പരിശുദ്ധ ക്വുര്‍ആനില്‍ ജിന്നുകളെ പരിചയപ്പെടുത്തിയപ്പോള്‍ ജിന്നുകള്‍ പറയുന്നതായിതന്നെ അല്ലാഹു പരിചയപ്പെടുത്തുന്നു. “ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്മാരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായി തീര്‍ന്നിരിക്കുന്നു എന്നും (അവര്‍ പറഞ്ഞു)” (സൂറത്ത് ജിന്ന്-11)
കെ.എന്‍.എമ്മിന്റെ ആദര്‍ശങ്ങള്‍ക്കെതിരില്‍ സംഘടനയില്‍നിന്നും പുറത്താക്കപ്പെടുകയും പുറത്തുപോവുകയും ചെയ്‌ത ആളുകള്‍ കെ.എന്‍.എമ്മിനെതിരില്‍ ശക്തമായ ഒരു കൂട്ടായ്‌മ ഉണ്ടാക്കിയിരിക്കുന്നു എന്ന് വെല്ലുവിളിച്ചുകൊണ്ട് കേരളക്കരയിലും അങ്ങ് ദൂരെ അറബിക്കടലിനപ്പുറത്തും കുറച്ചു മാസങ്ങളായി ചുറ്റിയടിച്ചുകൊണ്ടിരിക്കുകയാണ്. പല കാരണങ്ങളാല്‍ ഒന്നിച്ചവരാണ് ഇവര്‍. ശത്രുവിന്റെ ശത്രു മിത്രം എന്ന അടിസ്ഥാന തത്വത്തിലാണ് ഇവരില്‍ പലരും യോജിച്ചത്.
എന്നാല്‍ കെ.എന്‍.എമ്മിനെ പിളര്‍ത്തി രണ്ടാക്കിയതിന്റെ മുഖ്യ കാരണക്കാരനായ സക്കരിയ്യ സ്വലാഹിക്ക് ഇപ്പോള്‍ മനസ്സ് മടുത്തു. അദ്ദേഹത്തെക്കൊണ്ട് അനുയായികള്‍ക്കും അതിലേറെ മടുത്തു. പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം ആ കാര്യം തുറന്നുപറയുകയും ചെയ്‌തു. ഒറ്റക്കു കെ.എന്‍.എമ്മിന്റെഉള്ളില്‍ നിന്നുകൊണ്ട് 10 വര്‍ഷം പൊരുതിയപ്പോള്‍ ഉള്ളതിനേക്കാള്‍ പീഡനങ്ങളും ദുരനുഭവങ്ങളുമാണ് ഒരു വര്‍ഷം ഇവരുടെ കൂടെ നിന്നപ്പോള്‍ ഉണ്ടായത് എന്നാണ് അദ്ദേഹം വിലപിക്കുന്നത്. അപ്പോള്‍ ഒരു അഞ്ചു വര്‍ഷക്കാലം ഇവരുടെ കൂടെ നിന്നാലുള്ള അനുഭവം എന്തായിരിക്കും എന്ന് തുടര്‍വിലാപമായി അദ്ദേഹം ചോദിക്കുന്നുമുണ്ട്. അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തില്‍ ചുറുചുറുക്കുള്ള ഒരു യുവ നേതാവുണ്ടായിരുന്നു. ഹുസൈന്‍ മടവൂര്‍. അദ്ദേഹം പ്രസ്ഥാനത്തെ പിളര്‍ത്തി പുറത്തുപോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരുകൂടുതലൊന്നും കേള്‍ക്കാനില്ല. അദ്ദേഹത്തെ അവരുടെ പാര്‍ട്ടിക്കാര്‍ സൈഡാക്കിക്കളഞ്ഞു. അതുപോലെതന്നെ സക്കരിയ്യക്കും അനുഭവം ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. ആ വാക്കിനെ അല്ലാഹു സത്യപ്പെടുത്തി. പുറത്താക്കാതെതന്നെ സക്കരിയ്യ ഇപ്പോള്‍ പുറത്തായി.
ജിന്നുകള്‍ പല തരക്കാരാണെന്നതുപോലെ തന്നെ ജിന്നൂരികളും പല തരക്കാരാണെന്നത് സക്കരിയ്യയുടെ നാവിലൂടെയും പേനയിലൂടെയും പുറത്തുവന്നു. കോക്കസുകാര്‍ക്കെതിരില്‍ തൗഹീദീ സലഫീ ആദര്‍ശ കൂട്ടായ്‌മ എന്ന് വിളിച്ചുകൂവി നടന്നവര്‍ ഇപ്പോള്‍ പറയുന്നത് ഞങ്ങളില്‍ ഒരുപാട് കൂട്ടരുണ്ട് എന്നാണ്. സക്കരിയ്യ പറയുന്നത് നോക്കൂ. “ഈ സന്ദര്‍ഭത്തില്‍ ഇനിയുള്ള കാലം നാം ഏത് രൂപത്തില്‍ മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് നമുക്കിടയില്‍തന്നെ അഭിപ്രായവ്യത്യാസം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. പഴയ സംഘടനാ സെറ്റപ്പില്‍ മുമ്പോട്ട് പോവണം. തല്‍ക്കാലം അതില്‍ ഒരു മാറ്റവും വരുത്താന്‍ പറ്റില്ല എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, പഴയ സംഘടനാ സെറ്റപ്പ് വേണ്ടതില്ലെന്നും സംഘടനയുടെ ദൂഷ്യങ്ങള്‍ വരാത്ത പുതിയ പ്രവര്‍ത്തനരീതി ലോകസലഫി പണ്‌ഡിതരുമായി കൂടിയാലോചിച്ച് കണ്ടെത്തണമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. സംഘടനാ സെറ്റപ്പ് നിലവിലുള്ളത് തന്നെ തുടരുകയും ദൂഷ്യങ്ങള്‍ വരാതെ ശ്രദ്ധിച്ചാല്‍ മതിയെന്നും ആവശ്യമെങ്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താമെന്ന് പറയുന്ന വേറെ ചിലരും ഉണ്ട്. പഴയ സംഘടനാ രീതികള്‍കൊണ്ട് ധാരാളം ദൂഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് കൈകാര്യം ചെയ്‌തവരുടെ ദൂഷ്യമാണെന്നും സംഘടനയുടെ കുഴപ്പം അല്ലെന്നുമാണ് നിലവിലുള്ള സെറ്റപ്പ് അതേപോലെ തുടരണമെന്ന് വാദിക്കുന്നവരുടെ നിലപാട്. ഈ മൂന്ന് അഭിപ്രായക്കാരും ശാഖാതലം മുതല്‍ സംസ്ഥാനതലം വരെയുണ്ട് എന്ന കാര്യം നാം മറച്ചുവെച്ചിട്ട് കാര്യമില്ല. (സക്കരിയ്യ സ്വലാഹിയുടെ കത്ത് 19-11-13)
സംഘടനാ സെറ്റപ്പിനെ സംബന്ധിച്ച് മാത്രമുള്ള വാദപ്രതിവാദമാണ് മുകളില്‍ കണ്ടത്. ഇത് കേവലം അഭിപ്രായങ്ങളല്ല. ശക്തമായ വാദമാണെന്നോര്‍ക്കുക. അതോടൊപ്പംതന്നെ വായനക്കാര്‍ ചിന്തിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. സംഘടനാ സെറ്റപ്പിന്റെ കാര്യത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ മാത്രമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. ആദര്‍ശപരമായ ഭിന്നതകള്‍ ഇതിനേക്കാള്‍ എത്രയെത്രയോ ഇരട്ടിയാണ്. 250ഓളം മസ്‌അലകള്‍ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കാന്‍ ഉണ്ട്‌പോല്‍. അത് കുറേശ്ശെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നിട്ട് പറയുന്നു. കെ.എന്‍.എമ്മിന്ന് എതിരിലുള്ള തൗഹീദി സലഫി കൂട്ടായ്‌മയാണ് നമ്മുടേതെന്ന്.
സംഘടനാ പ്രശ്‌നം പറഞ്ഞ് ഞങ്ങളുടെ കൂടെ കൂടിയവര്‍ക്ക് ഞങ്ങളോടൊപ്പം പിടിച്ചുനില്‍ക്കാനാവില്ലെന്ന് സക്കരിയ്യ ഒരു വേദിയില്‍ പറയുകയുണ്ടായി. അത് സംഘടനയില്‍ ഉണ്ടായിരുന്ന സീനിയര്‍ നേതാക്കള്‍ക്കെതിരില്‍ അയച്ച ഒരു അമ്പായിരുന്നു. എന്നേക്കാള്‍ സീനിയറായ ഒരാളെങ്കിലും തങ്ങളോടൊപ്പം വന്നാല്‍ ഞാന്‍ ജൂനിയര്‍ ആയില്ലേ. അതെനിക്കു സഹിക്കാന്‍ പറ്റുമോ? അങ്ങിനെ ആ കൂട്ടായ്‌മ ഒന്നിച്ചു കൂടിയിരുന്നപ്പോള്‍ ഉണ്ടായതെന്താ? ഓറഞ്ചുപോലെ എന്ന് ഉദാഹരണം പറയാം. പുറമെനിന്ന് കാണുമ്പോള്‍ ഒന്നാണെന്ന് തോന്നുന്ന വളരെ സുന്ദരമായ ഒരു സാധനം. പൊളിച്ചുനോക്കിയപ്പോള്‍ ചെറുതും വലുതുമായി 8, 10 ചുളകള്‍. ഇതുപോലെതന്നെയാണ് ജിന്നൂരിസം. സലഫി ആദര്‍ശത്തെ, യഥാര്‍ഥ തൗഹീദിനെ, പൊളിക്കുന്നതിനായി കെ.എന്‍.എമ്മിനെതിരില്‍ തട്ടിക്കൂട്ടിയ ഒരു കൂട്ടായ്‌മയില്ലാത്ത ഒരുകൂട്ടം. ഓരോരുത്തരും വായില്‍ തോന്നിയത് വിളിച്ചുപറയുന്നു.
സംഘടനാ സെറ്റപ്പില്‍ സക്കരിയ്യയുടെ നിലപാട് രസകരംതന്നെ. “പ്രസിഡണ്ട്, സെക്രട്ടറി, എന്നിങ്ങനെ ആര്‍ക്കും ആരേക്കാളും പ്രാധാന്യം കല്‍പിക്കാത്ത ഘടനയോട് കൂടിയ ഒരു പണ്‌ഡിത സമിതിയും ആ സമിതിയെ ദീനീകാര്യങ്ങളില്‍ ആശ്രയിക്കുന്ന പ്രാദേശിക കൂട്ടായ്‌മകളും മാത്രം…. പ്രാദേശിക കൂട്ടായ്‌മകളില്‍ ചെയര്‍മാനും കണ്‍വീനറും ട്രഷററും വിദ്യാര്‍ഥി-യുവജന പ്രതിനിധികളും മറ്റു കമ്മിറ്റി സംവിധാനങ്ങളും പ്രാദേശിക വകുപ്പ് കണ്‍വീനര്‍മാരും ഒക്കെ ആവാം.” അദ്ദേഹം തുടരുന്നു. സംഘടന അനുവദനീയമാണെന്ന് പറഞ്ഞ സലഫി ഉലമാക്കളാരും നിരുപാധികം അനുവാദം നല്‍കിയിട്ടില്ല. പ്രത്യുത വ്യക്തമായ ശര്‍ത്വു (നിബന്ധനകള്‍) അവര്‍ വെച്ചിട്ടുണ്ട്. പ്രസ്‌തുത നിബന്ധനകളില്‍ ഒന്നാണ് സംഘടനയുടെ നേതൃത്വം കൈകാര്യം ചെയ്യുന്നത് പണ്‌ഡിതന്മാര്‍ ആയിരിക്കണമെന്നത്. ദീനീ വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവര്‍ നമുക്കിടയില്‍ തുലോം തുച്ഛമായതിനാല്‍ വിദേശത്തുള്ള അഹ്‌ലുസുന്നത്തിന്റെ പണ്‌ഡിതന്മാരുമായി സ്ഥിരമായി ബന്ധം പുലര്‍ത്തിക്കൊണ്ട് മാത്രമേ നമുക്ക് ഈ നിബന്ധന പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ.” അപ്പോള്‍ സക്കരിയ്യയുടെ അഭിപ്രായത്തില്‍ ഒരു അമീര്‍ സെറ്റപ്പാണ് അഭികാമ്യം. അത് തന്നെ ലോക സലഫി നേതാക്കളുടെ മുമ്പില്‍ അവതരിപ്പിച്ച് അവര്‍ തീരുമാനിക്കട്ടെ എന്നതും. ലോകസലഫി നേതാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന എപ്പോഴും അവരുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സലഫി നേതാവിനെ മാത്രമേ അവര്‍ അമീറായി തിരഞ്ഞെടുക്കുകയുള്ളൂ. അതാരാ, അത് ഞാന്‍ തന്നെ. താഴെ പ്രാദേശിക കമ്മിറ്റിയില്‍ ഏതു സെറ്റപ്പുമാകാം. അത് എന്നെ ബാധിക്കില്ലല്ലോ? എന്നൊരു അതിബുദ്ധി. ദീനീ വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവര്‍ നമുക്കിടയില്‍ തുലോം തുച്ഛമാണ് എന്ന് സമ്മതിച്ചതുതന്നെ നല്ല തിരിച്ചറിവ്. സക്കരിയ്യ പറയുന്നു, “നാമിപ്പോള്‍ ഒരു വഴിത്തിരിവിലാണ്. പുതിയ സംഘടനയോ സംവിധാനങ്ങളോ രൂപീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഏത് മാറ്റങ്ങള്‍ക്കും പാകമായ സന്ദര്‍ഭമാണിത്.” വളരെ ശരിയാണ് സക്കരിയ്യ പറഞ്ഞത്. ചെയ്‌തുപോയ തെറ്റുകള്‍ക്ക് പശ്ചാത്താപം നടത്തി മാതൃസംഘടനയിലേക്ക് തിരിച്ചുവരാന്‍ പാകമായ സന്ദര്‍ഭമാണിത്. ചിന്തിക്കുന്ന അണികള്‍ക്കെങ്കിലും.
കെ.എന്‍.എമ്മിലെ സീനിയര്‍ നേതാക്കളായിരുന്ന മൗലവി കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, മൗലവി പി.എന്‍. അബ്‌ദുലത്തീഫ്, മൗലവി സുഹൈര്‍ ചുങ്കത്തറ, മൗലവി അബ്‌ദുല്‍ ഹഖ് സുല്ലമി ആമയൂര്‍, മൗലവി ഹുസൈന്‍ സലഫി എന്നിവര്‍ക്കൊക്കെ തൗഹീദും ശിര്‍ക്കും ഫൈസല്‍ പുതുപ്പറമ്പില്‍ നിന്നും പഠിച്ചിട്ടുവേണം എന്നത് ഏറ്റവും പരിതാപകരമായ ഒരവസ്ഥ തന്നെ. എന്ത് ആശയത്തിന്റെ പേരിലാണ് ഇവരെല്ലാം മറുപക്ഷത്ത് ഇരിക്കുന്നത്? കെ.എന്‍.എമ്മിനെ തോല്‍പ്പിക്കാനോ? മുന്‍കാല ഇസ്വ്‌ലാഹീ പണ്‌ഡിതന്മാര്‍ നട്ടുവളര്‍ത്തിയ പ്രസ്ഥാനത്തെ ഇവരെല്ലാവരും കൂടിയല്ലേ വളവും വെള്ളവും നല്‍കി വളര്‍ത്തിയത്. അത് ഫലം നല്‍കാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍തന്നെ അതിനെ വെട്ടിമുറിക്കുകയോ? കഷ്‌ടം തന്നെ. എനിക്ക്, സക്കരിയ്യയുടെ, ഫൈസലിന്റെ വാദമില്ല എന്ന് പറയുന്ന ഓരോരുത്തരും അയാളോടൊപ്പം സ്റ്റേജ് പങ്കിടുന്നു. ഫൈസലിന്റെ സി.ഡി. കേള്‍ക്കൂ എന്നാഹ്വാനം ചെയ്യുന്നു. തൊലിക്കട്ടി അപാരംതന്നെ.
“ജിന്നിനോട് സഹായം തേടുന്നത് ശിര്‍ക്കാണെന്ന് 26-12-11ല്‍ നടന്ന ദൗറയില്‍ നിങ്ങള്‍ പറഞ്ഞല്ലോ”? ദൗറയില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ഒരു സീനിയര്‍ നേതാവിനോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. “എനിക്ക് ഇപ്പോഴും അതേ വിശ്വാസമാണുള്ളത്. പക്ഷേ സക്കരിയ്യയെ പുറത്താക്കിയ രീതി എനിക്കിഷ്‌ടമായില്ല. ഞാന്‍ ചോദിച്ചു. “അപ്പോള്‍ ചോറ് ഇവിടെയും കൂറ് അവിടെയുമാണല്ലേ?” അതിനു മറുപടിയായി ഒരു ചിരി മാത്രം. ഇപ്പോള്‍ പുറത്തുപോയതോ പുറത്താക്കിയതോ ആയ രീതി അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ടോ എന്തോ. പുറത്താക്കിയതിലുള്ള സിംപതിയുമായി കൂടെ കൂടിയവരെയെല്ലാം വിട്ടേച്ച് സകരിയ്യ എവിടെയോ മറഞ്ഞു. പാവം കൂടെക്കൂടികള്‍ പെരുവഴിയിലുമായി.
ഫൈസല്‍ കോഴിച്ചെനയില്‍ വെച്ച് ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തു എന്ന് മാലോകരെല്ലാം വിളിച്ചുപറഞ്ഞിട്ടും ഈ സീനിയര്‍ നേതാക്കള്‍ക്കാര്‍ക്കും ഒരു കുലുക്കവുമില്ല. ശേഷം പത്തപ്പിരിയത്തുവെച്ച് ഞാന്‍ വസീലത്ത് ശിര്‍ക്കിന് തെളിവായി ആയത്ത് ഓതുകയോ അതിനുവേണ്ടി ഇബ്‌നു അബ്ബാസിനെ പരാമര്‍ശിക്കുകയോ ക്വുര്‍ത്വുബി വായിക്കുകയോ ചെയ്‌തിട്ടില്ല എന്ന് പറഞ്ഞപ്പോഴും ഇവര്‍ക്കാര്‍ക്കും കുലുക്കമില്ല. ഇവരുടെ ഈ പിഴച്ച വാദത്തിനെതിരില്‍ നടന്ന ദൗറയുടെ ചുക്കാന്‍ പിടിച്ചവരും അവര്‍ക്കെതിരില്‍ വീറോടെ വാദിച്ചവരുമായിരുന്നല്ലോ ഇവര്‍. കോഴിച്ചെനയില്‍ നാസിര്‍ സുല്ലമിയുടെ ചോദ്യത്തിനാണ് ഫൈസല്‍ ഉത്തരം പറഞ്ഞത് എന്നാണ് എല്ലാവരും കരുതിയത്. “മുസ്‌ലിം ജിന്നിനോട് സഹായംതേടിയാല്‍ വസീലത്ത് ശിര്‍ക്കാകുന്നതിന് തെളിവായുള്ള ഒരായത്ത് ഓതാനാണല്ലോ നാസിര്‍ സുല്ലമി ആവശ്യപ്പെട്ടത്. അതിനുള്ള മറുപടിയിലാണല്ലോ ഫൈസല്‍ ആയത്തോതിയത്. അതിനു ബലം നല്‍കാനാണല്ലോ ഇബ്‌നു അബ്ബാസിനെ ഉദ്ധിച്ചത്. അതിനാണല്ലോ ക്വുര്‍ത്വുബിയെ കൂട്ടുപിടിച്ചത്. എന്നാല്‍ ഓതിയതോ കാഫിര്‍ ജിന്നിനെ സംബന്ധിച്ചു വന്ന ആയത്ത്. വ്യാഖ്യാനിച്ചതോ ശിര്‍ക്കിന് മൂന്നായത്ത്, വസീലത്ത് ശിര്‍ക്കിനും ശിര്‍ക്കിനും കൂടി ഒരായത്ത് ഇതൊരു ഒറ്റമൂലി. ഇനിയും ക്വുര്‍ആനില്‍ ഒരുപാട് ആയത്തുണ്ട്. കേള്‍വിക്കാര്‍ വിചാരിക്കുക മുസ്‌ലിം ജിന്നിനോട് സഹായംതേടിയാല്‍ വസ്വീലത്തു ശിര്‍ക്കാകുന്നതിന് ധാരാളം ആയത്തുണ്ടെന്നാണ്. വിഷയം പ്രശ്‌നമാകുന്നിടത്ത് ഫൈസല്‍ പറയും, വസീലത്തു ശിര്‍ക്കിനു തെളിവായി ക്വുര്‍ആനില്‍ ആയത്തുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ പ്രസംഗം ഒന്നുകൂടി കേട്ടുനോക്കൂ. ഇനിയും ക്വുര്‍ആനില്‍ ഒരുപാട് ആയത്തുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞത് ശരിയല്ലേ, ഈ ആയത്ത് അല്ലാത്ത എത്ര ആയത്തുണ്ട് ക്വുര്‍ആനില്‍. അതെല്ലാം വസീലത്തു ശിര്‍ക്കിനു തെളിവാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. അതാണ് ഫൈസല്‍. ജിന്ന് വിഷയത്തില്‍ സക്കരിയ്യ പറഞ്ഞ എല്ലാ ഉദാഹരണങ്ങളും പൊട്ടത്തരമാണെന്നും അതൊന്നും ഇതിന്നു യോജിച്ചതല്ലെന്നും എന്റെ വീട്ടില്‍ വെച്ച് പറഞ്ഞവനാണ് ഫൈസല്‍. അതിനു മുബാറക് ബിന്‍ ഉമര്‍ തിരൂര്‍ക്കാട് സാക്ഷിയുമാണ്.
മുമ്പൊരു കഥ പറയാറുണ്ട്. നാട്ടിലെ പ്രമാണിയുടെ ഭാര്യക്ക് ഗര്‍ഭമുണ്ടായി. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാനായി അദ്ദേഹം പണിക്കരെ വിളിച്ച് പ്രശ്‌നം വെപ്പിച്ചു. പ്രമാണിക്ക് ആണ്‍കുട്ടി വേണമെന്ന മോഹം. പണിക്കര്‍ ആകെ വിഷമിച്ചു. പറഞ്ഞതിന് എതിര് വന്നാല്‍ ആകെ പ്രശ്‌നമാകും. പണിക്കര്‍ ഒരു സൂത്രം പ്രയോഗിച്ചു. കുട്ടി നല്ല ലക്ഷണമൊത്ത ഒരാണ്‍കുട്ടിതന്നെ, അദ്ദേഹം പ്രമാണിയോട് പറഞ്ഞു. തിരികെപോരുമ്പോള്‍ കഴുക്കോലില്‍ കുട്ടി പെണ്ണ് എന്നെഴുതിവെക്കാന്‍ പണിക്കര്‍ മറന്നില്ല. പ്രസവിച്ചപ്പോള്‍ കുട്ടി പെണ്ണ്. പണിക്കരെ പ്രമാണി ആളയച്ചുവരുത്തി. നിങ്ങളല്ലേ പറഞ്ഞത് കുട്ടി നല്ല ലക്ഷണമൊത്ത ഒരാണ്‍കുട്ടി തന്നെയെന്ന്. ഇപ്പോള്‍ കുട്ടി പെണ്ണാണല്ലോ. വളരെ വിഷമത്തോടെ പണിക്കര്‍ പറഞ്ഞു. നിങ്ങളുടെ മുഖത്തുനോക്കി ആ സത്യം ഞാന്‍ എങ്ങനെ പറയും, എനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു കുട്ടി പെണ്ണാണെന്ന്. പ്രസവം വരെയെങ്കിലും നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് കരുതിയാണ് കുട്ടി ആണാണെന്ന് ഞാന്‍ പറഞ്ഞത്. സത്യം, ആ കഴുക്കോലില്‍ ഞാന്‍ ആദ്യമേ എഴുതിവെച്ചിട്ടുണ്ട്. പണിക്കര്‍ രക്ഷപ്പെട്ടു. പ്രമാണിക്ക് ആശ്വാസവുമായി. ഇതുതന്നെയല്ലേ ഫൈസല്‍ കോഴിച്ചെനയിലും പ്രയോഗിച്ചത്. ഞാന്‍ ഉത്തരം പറഞ്ഞു എന്ന് തന്റെ ആള്‍ക്കാര്‍ക്ക് തോന്നണം. എന്നാല്‍ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുകയും വേണം. പണിക്കരുടെ അടവ് ഫലവത്തായെങ്കിലും മുജാഹിദ് പണ്‌ഡിതരുടെ ജിഹാദിന്റെ ഫലമായി ഫൈസലിന്റെ അടവ് ചീറ്റിപ്പോയി.
അല്ലാഹുവിന്റെ സിഫത്തുകള്‍ മനുഷ്യര്‍ക്ക് വകവെച്ചുകൊടുത്തത് കൊണ്ടാണ് മക്കായിലെ ആളുകള്‍ മുശ്‌രിക്കായതിന്റെ ഒരു കാരണം. മൗലൂദിലെ ഇര്‍തകബ്‌തു ശിര്‍ക്കാണ് എന്ന് മുജാഹിദുകള്‍ ആദ്യകാലംതൊട്ടുതന്നെ പറഞ്ഞുവന്നതാണ്. കേരളത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് മാല മൗലീദുകളില്‍ ശിര്‍ക്കുണ്ടെന്ന് മുജാഹിദ് പക്ഷവും ഇല്ലെന്ന് ഖുറാഫി പക്ഷവും വാദിച്ചപ്പോള്‍ അതില്‍ ഒരു വാദപ്രതിവാദം ആകാം എന്ന് വല്ലപ്പുഴക്കാര്‍ തീരുമാനിച്ചു. അതിന്റെ ശര്‍ത്ത് തയ്യാറാക്കാന്‍ കൂടിയ യോഗത്തില്‍ എല്ലാ മാലമൗലീദുകളും ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് ഖുറാഫി പക്ഷത്തിനു പറയേണ്ടിവന്നു. കേവലം അഞ്ചു എണ്ണത്തില്‍ വാദപ്രതിവാദം ആകാമെന്നാണ് അവര്‍ വാദിച്ചത്. എന്നാല്‍ നാരിയത്തു സ്വലാത്ത് ശിര്‍ക്കാണെന്ന് രണ്ടത്താണി സൈദ് മൗലവി മുതലായവര്‍ വഅള് പറഞ്ഞുവന്നതും ലേഖനങ്ങള്‍ നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ വന്നതുമാണ്. എന്നാല്‍ ഖുറാഫിസത്തില്‍നിന്നു മുജാഹിദിലേക്ക് വന്ന ഒരു മുസ്‌ലിയാര്‍ നാരിയത്തു സ്വലാത്തില്‍ എനിക്ക് ശിര്‍ക്ക് കാണാന്‍ പറ്റിയിട്ടില്ല എന്ന് പറഞ്ഞു. അദ്ദേഹത്തെ തിരുത്തി ശരിയായ പാന്ഥാവിലേക്ക് നയിക്കുന്നതിനു പകരം അദ്ദേഹത്തിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് വിഘടിത മൗലവിമാര്‍ പ്രസംഗിക്കാന്‍ തുടങ്ങി. ശിര്‍ക്കാണെന്ന വിശ്വാസത്തില്‍ ആരെങ്കിലും അത് ചൊല്ലിയാല്‍ ശിര്‍ക്കുതന്നെ. അതില്‍ ശിര്‍ക്കില്ലായെന്ന വിശ്വാസത്തില്‍ ഒരാള്‍ ചൊല്ലിയാല്‍ അതില്‍ ശിര്‍ക്കുമില്ല അത്രയേ ഉള്ളൂവെന്ന് വളരെ ലാഘവത്തോടെയും ധൈര്യസമേതവും സക്കരിയ്യ പറഞ്ഞു. ലബ്ബ പറഞ്ഞതും ശരി സക്കരിയ്യ പറഞ്ഞതും ശരി എന്നാണ് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഫൈസലിന്റെ പ്രതികരണം.
ശിര്‍ക്കാണെന്ന് വിശ്വസിച്ചുകൊണ്ട് ആരെങ്കിലും ഒരു കാര്യം ചെയ്യുമോ? മക്കയിലെ മുശ്‌രിക്കുകളോ ഇന്നത്തെ ഖുറാഫികളോ അങ്ങിനെ വിശ്വസിച്ചുകൊണ്ടാണോ ചെയ്‌തിരുന്നതും ചെയ്യുന്നതും. ശുദ്ധ തൗഹീദാണെന്ന് വിശ്വസിച്ചുകൊണ്ടും വാദിച്ചുകൊണ്ടുമാണ് അവര്‍ ചെയ്യുന്നത്. അതിനേക്കാള്‍ ലാഘവത്വമാണ് ശിര്‍ക്കിന്റെ കാര്യത്തില്‍ വിഘടിത മൗലവിമാര്‍ക്കുള്ളത്.
പൊട്ടാസ്യം സൈനൈഡ് വിഷമാണെന്ന് കരുതി ഒരാള്‍ അത് കഴിച്ചാല്‍ അത് വിഷവും, അത് നല്ല വിറ്റാമിന്‍ ഉള്ളതാണെന്ന് കരുതി ഒരാള്‍ കഴിച്ചാല്‍ അത് വിറ്റാമിനുമായി മാറുമോ? അല്ലാഹുവിന്റെ എല്ലാ സ്വിഫത്തുകളും മുഹമ്മദ് നബി (സ്വ) ക്ക് വകവെച്ചുകൊടുത്തുകൊണ്ടുള്ളതാണ് നാരിയത്തു സ്വലാത്ത്. നാളിതുവരെ അതു ശിര്‍ക്കുമായിരുന്നു. കാര്യങ്ങള്‍ ഇത്രയൊക്കെ നാറിയിട്ടും വിഘടിത സീനിയര്‍ നേതാക്കള്‍ക്ക് യാതൊരുവിധ അപകര്‍ഷബോധവും ഇല്ല. അവര്‍ക്ക് യാതൊരു ജാള്യതയോ കുറ്റബോധമോ ഇല്ല. അവര്‍ ഇപ്പോഴും നാരിയത്തു സ്വലാത്തിന് പച്ചക്കൊടി കാട്ടിയവരോടൊപ്പം വേദികള്‍ പങ്കിടുന്നു.
എന്നാല്‍ ഒരാളെങ്കിലും അവരുടെ കൂട്ടത്തില്‍തുറന്നു പറയാന്‍ തയ്യാറായി. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ. “നമുക്ക് ആരേയും ന്യായീകരിക്കേണ്ട സംഘടനാ പക്ഷപാദിത്വം ഇല്ല. നമ്മുടെ കൂടെയുള്ളതുകൊണ്ട് നമ്മള്‍ ന്യായീകരിക്കുകയും നമ്മുടെ കൂടെയില്ലാത്തതുകൊണ്ട് അന്ധമായി വിമര്‍ശിക്കുകയും ചെയ്യുന്ന അന്ധമായ ഹിസ്‌ബിയ്യത്ത് -സംഘടനാ പക്ഷപാതിത്വം – നമ്മളെ പിടികൂടിയിട്ടില്ല. നാരിയത്തു സ്വലാത്ത് ശിര്‍ക്കാണെന്ന് ഇതുവരെ വിശ്വസിച്ചതിന്ന് വിരുദ്ധമായി നമ്മുടെ കൂടെയുള്ള ഏതെങ്കിലും ഒരു പണ്‌ഡിതന്‍ അത് ശിര്‍ക്കല്ല എന്ന് പറയുമ്പോള്‍ അതിനു ന്യായം ഉണ്ടാക്കാന്‍ ശ്രമിച്ച് നാരിയത്തു സ്വലാത്ത് തൗഹീദാക്കി മാറ്റാന്‍ നമ്മളെ കിട്ടില്ല.” (സാബിര്‍ നവാസ്, മുന്‍ എം.എസ്.എം. ജനറല്‍ സെക്രട്ടറി) ചിലര്‍ക്കെങ്കിലും തിരിച്ചറിവ് വന്നുതുടങ്ങി എന്നാശ്വസിക്കാം.
ഇപ്പോള്‍ നാം തന്നെ പല കൂട്ടക്കാരായതുകൊണ്ട് നമ്മളിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ലോക സലഫി പണ്‌ഡിതരുമായി ചര്‍ച്ചയാകാം എന്നാണ് സക്കരിയ്യയുടെ ഇപ്പോഴത്തെ അഭിപ്രായം. ഈ തീരുമാനം ഒന്ന് പരസ്യപ്പെടുത്താന്‍ നമുക്ക് ബഹുമാനപ്പെട്ട ഹുസൈന്‍ സലഫിയെത്തന്നെ ഏല്‍പ്പിക്കാം. അവരെല്ലാവരുംകൂടി സഊദിയിലോ കുവൈത്തിലോ പോയി ചര്‍ച്ച ചെയ്‌ത് രമ്യതയിലെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അല്ലാഹുവിന്റെ തൗഹീദിനെ തൊട്ടുകളിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അല്ലാഹു സൂറത്ത് ഹജ്ജ് മുപ്പത്തിഒന്നാമത്തെ ആയത്തിലൂടെ വിവരിക്കുന്നു. “വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍).
അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെയാകുന്നു. അങ്ങിനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു.” നാരിയത്ത് സ്വലാത്തില്‍ ശിര്‍ക്കില്ല എന്ന് പറയുന്നവര്‍ ഈ ആയത്തിന്റെ ആശയം ഓര്‍ത്തുകൊണ്ടിരിക്കട്ടെ. അവരെ അല്ലാഹു വിദൂരസ്ഥലത്ത് കൊണ്ടുപോയി തള്ളാതിരിക്കില്ല. അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കുമാറാകട്ടെ. ആമീന്‍.