Friday, March 14, 2014

തര്‍ക്കത്തിന്റെ മര്‍മ്മം എന്ത്‌ ?

യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥിനെക്കുറിച്ച്‌ പലരും പല അഭിപ്രായങ്ങളാണ്‌ പറയുന്നത്‌. അവയില്‍ ശ്രദ്ധേയമായ ചിലത്‌ വായനക്കാരുടെ അറിവിലേക്കായി ഇവിടെ എഴുതട്ടെ.

1. മരുഭൂമിയില്‍ ഒറ്റപ്പെട്ട്‌ വഴിയറിയാതെ കുടുങ്ങിയ ഒരാള്‍ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന്‌ വിളിച്ചുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ അവിടെ തന്റെ ശബ്‌ദപരിധിയിലുള്ള ഏതെങ്കിലും സൃഷ്‌ടികള്‍ അവര്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതിക്ക്‌ വിധേയമായി സഹായിച്ചേക്കുമെന്നാണെങ്കില്‍ അതില്‍ അഭൗതികമായ സഹായതേട്ടമില്ലെന്നാണല്ലോ അബ്‌ദുല്‍ജബ്ബാര്‍ മൗലവി വ്യക്തമാക്കിയത്‌. ഇവിടെ വിളിച്ചു പറയുന്നത്‌ മരുഭൂമിയിലൂടെ വിജനതയില്‍ നിന്നാണ്‌. വിളിയുടെ ശബ്‌ദപരിധിയിലുള്ള സൃഷ്‌ടികള്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതത്തിന്‌ വിധേയമായ ഭൗതിക സഹായമാണ്‌ അയാള്‍ പ്രതീക്ഷിക്കുന്നത്‌. വിളിക്കുന്നതാകട്ടെ അല്ലാഹുവിന്റെ അടിമകളേ എന്നു മാത്രമാണ്‌ (മലക്കുകളേ എന്നോ ജിന്നുകളേ എന്നോ അല്ല) അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക്‌ പ്രേരണയാകുന്നതാകട്ടെ അത്തരം ഘട്ടത്തില്‍, അങ്ങനെയൊരു സാഹചര്യത്തില്‍ അപ്രകാരം പറഞ്ഞോളൂ എന്ന്‌ നബി (സ്വ) അനുമതി നല്‍കിയതായി ഉദ്ധരിക്കപ്പെട്ട ഹദീഥുകളുമാണെങ്കില്‍ അഥവാ ആ ഹദീഥുകള്‍ ദുര്‍ബലമാണെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുകയും ചെയ്‌തിട്ടില്ലെങ്കില്‍ അയാളുടെ ആ വിളിച്ചുപറയല്‍ അഭൗതിക സഹായതേട്ടമായോ പ്രാര്‍ഥനയായോ ശിര്‍ക്കായോ മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി പറഞ്ഞതിന്റെ അര്‍ഥം.

2007ല്‍ എഴുതപ്പെട്ടതും 2012-ല്‍ മാത്രം വിവാദമാക്കപ്പെട്ടതുമായ അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ ലേഖനത്തിലെ വീക്ഷണങ്ങള്‍ മുമ്പൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു പുത്തന്‍ വീക്ഷണമൊന്നുമല്ല. `യാഇബാദല്ലാഹി അഈനൂനീ എന്ന വാചകമുള്‍ക്കൊള്ളുന്ന ആശയങ്ങള്‍ വിശകലന വിധേയമാക്കിയ മുന്‍ഗാമികളും ആധുനികരുമായ സലഫീ പണ്‌ഡിതന്‍മാരൊക്കെ മനസ്സിലാക്കിയത്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി മനസ്സിലാക്കിയതുപോലെ തന്നെയാണ്‌ (ബഷീര്‍ സലഫി പൂളപ്പൊയില്‍)യാ ഇബാദല്ലാഹി അഈനൂനീ- വിവാദങ്ങളും വസ്‌തുതകളും പേജ്‌ 29-30)

2. `ആ ഹദീഥിന്റെ അടിസ്ഥാനത്തില്‍ എന്തിനാണ്‌ നിങ്ങള്‍ അങ്ങിനെ പറയുന്നത്‌ എന്ന്‌ ആരോപണമുണ്ട്‌. ചിലര്‍ എന്നോട്‌ ചോദിച്ചിട്ടുമുണ്ട്‌. ആ ദുര്‍ബല ഹദീഥിന്‍മേല്‍ എന്തിനാണ്‌ ഇത്ര കൂടുന്നത്‌ എന്ന്‌ ചിലര്‍ ചോദിച്ചിട്ടുമുണ്ട്‌. ഞാന്‍ അങ്ങനെ ഒരു ഹദീഥിനനുസരിച്ച്‌ പറയുന്നേ ഇല്ല. ഇസ്‌ലാഹില്‍ ഞാന്‍ എഴുതിയ ആ വിഷയം ഉണ്ടല്ലോ. ആ ലേഖനം, ഇവിടെ ചര്‍ച്ചയാക്കിയ വിഷയം ആ ലേഖനത്തിലും ഇങ്ങനെ ഒരു ഹദീഥിനെക്കുറിച്ച്‌ മിണ്ടിയിട്ടില്ല. പിന്നെ ആ ഹദീഥ്‌ ളഈഫ്‌ ആണ്‌, ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ നടക്കുന്നവര്‍ അതുകൊണ്ടു നടക്കുക എന്നല്ലാതെ ഹദീഥുമായി സംസാരിച്ചിട്ടില്ലാത്ത പ്രകാരം തന്നെ `വഴി പിഴച്ചിട്ടുണ്ടെങ്കില്‍ വഴി കാണിച്ചുതരണം’ എന്നു പറയുന്ന ഹദീഥ്‌. അല്ലെങ്കില്‍ `എന്നെ സഹായിക്കണം’ അല്ലെങ്കില്‍ `വിജനപ്രദേശത്ത്‌ മറ്റു വല്ല പ്രയാസങ്ങളും നേരിട്ടിട്ടുണ്ടെങ്കില്‍ `അടിമകളേ സഹായിക്കണം’ എന്ന്‌ പറയുന്ന ഹദീഥ്‌. ഇങ്ങനെ ഒരു ഹദീഥ്‌ അവിടെ ഉദ്ധരിക്കുകയോ തെളിവാക്കുകയോ ചെയ്‌തിട്ടില്ല. എന്നിട്ടു പിന്നെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതോ പറഞ്ഞിട്ടില്ലാത്തതോ ആയ ഹദീഥ്‌ ഉദ്ധരിച്ച്‌ ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌’ എന്ന്‌ പറയുക.
(അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ അഭിമുഖത്തില്‍ നിന്ന്‌ -നാസര്‍ ഒലവക്കോട്‌
അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസംബര്‍ പേജ്‌ 44
ബഷീര്‍ സലഫീ-ഇനിയെങ്കിലും വടികൊടുത്ത്‌ അടി വാങ്ങാതിരിക്കുക.

3. അങ്ങനെ ജനങ്ങള്‍ ഇല്ലാത്തിടത്തും ഉള്ളിടത്തും വെച്ച്‌ ഒരുത്തന്‍ `ജിന്നേ സഹായിക്കണേ’ എന്നു വിളിച്ചാല്‍ അത്‌ ശിര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കുണ്ടിവിടെ സംശയം?” (അമീര്‍ ഒതുക്കുങ്ങല്‍, അല്‍ ഇസ്വ്‌ലാഹ്‌ മെയ്‌ 2013 പേജ്‌ 35)
ആര്‍ക്കുമില്ലല്ലോ. പക്ഷെ അബ്‌ദുല്‍ജബ്ബാര്‍ മൗലവി ഹദീഥിനെപ്പറ്റി മിണ്ടിയിട്ടില്ല. ഇനി വേറൊരാള്‍ക്ക്‌ ഹദീഥിനെപ്പറ്റി അറിയില്ല. അയാള്‍ പേരറിയാത്ത ജിന്നിനോട്‌ ജിന്നോ സഹായിക്കണേ എന്നല്ലാതെ എന്താണ്‌ വിളിച്ചു പറയേണ്ടത്‌? അതെങ്ങനെ ശിര്‍ക്കാകും? അതു ശിര്‍ക്കാണെങ്കില്‍ പടപ്പുകളേ എന്നോ അടിമകളേ എന്നോ വിളിച്ചാല്‍ ശിര്‍ക്കല്ലാതാവുന്നതെങ്ങനെ?

4. മാത്രമല്ല, പുഴയില്‍ വീഴുന്ന വ്യക്തിക്ക്‌ (മരണം മുന്നില്‍ കാണുമ്പോള്‍) സാധാരണ നിലയില്‍ പ്രാര്‍ഥന മാത്രമേ ഉണ്ടാവൂ. പ്രാര്‍ഥനയല്ലാത്ത സഹായതേട്ടം (കരയില്‍ മനുഷ്യരെ ആരെയും കാണാത്ത സ്ഥിതിക്ക്‌) ഉണ്ടാവാന്‍ വഴിയില്ലെന്നും സ്വലാഹി പിന്നീട്‌ വിശദീകരിച്ചിട്ടുണ്ട്‌്‌-നാസര്‍ ഒലവക്കോട്‌.
അല്‍ ഇസ്വ്‌ലാഹ്‌ ഡിസംബര്‍ 2013 പേജ്‌ 46

അല്‍ഹംദുലില്ലാഹ്‌-തര്‍ക്കത്തിന്റെ മര്‍മ്മം ഇതുപോലെ ചിലരൊക്കെ മനസ്സിലാക്കുന്നുവെന്ന ശുഭവാര്‍ത്തയുമായാണ്‌ 2013 വിടപറഞ്ഞത്‌. തൗഹീദ്‌ 2012കാര്‍ എന്നൊക്കെപ്പറഞ്ഞ്‌ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ വിജനഭൂമിയില്‍ നിന്ന്‌ ദുര്‍ബ്ബല ഹദീഥിന്റെ വലയം ഭേദിച്ച്‌ കൂരിരുട്ടത്തും പുഴക്കരയിലും `സഹായം വേണോ? എന്നു ചോദിച്ച്‌ കാത്തുനില്‍ക്കുന്ന ജിന്നിനെ ഏതാണ്ടിപ്പോള്‍ എല്ലാവരും കയ്യൊഴിഞ്ഞ മട്ടാണ്‌. അതൊന്നും പ്രാര്‍ഥനയല്ലാത്ത സഹായതേട്ടമല്ല പ്രത്യുത, പ്രാര്‍ഥന തന്നെയെന്ന്‌ സ്വലാഹി വരെ തിരിച്ചറിഞ്ഞുവല്ലോ. 

No comments:

Post a Comment