Thursday, February 13, 2014

വേറിട്ടുപോയവരുടെ വെളിപാടുകള്‍

 ജിന്ന്‌ വാദികളില്‍ നിന്ന്‌ പുത്തന്‍ വെളിപാടുകള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ റമളാനിലെ പ്രഭാഷണങ്ങള്‍പോലും ജിന്നു കറിയാല്‍ രുചിയുറ്റതാക്കി. പ്രസ്ഥാനത്തിലേക്ക്‌ ഇന്നലെകളില്‍ കടന്ന്‌ വന്ന പല യുവതുര്‍ക്കികള്‍ക്കും കെ.എന്‍.എം. എന്ന്‌ കേള്‍ക്കുമ്പോഴേ അലര്‍ജി. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരമായ ചരിത്രം ആര്‍ക്ക്‌ കേള്‍ക്കണം? അഫ്‌ളല്‍ ഉല്‍ ഉലമ കഴിഞ്ഞ ഒരു വിദ്യാര്‍ഥി ചുരുങ്ങിയത്‌ 200 സാഹിത്യ സമാജങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ടാവും. വിശ്വാസ-സംസ്‌കാര, ശരീഅ: വിഷയങ്ങള്‍. അറബിക്‌ കോളജുകളില്‍ എത്ര പഠനക്യാമ്പുകള്‍ നടന്നു. അതിനിടക്ക്‌ വ്യത്യസ്‌തമായ അനവധി സമ്മേളനങ്ങള്‍ നടന്നു. ചോദിക്കട്ടെ ഏതെങ്കിലും ഒരു സമാജത്തില്‍ അതുമല്ലെങ്കില്‍ സെമിനാറുകളില്‍, പഠനക്യാമ്പുകളില്‍ അരമണിക്കൂറെങ്കിലും ജിന്ന്‌, മലക്ക്‌ വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ടായോ? ഇല്ല.

നമ്മുടെ പ്രഭാഷകര്‍ എങ്ങോട്ടാണ്‌ നമ്മെ തെളിക്കുന്നത്‌? കൂരിരുട്ടില്‍ തപ്പിത്തടയുമ്പോള്‍ ജിന്നിനോട്‌ കഴിവില്‍പെട്ടത്‌ ചോദിക്കുന്നതില്‍ ശിര്‍ക്കില്ലത്രെ. അതില്‍ പ്രാര്‍ഥനയില്ല. വെറും ചോദ്യം. അതിനാല്‍ ശിര്‍ക്കുമില്ല. ശിര്‍ക്കിലേക്കുള്ള വഴി മാത്രമേ ആവുകയുള്ളൂ.
അല്‍ഭുതകരം തന്നെ. `ഇയ്യാക’ യുടെ അര്‍ഥം കേരള മുസ്‌ലിംകളെ സുവ്യക്തമായി പഠിപ്പിച്ച നാം ജിന്നിനോട്‌ വെറും ചോദ്യത്തിന്‌ വഴിതേടുന്നു. നമ്മളെന്തിന്‌ ഇത്തരം ചര്‍ച്ചകള്‍ നടത്തണം. ദഅ്‌വത്ത്‌ രംഗത്ത്‌ എന്ത്‌ മാറ്റവും പുരോഗതിയുമാണ്‌ ഇതുകൊണ്ട്‌ നടക്കാന്‍ പോകുന്നത്‌. നവോത്ഥാനത്തിന്‌ തിരികൊളുത്തിയ നമ്മുടെ സാത്വികരായ മൗലവിമാര്‍ ആരെങ്കിലും ഇത്തരം ചര്‍ച്ച നടത്തിയോ?

നാം നന്നായി ചിന്തിക്കുക. നമ്മുടെ അറിയപ്പെട്ട മുഹദ്ദിസ്‌ ശൈഖ്‌ മുഹമ്മദ്‌ മൗലവി ഈ ചര്‍ച്ച നടത്തിയോ? ഇല്ല. ഈയുള്ളവന്‍ പുത്തൂര്‍ മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെയും പരിസര പ്രദേശങ്ങളിലും പ്രസ്ഥാനം കെട്ടിപ്പടുത്തത്‌ പാലക്കാം തൊടുക ഇബ്‌റാഹീം കുട്ടി ബാഖവിയാണ്‌. പള്ളിദര്‍സ്‌ അധ്യാപനം വിട്ട്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവരികയും ഒരുപാട്‌ മഹല്ലുകള്‍ രൂപപ്പെടുത്തുകയും ചെയ്‌ത മൗലവി എന്റെ വല്യുപ്പയാണ്‌. ഞാന്‍ പലരോടും ചോദിച്ചു. പ്രായം ചെന്ന ഒരുപാട്‌ ഉപ്പാപ്പമാരോട്‌ ഞാന്‍ കാര്യമന്വേഷിച്ചു. ഇല്ല. ഇബ്‌റാഹിം കുട്ടി മൗലവിയുടെ പല ക്ലാസ്സുകളും ഞങ്ങള്‍ കേട്ടിട്ടുണ്ട്‌. ഇത്തരം ചര്‍ച്ച നടന്നിട്ടില്ല.

പ്രിയപ്പെട്ടവരേ ഈയുള്ളവന്‍ സുല്ലമില്‍ പഠിക്കുമ്പോള്‍ (1982-87) സുഹൃത്ത്‌ കോളിക്കല്‍ അബ്‌ദുസ്സലാമിനെയും കൂട്ടി എന്‍വി.അബ്‌ദുസ്സലാം മൗലവിയുടെ അടുത്ത്‌ പോയി ഇരിക്കുമായിരുന്നു. പ്രസ്ഥാന ചരിത്രത്തിലേക്ക്‌ ഊളിയിട്ട്‌ ഇറങ്ങുകയും അതിലെ മുത്തുമണികള്‍ ഒന്നൊന്നായി പുറത്തെടുത്ത്‌ വിവരിച്ചുതരികയും ചെയ്‌തിരുന്ന മൗലവി സാഹിബ്‌ ഞങ്ങള്‍ക്ക്‌ ഒരത്ഭുതമായിരുന്നു. കാരണം ഓരോ സ്ഥലത്തും നടന്ന പ്രബോധന വിഷയങ്ങളും ക്ലാസ്സുകളും ഡയറി നോക്കിപ്പറയുന്നപോലെ മനസ്സിന്റെ രേഖയില്‍ നിന്നും ആ മഹാനുഭാവന്‍ ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്നു. അതിലൊന്നും കേട്ടില്ല ഞങ്ങള്‍ വിജനപ്രദേശം. അതിലൊന്നും കണ്ടില്ല കൂരിരുട്ട്‌. പാലക്കാട്‌ കേട്ടു കുറ്റിക്കാട്‌ കേട്ടില്ല.

ഒരുപാട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അരീക്കോട്ടു നിന്ന്‌ നാം കൂരിരുട്ടും കുറ്റിക്കാടും കേട്ടു. എന്‍.വി. സാലിമിന്റെ സംസാരത്തില്‍ നിന്ന്‌. പക്ഷെ നമ്മുടെ കുട്ടികള്‍ക്ക്‌ എന്‍.വി.അബ്‌ദുസ്സലാം മൗലവി അപരിചിതന്‍. എന്‍.വി.സാലിം ആദരിക്കപ്പെട്ടവന്‍. വിജ്ഞാനത്തിന്റെ സാഗരമാണ്‌ പോലും സാലിം. അതില്‍ നമുക്ക്‌ സന്തോഷമേയുള്ളൂ. പക്ഷെ എന്തിനാണ്‌ കൂരിരുട്ടില്‍ തപ്പുന്നത്‌. കുറ്റിക്കാട്ടില്‍ ഒളിക്കുന്നത്‌. അതൊന്നും ചോദിക്കരുത്‌. ഫാന്‍സിന്റെ കാലമാണ്‌.
സക്കരിയ്യാ ഫാന്‍സ്‌, അല്‍ബാനി ഫാന്‍സ്‌, സാലിം ഫാന്‍സ്‌, എടത്തനാട്ടുകര, പൂനൂര്‍ ഫാന്‍സ്‌, എടക്കര ചുങ്കത്തറ ഫാന്‍സ്‌.

ഇതിനിടയില്‍ നമ്മുടെ സെയ്‌തുമൗലവി, അലവി മൗലവി, കെ.പി. അവരൊക്കെയാരാ!! }ഞങ്ങള്‍ കേട്ടിട്ടില്ല. കെ.സി, എന്‍.വി., കെ.പി. തുടങ്ങിയ മൗലവിമാരെപ്പറ്റി കേള്‍ക്കാനുള്ള മനസ്സിലുമില്ല.
ഒരു ജിന്നുവാദി പറഞ്ഞത്‌ അവരെല്ലാം വിജ്ഞാന വിസ്‌ഫോടനത്തിന്റെ മുമ്പ്‌ ജീവിച്ചവരാണ്‌. ഇപ്പോള്‍ നെറ്റില്‍ നിന്ന്‌ എത്ര ഹദീഥുകളാണ്‌ നിമിഷ നേരംകൊണ്ട്‌ കിട്ടുന്നത്‌. പഴയ മൗലവിമാരൊന്നും ഹദീഥ്‌ കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ചോദിച്ചു. കിതാബുകളില്‍ ഇല്ലാത്തത്‌ നെറ്റിലുണ്ടാവുമോ? ഇനിയെന്തെല്ലാം വലകള്‍ നാം കാണാനിരിക്കുന്നു. എത്ര പേര്‍ ഈ വലയില്‍ കുടുങ്ങി. എല്ലാം നെറ്റിലാണ്‌ പോലും.

ജിന്നുമായി ബന്ധപ്പെട്ട നിരവധി ആയത്തുകള്‍ക്ക്‌ പരിഭാഷയും വ്യാഖ്യാനവുമെഴുതിയ മര്‍ഹൂം അമാനി മൗലവി തന്റെ പരിഭാഷയില്‍ എവിടെയെങ്കിലും വിജനപ്രദേശം, കൂരിരുട്ട്‌, തപ്പിത്തടയല്‍, കുറ്റിക്കാട്‌, ഒളിച്ചിരിക്കല്‍, പരിസരത്തുള്ള ശബ്‌ദം കേള്‍ക്കുന്ന ജിന്നിനോട്‌ എന്തെങ്കിലും ആവശ്യപ്പെടല്‍ ശിര്‍ക്കല്ലെന്നോ ശിര്‍ക്കിലേക്കുള്ള വഴി മാത്രമാണെന്നോ ജിന്ന്‌ ഭൗതികമാണെന്നോ അതിനോടുള്ള ചോദ്യം പ്രാര്‍ഥനയല്ലെന്നോ പറഞ്ഞുവോ? ഹോ-അതാണോ വലിയ കാര്യം. അമാനിയുടെ പരിഭാഷയില്‍ അത്യാവശ്യമായ ചില മാറ്റത്തിരുത്തലുകള്‍ അനിവാര്യമാണ്‌. ജിന്നുവാദികള്‍ പറയാന്‍ തുടങ്ങി. പ്രഭാഷകന്‍മാര്‍ക്കെന്ത്‌ പറ്റി? ഇവര്‍ ഇസ്വ്‌ലാഹ്‌ ചെയ്യുന്നവരാണോ? എന്താണ്‌ ഇവര്‍ ലക്ഷ്യം വെക്കുന്ന നവോത്ഥാനം. വികലമായ അഭിപ്രായം. പിന്നീട്‌ അത്‌ നിലപാടുകളും ആശയങ്ങളും ആള്‍ക്കൂട്ടങ്ങളുമായി രൂപാന്തരപ്പെടുന്നു. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്‌ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്‌. ഇതിനെ നാം പിന്‍പറ്റണമോ? ഇത്‌ വ്യക്തിപരമായ പ്രശ്‌നങ്ങളാണോ? ജിന്നുവാദികളുടെ പുതിയ വെളിപാടുകള്‍ എന്തെല്ലാം വൈരുദ്ധ്യങ്ങളാണ്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌.

No comments:

Post a Comment