിക്കല്‍ അതിന്റെ കഴിവില്‍പ്പെടാത്തത്‌ ചോദിക്കലാവില്ലെന്നും അല്‍ ഇസ്വ്‌ലാഹ്‌ എഴുതിയെന്ന്‌ ഞാന്‍ ഉദ്ധരിച്ച വരികളില്‍ നിന്ന്‌ കിട്ടും. നോക്കൂ.

`ആഴിയില്‍ മുങ്ങിത്തപ്പി മുത്തുകള്‍ വാരാനും (2) പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും (3) പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും (4) സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌ ഒരു മെഴുകുതിരികൊണ്ടുവരാന്‍ കഴിയാതിരിക്കുമോ പന്നൂര്‍” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ജുലൈ)

ഇതില്‍ ജിന്നിന്ന്‌ കഴിയുന്ന നാല്‌ പ്രധാന കാര്യങ്ങള്‍ വായനക്കാര്‍ക്കു മനസ്സിലാവാന്‍ വേണ്ടി ഞാന്‍ നമ്പര്‍ നല്‍കിയിരിക്കയാണ്‌. നാലിന്‌ ശേഷം `ഒക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌’ എന്ന്‌ പ്രയോഗിച്ചതില്‍ നിന്ന്‌ കഴിയുന്ന കാര്യങ്ങളുടെ എണ്ണം വളരെ കൂടും എന്ന ആശയം ലഭിക്കും.
ജിന്നിന്‌ അതിന്റെ പ്രകൃതത്തിനനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ലെന്ന്‌ 2012 ഡിസംബര്‍ ലക്കത്തിലെഴുതിയത്‌ ജൂലൈ ലക്കത്തിലെ മെഴുകുതിരിക്ക്‌ ബാധകമല്ലാതാകുന്നതെങ്ങനെ!!

മെഴുകുതിരി ചോദിക്കല്‍ ശിര്‍ക്കാണെന്നാണോ ജൂലൈ ലക്കത്തില്‍ പറഞ്ഞതിന്റെ ഉദ്ദേ ശ്യം? ആറു മാസം മുമ്പ്‌ ശിര്‍ക്കല്ലാത്തത്‌ ഇപ്പോള്‍ ശിര്‍ക്കായോ! ശിര്‍ക്കല്ലെന്ന്‌ കിട്ടുകയില്ല എന്നതിന്റെ ഉദ്ദേശ്യം ശിര്‍ക്കാണെന്ന്‌ കിട്ടുമെന്നാണോ? മെഴുകുതിരികൊണ്ട്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‌ വല്ലാതെ കൈപൊള്ളിയതുകൊണ്ട്‌ സംഭവിച്ച സ്ഥലകാലഭ്രമമാണ്‌ ഇതില്‍ കണ്ടത്‌.
വിചിന്തനം വേണ്ടെന്നുവെച്ച്‌ വിട്ട വരികള്‍ ഉദ്ധരിച്ചാല്‍ വിചിന്തനത്തിന്‌ പറഞ്ഞതിന്‌ ബലം ലഭിക്കുകയാണ്‌ ചെയ്യുക. അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്റെ അഭ്യാ സം തുടര്‍ന്നാല്‍ അപ്പോളുദ്ധരിക്കാം. മെഴുകുതിരി പ്രശ്‌നത്തില്‍ അല്‍ ഇസ്വ്‌ലാഹാണ്‌ തട്ടിപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഒരു സാധാരണക്കാരന്റെ മുമ്പില്‍ പണ്‌ഡിതന്‍മാര്‍ ഉത്തരംമുട്ടുന്ന രംഗം: അമേരിക്കയിലെ മനുഷ്യനും അഭൗതികം തന്നെ

ഇരിവേറ്റിയില്‍ വെച്ച്‌ നടന്ന മുഖാമുഖത്തില്‍ എന്റെ ചില ചോദ്യങ്ങള്‍ക്ക്‌ ഫൈസല്‍ മുസ്‌ല്യാര്‍ നല്‍കിയ മറുപടിയാണ്‌ ഈ കുറിപ്പെഴുതാന്‍ കാരണം. ഈ ലേഖനം പൂര്‍ണമായും വായിച്ചു കഴിയുമ്പോള്‍ കെ.എന്‍.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ അടിസ്ഥാനപരമായ ആദര്‍ശ വ്യതിയാനത്തിന്റെ മര്‍മം എത്രമാത്രം ഗുരുതരമാണെന്നും നിഷ്‌പക്ഷമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ആര്‍ക്കും ബോധ്യമാവും. എന്റെ ഒന്നാമത്തെ ചോദ്യം ഇതായിരുന്നു.

“ഇവിടെ വിഷയാവതരണത്തില്‍ ബഹു. അബ്‌ദുല്‍മാലിക്‌ സ്വലാഹി വളരെ വസ്‌തുനിഷ്‌ഠമായി ക്വുര്‍ആനിലെ വിവിധ ആയത്തുകള്‍ ഓതിയും സ്വഹീഹായ ഹദീഥുകള്‍ ഉദ്ധരിച്ചും പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രമേ പാടുള്ളൂ എന്ന്‌ സമര്‍ഥിക്കുകയുണ്ടായി. മൊയ്‌തീന്‍ ശൈഖിനോട്‌ സഹായാര്‍ഥന നടത്തിയാല്‍ അത്‌ ശിര്‍ക്കാണെന്ന്‌ പ്രമാണങ്ങളിലൂടെ സൂര്യപ്രകാശം പോലെ തെളിയിച്ചു. ഇതുപോലെ ഹാജറുള്ളഒരു മുസ്‌ലിം ജിന്നിനോട്‌ അതിന്റെ കഴിവില്‍പ്പെട്ട ഒരു ഭൗതിക സഹായം ചോദിച്ചാല്‍ ആ സഹായാര്‍ഥന ശിര്‍ക്കാവുകയില്ല എന്ന്‌ ക്വുര്‍ആനിലെ ആയത്തുകള്‍ ഉദ്ധരിച്ചും ഹദീഥുകളുദ്ധരിച്ചുംതെളിയിക്കാന്‍ കഴിയുമോ? കഴിയുമെങ്കില്‍ തെളിയിക്കുക?”

എന്റെ ചോദ്യത്തിന്‌ മറുപടി പറഞ്ഞ ഫൈസല്‍ മുസ്‌ല്യാര്‍ ക്വുര്‍ആനിലെ ഒരു ആയത്തോ, ഹദീഥോ ഉദ്ധരിച്ചില്ലെന്ന്‌ മാത്രമല്ല, കോഴിച്ചെന വാദ പ്രതിവാദത്തില്‍ ദുര്‍വ്യാഖ്യാനിച്ച (സൂറ: അന്‍ആം 128)-ാം ആയത്ത്‌ പോലും ഓതാന്‍ ധൈര്യം കാണിച്ചില്ല. (അത്‌ ദുര്‍വ്യാഖ്യാനിച്ചത്‌ അബദ്ധമായി എന്ന്‌ ജിന്ന്‌ വാദികള്‍ അടക്കം പറയുന്നതായി ജനസംസാരമുണ്ട്‌) എന്നാല്‍ ജിന്നുകള്‍ മൊയ്‌തീന്‍ശൈഖിനെപ്പോലെയല്ല. മൊയ്‌തീന്‍ ശൈഖിന്‌ ഹാജരാവാന്‍ കഴിയില്ല. കേള്‍ക്കാന്‍ കഴിയില്ല. തരാനുള്ള കഴിവില്ല എന്നും ഇത്‌ ഹാജരുള്ള ജിന്നിനോടാണ്‌, അത്‌ മുമ്പിലുണ്ടാവും, കേള്‍ക്കാന്‍ കഴിയും, ജിന്നുകള്‍ക്ക്‌ ഒരു വേള മനുഷ്യനേക്കാള്‍ കഴിവുണ്ട്‌ എന്നും പറയുക മാത്രമാണ്‌ ചെയ്‌തത്‌. അതോടൊപ്പം ഫൈസല്‍ മുസ്‌ല്യാര്‍ എന്നോടായി ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചു. `അമേരിക്കയിലുള്ള മനുഷ്യനോട്‌ ചോദിക്കുന്ന പോലെയല്ല ഇത്‌, ഹാജറുണ്ടെന്ന്‌ വിചാരിക്കുന്ന ജിന്നാണ്‌, അമേരിക്കയിലുള്ള മനുഷ്യന്‍ അദൃശ്യമാണ്‌, അത്‌ നമുക്ക്‌ ഗാഇബാണ്‌ എന്നും, നിന്റെ വാദപ്രകാരം കാണാത്തതിനോട്‌ ചോദിച്ചാല്‍ ശിര്‍ക്കാണെങ്കില്‍ ബാത്ത്‌ റൂമില്‍ നിന്ന്‌ ഭാര്യയോട്‌ സോപ്പ്‌ ചോദിച്ചാലും ശിര്‍ക്കാകുമല്ലോ…?” പത്ത്‌ കിലോ പൊക്കാന്‍ കഴിയാത്ത ഒരാളോട്‌ നൂറു കിലോ പൊക്കാന്‍ പറഞ്ഞാലും ശിര്‍ക്കാകുമല്ലോ… എന്നൊക്കെയുള്ള എതിര്‍ചോദ്യങ്ങള്‍ നിരത്തി കൊണ്ടാല്‍ കൊള്ളട്ടെ എന്ന നിലക്ക്‌ വെടി വെക്കുകയാണ്‌ ചെയ്‌തത്‌.

അതിന്‌ മറുപടിയെന്നോണം ഞാന്‍ പറഞ്ഞു. നിങ്ങളിവിടെ ഉദ്ധരിച്ച മൂന്ന്‌ ഉദാഹരണങ്ങളിലൂടെ, ഹയ്യും, ഹാളിറും, ക്വാദിറുമായ ജിന്നുകളോട്‌ ഭൗതിക സഹായങ്ങള്‍ ചോദിച്ചാല്‍ ശിര്‍ക്കാകുമെന്ന്‌ തെളിയിച്ചു തരാം. അമേരിക്കയിലുള്ള മനുഷ്യനോട്‌ സഹായം ചോദിക്കുന്നതുപോലെ തന്നെ ഹാജറുണ്ടെന്ന്‌ നിങ്ങള്‍ സങ്കല്‍പിക്കുന്ന ജിന്നിനോട്‌ ചോദിച്ചാലും അത്‌ വ്യക്തമായ ശിര്‍ക്കാവും. അമേരിക്കയിലുള്ള മനുഷ്യന്‍ ഇവിടെയുള്ള മനുഷ്യന്‌ അദൃശ്യനാണ്‌, ഗാഇബാണ്‌. അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതനാണ്‌. ചോദിക്കുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം അഭൗതികമാണ്‌. അതുകൊണ്ടുതന്നെ ശിര്‍ക്കുമാണ്‌. ഇത്‌ പോലെതന്നെയാണ്‌ ജിന്നും. ചോദിക്കുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം മുമ്പിലുണ്ടെന്ന്‌ സങ്കല്‍പിക്കുന്ന ജിന്ന്‌ അദൃശ്യമാണ്‌. ഈ അദൃശ്യമായ ജിന്ന്‌ മുസ്‌ലിമാണോ കാഫിറാണോ എന്ന്‌ മനസ്സിലാക്കാന്‍ മാര്‍ഗങ്ങളില്ല. കഴിവുകള്‍ എന്തെല്ലാമാണെന്ന്‌ തിരിച്ചറിയാന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ കഴിയില്ല. അവനെ സംബന്ധിച്ചേടത്തോളം ജിന്ന്‌ ഗാഇബാണ്‌. ഗൈബിയ്യായ കാര്യങ്ങളില്‍പ്പെട്ടതാണ്‌ തികച്ചും അഭൗതികമാണ്‌. അതുകൊണ്ടുതന്നെ ശിര്‍ക്കുമാണ്‌. ബാത്ത്‌റൂമില്‍ ഭാര്യയോട്‌ സോപ്പ്‌ ചോദിച്ചാല്‍ ശിര്‍ക്കാകുമോ എന്ന ചോദ്യത്തിന്‌ ഞാന്‍ ഇങ്ങിനെ മറുപടി നല്‍കി. “സോപ്പ്‌ ചോദിക്കുമ്പോള്‍ ഒന്നുകില്‍ സോപ്പ്‌ ഉണ്ട്‌ എന്നോ അല്ലെങ്കില്‍ ഇല്ല എന്നോ ഭാര്യയില്‍ നിന്നും ഒരു മറുപടി ലഭിക്കും. ഒരു മറുപടിയും ലഭിച്ചില്ലെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ ഭാര്യയോട്‌ ചോദിക്കാന്‍ കഴിയും. “ഞാന്‍ സോപ്പ്‌ ചോദിച്ചപ്പോള്‍ നീ എവടെയായിരുന്നെന്ന്‌. ഇതുപോലെയാണോ ജിന്ന്‌? അത്‌ വല്ല മറുപടിയും നമുക്ക്‌ തരുമോ? ക്വിയാമത്ത്‌ നാള്‍ വരെ ചോദിച്ചാലും സോപ്പ്‌ കിട്ടുമോ? വെളിച്ചം കിട്ടുമോ? കാറ്‌ തള്ളിത്തരുമോ? ഇല്ല എന്നതല്ലേ സത്യം?… പത്ത്‌ കിലോ പൊക്കാന്‍ കഴിയാത്തവനോട്‌ നൂറ്‌ കിലോ പൊക്കാന്‍ ആവശ്യപ്പെട്ടാല്‍ പത്ത്‌ കിലോ പോലും പൊക്കാനാവാത്ത എന്നോട്‌ നൂറുകിലോ പൊക്കാന്‍ പറയാന്‍ നിനക്ക്‌ ഭ്രാന്തുണ്ടോ എന്ന്‌ അയാള്‍ തിരിച്ചു ചോദിക്കില്ലേ? എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ഫൈസല്‍ മുസ്‌ല്യാര്‍ അതിന്‌ പറഞ്ഞ മറുപടിയാണ്‌ രസകരം. “അപ്പോ നിന്റെ വാദപ്രകാരം ഒരു മറുപടിയും പറയാതെ അയാള്‍ പോയാല്‍ ശിര്‍ക്കാകുമല്ലേയെന്ന്‌?” `മുസ്‌ലിയാരേ, നിങ്ങള്‍ ഏത്‌ ലോകത്താ ജീവിക്കുന്നത്‌� എന്നാണ്‌ തിരിച്ചു ചോദിക്കേണ്ടത്‌. ഒരു സാധാരണ മുജാഹിദ്‌ പ്രവര്‍ത്തകനായ എനിക്ക്‌ മുസ്‌ലിയാരെപ്പോലെയാകാന്‍ പറ്റുമോ?

ഒരു സൃഷ്‌ടി ഹാജറുണ്ടായാല്‍, അത്‌ കേട്ടാല്‍ അതിനോട്‌ ചോദിച്ചാല്‍ ശിര്‍ക്കാവുകയില്ല എന്നാണോ ഇവര്‍ മനസ്സിലാക്കിയത്‌? എങ്കില്‍ നമ്മുടെ മുമ്പിലുള്ള ഒരു പശു; അത്‌ നമ്മെ കാണുന്നു. നമ്മള്‍ പറയുന്നത്‌ കേള്‍ക്കുന്നു. എന്നാല്‍ ആ പശുവിന്‌ നാം ചോദിക്കുമ്പോള്‍ വെളിച്ചം തരാനാകുമോ? തരുമെന്ന്‌ വിശ്വസിച്ച്‌ ചോദിച്ചാല്‍ ശിര്‍ക്കാവില്ലേ? ശിര്‍ക്കിനെ ന്യായീകരിക്കാനായി എന്തും പറയുന്നവര്‍ മനസ്സിലാക്കുക. ഹാജറുണ്ടോ, ഇല്ലയോ എന്നത്‌ മാത്രമല്ല ശിര്‍ക്കാവാനുള്ള മാനദണ്‌ഡം. ചോദിക്കുമ്പോള്‍ കിട്ടുമോ എന്നത്‌ കൂടിയാണ്‌. അതുമില്ലെങ്കില്‍ ഒരു മറുപടിയെങ്കിലും കിട്ടണം.

മനുഷ്യനെ സംബന്ധിച്ചേടത്തോളം അദൃശ്യമായ ഗാഇബായ, അഭൗതികമായ ക്വിയാമത്ത്‌ നാള്‍ വരെ ചോദിച്ചാലും ഉത്തരം ചെയ്‌ത്‌ സഹായിക്കാത്ത, അല്ലാഹു അല്ലാത്ത അദൃശ്യ സൃഷ്‌ടിയെ വിളിച്ചു സഹായം ചോദിക്കുന്നത്‌ തന്നെയാണ്‌ ശിര്‍ക്ക്‌. ആ സൃഷ്‌ടി ഹാജറുണ്ടെങ്കിലും, കാഫിറായാലും മുസ്‌ലിമായാലും ശരി. ചോദിച്ചാല്‍ സഹായം ഒരിക്കലും ലഭിക്കാത്ത പ്രതിമയായാലും, ആല്‍മരമായാലും, ജിന്നായാലും, മലക്കായാലും, ഗുരുവായൂരപ്പനായാലും, മക്വ്‌ബറയായാലും അതിനോട്‌ ചോദിക്കുന്നത്‌ തന്നെയാണ്‌ ശിര്‍ക്ക്‌. അതാണ്‌ ഞാന്‍ പഠിച്ച തൗഹീദ്‌. അതില്‍ നിന്നും നിങ്ങള്‍ മാറിയപ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടായത്‌ എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ഫൈസല്‍ മുസ്‌ലിയാരുടെ മറുപടി “നീ പഠിച്ച തൗഹീദ്‌ തെറ്റിപ്പോയി’ എന്നാണ്‌. ജിന്ന്‌ ചില ഘട്ടങ്ങളിലെങ്കിലും സാഹിറിനെ സഹായിക്കുന്നുണ്ടല്ലോ അങ്ങിനെ വിശ്വസിച്ചാല്‍ ശിര്‍ക്കാവുമോ എന്നൊരു മറുചോദ്യവും.

ജിന്നിനെ പൂജിക്കുന്നതുകൊണ്ടും, ആരാധിക്കുന്നതുകൊണ്ടും അങ്ങേയറ്റം കുഫ്‌റ്‌ ചെയ്‌ത്‌ അല്ലാഹുവിനെ നിന്ദിച്ച്‌ ശിര്‍ക്ക്‌ ചെയ്യുമ്പോഴുമല്ലേ പിശാച്‌ സാഹിറിന്‌ വല്ല ദുര്‍മന്ത്രവും നടത്തിക്കൊടുക്കുകയുള്ളൂയെന്ന്‌ ഞാന്‍ തിരിച്ചു ചോദിച്ചു. `എന്നാല്‍ പൂജ കഴിഞ്ഞ്‌ കുറേ സമയം കഴിഞ്ഞതിന്‌ ശേഷം പിശാചിനോട്‌ സാഹിറ്‌ സഹായം ചോദിച്ചാല്‍ അതിലൂടെ വല്ല സഹായവും ലഭിച്ചാലോ’ എന്ന മറുചോദ്യമാണ്‌ ലഭിച്ചത്‌.

അരകുപ്പി മദ്യം കഴിച്ചതിന്‌ ശേഷം പിന്നെ ഒരു സിഗരറ്റ്‌ കൂടി വലിച്ചാല്‍ കിക്ക്‌ കൂടുമോ എന്ന ചോദ്യം പോലെ നിരര്‍ഥകമാണ്‌ ഇത്‌ എന്നല്ലാതെ ഇതിന്‌ എന്ത്‌ മറുപടി പറയാന്‍ കഴിയും. ജിന്നില്‍ നിന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട്‌ ആരെങ്കിലും സഹായം ചോദിച്ചാല്‍ അവന്‍ കര്‍മം കൊണ്ട്‌ ശിര്‍ക്ക്‌ ചെയ്യുകയും ജിന്നിനോട്‌ സഹായം ചോദിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്ന്‌ വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തിലും ശിര്‍ക്ക്‌ വന്നു എന്ന്‌ മനസ്സിലാക്കണം. ഒരു മുജാഹിദും ചോദിക്കുന്നില്ലല്ലോ, ചോദിച്ചാല്‍ വസീലത്ത്‌ ശിര്‍ക്കാണ്‌. ഹറാമാണ്‌ എന്നല്ലേ പറയുന്നത്‌ എന്ന്‌ വാദിച്ചതുകൊണ്ടു കാര്യമില്ല. ഏതുപോലെ; ഗുരുവായൂരപ്പനോട്‌ സഹായം ചോദിച്ചാല്‍ ശിര്‍ക്കാവുകയില്ല എന്ന വിശ്വാസവും ശിര്‍ക്ക്‌ തന്നെ എന്നതാണ്‌ യാഥാര്‍ഥ്യം.
ജിന്നിനോടുള്ള സഹായത്തേട്ടത്തിന്‌ നബി (സ്വ) മാതൃകയില്ല. അതുകൊണ്ട്‌ ചോദിക്കാന്‍ പാടില്ല, ഹറാമാണ്‌, വസീലത്ത്‌ ശിര്‍ക്ക്‌ ആണ്‌ എന്നൊക്കെ പറയുന്ന ജിന്ന്‌ വാദികളോട്‌ ചോദിക്കട്ടെ. മരിച്ചുപോയ മഹാത്മാക്കളോട്‌ ചോദിക്കാന്‍ നബി (സ്വ)യുടെ മാതൃകയുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ്‌ മൊയ്‌തീന്‍ശൈഖിനോടുള്ള സഹായാര്‍ഥന ശിര്‍ക്കാണ്‌ എന്ന്‌ സലഫികള്‍ പറയുന്നത്‌? നബി (സ്വ) മാതൃക കാണിച്ചു തരാതിരുന്നത്‌ അത്‌ വ്യക്തമായ ശര്‍ക്കായതുകൊണ്ടല്ലേ? അപ്പോള്‍ മരിച്ചുപോയ മഹാത്മാക്കള്‍ ആവുമ്പോള്‍ ശിര്‍ക്കും ജിന്നാവുമ്പോള്‍ ഹറാമും വസീലത്തുശിര്‍ക്കും,. ഈ ഇരട്ടത്താപ്പ്‌ സലഫികള്‍ക്ക്‌ ഭൂഷണമല്ല. പ്രത്യേകിച്ച്‌ ഗൗരവമുള്ള ഒരു ശിര്‍ക്കിന്റെ കാര്യത്തില്‍ ഹുക്‌മ പറയുമ്പോഴെങ്കിലും എന്ന്‌ മനസ്സിലാക്കുന്നത്‌ നന്ന്‌.

അങ്ങിനെ ചോദിച്ചാല്‍ ശിര്‍ക്കാവില്ല. ഇങ്ങിനെ ചോദിച്ചാല്‍ ശിര്‍ക്കാവില്ല, എന്നൊക്കെ പറഞ്ഞ്‌ ശിര്‍ക്കിന്റെ ഗൗരവം ലളിതവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കുക. ജിന്നിനോട്‌ സഹായം ചോദിച്ചാല്‍ അത്‌ ശിര്‍ക്കാവുമെന്ന്‌ പറഞ്ഞാല്‍ അതിനെതിരെ ഉറഞ്ഞു തുള്ളുന്നവര്‍ മനസ്സിലാക്കുക. റബ്ബിന്റെ കോടതിയില്‍ ശിര്‍ക്കല്ലാത്ത ഏതൊരു പാപവും അവന്റെ മഹത്തായ ഫള്‌ല്‌ കൊണ്ട്‌ അവന്‍ പൊറുത്തുതരും. വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്‌ത്രീ അവള്‍ നായക്ക്‌ തന്റെ ഷൂ അഴിച്ച്‌ വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗാവകാശിയായി നൂറുപേരെ കൊന്ന കൊലപാതകി തൗബ ചെയ്യാന്‍ ഒരു സ്ഥലം നിശ്ചയിച്ചു നടന്നു നീങ്ങവെ അവിടെ എത്തും മുമ്പേ മരണപ്പെട്ടിട്ടും തൗബ ചെയ്യാന്‍ നിശ്ചയിച്ച സ്ഥലം ഏറെയും പിന്നിട്ടതിന്റെ പേരില്‍ സ്വര്‍ഗാവകാശിയായി. എന്തുകൊണ്ട്‌? ആ വേശ്യയായ സ്‌ത്രീയിലും കൊലപാതകിയായ മനുഷ്യനിലും ശിര്‍ക്കില്ലായിരുന്നു എന്നതത്രെ.

ജിന്നിനോട്‌ സഹായം തേടിയാല്‍ ശിര്‍ക്കല്ലെന്ന്‌ പറയാന്‍ ഊര്‍ജം കളയുന്ന മുജാഹിദുകള്‍ ഓര്‍ക്കുക. എന്തിന്‌? എന്തിന്‌ വേണ്ടിയാണ്‌ ഈ ഒച്ചവെക്കുന്നത്‌? തൗഹീദ്‌ സംരക്ഷിക്കാനോ? വിശുദ്ധ ക്വുര്‍ആന്‍ കൊണ്ടോ ഹദീഥുകൊണ്ടോ തെളിയിക്കാനാവാത്ത ഒരു കാര്യം ചില പണ്‌ഡിതന്‍മാരെ തക്വ്‌ലീദ്‌ ചെയ്‌ത്‌ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ട്‌ എന്ത്‌ നേട്ടം. ആലോചിക്കുക. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

Friday, November 29, 2013

ജിന്ന്‌: സംശയനിവാരണം -1

പിശാചിന്റെ ഉപദ്രവം അഭൗതികമോ ഭൗതികമോ?
ചോ: പിശാച്‌ മനുഷ്യരില്‍ ഉണ്ടാക്കുന്ന സ്വാധീനം ഭൗതികമോ അഭൗതികമോ?

ഉ: അഭൗതികമാണ്‌. കാരണങ്ങള്‍ ശ്രദ്ധിക്കുക. സുബ്‌ഹ്‌ നമസ്‌കാരത്തിന്ന്‌ എഴുന്നേല്‍ക്കാതെ ഉറങ്ങുന്നവനെക്കുറിച്ച്‌ പിശാച്‌ അവന്റെ ചെവിയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്‌ എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ മനുഷ്യരുടെ കാതില്‍ പിശാചിന്റെ മൂത്രത്തിന്റെ നനവോ ദുര്‍ഗന്ധമോ ഉണ്ടാവുകയില്ല. മനുഷ്യന്റെയോ മൃഗങ്ങളുടെയോ മൂത്രം ശരീരത്തിലും വസ്‌ത്രത്തിലുമായാല്‍ കഴുകണമെന്നുപദേശിച്ച പ്രവാചകന്‍ സുബ്‌ഹിക്കുണരാത്തവന്റെ ചെവികള്‍ പിശാച്‌ മൂത്രിച്ചതിന്റെ പേരില്‍ കഴുകണമെന്നോ അത്‌ നജസാണെന്നോ പറഞ്ഞിട്ടില്ല. പിശാചും അവന്റെ മൂത്രവും മൂത്രമൊഴിക്കലുമെല്ലാം മനുഷ്യരെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്നു പറയാന്‍ കാരണമിതാണ്‌.

ജിന്ന്‌ അഭൗതികമെങ്കില്‍ ...
ചോ: അഭൗതികമാര്‍ഗേണ ഗുണദോഷങ്ങള്‍ വരുത്തുന്നവന്‍ അല്ലാഹു മാത്രമാണെന്നാണ്‌ നാളിതുവരെ മുജാഹിദുകള്‍ പറഞ്ഞുവന്നത്‌. അപ്പോള്‍ ജിന്നും പിശാചും അഭൗതികമാണെന്ന വിചിന്തനത്തിന്റെയും തദനുകൂല പ്രഭാഷകരുടെയും വാദം ശിര്‍ക്കന്‍ വാദമാണ്‌-ഇതിനെക്കുറിച്ച്‌ താങ്കള്‍ എന്തു പറയുന്നു.

ഉ: ജിന്നിനെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ മനുഷ്യന്ന്‌ കണ്ടെത്താന്‍ കഴിയില്ല എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്‌ വിചിന്തനം അഭൗതികം എന്നു പറഞ്ഞത്‌. അങ്ങനെ പറയുമ്പോള്‍ ജിന്നിനെ അല്ലാഹുവാക്കുകയോ അല്ലാഹുവിന്ന്‌ തുല്യനാക്കുകയോ അല്ല വിചിന്തനം ചെയ്യുന്നത്‌. ഫൈസല്‍ മുസ്‌ല്യാര്‍ കോഴിച്ചെന സംവാദത്തില്‍ `മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌’ എന്ന്‌ വ്യവസ്ഥ എഴുതിയല്ലോ. അതേ കാര്യം വിചിന്തനം തുടക്കത്തിലേ പറഞ്ഞു എന്നു മാത്രം. `അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌’ എന്ന്‌ വിചിന്തനമോ കെ.എന്‍.എമ്മിന്റെ പ്രഭാഷകരോ ഇന്നേവരെ പറഞ്ഞിട്ടില്ല. നമ്മുടെ ഒരു ഗ്രന്ഥത്തിലും അങ്ങനെ എഴുതിയിട്ടില്ല. അല്ലാഹുവെ പറ്റി അഭൗതികം എന്ന്‌ പ്രയോഗിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല ജിന്നിനെപ്പറ്റി അഭൗതികം എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌.ജിന്നുകളും മലക്കുകളും അവരുടെ മേഖലയില്‍ ഭൗതികരും നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികരുമാണ്‌. എന്നുവെച്ചാല്‍ അവരെ മനുഷ്യര്‍ക്ക്‌ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ കണ്ടെത്താനാവില്ല.

പോലീസ്‌ നായയുടെ കഴിവില്‍ വിശ്വസിച്ചാല്‍ ശിര്‍ക്കാവുമോ?
ചോ: അല്‍ ഇസ്വ്‌ലാഹില്‍ പി.എ.ജെ. തുറക്കല്‍ എഴുതുന്നു.
“ഇനി വിചിന്തനം ലേഖകനോട്‌ ചോദിക്കട്ടെ: മനുഷ്യകഴിവിന്നതീതമാകുമ്പോള്‍ തേട്ടം അല്ലാഹുവോട്‌ മാത്രം എന്നിങ്ങനെ ലേഖകന്‍ എഴുതിയിട്ടുണ്ടല്ലോ. മനുഷ്യന്‌ കഴിയാത്തതും അതേസമയം മറ്റേതെങ്കിലും ഒരു സൃഷ്‌ടിക്ക്‌ കഴിയുന്നതുമായ വല്ല കാര്യത്തിലും ആ സൃഷ്‌ടിയോട്‌ സഹായം ആവശ്യപ്പെട്ടാല്‍ അത്‌ പ്രാര്‍ത്ഥനയാകുമോ? പ്രാര്‍ഥനയാകുമെന്നാണല്ലോ ലേഖകന്റെ നിര്‍വചനം സൂചിപ്പിക്കുന്നത്‌. എന്നാല്‍ തന്റെ നാസികാദ്വാരത്തില്‍ നിക്ഷിപ്‌തമായ കഴിവിലൂടെ കൊലയാളിയെ കണ്ടെത്താന്‍ പോലീസ്‌ നായയുടെ സഹായം ആവശ്യപ്പെട്ടാല്‍ അത്‌ പ്രാര്‍ഥനയാകുമോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌ അത്‌ നിര്‍വ്വചനത്തില്‍ നിന്ന്‌ പുറത്തായി? കുറ്റവാളിയുടെ ഗന്ധം തന്റെ ഘ്രാണശക്തിമൂലം വിവേചിച്ചറിഞ്ഞുകൊണ്ട്‌ തലക്കുള്ളില്‍ അത്‌ സൂക്ഷിച്ച കുറ്റവാളിയെ ആ പോലീസ്‌ നായ കണ്ടെത്തുന്നു. വിഷയം കാര്യകാരണ ബന്ധങ്ങള്‍ക്കതീതമല്ല. സൃഷ്‌ടികളുടെ കഴിവിന്നതീതമാവുകയുമില്ല. എന്നാല്‍ അത്‌ സാധാരണയായി മറ്റു ചില സൃഷ്‌ടികളുടെ കഴിവിന്നപ്പുറമാണ്‌. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളില്‍ സഹായം തേടലാണ്‌ പ്രാര്‍ഥനയെങ്കില്‍ ആ കാര്യത്തില്‍ പോലീസ്‌ നായയുടെ സഹായം ആവശ്യപ്പെട്ടാല്‍ പ്രാര്‍ഥനയും ശിര്‍ക്കുമാകുമോ?” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രു. പേ. 28).

ഉ: മനുഷ്യ കഴിവിന്നതീതം, അദൃശ്യമാര്‍ഗേണയുള്ള സഹായം, അഭൗതിക മാര്‍ഗേണയുള്ള സഹായം, കാര്യകാരണ ബന്ധങ്ങള്‍ക്കതീതം, പഞ്ചേന്ദ്രിയ ജ്ഞാനത്തിന്നതീതം എന്നെല്ലാം പറയുന്നത്‌ ഗൈബിയ്യ്‌ എന്ന വാക്കിന്റെ വിശദീകരണമാണ്‌.ഇവയിലേതെങ്കിലുമൊന്നുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ നമ്മള്‍ ഒരു കാര്യത്തിന്റെ ഹുക്‌മ്‌ പറഞ്ഞുപോന്നത്‌ എന്ന്‌ ആര്‍ക്കും മനസ്സിലാവും. പോലീസ്‌ നായയുടെ കഴിവ്‌ മനുഷ്യകഴിവിന്നപ്പുറമായിട്ടും അതാവശ്യപ്പെടുന്നത്‌ പ്രാര്‍ഥനയാകാത്തത്‌ നായയും അതിന്റെ പരിശീലനവും മനുഷ്യന്റെ പഞ്ചേന്ദ്രിയ ജ്ഞാനത്തിന്ന്‌ വിധേയമായതുകൊണ്ടാണ്‌. പോലീസ്‌ നായയുടെ കഴിവ്‌ പോലീസുകാര്‍ പരിശീലിപ്പിച്ച്‌ വളര്‍ത്തിയെടുത്തതാണ്‌. ജിന്നിനെ ഇതുപോലെ നമുക്ക്‌ സിവില്‍ എഞ്ചിനീയറിങിന്ന്‌ ചേര്‍ത്ത്‌ കെട്ടിട നിര്‍മാണകല പഠിപ്പിക്കാന്‍ കഴിയില്ല. (ഈ ചോദ്യം ജിന്ന്‌ വിവാദത്തോട്‌ ബന്ധപ്പെട്ടുണ്ടായതാണല്ലോ) ജിന്നിന്ന്‌ ജന്മനാ ഉള്ളതാണ്‌ കെട്ടിടങ്ങളുണ്ടാക്കാനുള്ള കഴിവും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരാനുള്ള കഴിവും. അത്‌ സുലൈമാന്‍ നബി പഠിപ്പിച്ചതല്ല. ജിന്നുകള്‍ക്ക്‌ ഈ കഴിവൊക്കെയുണ്ടായിട്ടും സഹായം അനിവാര്യമായ യുദ്ധവേളകളില്‍ പോലും നബി (സ്വ) അവരുടെ സഹായം തേടാതിരുന്നതും തേടിക്കൂടേ എന്ന്‌ സ്വഹാബത്ത്‌ ചോദിക്കാതിരുന്നതും പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയാത്ത കാര്യം അവരോട്‌ ചോദിക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ പാടില്ലാത്തതും ശിര്‍ക്കായതുകൊണ്ടുമാണ്‌.

ബാക്‌ടീരിയയും ജിന്നും
ചോ: ജിന്ന്‌ അഭൗതികമാണെന്നതിന്ന്‌ വിചിന്തനം കാരണം പറഞ്ഞത്‌ ജിന്ന്‌ മനുഷ്യര്‍ക്ക്‌ അദൃശ്യമാണ്‌ എന്നതാണ്‌. അങ്ങനെയെങ്കില്‍ ബാക്‌ടീരിയയും അഭൗതികമാണെന്ന്‌ പറയേണ്ടിവരില്ലേ? ബാക്‌ടീരിയയെ നാം കാണാറില്ലല്ലോ.’

ഉ: ജിന്ന്‌ അഭൗതികം എന്ന്‌ വിചിന്തനം പറഞ്ഞതും അദൃശ്യം എന്നു പറഞ്ഞതും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട്‌ നമുക്ക്‌ കണ്ടെത്താന്‍ സാധിക്കാത്തത്‌ എന്ന അര്‍ത്ഥത്തിലാണ്‌. ബാക്‌ടീരിയയെ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കണ്ടെത്താന്‍ കഴിയില്ലെങ്കിലും ലബോറട്ടറിയില്‍ നടത്തുന്ന ടെസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയും. അതും പഞ്ചേന്ദ്രിയജ്ഞാനത്തില്‍പെട്ടതാണ്‌. അതിനാല്‍ ബാക്‌ടീരിയ ഭൗതികമാണ്‌. ജിന്നുകളെ ഇതുപോലെ ഉപകരണങ്ങളും ടെസ്റ്റുംകൊണ്ട്‌ മനസ്സിലാക്കാന്‍ കഴിയില്ല. വളരെ ബാലിശമാണ്‌ ഈ ചോദ്യം.

Friday, November 15, 2013

മുബാറക്‌ തിരൂര്‍ക്കാടിന്‌ ഒരു തുറന്ന കത്ത്‌


സ്‌നേഹപൂര്‍വം,ഇ.കെ.എം. പന്നൂര്‍ 

പ്രിയ മുബാറക്‌ തിരൂര്‍ക്കാട്‌, അല്ലാഹുവിന്റെ രക്ഷ താങ്കള്‍ക്കുണ്ടാവട്ടെ.

2013 ജനുവരി 27ന്ന്‌ കെ.കെ. സക്കരിയ്യാ സ്വലാഹിയുടെയും സുഹൃത്തുക്കളുടെയും ഒപ്പം താങ്കള്‍ എന്റെ വീട്ടില്‍ വന്നിരുന്നുവല്ലോ. ജിന്ന്‌ അഭൗതികമാണോ എന്ന സ്വലാഹിയുടെ ചോദ്യത്തിന്ന്‌ അഭൗതികം എന്ന്‌ ഞാനുത്തരം പറഞ്ഞപ്പോള്‍ താങ്കളതുകേട്ട്‌ `ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്ന്‌ ചൊല്ലുകയുണ്ടായി. അത്രയും വലിയ അപകടമാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നാണല്ലോ ആ ഇസ്‌തിര്‍ജാഇന്റെ അര്‍ഥം. ജിന്ന്‌ അഭൗതികമാണെന്ന എന്റെ `അപകട’വാദത്തെ ആധാരമാക്കി സക്കരിയ്യാ സ്വലാഹിയും ഞാനും തമ്മില്‍ നടന്ന സ്‌നേഹത്തര്‍ക്കത്തില്‍ ഞാന്‍ കാര്യം ഇങ്ങനെയാണ്‌ വിശദീകരിച്ചത്‌. ജിന്നും മലക്കുമെല്ലാം അവരുടെ മേഖലയില്‍ ഭൗതികമാണ്‌, നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികവുമാണ്‌. കാരണം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ അവയെ കാണാന്‍ കഴിയില്ല. കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാര്‍ എഴുതിയ വ്യവസ്ഥ ഞാന്‍ പറഞ്ഞ അതേ രീതിയില്‍ 'മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌' എന്നായിരുന്നു. അതു കേട്ടപ്പോള്‍ താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയോ? അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്’ എന്നാണ്‌ ഞങ്ങളെല്ലാം വാദിക്കുന്നത്‌ എന്ന്‌ താങ്കള്‍ ധരിച്ചുപോയോ?

മലയാളത്തിലെ ഏറ്റവും വലിയ ക്വുര്‍ആന്‍ പരിഭാഷ നമ്മുടേതാണല്ലോ. 3656 പേജുള്ള ആ അമാനീ പരിഭാഷയില്‍ `ജിന്ന്‌ ഭൗതികമാണ്‌ അതിനാല്‍ എല്ലാ ജിന്ന്‌ തേട്ടവും ശിര്‍ക്കല്ല’ എന്നെഴുതിയതായി (അതാണല്ലോ നിങ്ങളുടെ വാദം) താങ്കള്‍ കണ്ടിട്ടുണ്ടോ? കെ. ഉമര്‍ മൗലവിയുടെയും നമ്മുടെയിടയില്‍ വിശ്വാസകാര്യങ്ങള്‍ കൂടുതലെഴുതിയ കെ.പി. മുഹമ്മദ്‌ മൗലവി, കുഞ്ഞീദ്‌ മദനി എന്നിവരുടെയും കൃതികളില്‍ നിങ്ങളെല്ലാം ഇപ്പോള്‍ പറയുന്ന തരത്തില്‍ ശിര്‍ക്കല്ലാത്ത ജിന്നുവിളി ശിര്‍ക്കായ ജിന്നുവിളി എന്ന വിഭജനം ഉണ്ടോ? ഈ വിഭജനത്തിന്‌ തെളിവു ചോദിച്ചപ്പോള്‍ അല്‍ ഇസ്വ്‌ലാഹ്‌ നല്‍കിയ മറുപടി, ജിന്നിന്റെ കാര്യം അവിടെയിരിക്കട്ടെ മനുഷ്യര്‍ പരസ്‌പരം ചോദിക്കുന്ന സഹായത്തെ ശിര്‍ക്കായതും ആവാത്തതും എന്ന്‌ നബി (സ്വ) വിഭജിച്ചിട്ടില്ലെന്നായിരുന്നു. ഇത്‌ ഇന്നാലില്ലാഹി ചൊല്ലേണ്ട അപകടവാദമല്ലേ? നബി (സ്വ) യുടെയും സ്വഹാബത്തിന്റെയും ജീവിതം മുഴുവന്‍ ശിര്‍ക്കല്ലാത്ത സഹായാഭ്യര്‍ഥനക്കുള്ള തെളിവാണ്‌. ആസ്വിം (റ) തന്റെ സംഘം ശത്രുക്കളാല്‍ പിടിക്കപ്പെടുകയും മരണം മുന്നില്‍ കാണുകയും ചെയ്‌തപ്പോള്‍ റസൂല്‍ (സ്വ) കേള്‍വിയുടെ പരിധിക്കപ്പുറത്തായതിനാല്‍ അവിടുത്തോട്‌ നേരിട്ടു പറയാതെ `അല്ലാഹുമ്മ അഖ്‌ബിര്‍ അന്നാ നബിയ്യക’ ഞങ്ങളെപ്പറ്റി നീ നിന്റെ നബിയെ അറിയിക്കൂ അല്ലാഹുവേ-എന്നാണ്‌ പറഞ്ഞത്‌. കേള്‍വിയുടെ പരിധിക്കപ്പുറത്തുള്ളത്‌ പ്രവാചകനായിരുന്നാല്‍പോലും ഒരു വിവരം അദ്ദേഹത്തോട്‌ വിളിച്ചുപറയുന്നത്‌ ശിര്‍ക്കാണ്‌ എന്നാണിത്‌ പഠിപ്പിക്കുന്നത്‌.

ജിന്നിന്ന്‌ അതിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം നാം അതിനോടാവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ല എന്ന്‌ 2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹിലും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും വന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ജിന്നിന്ന്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന്‌ 2013 ജൂലായ്‌ ലക്കത്തിലും എഴുതിയതോടെ `യാ ഇബാദല്ലാഹി അഗീനൂനി’ എന്ന ദുര്‍ബ്ബല ഹദീഥ്‌ ഔട്ടായി. പകരം, ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ ക്വുര്‍ആന്‍ തെളിവാക്കപ്പെടുന്ന ഒരപകടം വന്നു. അത്‌ താങ്കളുടെ ശ്രദ്ധയില്‍പെട്ടോ? 

സുലൈമാന്‍ നബി ശൈത്വാനെക്കൊണ്ട്‌ കെട്ടിടമുണ്ടാക്കിച്ചതും കടലില്‍ മുങ്ങി മുത്തുവാരിപ്പിച്ചതും അടിസ്ഥാനമാക്കി മറ്റൊരാള്‍ ജിന്നിന്റെ സഹായം തേടിയാല്‍ അത്‌ ശിര്‍ക്കല്ലാതാകുന്നില്ല. തനിക്കുശേഷം മറ്റൊരാള്‍ക്കും തരപ്പെടാത്ത രാജാധികാരം എനിക്കു നല്‍കേണമേ എന്ന പ്രാര്‍ത്ഥന സ്വീകരിച്ചുകൊണ്ടാണ്‌ ശൈത്വാന്‍മാരെ അല്ലാഹു അദ്ദേഹത്തിന്ന്‌ തൊഴിലാളികളാക്കിക്കൊടുത്തത്‌. അതിനാല്‍ നമ്മുടെ വിവാദത്തിന്ന്‌ ആ ആയത്തുകള്‍ ബാധകമാക്കുന്നത്‌ ദുര്‍വ്യാഖ്യാനമല്ലേ? ഇതിനെയെല്ലാം അബ്‌ദുറഹ്‌മാന്‍ സലഫിയുടെ അധികാരമോഹമുണ്ടാക്കിയ പ്രശ്‌നം എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ക്രൂരതയല്ലേ?

സുലൈമാന്‍ നബി ജിന്നുകളെക്കൊണ്ട്‌ ജോലിയെടുപ്പിക്കുക വഴി ശിര്‍ക്കോ വസീലത്തുശ്‌ശിര്‍ക്കോ കറാഹത്തോ ചെയ്‌തിട്ടില്ല എന്നത്‌ നാം ഇരുപക്ഷവും അംഗീകരിക്കുന്ന കാര്യമാണ്‌. അത്‌ മുഅ്‌ജിസത്താണ്‌. അതു മനസ്സില്‍ വെച്ച്‌ അല്‍ ഇസ്വ്‌ലാഹിലെ ഈ രണ്ട്‌ ഉദ്ധരണികള്‍ ശ്രദ്ധിക്കൂ.


1. മനുഷ്യന്റെ പരിസരത്തുള്ള ഉണ്ടെന്നു കരുതപ്പെടുന്ന അദൃശ്യ സൃഷ്‌ടികളോട്‌ അവയുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല. ശിര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ സുലൈമാന്‍ നബി (അ) യും ഹാജറാ ബീവിയും മുശ്‌രിക്കാണെന്ന്‌ പറയേണ്ടിവരും. (നഊദു ബില്ലാഹി) അപ്പോള്‍ പ്രശ്‌നം വളരെ സങ്കീര്‍ണംതന്നെ. ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ വേണ്ടിയാണ്‌ ഭൗതിക കഴിവ്‌ അഭൗതിക കഴിവ്‌ എന്നതിന്ന്‌ വ്യക്തമായ മാനദണ്‌ഡം അബ്‌ദുല്‍ ജബ്ബാര്‍ മൗലവി തന്റെ ലേഖനത്തില്‍ സ്‌പഷ്‌ടമാക്കിയത്‌. (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം. പേ. 13)

2. ജിന്നുകളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന്‌ മനസ്സിലാക്കുന്നതിന്ന്‌ സുലൈമാന്‍ നബി (അ) യുടെ ചരിത്രത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മതി. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുകള്‍ വാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ പന്നൂര്‍? (അല്‍ ഇസ്വ്‌ലാഹ്‌ 2013 ജൂലൈ)

 ഈ ഉദ്ധരണികള്‍ പ്രകാരം കടല്‍ക്ഷോഭംമൂലം മീന്‍ പിടിക്കാന്‍ കഴിയാതെ പട്ടിണി കിടക്കുന്ന ആള്‍ക്ക്‌ ജിന്നിനോട്‌ മീന്‍പിടിച്ചുതരാന്‍ പറയുന്നത്‌ ശിര്‍ക്കല്ല. കെട്ടിടനിര്‍മാണത്തിന്ന്‌ ജിന്നിനെ വിളിച്ചാലും കൊടുത്ത കഴിവ്‌ ചോദിക്കലേ ആവുകയുള്ളൂ, ശിര്‍ക്കാവില്ല. ഗൃഹപ്രവേശനത്തിന്ന്‌ ഫര്‍ണിച്ചര്‍ കടയില്‍ വാങ്ങിവെച്ച സാധനങ്ങള്‍ കൊണ്ടുവരാന്‍ ജിന്നിനോടാവശ്യപ്പെട്ടാലും ശിര്‍ക്കല്ല.

പിന്നെ ജിന്നിനോട്‌ എത്രത്തോളം ചോദിച്ചാലാണ്‌ ശിര്‍ക്കാവുക എന്നതിന്ന്‌ ഒരുദാഹരണം തരുമോ? ഇങ്ങനെ സുലൈമാന്‍ നബിയുടേത്‌ മറ്റുള്ളവര്‍ക്ക്‌ ബാധകമാക്കി ജിന്ന്‌ വിളി ശിര്‍ക്കല്ലാതാക്കിയതിന്ന്‌ മേല്‍പറഞ്ഞ പണ്‌ഡിതരുടെയോ മറ്റു മുജാഹിദ്‌ പണ്‌ഡിതരുടെയോ കൃതികളില്‍ തെളിവുണ്ടോ?

Tuesday, November 5, 2013

തുടക്കം യാ ഇബാദല്ലാഹി' ഇല്ലാതെ.. വളര്‍ച്ചയും യാ ഇബാദല്ലാഹി ഇല്ലാതെ..

സത്യാന്വേഷികളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ കാര്യമാണ്‌ ജിന്നുവിവാദത്തിന്റെ തുടക്കവും വളര്‍ച്ചയും എങ്ങനെ എന്നത്‌. അതിന്റെ തുടക്കവും വളര്‍ച്ചയും യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥില്ലാതെയാണ്‌. `എന്താണ്‌ വസ്‌തുത ആര്‍ക്കാണ്‌ തെറ്റിയത്‌?’ എന്ന എന്റെ മുന്‍ ലേഖനത്തില്‍നിന്ന്‌ (വിചിന്തനം ഒക്‌ടോബര്‍ 4) അതു മനസ്സിലാവും.
വാതിലടക്കുമ്പോഴും മേശവലിപ്പടക്കുമ്പോഴുമെല്ലാം ജിന്നിന്ന്‌ പരിക്കുപറ്റുന്നത്‌ സൂക്ഷിക്കണം എന്ന സി.ഡി. പ്രഭാഷണമിറങ്ങിയപ്പോള്‍ അതിന്ന്‌ മേല്‍പറഞ്ഞ ദുര്‍ബ്ബല ഹദീഥിന്റെ പിന്‍ബലമുണ്ടായിരുന്നില്ല. ജിന്നു പുരുഷന്‍മാര്‍ മനുഷ്യസ്‌ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും എന്ന വാദത്തിന്നും യാഇബാദല്ലാഹിയുടെ പിന്‍ബലം ആവശ്യമായിരുന്നില്ല. സൂറത്തുര്‍ റഹ്‌മാനിലെ `ലം യത്വ്‌മിസ്‌ഹുന്ന ഇന്‍സുന്‍ ക്വബ്‌ലഹും വലാജാന്ന്‌’ (അവര്‍ക്കു മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ-സ്വര്‍ഗ കന്യകമാരെ-സ്‌പര്‍ശിച്ചിട്ടില്ല) എന്ന ആയത്താണ്‌ അതിന്ന്‌ തെളിവാക്കിയിരുന്നത്‌. കെ.എന്‍.എം. നേതാക്കള്‍ ഇടപെട്ട്‌ ഈ സി.ഡികള്‍ പിന്‍വലിപ്പിച്ചു. പ്രഭാഷകരുടെ തിരുത്തും വന്നു.

ഇതിന്നുശേഷമാണ്‌ `യാ ഇബാദല്ലാഹി അഗീനൂനി’ എന്ന ദുര്‍ബ്ബല ഹദീഥ്‌ ചര്‍ച്ചയായത്‌. ചര്‍ച്ചയാകാന്‍ കാരണം ഇരുളില്‍ തപ്പിനടക്കുന്നവന്‍ ഒരു ശബ്‌ദം കേള്‍ക്കുകയും അത്‌ ജിന്നാണെന്ന്‌ കരുതി വെളിച്ചം തരുമോ എന്നാവശ്യപ്പെട്ടാല്‍ അത്‌ ശിര്‍ക്കാവുകയില്ല എന്ന ഇസ്വ്‌ലാഹ്‌ മാസികയിലെ അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയ കുറിപ്പാണ്‌. ഈ കുറിപ്പ്‌ ഈ ദുര്‍ബല ഹദീഥിന്റെ പിന്‍ബലത്തിലാണെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ തന്റെ വിവാദക്കുറിപ്പിന്‌ ആ ദുര്‍ബ്ബല ഹദീഥുമായി ഒരു ബന്ധവുമില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ പ്രശ്‌നത്തിന്റെ മെയിന്‍ സ്വിച്ച്‌ അദ്ദേഹം ഓഫാക്കിക്കളഞ്ഞു. അതോടെ `യാ ഇബാദല്ലാഹി’ ഇല്ലാതെ സ്വതന്ത്ര ജിന്ന്‌ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. ജിന്നിന്‌ അതിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല, എല്ലാ ജിന്നുവിളിയും ശിര്‍ക്കല്ല, ജിന്നിന്ന്‌ പല കഴിവുകളുണ്ടെന്നും അതിന്ന്‌ മനുഷ്യജീവിതത്തില്‍ സ്വാധീനമുണ്ടെന്നും വിശ്വസിച്ചാല്‍ ശിര്‍ക്കാവില്ലെങ്കില്‍ ആ കഴിവില്‍പെട്ടത്‌ ചോദിച്ചാലെങ്ങനെയാണ്‌ ശിര്‍ക്കാവുക? (ശിര്‍ക്കാവില്ലെന്നര്‍ഥം) തുടങ്ങിയ വാദങ്ങള്‍ 2012 ഡിസംബര്‍ മുതല്‍ അല്‍ ഇസ്വ്‌ലാഹിലൂടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പ്രശ്‌നം മരുഭൂമിയുടെ വിജനതയിലൊതുങ്ങിയില്ല. എന്നുവെച്ചാല്‍ യാ ഇബാദല്ലാഹി അഗീനൂനീ എന്ന ദുര്‍ബ്ബല ഹദീഥ്‌ വിട്ട്‌ സ്വതന്ത്ര ജിന്നു സിദ്ധാന്തമായി മാറി. ഇരുളില്‍ തപ്പിത്തടയുന്നവന്‍ ജിന്നിനോട്‌ വെളിച്ചം ചോദിക്കുന്നത്‌ ശിര്‍ക്കല്ലാതിരിക്കാന്‍ കാരണമായി അല്‍ ഇസ്വ്‌ലാഹ്‌ പറഞ്ഞത്‌ അത്‌ ജിന്നിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യമാണ്‌ എന്നതായിരുന്നുവല്ലോ. അതിനാല്‍ ആ സഹായദാനം എങ്ങനെ, ടോര്‍ച്ചോ ചൂട്ടോ മെഴുകുതിരിയോ തന്നുകൊണ്ടാണോ എന്ന വിചിന്തനത്തിന്റെ ചോദ്യത്തിന്നു ലഭിച്ച മറുപടിയും `യാ ഇബാദല്ലാഹി അഈനൂനി’ യുടെ പിന്‍ബലം കൊണ്ടായിരുന്നില്ല. ക്വുര്‍ആനിന്റെ പിന്‍ബലം കൊണ്ടായിരുന്നു. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും അതുപോലുള്ള വലിയ കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്ന ജിന്നിന്ന്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന അല്‍ ഇസ്വ്‌ലാഹിലെ മറുപടിക്ക്‌ അവലംബമാക്കിയ ആയത്ത്‌ കാണുക.
“അദ്ദേഹം (സുലൈമാന്‍ നബി-അ) പറഞ്ഞു നീ എനിക്കു പൊറുത്തുതരികയും എനിക്കുശേഷം മറ്റൊരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച നീ എനിക്കു നല്‍കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലന്‍. അപ്പോള്‍ അദ്ദേഹത്തിന്ന്‌ കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പനപ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൗമ്യമായ നിലയില്‍ അത്‌ സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിര്‍മാണ വിദഗ്‌ദ്ധരും മുങ്ങല്‍ വിദഗ്‌ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്ന്‌ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു (വി.ക്വു. 38:35-37)
ഇതില്‍ `യാ ഇബാദല്ലാഹി…’ ഇല്ലെന്നും പ്രശ്‌നം മരുഭൂമിയിലൊതുങ്ങാത്തതുമാണെന്നും സ്വതന്ത്രമായ ജിന്ന്‌ സിദ്ധാന്തമാണെന്നും മുന്‍ ലക്കങ്ങളിലുദ്ധരിച്ച ഉദ്ധരണികളും ഈ ആയത്തുകളും വ്യക്തമാക്കുന്നു.

മുജാഹിദുകള്‍ പതിവായി വായിച്ചുവരുന്ന മുഹമ്മദ്‌ അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയില്‍ ശിര്‍ക്കല്ലാത്ത ഒരു ജിന്നുവിളിയെ പരിചയപ്പെടുത്തിയിട്ടില്ല. മുജാഹിദ്‌ പണ്‌ഡിതന്മാരില്‍ വിശ്വാസകാര്യങ്ങളെക്കുറിച്ച്‌ കൂടുതലെഴുതിയ കെ.പി. മുഹമ്മദ്‌ മൗലവിയുടേയോ കുഞ്ഞീദ്‌ മദനിയുടെയോ ഗ്രന്ഥങ്ങളിലും ശിര്‍ക്കല്ലാത്ത ജിന്നുവിളിയെ പരിചയപ്പെടുത്തിയിട്ടില്ല. മുജാഹിദ്‌ പണ്‌ഡിതന്മാരാരും ഇപ്പറഞ്ഞ രീതിയില്‍ ജിന്നിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ അതിന്നു ചെയ്യാന്‍ സാധിക്കുന്ന കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ലെന്ന്‌ എഴുതിയിട്ടില്ല. അപ്പോള്‍ അല്‍ ഇസ്വ്‌ലാഹില്‍ 2012 ഡിസംബര്‍ മുതല്‍ വന്നുകൊണ്ടിരിക്കുന്നത്‌ പുത്തന്‍വാദമാണെന്നു വ്യക്തം.
തനിക്കുശേഷം മറ്റൊരാള്‍ക്കും തരപ്പെടാത്ത രാജവാഴ്‌ച നല്‍കേണമേ എന്ന സുലൈമാന്‍ നബിയുടെ പ്രാര്‍ഥന സ്വീകരിച്ചുകൊണ്ടാണ്‌ അല്ലാഹു ജിന്നുകളുടെയും ശൈത്വാന്‍മാരുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യം ചെയ്‌തുകൊടുത്തത്‌ എന്നതിനാല്‍ മറ്റൊരാള്‍ ജിന്നിന്റെ സഹായം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ലാതാകുന്നില്ല. സുലൈമാന്‍ നബി ജിന്നിന്റെ കഴിവ്‌ ഉപയോഗപ്പെടുത്തുക വഴി ശിര്‍ക്ക്‌ ചെയ്‌തുവോ എന്ന സങ്കീര്‍ണമായ പ്രശ്‌നത്തിന്റെ പരിഹാരമായിട്ടാണ്‌ തങ്ങളിങ്ങനെയെല്ലാം എഴുതിയത്‌ എന്ന അല്‍ ഇസ്‌ലാഹുകാരുടെ വാദം അര്‍ഥശൂന്യമാണ്‌. ജിന്നിന്റെ സഹായം തേടല്‍ വസീലത്തുശ്‌ശിര്‍ക്കാണെന്ന്‌ അവര്‍ പറയുന്നുണ്ടല്ലോ. സുലൈമാന്‍ നബി (സ്വ) ജിന്നിനെ വിളിക്കുക വഴി ശിര്‍ക്ക്‌ ചെയ്യാത്തപോലെ വസീലത്തുശ്‌ശിര്‍ക്കും ചെയ്‌തിട്ടില്ല എന്ന്‌ ഇരുവിഭാഗവും സമ്മതിക്കുന്ന കാര്യമാണല്ലോ. അപ്പോള്‍ സങ്കീര്‍ണതയുണ്ടാകുമെങ്കില്‍ വസീലത്തു ശിര്‍ക്കിലും ഉണ്ടാകും. ഇല്ലെങ്കില്‍ രണ്ടിലുമില്ല.

ജിന്നിന്ന്‌ ചെയ്യുവാന്‍ കഴിയുന്ന പട്ടികയിലാണല്ലോ മെഴുകുതിരി നല്‍കലിനെ അല്‍ ഇസ്‌്‌ലാഹ്‌ ലേഖകന്‍ ഉള്‍പ്പെടുത്തിയത്‌. അതിനാലാണ്‌ അത്‌ ശിര്‍ക്കല്ലെന്നു വാദിച്ചതും. ഇനി ഉത്തരം തരേണ്ടത്‌ ജിന്നിനോട്‌ മെഴുകുതിരി ചോദിക്കല്‍ വസീലത്തുശ്‌ശിര്‍ക്കാണോ, ആണെങ്കില്‍ അതെങ്ങനെ എന്നാണ്‌. വന്‍ കെട്ടിടമുണ്ടാക്കല്‍, ദൂരപ്രദേശങ്ങളില്‍നിന്ന്‌ ഭാരമുള്ള വസ്‌തുക്കള്‍ കൊണ്ടുവരല്‍ തുടങ്ങിയവ ജിന്നിന്ന്‌ തന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ സാധിക്കുന്ന കാര്യമാണെന്ന്‌ ക്വുര്‍ആന്‍ കൊണ്ട്‌ സ്ഥിരപ്പെട്ട സ്ഥിതിക്ക്‌ ഒരാള്‍ കെട്ടിടനിര്‍മാണത്തിന്ന്‌ ജിന്നിനെ വിളിച്ചാല്‍ ജിന്നിന്റെ കഴിവില്‍പെടാത്തത്‌ ചോദിച്ചു എന്ന ശിര്‍ക്കില്‍ അതുള്‍പ്പെടുമോ? ജിന്നിനോട്‌ ഏതെല്ലാം ചോദിച്ചാലാണ്‌ ശിര്‍ക്കാവുക? – പന്നൂര്‍.

നാരിയത്തു സ്വലാത്തില്‍ ശിര്‍ക്കില്ലേ?

ശിര്‍ക്കില്ലാത്ത ജിന്നു വിളിയുടേയും മലക്കുവിളിയുടേയും പേരില്‍ ഖണ്‌ഡനമണ്‌ഡനങ്ങള്‍ നടക്കുന്നതിനിടയില്‍ നാരിയത്തു സ്വലാത്തില്‍ ശിര്‍ക്കില്ല എന്ന വാദം ജിന്ന്‌ വാദികളിലുള്ള ഒരാള്‍ ഉന്നയിക്കുകയും അദ്ദേഹം ഒരു സംവാദ ചര്‍ച്ച നടത്തുകയും ചെയ്‌തത്‌ ഒരു വലിയ സംഭവമായി മാറിയിരിക്കയാണ്‌. മുജാഹിദുകള്‍ പണ്ടേ ഇതില്‍ ശിര്‍ക്കുണ്ടെന്ന്‌ സമര്‍ഥിച്ചുപോന്നതാണ്‌. അതിന്നു വിരുദ്ധമായ ഒരു വാദം വന്നാല്‍ അത്‌ വിവാദമാവുക സ്വാഭാവികമാണല്ലോ. നാരിയത്തു സ്വലാത്ത്‌ പരിചയപ്പെടുത്തുന്ന നബി ഏതെല്ലാം സ്വിഫത്തുകളുള്ള ആളാണെന്നും അവ തൗഹീദുമായി പൊരുത്തപ്പെടുന്നതാണോ എന്നും ഒരു പഠനത്തിന്‌ വിധേയമാക്കേണ്ടതുണ്ട്‌. 

ഈ സ്വലാത്തില്‍ നബി (സ്വ) ക്ക്‌ പറയുന്ന ഒരു ഗുണം `തന്‍ ഹല്ലു ബിഹില്‍ ഉക്വദു’ എന്നാണ്‌. നബി (സ്വ) യെ കൊണ്ട്‌ മുഴുവന്‍ കെട്ടിക്കുടുക്കുകളും അഴിഞ്ഞുകിട്ടും എന്നാണതിന്റെ അര്‍ത്ഥം. നബി (സ്വ) യടക്കം ഒരു സൃഷ്‌ടിക്കും ജീവിതത്തിലുണ്ടായിരുന്ന മുഴുവന്‍ കെട്ടിക്കുടുക്കുകളും അഴിഞ്ഞുപോയിരുന്നില്ല. ഏതൊരു പ്രവാചകന്റെയും ചരിത്രമെടുത്ത്‌ പരിശോധിച്ചാല്‍ അവരുടെ ജീവിതത്തില്‍ അവര്‍ക്കുണ്ടായിരുന്ന ധാരാളം കെട്ടിക്കുടുക്കുകളും പരീക്ഷണങ്ങളും കാണാം. അവ തീര്‍ത്തും ഇല്ലാതാക്കാനോ അഴിച്ചുമാറ്റാനോ നബി (സ്വ) യടക്കം ഒരു പ്രവാചകനും സാധിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ കാര്യം പിന്നെയല്ലേ? കാരണം ഇത്‌ നബി (സ്വ) യടക്കം ഒരു പ്രവാചകന്റെയും മറ്റേതൊരു സൃഷ്‌ടിയുടെയും കഴിവില്‍പെട്ട കാര്യമല്ല. യാഥാസ്ഥിതികര്‍ തന്നെ ഈ കുരുക്കിനെ സംബന്ധിച്ചെഴുതുന്നത്‌ കാണുക: “വിശ്വാസികളുടെ വ്യക്തിപരവും സാമൂഹികവുമായ എല്ലാവിധ കുരുക്കുകളും അഴിച്ചുമാറ്റിയത്‌ നബി തിരുമേനി (സ്വ) ആയിരുന്നു.” (നാരിയ്യത്തുസ്വലാത്ത.്‌ പേജ്‌ 23. അബ്‌ദുല്‍ ഹമീദ്‌ ഫൈസി, അമ്പലക്കടവ്‌) ഇങ്ങിനെ എല്ലാവിധ കുരുക്കുകളും അഴിക്കാന്‍ കഴിവുള്ള ആള്‍ എന്ന അര്‍ത്ഥത്തിലല്ലാത്ത ഒരു നാരിയ്യത്തുസ്വലാത്ത്‌ യാഥാസ്ഥിതികന്‍മാര്‍ കെട്ടിയുണ്ടാക്കിയിട്ടില്ല. എന്നിരിക്കെ മുവഹ്‌ഹിദായ ഒരാള്‍ക്കെങ്ങിനെ ശിര്‍ക്കല്ലാത്ത നാരിയ്യത്തുസ്വലാത്ത്‌ കണ്ടെത്താന്‍ കഴിയും? വിശ്വാസികള്‍ക്ക്‌ വ്യക്തിപരമായും സാമൂഹികമായും ഉണ്ടായിരുന്ന മുഴുവന്‍ കുരുക്കുകളും തീര്‍ക്കാന്‍ നബി (സ്വ) ക്ക്‌ കഴിഞ്ഞിരുന്നോ? വിശ്വാസികളില്‍ ഉത്തമരായ പല സ്വഹാബിമാരുടെയും പിതാക്കന്മാരടക്കമുള്ള ബന്ധുക്കള്‍ മുശ്‌രിക്കുകളായിട്ടല്ലേ കാലഗതിയടഞ്ഞത്‌? ജീവിതത്തില്‍ ഇതിലും വലിയ കുരുക്കും പ്രയാസങ്ങളും മറ്റെന്താണ്‌? 

ഈ സ്വലാത്തില്‍ നബി (സ്വ) ക്ക്‌ രണ്ടാമതായി പറഞ്ഞ വിശേഷണം `വ തന്‍ഫരിജു ബിഹില്‍ കുറുബു’ എന്നാണ്‌. അദ്ദേഹത്തെക്കൊണ്ട്‌ സര്‍വ്വ ബുദ്ധിമുട്ടുകളില്‍നിന്നും തുറവി ലഭിക്കും എന്നാണ്‌ ഇതിന്റെയര്‍ത്ഥം. സര്‍വ്വ ബുദ്ധിമുട്ടുകളും അകറ്റാന്‍ കാരണമായ ഒരു സൃഷ്‌ടിയെ അല്ലാഹു ലോകത്ത്‌ പടച്ചിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു കാരണമാകാന്‍ സൃഷ്‌ടിയായ നബി (സ്വ) ക്ക്‌ സാധ്യവുമല്ല. ഇങ്ങിനെ കാരണമാകാന്‍ സൃഷ്‌ടിയായ നബി (സ്വ) യടക്കം ഒരു സൃഷ്‌ടിക്കും സാധ്യമല്ല എന്നതിന്റെ തെളിവാണ്‌ പ്രവാചകന്‍ (സ്വ) അടക്കം ക്വുര്‍ആനില്‍ പറഞ്ഞതും അല്ലാത്തതുമായ സത്യവിശ്വാസികള്‍ക്ക്‌ ഈലോകത്തുണ്ടായ ബുദ്ധിമുട്ടുകള്‍. നമ്മുടെ സര്‍വ്വ ബുദ്ധിമുട്ടുകളും നീക്കാന്‍ അല്ലാഹുവിനേ കഴിയൂ. നാരിയ്യത്തുസ്വലാത്തിലൂടെ നബി (സ്വ) യെ കാരണമാക്കിക്കൊണ്ട്‌ അല്ലാഹുവിന്‌ പറഞ്ഞ ഈ ഗുണമാണ്‌ യാഥാസ്ഥിതിക വിഭാഗം നബി (സ്വ) യില്‍ വെച്ചുകെട്ടുന്നത്‌. ഇല്ലാത്ത ഈ ഗുണവും കഴിവും നബി (സ്വ) യുടെ മേല്‍ വെച്ചുകെട്ടാത്ത ഒരു നാരിയ്യത്തുസ്വലാത്ത്‌ ഇവിടെയില്ല. പിന്നെ എവിടെ നിന്നാണ്‌ ജിന്നുവാദികള്‍ക്ക്‌ ശിര്‍ക്കല്ലാത്ത പുതിയൊരു നാരിയ്യത്തുസ്വലാത്ത്‌ ഈ രണ്ടായിരത്തി പതിമൂന്നില്‍ ലഭിച്ചത്‌? 

`വ തുക്വ്‌ളാ ബിഹില്‍ ഹവാഇജു’ എന്നാണ്‌ നാരിയ്യത്തുസ്വലാത്തില്‍ നബി (സ്വ) ക്ക്‌ പറഞ്ഞ മറ്റൊരു വിശേഷണം. അദ്ദേഹത്തെക്കൊണ്ട്‌ സര്‍വ ആവശ്യങ്ങളും നിറവേറ്റപ്പെടും എന്നാണ്‌ ഇതിന്റെയര്‍ഥം. ഇവിടെ മാന്യ മുവഹ്‌ഹിദുകള്‍ ചിന്തിക്കേണ്ടത്‌ ഇങ്ങിനെ ഒരു സവിശേഷത നബി (സ്വ) ക്ക്‌ അല്ലാഹു നല്‍കിയിട്ടുണ്ടോ എന്നുള്ളതാണ്‌. നമ്മുടെ സര്‍വ്വ ആവശ്യങ്ങളും നിറവേറ്റാന്‍ സൃഷ്‌ടിയായ നബി (സ്വ) ക്ക്‌ സാധ്യമാണോ? അവിടത്തിന്റെ സ്വന്തം ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ അവിടത്തിന്‌ സാധ്യമായിട്ടുണ്ടോ, അദ്ദേഹം മുഖാന്തിരമായിട്ടുണ്ടോ? ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. സ്വന്തം പിതൃവ്യന്‍ അബൂത്വാലിബിന്‌ ഹിദായത്ത്‌ ലഭിക്കണം എന്നത്‌ നബി (സ്വ) യുടെ അങ്ങേയറ്റമുള്ള ആഗ്രഹവും ആവശ്യവുമായിരുന്നു. പക്ഷെ നബി (സ്വ)യുടെ ഈ ആവശ്യംതന്നെ അവിടത്തെക്കൊണ്ട്‌ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ വസ്‌തുത. പിന്നെയെങ്ങിനെയാണ്‌ മറ്റുള്ളവരുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാന്‍ ഈ നബി കാരണവും മുഖാന്തിരവുമാവുക? പ്രവാചകനോടുള്ള സ്‌നേഹം അതിരു വിട്ടപ്പോള്‍ ജൂത ക്രിസ്‌ത്യാനികളെപ്പോലെ അല്ലാഹു നല്‍കാത്ത കഴിവും വിശേഷതയും ഇവര്‍ നബി (സ്വ) ക്ക്‌ സ്വയം വകവച്ചുകൊടുത്തു. നാരിയ്യത്തുസ്വലാത്തിലെ നബി (സ്വ) ഇങ്ങനെ മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ദൈവിക ഗുണമുള്ള നബിയായി മാറി. ഈ നാരിയ്യത്തുസ്വലാത്തിനെ ശിര്‍ക്കല്ലാതാക്കി വ്യാഖ്യാനിക്കാനാണ്‌ ജിന്നുവാദികളുടെ ഇപ്പോഴത്തെ പുറപ്പാട്‌. മുമ്പ്‌ യാഥാസ്ഥിതികനായ മുസ്‌തഫല്‍ ഫൈസി ചെയ്‌തതും ഇതേ ഏര്‍പ്പാട്‌ തന്നെയായിരുന്നല്ലോ? ശിര്‍ക്കായ മുഹ്‌യിദ്ദീന്‍ മാലയെ ശിര്‍ക്കല്ലാതാക്കി മാറ്റാന്‍ മൂപ്പര്‍ പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചു കനത്ത രണ്ട്‌ വാള്യങ്ങളില്‍ പുസ്‌തകം തയ്യാറാക്കി. ജിന്നുവാദിയായ നൂറുദ്ദീന്‍ ലബ്ബദാരിമിയും അദ്ദേഹത്തിന്റെപിഴച്ച വാദങ്ങള്‍ക്ക്‌ ന്യായീകരണങ്ങള്‍ കണ്ടെത്തിയ സക്കരിയ്യയും ഫൈസലും ശിര്‍ക്കല്ലാത്ത നാരിയ്യത്തുസ്വലാത്തുണ്ടാക്കാന്‍ ഇനി കനത്ത പുസ്‌തകങ്ങള്‍ ഇറക്കുമോ? കണ്ടറിയുകതന്നെ വേണം. ആഗ്രഹങ്ങളെല്ലാം നബി (സ്വ) യെ കൊണ്ട്‌ സഫലീകരിക്കപ്പെടും എന്ന വിശേഷണും ഈ സ്വലാത്തിലുണ്ട്‌. 

`വ തുനാലു ബിഹിര്‍റഗാഇബു’ എന്നാണ്‌ സ്വലാത്തില്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നമ്മുടെ സര്‍വ്വ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടാന്‍ കാരണമോ, മുഖാന്തിരമോ ആയ ഒരു സൃഷ്‌ടിയെ അല്ലാഹു പടച്ചിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു കാരണമാകാനും സര്‍വ്വ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കാനും നബി (സ്വ) യടക്കം ഒരു സൃഷ്‌ടിക്കും സാധ്യവുമല്ല. മുകളില്‍ വിശദീകരിച്ചത്‌ പോലെ പ്രവാചകന്‍ (സ്വ) യുടെ തന്നെ പല ആഗ്രഹങ്ങളും ഈ ലോകത്ത്‌ നിറവേറ്റപ്പെടാതെ പോയത്‌ നബി (സ്വ) ക്ക്‌ അതിന്‌ സാധ്യമല്ലാത്തതിനാലും കാരണമാകാത്തതിനാലുമാണ്‌. അല്ലാഹു കാരണമാക്കാത്ത ഏതെങ്കിലും സൃഷ്‌ടിയെ സ്വയം കാരണമാക്കി അതുമൂലം തന്റെ മുഴുവന്‍ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്ന്‌ വിശ്വസിക്കുന്നത്‌ മുവഹ്‌ഹിദായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ശിര്‍ക്ക്‌ തന്നെയാണ്‌. അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലുള്ള കൈകടത്തലാണിത്‌. 

മേല്‍പറഞ്ഞതും അല്ലാത്തതുമായ കഴിവുകളും വിശേഷണങ്ങളും നബി (സ്വ) യില്‍ ചാര്‍ത്തിക്കൊണ്ടാണ്‌ അതിന്റെ കര്‍ത്താവ്‌ നാരിയ്യത്തുസ്വലാത്ത്‌ കെട്ടിയുണ്ടാക്കിയത്‌ തന്നെ. എന്നിരിക്കെ ആ അര്‍ത്ഥതലങ്ങളില്‍നിന്ന്‌ മാറ്റി അതില്‍നിന്ന്‌ ശിര്‍ക്കല്ലാത്ത ഒരു നാരിയ്യത്ത്‌ സ്വലാത്ത്‌ കണ്ടുപിടിക്കാനോ വ്യാഖ്യാനിച്ചൊപ്പിക്കാനോ ഒരു മുവഹ്‌ഹിദിന്‌ സാധ്യമല്ല. ശിര്‍ക്കായ അര്‍ത്ഥതലങ്ങള്‍ മാറ്റിയാല്‍ അത്‌ നാരിയ്യത്തുസ്വലാത്തിന്റെ കര്‍ത്താവുണ്ടാക്കിയ നാരിയ്യത്തുസ്വലാത്താവുകയുമില്ല. നൂറുദ്ദീന്‍ ലബ്ബദാരിമിയും സക്കരിയ്യയും ഫൈസലും ചേര്‍ന്നുണ്ടാക്കിയ വേറൊരു സ്വലാത്തായിട്ടേ അത്‌ പരിണമിക്കുകയുള്ളൂ. അര്‍ത്ഥവും ഉദ്ദേശ്യവും അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം നാരിയ്യത്തുസ്വലാത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഉദ്ദേശ്യവും ആദ്യകാലങ്ങളിലേ മുജാഹിദ്‌ പ്രസ്ഥാനം ജനങ്ങള്‍ക്ക്‌ പഠിപ്പിക്കുകയും അതിലെ ശിര്‍ക്കിനെപ്പറ്റി അവര്‍ക്ക്‌ ബോധവല്‍ക്കരണം നടത്തുകയും ചെയ്‌തിട്ടുണ്ട്‌. അന്നൊന്നും ശിര്‍ക്കല്ലാത്ത ഒരു നാരിയ്യത്തുസ്വലാത്തും അര്‍ത്ഥവും ഉദ്ദേശ്യവും അവരാരും കണ്ടിരുന്നില്ല. സക്കരിയ്യയും ടീമും ശിര്‍ക്കല്ലാത്ത ജിന്നുവിളി, മലക്കുവിളി എന്ന പിഴച്ച ആശയത്തില്‍ അകപ്പെട്ടതോടുകൂടിയാണ്‌ ശിര്‍ക്കല്ലാത്ത പുതിയ ഒരു നാരിയ്യത്ത്‌ സ്വലാത്തെന്ന ആശയവും ഇവിടെ രൂപപ്പെട്ടത്‌. ആദ്യകാലങ്ങളിലേ നാരിയ്യത്തുസ്വലാത്തിലെ യഥാര്‍ത്ഥ ആശയങ്ങളും അര്‍ത്ഥങ്ങളും നാം ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചത്‌ കുഞ്ഞീതു മദനിയുടെ പുസ്‌തകത്തില്‍നിന്ന്‌ താഴെ ഉദ്ധരിക്കാം. “നാരിയ്യത്തുസ്വലാത്തിലെ നബി. ഭൂമുഖത്ത്‌ ജീവിച്ചിരുന്ന നബി (സ്വ) യുടെ സ്ഥിതിഗതികളാണ്‌ ഇതുവരെ നാം വിവരിച്ചത്‌. എന്നാല്‍ അദ്ദേഹം വഫാത്തായി നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷം ഇബ്‌റാഹീമുന്നാസീ എന്ന മനുഷ്യന്‍ അല്ലാഹുവിനേയും അവന്റെ നബിയേയും ധിക്കരിച്ചുകൊണ്ട്‌ കെട്ടിയുണ്ടാക്കിയ നാരിയ്യത്തുസ്വലാത്തിലെ നബിയെ നോക്കുക. `തന്‍ ഹല്ലു ബിഹില്‍ ഉക്വദു, വ തന്‍ഫരിജു ബിഹില്‍ കുറബു, വ തുക്വ്‌ളാ ബിഹില്‍ ഹവാഇജു വ തുനാലു ബിഹി റഗാഇബു… (അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബിക്ക്‌ നീ പൂര്‍ണ്ണ കാരുണ്യവും പരിപൂര്‍ണ്ണ രക്ഷയും നല്‍കേണമേ). അദ്ദേഹത്തെക്കൊണ്ട്‌ സര്‍വ്വ കുടുക്കുകളും അഴിഞ്ഞുകിട്ടുകയും അദ്ദേഹത്തെ കൊണ്ട്‌ സര്‍വ്വ ബുദ്ധിമുട്ടുകളില്‍നിന്നും തുറവി ലഭിക്കുകയും ചെയ്യുന്നതാണ്‌. അദ്ദേഹത്തെ കൊണ്ട്‌ സര്‍വ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നതും അദ്ദേഹത്തെ കൊണ്ട്‌ സര്‍വ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നതുമാണ്‌. അദ്ദേഹത്തെക്കൊണ്ട്‌ നല്ല പര്യവസാനം ലഭിക്കുന്നതുമാണ്‌. അദ്ദേഹത്തിന്റെ ആദരണീയമായ മുഖം കൊണ്ട്‌ മേഘത്തോട്‌ മഴ തേടുകയും ചെയ്യാം.” (ജീവിച്ചിരുന്ന ബദ്‌രീങ്ങളും ജീവിച്ചിരിക്കുന്ന ബദ്‌രീങ്ങളും. പേജ്‌ 71, 72. കെ. കുഞ്ഞീതുമദനി). ഇത്‌ സുന്നിയോ ജിന്നുവാദിയോ ആയ ഒരാള്‍ക്ക്‌ ശിര്‍ക്കല്ലാതെ ചൊല്ലാന്‍ കഴിയുമോ? മുവഹ്‌ഹിദായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മേല്‍പറഞ്ഞ ഈ നാരിയ്യത്ത്‌ സ്വലാത്ത്‌ ശിര്‍ക്കല്ലാതെ ചൊല്ലാന്‍ കഴിയില്ല. ശിര്‍ക്കന്‍ അര്‍ത്ഥവും ഉദ്ദേശ്യവും മാറ്റി ചൊല്ലിയാല്‍ അത്‌ നാരിയ്യത്തുസ്വലാത്തുമല്ല. തുടര്‍ന്ന്‌ ഈ സ്വലാത്തില്‍ അടങ്ങിയ ഉദ്ദേശ്യം കുഞ്ഞീതു മദനി വ്യക്തമാക്കുന്നു: “തന്റെ പ്രവാചകന്‍ ഈ കഴിവുകളെല്ലാമുള്ള ദേഹമാണെന്നോ അദ്ദേഹത്തിന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലേണ്ടത്‌ ഈ വിധമാണെന്നോ അല്ലാഹുവിന്‌ മനസ്സിലായില്ല. ഇപ്പോള്‍ ഭൂമുഖത്ത്‌ ജീവിച്ചിരുന്ന നബിയും നാരിയ്യത്തുസ്വലാത്തില്‍ ജീവിക്കുന്ന നബിയും തമ്മിലുള്ള അന്തരം നോക്കുക. നാരിയ്യത്തുസ്വലാത്തില്‍ ജീവിക്കുന്നത്‌ ഭൗതികമായ സര്‍വ്വ കുടുക്കുകളില്‍നിന്നും ബുദ്ധിമുട്ടുകളില്‍നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന നബിയാണ്‌. ഭൗതിക സുഖത്തിന്‌ അനിവാര്യമായ സര്‍വ്വ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലീകരിച്ച്‌ തരുന്ന നബിയുമാണ്‌.” (ജീവിച്ചിരുന്ന ബദ്‌രീങ്ങളും ജീവിച്ചിരിക്കുന്ന ബദ്‌രീങ്ങളും പേ. 72). ഈ അര്‍ത്ഥവും ഉദ്ദേശ്യങ്ങളും നാരിയ്യത്തുസ്വലാത്തില്‍നിന്ന്‌ വെട്ടിമാറ്റാന്‍ കഴിയുമോ? അഥവാ വല്ല ജിന്നുവാദിയും ഈ അര്‍ത്ഥവും ഉദ്ദേശ്യവും നാരിയ്യത്തുസ്വലാത്തില്‍നിന്ന്‌ വെട്ടിമാറ്റിയാല്‍ അത്‌ നാരിയ്യത്തുസ്വലാത്താവുമോ? ഇങ്ങനെ നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയുന്ന സൃഷ്‌ടിയായ പ്രവാചകനുള്ള നാരിയ്യത്തുസ്വലാത്തിനെ എങ്ങിനെ ശിര്‍ക്കല്ലാതെ വ്യാഖ്യാനിക്കാന്‍ കഴിയും.? എന്നാല്‍ ജിന്നുവാദികള്‍ ഈ ശിര്‍ക്കന്‍ സ്വലാത്തിലും ശിര്‍ക്ക്‌ കാണാതായി എന്നതാണ്‌ വാസ്‌തവം. ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളോട്‌ വിളിച്ചുതേടുന്നതില്‍ ശിര്‍ക്ക്‌ കാണാത്ത ഇവര്‍ ശിര്‍ക്കില്ലാത്ത നാരിയ്യത്ത്‌ സ്വലാത്ത്‌ കണ്ടുപിടിച്ചതില്‍ മുജാഹിദുകള്‍ക്ക്‌ അത്ഭുതമില്ല. 

ജിന്നുവാദി പ്രമുഖനായ നൂറുദ്ദീന്‍ ലബ്ബ ദാരിമി നാരിയ്യത്തുസ്വലാത്തിനെ സംബന്ധിച്ചു പറയുന്നത്‌ ഓരോ മുവഹ്‌ഹിദും ഞെട്ടലോടെ വായിക്കേണ്ടതാണ്‌. അദ്ദേഹം പറയുന്നു: “അത്‌ ശിര്‍ക്കാണെന്ന്‌ പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ പറയാന്‍ തയ്യാറല്ല. കാരണമെന്തെന്നു വെച്ചാല്‍ അല്ലാന്റെ റസൂലിനോട്‌ പ്രാര്‍ത്ഥനയില്ല. അല്ലാനോടാണ്‌ പ്രാര്‍ത്ഥന” (മൗലവി പറഞ്ഞതിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌.) അല്ലാഹുവിന്റെ വിശേഷണം തന്നെ ഈ സ്വലാത്തില്‍ നബി (സ്വ) ക്ക്‌ വകവെച്ചുകൊടുത്തത്‌ നാം കണ്ടു. അത്‌ ശിര്‍ക്കായി മാറാന്‍ പിന്നെ എന്തിനാണ്‌ ജിന്നുവാദികളേ അതില്‍ റസൂലിനോടുള്ള പ്രാര്‍ത്ഥന? പ്രാര്‍ത്ഥനയില്ലാതെ തന്നെ അല്ലാഹുവിന്റെ വിശേഷണവും കഴിവും അധികാരാവകാശങ്ങളും മറ്റൊരാള്‍ക്ക്‌ വകവെച്ചു കൊടുത്താല്‍ അത്‌ ശിര്‍ക്കായി മാറുമല്ലോ? (തുടരും)

Saturday, October 26, 2013

തുരപ്പനെലികള്‍ എന്ന്‌ പരിഹസിക്കുന്നവരോട്‌..

അല്‍ ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതുന്നു: “സലഫീ മന്‍ഹജ്‌ എന്ന വേലിക്കെട്ടിനുള്ളിലേക്ക്‌ കപ്പ കട്ടുതിന്നാന്‍ കയറിയ ചില തുരപ്പനെലികളെ പുകച്ചു പുറത്തു ചാടിക്കുന്ന ചെറിയൊരു ഇടവേള മാത്രമേ കാന്തപുരത്തിനും അനുയായികള്‍ക്കും ഞങ്ങള്‍ തന്നിട്ടുള്ളൂ.” (2013 സെപ്‌തംബര്‍ പുറം 7). ഇവിടെ തുരപ്പനെലികളായും സലഫീ മന്‍ഹജിന്‌ വിരുദ്ധരായും വിശേഷിപ്പിച്ചത്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ പച്ചയായ ശിര്‍ക്കാണെന്ന സത്യം അംഗീകരിക്കുന്ന മുവഹ്‌ഹിദുകളെ പറ്റിയാണ്‌. ഹയ്യും ഹാളിറും ഖാദിറുമാണെന്ന്‌, വിളിക്കുന്നവന്‍ സങ്കല്‍പിക്കുന്ന ജിന്നുകളോടും മലക്കുകളോടും മേല്‍പറഞ്ഞ പ്രയാസഘട്ടത്തില്‍ വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന്‌ പച്ചയായി എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പിഴച്ച കക്ഷികളാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ മാസികയിലെ മേല്‍പറഞ്ഞ വിമര്‍ശകര്‍.

നമ്മോടൊപ്പം സ്ഥലത്തുള്ളവരാണ്‌ നന്മ തിന്മകള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ എന്ന്‌ നാം മനസ്സിലാക്കിയല്ലോ? വിപത്തിന്റെ ഘട്ടത്തില്‍ മുന്നിലൂടെയും പിന്നിലൂടെയും തുടരെതുടരെ വന്നുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഉണ്ടെന്ന്‌ സക്കരിയ്യ തന്നെ എഴുതുന്നു. (ഇസ്വ്‌ലാഹ്‌ 2006 ഡിസംബര്‍) ഇപ്രകാരം തന്നെ ആത്മാവിനെ പിടിക്കാന്‍ വരുന്ന മലക്കുകള്‍ ആ സമയത്ത്‌ നമ്മോടൊപ്പമുണ്ടാകുമെന്നും നാം മനസ്സിലാക്കി. ക്വരീനായ ഒരു ജിന്നും മലക്കും എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ട്‌. ജിന്നുവാദികളുടെ പുതിയ തൗഹീദ്‌ പ്രകാരവും പിഴച്ച മന്‍ഹജ്‌ പ്രകാരവും ഈ മലക്കുകളോടും ജിന്നുകളോടും അവര്‍ക്ക്‌ കഴിവ്‌ നല്‍കപ്പെട്ട വിഷയ സംബന്ധമായി ആ ഘട്ടങ്ങളില്‍ സഹായാര്‍ത്ഥന നടത്തിയാല്‍ ശിര്‍ക്കാവുകയില്ല. കാരണം ഇവര്‍ക്ക്‌ ശിര്‍ക്ക്‌ ശിര്‍ക്കല്ലാതിരിക്കാനുള്ള ഒരു മാനദണ്‌ഡം ജിന്നുംമലക്കും സ്ഥലത്തുണ്ടാവുക എന്നുള്ളതാണ്‌. അപ്പോള്‍ എന്നെ നന്മയിലേക്ക്‌ പ്രേരിപ്പിക്കണേ എന്ന്‌ ഖാദിറായ മലക്കിനോട്‌ തേടിയാല്‍ ഇവര്‍ക്ക്‌ ശിര്‍ക്കല്ല. അപകടങ്ങളില്‍നിന്ന്‌ എന്നെ രക്ഷിക്കണേ എന്ന്‌ ഹഫളത്തിന്റെ മലക്കുകളോട്‌ കാവല്‍ തേടിയാല്‍ ഇവര്‍ക്ക്‌ ശിര്‍ക്കല്ല. ആ ശിര്‍ക്കന്‍ ചിന്താഗതികളെ തൗഹീദീ ആദര്‍ശമായും സലഫീ മന്‍ഹജായും അവതരിപ്പിക്കുന്ന ജിന്നുവാദികള്‍ മുസ്‌ലിം ജനസാമാന്യത്തിന്റെ താഴെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി തന്നേ തീരൂ.

1. യാ ഇബാദല്ലാഹി അഗീനൂനീ എന്നും മറ്റും പറയുന്ന വാറോലയുടെ അടിസ്ഥാനത്തില്‍ ചില പണ്‌ഡിതന്മാര്‍ അമല്‍ ചെയ്‌തു എന്ന്‌ പറഞ്ഞാണല്ലോ അങ്ങനെ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ ശിര്‍ക്കല്ലെന്ന്‌ നിങ്ങള്‍ പറയുന്നത്‌. വാറോലകളുടെ മറപിടിച്ചു ചെയ്യുന്ന അമലുകള്‍ മതത്തില്‍ ഒരു കാര്യം ശിര്‍ക്കല്ല എന്ന നിയമം പറയാന്‍ തെളിവാക്കുന്നത്‌ ഏത്‌ സലഫീ മന്‍ഹജാണ്‌?

2. സ്വഹാബികളും താബിഉകളും വാറോലകളുടെ അടിസ്ഥാനത്തില്‍ മതകാര്യങ്ങള്‍ മനസ്സിലാക്കിയ ഒരു മന്‍ഹജ്‌ നിങ്ങള്‍ക്ക്‌ കാണിക്കാന്‍ കഴിയുമോ?

3. സലഫീ മന്‍ഹജ്‌ പ്രകാരം നമുക്ക്‌മതത്തിലെ അടിസ്ഥാന വിഷയമായ തൗഹീദും ശിര്‍ക്കും മനസ്സിലാക്കാന്‍ വാറോലകളും അതിന്റെ അടിസ്ഥാനത്തില്‍ പണ്‌ഡിതന്മാര്‍ ചെയ്‌ത അമലുകളും മതിയോ?

4. സലഫീ മന്‍ഹജ്‌ പ്രകാരം ഏതെങ്കിലും ഒരു പണ്‌ഡിതന്‍ ളഈഫായ ഹദീഥ്‌ സ്വഹീഹാണെന്ന്‌ തെറ്റുധരിച്ചാല്‍ മതത്തില്‍ അത്‌ സ്വീകാര്യമായി പരിഗണിക്കുമോ? അവരുടെ തെറ്റായ ധാരണകളും മറ്റും മതകാര്യങ്ങള്‍ക്ക്‌ തെളിവാക്കുന്നതാണോ സലഫീ മന്‍ഹജ്‌?

5. ജിന്നുകളോടും മലക്കുകളോടും സ്ഥലത്തുണ്ടെന്നും ഖാദിറാണെന്നും സങ്കല്‍പിച്ചു സഹായം തേടുന്നത്‌ ശിര്‍ക്കാണെന്നും അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ എന്നും പറയുന്ന മുവഹ്‌ഹിദുകളെ തുരപ്പനെലികളായും അത്‌ തൗഹീദിന്‌ വിരുദ്ധമല്ലാതാക്കുന്ന ജിന്നുവാദികളെ തൗഹീദിന്റെ വക്താക്കളായും കാണുന്നത്‌ ഏത്‌ പ്രമാണവും മന്‍ഹജും അനുസരിച്ചാണ്‌?

6. മനുഷ്യാതീതരും അവര്‍ക്ക്‌ അദൃശ്യരും അഭൗതികരുമായ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ ശിര്‍ക്കാണെന്ന വാദത്തെ ഖണ്‌ഡിച്ചു വസീലത്തുശ്ശിര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ സലഫീ മന്‍ഹജു പ്രകാരം ശിര്‍ക്കല്ലെന്നു തന്നെയല്ലേ അതിന്റെ പച്ചയായ അര്‍ത്ഥം? ഇങ്ങിനെ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ ശിര്‍ക്കല്ലെന്ന്‌ പറയാന്‍ തെളിവായി കോട്ടക്കല്‍ കോഴിച്ചെനയില്‍ വെച്ച്‌ ഫൈസല്‍ മുസ്‌ല്യാര്‍ ഓതിയ തെളിവാണല്ലോ സൂറഃ അന്‍ആം 128-ാമത്തെ വാക്യം? സലഫികളുടെ ഏത്‌ മന്‍ഹജിലാണ്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ല എന്നതിന്‌ തെളിവായി ഈ ആയത്തുള്ളത്‌? സലഫുസ്സ്വാലിഹുകളില്‍ ആരാണ്‌ ജിന്നുകളേയും മലക്കുകളേയും യാ ഇബാദല്ലാഹി അഗീസൂനീ എന്ന്‌ വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ലെന്നതിന്‌ തെളിവായി ഈ ആയത്തോതിയത്‌?

7. അന്‍ആം 128-ാം വാക്യത്തില്‍ പറയുന്നത്‌ മനുഷ്യരെ വഴിതെറ്റിക്കുന്ന പിശാചുക്കളെ പറ്റിയാണല്ലോ? ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ ശിര്‍ക്കാവുകയില്ല എന്നതിന്‌ അല്ലാഹു ശപിച്ച പിശാചുക്കളെ തെളിവായി കൊണ്ടുവന്നത്‌ സലഫീ മന്‍ഹജോ അതോ ജിന്നുവാദികള്‍ പുതുതായി മെനഞ്ഞുണ്ടാക്കിയ പൈശാചിക മന്‍ഹജോ?

8. ജിന്ന്‌, മലക്ക്‌, അവരുടെ കഴിവ്‌, പ്രവൃത്തി എന്നിവയെല്ലാം മനുഷ്യരായ നമുക്ക്‌ അദൃശ്യവും വിശ്വാസവുമാണെന്ന്‌ പറഞ്ഞല്ലോ? വിശ്വാസകാര്യങ്ങളില്‍ ക്വുര്‍ആനും സുന്നത്തുമല്ലാതെ പണ്‌ഡിതന്മാരുടെ അനുമാനങ്ങള്‍ തെളിവാക്കുന്നതും അതനുസരിച്ച്‌ മതനിയമങ്ങള്‍ പറയുന്നതും സലഫികളുടെ മന്‍ഹജോ അതോ ജിന്നുവാദികളുടെ പൈശാചിക മന്‍ഹജോ?

9. ഇത്‌ സംബന്ധമായി ജിന്നുവാദികള്‍ പറയുന്ന വിശ്വാസത്തിനും ശിര്‍ക്കല്ലെന്ന മതനിയമത്തിനും വിശുദ്ധ ക്വുര്‍ആനില്‍നിന്നും സ്വഹീഹായ ഹദീഥുകളില്‍ നിന്നും തെളിവ്‌ ചോദിക്കുമ്പോള്‍ അത്‌ പറയാതെ അബ്‌ദുറഹ്‌മാന്‍ സലഫിയുടെയും അനസ്‌ മൗലവിയുടെയും കായക്കൊടിയുടെയും ക്ലിപ്പുകള്‍ തെളിവായി കാണിക്കുന്നത്‌ ഏത്‌ സലഫീ മന്‍ഹജാണ്‌?

10. അബ്‌ദുറഹ്‌മാന്‍ സലഫി പറഞ്ഞത്‌ നമ്മള്‍ സാധാരണ വിളിക്കുന്ന `മണ്ട്യെരോ വിളിയാണെന്ന്‌ ജിന്നുവാദികള്‍ തന്നെ സമ്മതിച്ച കാര്യമാണല്ലോ? സാധാരണ നാം `മണ്ട്യെരോ’ എന്ന്‌ വിളിക്കാറുള്ളത്‌ ജിന്നുകളേയും മലക്കുകളേയുമാണോ അതോ മനുഷ്യരെയോ? അനസ്‌ മൗലവിയുടേയും കായക്കൊടിയുടേയും പ്രസംഗ ക്ലിപ്പുകള്‍ ജിന്നുകളേയും മലക്കുകളേയും വിളിച്ചു തേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന മത നിയമത്തിന്‌ തെളിവാക്കുന്നത്‌ ഏത്‌ സലഫീ മന്‍ഹജ്‌ അനുസരിച്ചാണ്‌?

11. അനസ്‌ മൗലവിയടക്കം ഏതൊരാളുടെയും വാക്കുകള്‍ നാം തള്ളുകയും കൊള്ളുകയും ചെയ്യുന്നതിന്റെ മാനദണ്‌ഡം വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണെന്ന സലഫീ മന്‍ഹജ്‌ ജിന്നുവാദികള്‍ മറന്നുപോയോ? അല്ലാഹുവിന്റെ അസ്‌മാഉ വസ്സ്വിഫാത്തിലെ തൗഹീദില്‍ നവവി അടക്കമുള്ള ചില ഇമാമുകളുടെ നിലപാടിനെ വ്യതിയാനമായി ഇസ്വ്‌ലാഹ്‌ മാസികയില്‍ ജിന്നുവാദിക്ക്‌ എഴുതേണ്ടിവന്നത്‌ ഏത്‌ മന്‍ഹജ്‌ അനുസരിച്ചായിരുന്നു?

12. നമ്മുടെ പ്രഭാഷകരുടെ ചില ക്ലിപ്പുകള്‍ തെളിവായി അവതരിപ്പിക്കുന്ന ജിന്നുവാദികള്‍ അസ്‌മാഉ വസ്സ്വിഫാത്തിലെ തൗഹീദില്‍ മുന്‍ഗാമികളായ ചില പണ്‌ഡിതരുടെ നിലപാടുകള്‍ തെളിവായി അംഗീകരിക്കാന്‍ തയ്യാറാകുമോ?

13. സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും അല്ലാഹു നിസ്‌തുലനാണ്‌ എന്നതിനെ ഖണ്‌ഡിച്ചു ഗുണവിശേഷണങ്ങളില്‍ ഏകത്വം എന്ന കാര്യം തൗഹീദിന്റെ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തിയത്‌ ശരിയല്ല എന്നൊരാള്‍ പറഞ്ഞാല്‍ ജിന്നുവാദികളുടെ മന്‍ഹജ്‌ പ്രകാരം അത്‌ അബദ്ധമോ സുബദ്ധമോ?
സഹായാര്‍ത്ഥനയുടെ കാര്യത്തില്‍ മനുഷ്യകഴിവ്‌ കഴിഞ്ഞാല്‍ അതീതനും അദൃശ്യനുമായി അല്ലാഹുവോട്‌ മാത്രം എന്ന തൗഹീദ്‌ പറഞ്ഞിരുന്ന ജിന്നുവാദികള്‍ക്ക്‌ അദൃശ്യരും അഭൗതികരുമായ ജിന്നുകളോടും മലക്കുകളോടും ഹയ്യും ഹാളിറും ഖാദിറുമെന്ന്‌ സങ്കല്‍പിച്ചു വിളിച്ചുതേടുന്നത്‌ ശിര്‍ക്കല്ലാതായി മാറിയപ്പോള്‍ ഇരുവിഭാഗം സുന്നികളും സ്വാഭാവികമായും ഇവരോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. അവയില്‍ പ്രസക്തമായ ചിലത്‌ താഴെ കൊടുക്കാം.

1. മനുഷ്യ കഴിവുകള്‍ക്കതീതമായി ചുരത്തിലെ ആറാം വളവില്‍നിന്ന്‌ വാഹനം നിയന്ത്രണം വിടുമ്പോള്‍ അതിലുള്ള ആളുകള്‍ മരിച്ച മഹത്തുക്കളെ സഹായത്തിന്‌ വിളിച്ചാല്‍ ശിര്‍ക്കാകുമെന്നായിരുന്നല്ലോ ഇക്കാലമത്രയും മുജാഹിദുകള്‍ പറഞ്ഞിരുന്നത്‌? മനുഷ്യശക്തിക്കതീതമായി അപകടത്തില്‍പെട്ട ഈ വാഹനത്തില്‍നിന്ന്‌ ഏതെങ്കിലും ജിന്നുവാദി ഹയ്യും ഹാളിറും ഖാദിറുമെന്ന്‌ സങ്കല്‍പിച്ച്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ അത്‌ തൗഹീദിന്റെ വിളിയാണോ അതോ ശിര്‍ക്കിന്റെ വിളിയോ?

2. മേല്‍പറഞ്ഞ പ്രതിസന്ധി ഘട്ടത്തില്‍ ആ വാഹനത്തില്‍ നിന്ന്‌ മുജാഹിദായ ഒരാള്‍ അല്ലാഹുവിനെ മാത്രം വിളിക്കുന്നു. മുജാഹിദല്ലാത്ത വ്യക്തി ഹയ്യും ഹാളിറും കൊടുത്ത കഴിവില്‍ ഖാദിറുമായ ഹഫളത്തിന്റെ മലക്കുകളേയും റക്വീബ്‌ അതീദ്‌ എന്നീ മലക്കുകളേയും യാ ഇബാദല്ലാഹി അഗീസൂനീ എന്നു വിളിച്ചു തേടുന്നു. ജിന്നുവാദികളുടെ മന്‍ഹജ്‌ പ്രകാരം ഈ രണ്ട്‌ തേട്ടങ്ങളും തൗഹീദില്‍നിന്ന്‌ പുറത്തുപോകാത്ത വിളിയാണോ?

3. നേരത്തെ മുജാഹിദുകള്‍ ഈ അപകടഘട്ടത്തില്‍ അല്ലാഹുവിനെ വിളിക്കുന്നവനെ കുറിച്ചു മാത്രമാണല്ലോ യഥാര്‍ത്ഥ മുവഹ്‌ഹിദെന്ന്‌ വിശേഷിപ്പിച്ചത്‌? ഇപ്പോള്‍ അതില്‍നിന്ന്‌ അല്ലാഹുവിനോടല്ലാതെ ജിന്നുകളേയും മലക്കുകളേയും വിളിച്ചു സഹായമര്‍ത്ഥിക്കുന്നവനും മുവഹ്‌ഹിദാകുമോ?

4. പ്രയാസഘട്ടങ്ങളില്‍ അല്ലാഹുവിന്‌ പുറമെ വിളിച്ചുതേടിയാല്‍ ശിര്‍ക്കായി മാറാത്ത ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളെ ജിന്നുവാദികള്‍ക്ക്‌ പുതിയതായി എവിടെനിന്ന്‌ കിട്ടി?

5. ളഈഫായ ഹദീഥും അത്‌ സ്വഹീഹാണെന്ന്‌ ധരിച്ച പണ്‌ഡിതന്മാര്‍ ചെയ്‌ത അമലും അവരോടുള്ള തേട്ടം ശിര്‍ക്കാവുകയില്ല എന്നതിന്‌ ജിന്നുവാദികള്‍ക്ക്‌ തെളിവാകുമെങ്കില്‍ സുന്നികളായ ഞങ്ങള്‍ക്ക്‌ എന്തുകൊണ്ട്‌ ളഈഫിന്റെയും അമലിന്റെയും അടിസ്ഥാനത്തില്‍ മതത്തില്‍ ഇന്നിന്ന കാര്യങ്ങള്‍ ബിദ്‌ത്തും ശിര്‍ക്കുമല്ലെന്നതിന്‌ തെളിവാക്കിക്കൂട?

യാഥാസ്ഥിതിക വിഭാഗത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെ തോറ്റമ്പിയ ജിന്നുവാദികള്‍ ഇപ്പോള്‍ കാന്തപുരം വിഭാഗത്തിന്‌ ചെറിയ ഒരു ഇടവേള കൊടുത്തു എന്നെഴുതിയത്‌ അല്‍ ഇസ്വ്‌ലാഹ്‌ മാത്രം വായിക്കുന്ന ജിന്നുവാദികളെ പറ്റിക്കാനേ ഉപകരിക്കൂ.