പിശാചിന്റെ ഉപദ്രവം അഭൗതികമോ ഭൗതികമോ?
ചോ: പിശാച് മനുഷ്യരില്‍ ഉണ്ടാക്കുന്ന സ്വാധീനം ഭൗതികമോ അഭൗതികമോ?
ഉ: അഭൗതികമാണ്. കാരണങ്ങള്‍ ശ്രദ്ധിക്കുക. സുബ്‌ഹ് നമസ്‌കാരത്തിന്ന് എഴുന്നേല്‍ക്കാതെ ഉറങ്ങുന്നവനെക്കുറിച്ച് പിശാച് അവന്റെ ചെവിയില്‍ മൂത്രമൊഴിച്ചിട്ടുണ്ട് എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യരുടെ കാതില്‍ പിശാചിന്റെ മൂത്രത്തിന്റെ നനവോ ദുര്‍ഗന്ധമോ ഉണ്ടാവുകയില്ല. മനുഷ്യന്റെയോ മൃഗങ്ങളുടെയോ മൂത്രം ശരീരത്തിലും വസ്‌ത്രത്തിലുമായാല്‍ കഴുകണമെന്നുപദേശിച്ച പ്രവാചകന്‍ സുബ്‌ഹിക്കുണരാത്തവന്റെ ചെവികള്‍ പിശാച് മൂത്രിച്ചതിന്റെ പേരില്‍ കഴുകണമെന്നോ അത് നജസാണെന്നോ പറഞ്ഞിട്ടില്ല. പിശാചും അവന്റെ മൂത്രവും മൂത്രമൊഴിക്കലുമെല്ലാം മനുഷ്യരെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്നു പറയാന്‍ കാരണമിതാണ്.
ജിന്ന് അഭൗതികമെങ്കില്‍ ...
ചോ: അഭൗതികമാര്‍ഗേണ ഗുണദോഷങ്ങള്‍ വരുത്തുന്നവന്‍ അല്ലാഹു മാത്രമാണെന്നാണ് നാളിതുവരെ മുജാഹിദുകള്‍ പറഞ്ഞുവന്നത്. അപ്പോള്‍ ജിന്നും പിശാചും അഭൗതികമാണെന്ന വിചിന്തനത്തിന്റെയും തദനുകൂല പ്രഭാഷകരുടെയും വാദം ശിര്‍ക്കന്‍ വാദമാണ്-ഇതിനെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു.
ഉ: ജിന്നിനെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് മനുഷ്യന്ന് കണ്ടെത്താന്‍ കഴിയില്ല എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് വിചിന്തനം അഭൗതികം എന്നു പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ ജിന്നിനെ അല്ലാഹുവാക്കുകയോ അല്ലാഹുവിന്ന് തുല്യനാക്കുകയോ അല്ല വിചിന്തനം ചെയ്യുന്നത്. ഫൈസല്‍ മുസ്‌ല്യാര്‍ കോഴിച്ചെന സംവാദത്തില്‍ `മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്’ എന്ന് വ്യവസ്ഥ എഴുതിയല്ലോ. അതേ കാര്യം വിചിന്തനം തുടക്കത്തിലേ പറഞ്ഞു എന്നു മാത്രം. `അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്’ എന്ന് വിചിന്തനമോ കെ.എന്‍.എമ്മിന്റെ പ്രഭാഷകരോ ഇന്നേവരെ പറഞ്ഞിട്ടില്ല. നമ്മുടെ ഒരു ഗ്രന്ഥത്തിലും അങ്ങനെ എഴുതിയിട്ടില്ല. അല്ലാഹുവെ പറ്റി അഭൗതികം എന്ന് പ്രയോഗിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ഥമല്ല ജിന്നിനെപ്പറ്റി അഭൗതികം എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്.ജിന്നുകളും മലക്കുകളും അവരുടെ മേഖലയില്‍ ഭൗതികരും നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികരുമാണ്. എന്നുവെച്ചാല്‍ അവരെ മനുഷ്യര്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് കണ്ടെത്താനാവില്ല.
പോലീസ് നായയുടെ കഴിവില്‍ വിശ്വസിച്ചാല്‍ ശിര്‍ക്കാവുമോ?
ചോ: അല്‍ ഇസ്വ്‌ലാഹില്‍ പി.എ.ജെ. തുറക്കല്‍ എഴുതുന്നു.
“ഇനി വിചിന്തനം ലേഖകനോട് ചോദിക്കട്ടെ: മനുഷ്യകഴിവിന്നതീതമാകുമ്പോള്‍ തേട്ടം അല്ലാഹുവോട് മാത്രം എന്നിങ്ങനെ ലേഖകന്‍ എഴുതിയിട്ടുണ്ടല്ലോ. മനുഷ്യന് കഴിയാത്തതും അതേസമയം മറ്റേതെങ്കിലും ഒരു സൃഷ്‌ടിക്ക് കഴിയുന്നതുമായ വല്ല കാര്യത്തിലും ആ സൃഷ്‌ടിയോട് സഹായം ആവശ്യപ്പെട്ടാല്‍ അത് പ്രാര്‍ത്ഥനയാകുമോ? പ്രാര്‍ഥനയാകുമെന്നാണല്ലോ ലേഖകന്റെ നിര്‍വചനം സൂചിപ്പിക്കുന്നത്. എന്നാല്‍ തന്റെ നാസികാദ്വാരത്തില്‍ നിക്ഷിപ്‌തമായ കഴിവിലൂടെ കൊലയാളിയെ കണ്ടെത്താന്‍ പോലീസ് നായയുടെ സഹായം ആവശ്യപ്പെട്ടാല്‍ അത് പ്രാര്‍ഥനയാകുമോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് അത് നിര്‍വ്വചനത്തില്‍ നിന്ന് പുറത്തായി? കുറ്റവാളിയുടെ ഗന്ധം തന്റെ ഘ്രാണശക്തിമൂലം വിവേചിച്ചറിഞ്ഞുകൊണ്ട് തലക്കുള്ളില്‍ അത് സൂക്ഷിച്ച കുറ്റവാളിയെ ആ പോലീസ് നായ കണ്ടെത്തുന്നു. വിഷയം കാര്യകാരണ ബന്ധങ്ങള്‍ക്കതീതമല്ല. സൃഷ്‌ടികളുടെ കഴിവിന്നതീതമാവുകയുമില്ല. എന്നാല്‍ അത് സാധാരണയായി മറ്റു ചില സൃഷ്‌ടികളുടെ കഴിവിന്നപ്പുറമാണ്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ഥനയെങ്കില്‍ ആ കാര്യത്തില്‍ പോലീസ് നായയുടെ സഹായം ആവശ്യപ്പെട്ടാല്‍ പ്രാര്‍ഥനയും ശിര്‍ക്കുമാകുമോ?” (അല്‍ ഇസ്വ്‌ലാഹ് 2013 ഫെബ്രു. പേ. 28).
ഉ: മനുഷ്യ കഴിവിന്നതീതം, അദൃശ്യമാര്‍ഗേണയുള്ള സഹായം, അഭൗതിക മാര്‍ഗേണയുള്ള സഹായം, കാര്യകാരണ ബന്ധങ്ങള്‍ക്കതീതം, പഞ്ചേന്ദ്രിയ ജ്ഞാനത്തിന്നതീതം എന്നെല്ലാം പറയുന്നത് ഗൈബിയ്യ് എന്ന വാക്കിന്റെ വിശദീകരണമാണ്.ഇവയിലേതെങ്കിലുമൊന്നുമായി ബന്ധപ്പെട്ടുകൊണ്ടാണ് നമ്മള്‍ ഒരു കാര്യത്തിന്റെ ഹുക്‌മ് പറഞ്ഞുപോന്നത് എന്ന് ആര്‍ക്കും മനസ്സിലാവും. പോലീസ് നായയുടെ കഴിവ് മനുഷ്യകഴിവിന്നപ്പുറമായിട്ടും അതാവശ്യപ്പെടുന്നത് പ്രാര്‍ഥനയാകാത്തത് നായയും അതിന്റെ പരിശീലനവും മനുഷ്യന്റെ പഞ്ചേന്ദ്രിയ ജ്ഞാനത്തിന്ന് വിധേയമായതുകൊണ്ടാണ്. പോലീസ് നായയുടെ കഴിവ് പോലീസുകാര്‍ പരിശീലിപ്പിച്ച് വളര്‍ത്തിയെടുത്തതാണ്. ജിന്നിനെ ഇതുപോലെ നമുക്ക് സിവില്‍ എഞ്ചിനീയറിങിന്ന് ചേര്‍ത്ത് കെട്ടിട നിര്‍മാണകല പഠിപ്പിക്കാന്‍ കഴിയില്ല. (ഈ ചോദ്യം ജിന്ന് വിവാദത്തോട് ബന്ധപ്പെട്ടുണ്ടായതാണല്ലോ) ജിന്നിന്ന് ജന്മനാ ഉള്ളതാണ് കെട്ടിടങ്ങളുണ്ടാക്കാനുള്ള കഴിവും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരാനുള്ള കഴിവും. അത് സുലൈമാന്‍ നബി പഠിപ്പിച്ചതല്ല. ജിന്നുകള്‍ക്ക് ഈ കഴിവൊക്കെയുണ്ടായിട്ടും സഹായം അനിവാര്യമായ യുദ്ധവേളകളില്‍ പോലും നബി (സ്വ) അവരുടെ സഹായം തേടാതിരുന്നതും തേടിക്കൂടേ എന്ന് സ്വഹാബത്ത് ചോദിക്കാതിരുന്നതും പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത കാര്യം അവരോട് ചോദിക്കാന്‍ മുസ്‌ലിംകള്‍ക്ക് പാടില്ലാത്തതും ശിര്‍ക്കായതുകൊണ്ടുമാണ്.
ബാക്‌ടീരിയയും ജിന്നും
ചോ: ജിന്ന് അഭൗതികമാണെന്നതിന്ന് വിചിന്തനം കാരണം പറഞ്ഞത് ജിന്ന് മനുഷ്യര്‍ക്ക് അദൃശ്യമാണ് എന്നതാണ്. അങ്ങനെയെങ്കില്‍ ബാക്‌ടീരിയയും അഭൗതികമാണെന്ന് പറയേണ്ടിവരില്ലേ? ബാക്‌ടീരിയയെ നാം കാണാറില്ലല്ലോ.’
ഉ: ജിന്ന് അഭൗതികം എന്ന് വിചിന്തനം പറഞ്ഞതും അദൃശ്യം എന്നു പറഞ്ഞതും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് കണ്ടെത്താന്‍ സാധിക്കാത്തത് എന്ന അര്‍ത്ഥത്തിലാണ്. ബാക്‌ടീരിയയെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയില്ലെങ്കിലും ലബോറട്ടറിയില്‍ നടത്തുന്ന ടെസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയും. അതും പഞ്ചേന്ദ്രിയജ്ഞാനത്തില്‍പെട്ടതാണ്. അതിനാല്‍ ബാക്‌ടീരിയ ഭൗതികമാണ്. ജിന്നുകളെ ഇതുപോലെ ഉപകരണങ്ങളും ടെസ്റ്റുംകൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. വളരെ ബാലിശമാണ് ഈ ചോദ്യം.